സ്‌കൂളുകളില്‍ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കണം; ആരോഗ്യവകുപ്പിന് കത്തുനല്‍കി വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകളില്‍ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കണം; ആരോഗ്യവകുപ്പിന് കത്തുനല്‍കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ടൈപ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കണമെന്നും തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നിലവില്‍ വനിതാ ശിശു വികസന വകുപ്പ് നിയോഗിച്ച 1012 സ്‌കൂള്‍ കൗണ്‍സിലര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സേവനം പര്യാപ്തമല്ലാത്തതിനാല്‍ കൂടുതല്‍ കൗണ്‍സിലിങ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇവര്‍ക്ക് കൗണ്‍സിലിങ് റൂം നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ടൈപ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ വിദ്യാലയങ്ങളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സജീവമായ ഇടപെടല്‍ നടത്തണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേഹ ബാധിതരായ കുട്ടികളെ വിദ്യാലയങ്ങളില്‍ പരിചരിക്കാന്‍ സംവിധാനമില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കമ്മീഷന്‍ സിറ്റിങില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കുട്ടികള്‍ അധ്യാപകരുമായി കൂടുതല്‍ സമയം ചെലവിടുന്നതിനും കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും അധ്യാപകര്‍ക്ക് അവധിക്കാല പരിശീലനം നല്‍കി വരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ എല്‍പി മുതല്‍ ഹൈസ്‌കൂള്‍ തലം വരെ 66029 അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. സാമൂഹിക സുരക്ഷാ മിഷന്റെ കൈപ്പുസ്തകമായ ‘മിഠായി’യുടെ അടിസഥാനത്തിലാണ് പരിശീലന മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുള്ളത്. പാഠ്യപദ്ധതിയില്‍ ടൈപ്പ് വണ്‍ പ്രമേഹം സംബന്ധിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

‘വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണം’; മന്ത്രി വീണാ ജോര്‍ജ്

‘വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണം’; മന്ത്രി വീണാ ജോര്‍ജ്

വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും ഡോക്‌സിസൈക്ലിന്‍ കഴിക്കണം. എലിപ്പനിയ്ക്ക് സാധ്യത അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വെള്ളം കയറിയ ഇടങ്ങളിലെ പകര്‍ച്ചവ്യാധി പ്രതിരോധം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

എലിപ്പനിയ്ക്ക് വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തിയിരുന്നു. പനി കേസുകള്‍ കുറഞ്ഞു വന്നിരുന്നെങ്കിലും മഴ വ്യാപിക്കുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. ആരും സ്വയം ചികിത്സ പാടില്ല. പനി ബാധിച്ചാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അവബോധ പ്രവര്‍ത്തനം ശക്തമാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. എലിപ്പനിയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കണം. ഡെങ്കിപ്പനിയെക്കെതിരേയും ശ്രദ്ധ വേണം. എലിപ്പനിക്ക് മാനദണ്ഡപ്രകാരമുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. വെള്ളം താഴ്ന്ന് കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ക്യാമ്പുകളില്‍ നിന്നും വീണ്ടും വീട്ടിലേക്ക് പോകുമ്പോള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

സ്വർണത്തിന് വൻ വിലക്കയറ്റ സാധ്യത: നവംബറിൽ പവന് റെക്കോർഡ് വില കൊടുക്കേണ്ടി വരുമെന്ന് വിദ​ഗ്ധർ

സ്വർണത്തിന് വൻ വിലക്കയറ്റ സാധ്യത: നവംബറിൽ പവന് റെക്കോർഡ് വില കൊടുക്കേണ്ടി വരുമെന്ന് വിദ​ഗ്ധർ

നവംബർ പകുതിയോടെ സ്വർണവില ​ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്ന് വിപണി വിദ​ഗ്ധർ. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ​ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. നിലലിൽ 44000ത്തിന് മുകളിലാണ് സ്വർണവില. സ്വർണവിലയിൽ 3.3% വളർച്ചയുണ്ടാകുമെന്നും വിദ​ഗ്ധർ പറയുന്നു. വെള്ളി വിലയും കുതിച്ചുയരും.

വെള്ളിക്ക് ഏകദേശം 5,000 രൂപ ഉയർന്ന് ദീപാവലിയാകുമ്പോൾ കിലോ​ഗ്രാമിന് 75,000 രൂപയിൽ എത്തുമെന്നും മുന്നറിയിപ്പുണ്ട്. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.

നിലവിൽ ബുളീയന് അനുയോജ്യമായ അന്തരീക്ഷമാണ്. യുദ്ധം, യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള പ്രതികൂലാവസ്ഥ, സെൻട്രൽ ബാങ്കുകളുടെ ആവശ്യകത, ഫിസിക്കൽ ഡിമാൻഡ് വർധന എന്നിവയെല്ലാം സ്വർണ വിലയിൽ വർധനവിന് കാരണമാകുന്ന ഘടകങ്ങളാണെന്ന് കെഡിയ അഡ്വൈസറി ഡയറക്ടർ അജയ് കേഡിയ പറഞ്ഞു.ദീപാവലിക്ക് സ്വർണ 10 ഗ്രാമിന് 61,000 – 61,500 രൂപക്കിടയിലും വെള്ളി വില 75,000 – 76,000 രൂപയിലും എത്തിയേക്കുമെന്ന് കെഡിയ പറയുന്നു.

‘അമ്മയെ ഫോണ്‍ വിളിച്ചത് പ്രകോപിപ്പിച്ചു’; മകനെ കോടാലികൊണ്ട് തലയ്ക്കടിച്ചു കൊന്ന പ്രതി പിടിയില്‍

‘അമ്മയെ ഫോണ്‍ വിളിച്ചത് പ്രകോപിപ്പിച്ചു’; മകനെ കോടാലികൊണ്ട് തലയ്ക്കടിച്ചു കൊന്ന പ്രതി പിടിയില്‍

പുല്‍പ്പള്ളി: വയനാട്ടില്‍ യുവാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസില്‍ പിതാവ് അറസ്റ്റില്‍. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് മരിച്ചത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പിതാവ് ശിവദാസനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. പുല്‍പ്പള്ളി കേളക്കവല ഭാഗത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ശിവദാസനെ പിടികൂടിയത്.

മൊബൈല്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ കേളക്കവല ഭാഗത്തുണ്ടെന്ന വിവരം ലഭിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ മകനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. ശിവദാസനും അമല്‍ദാസും മാത്രമാണ് കതവാക്കുന്നിലെ വീട്ടില്‍ താമസമുണ്ടായിരുന്നത്. ശിവദാസന്റെ പീഡനം ഭയന്ന് ഭാര്യ സരോജിനിയും മകള്‍ കാവ്യയും കബനിഗിരിയിലെ കുടുംബവീട്ടിലാണ് കഴിയുന്നത്.

പെയിന്റിങ് തൊഴിലാളിയായ അമല്‍ദാസ് ബന്ധുവിന്റെ കൃഷിയിടത്തില്‍ രാത്രി കാവലിനുപോയശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുശേഷം അമല്‍ദാസ് അമ്മയെ ഫോണ്‍ വിളിക്കുന്നതിനിടെയാണ് ശിവദാസന്‍ കോടാലികൊണ്ട് തലയ്ക്കടിച്ചത്. തലയ്ക്കടിയേറ്റ അമല്‍ദാസ് തല്‍ക്ഷണം മരിച്ചു. താനുമായി പിണങ്ങിക്കഴിയുന്ന ഭാര്യയെ മകന്‍ ഫോണ്‍ വിളിച്ചതാണ് ശിവദാസനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.

‘അമ്മയെ വിളിച്ചാല്‍ നിന്നെ ഞാന്‍ ശരിയാക്കു’മെന്ന് ശിവദാസന്‍ പറയുന്നതും തുടര്‍ന്ന് അടിക്കുന്നതിന്റെ ശബ്ദവും സരോജിനി ഫോണിലൂടെ കേട്ടിരുന്നു. ഇതിനുശേഷം മകന്റെ പ്രതികരണമൊന്നുമുണ്ടായില്ല. പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ പന്തികേട് തോന്നിയ സരോജിനി അയല്‍വാസിയെ വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തലയ്ക്കടിയേറ്റ് രക്തംവാര്‍ന്ന നിലയില്‍ കട്ടിലില്‍ കിടക്കുന്ന അമല്‍ദാസിനെ കണ്ടെത്തിയത്. അമല്‍ദാസിനെ അടിക്കാന്‍ ഉപയോഗിച്ച കോടാലി വീടിന് പിറകുവശത്തുനിന്നും കണ്ടെത്തി. മരംവെട്ട് തൊഴിലാളിയാണ് ശിവദാസന്‍. ഗോവയില്‍ ഹോം നഴ്സായി ജോലിചെയ്യുകയായിരുന്ന സരോജിനി കഴിഞ്ഞയാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്.

ദിലീപിന്‍റെ ജാമ്യം റദ്ദാക്കല്‍: കേസ് ഇന്ന്

ദിലീപിന്‍റെ ജാമ്യം റദ്ദാക്കല്‍: കേസ് ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസ്, നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. നേരത്തെ ഇതേ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു

തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി തീരുമാനമെടുത്തതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും ക്രൈംബ്രാഞ്ച്. ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നുമാണെന്നും സര്‍ക്കാര്‍.

‘വില്‍പ്പനയ്ക്ക് എത്തുന്നത് ഹോര്‍മോണ്‍ കുത്തിവച്ച ഇറച്ചിക്കോഴികള്‍’; പ്രചാരണം ശരിയല്ലെന്ന് മന്ത്രി

‘വില്‍പ്പനയ്ക്ക് എത്തുന്നത് ഹോര്‍മോണ്‍ കുത്തിവച്ച ഇറച്ചിക്കോഴികള്‍’; പ്രചാരണം ശരിയല്ലെന്ന് മന്ത്രി

കൊച്ചി: ഇറച്ചിക്കോഴികളിലെ ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യം ഗൗരവതരമെന്നു മന്ത്രി ജെ ചിഞ്ചുറാണി. ഇതു തടയാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യോല്‍പ്പാദന വിതരണ മേഖലയില്‍ സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പു വരുത്താനായി രൂപം നല്‍കിയ ട്രസ്റ്റ് ഓഫ് ടേസ്റ്റി ആന്‍ഡ് സേഫ്റ്റി (ടോസ്റ്റ്)യുടെ ആഭിമുഖ്യത്തില്‍ ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ പ്രഥമ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹോര്‍മോണ്‍ കുത്തിവച്ചിട്ടുള്ള ഇറച്ചിക്കോഴിയാണ് സംസ്ഥാനത്ത് വില്‍പ്പനയ്ക്കെത്തിക്കുന്നതെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചരണം ശരിയല്ല. ഹോര്‍മോണ്‍ പോലുള്ള കെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികള്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.