by Midhun HP News | Oct 17, 2023 | Latest News, കേരളം
കോഴിക്കോട്: മലാപ്പറമ്പില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. അഖില്‍ കുമാറിനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ബസ് ഉടമയ്‌ക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു.
വാഹനാപകടത്തില്‍ കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്. ബസിന് പിന്നില്‍ ഇടിച്ച സ്‌കൂട്ടറില്‍ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു. മലാപ്പറമ്പിന് സമീപം വെങ്ങേരിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് തൊട്ടു പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ബസില്‍ ഇടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു. ദമ്പതികള്‍ ബാലുശ്ശേരി ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു. ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്‌കൂട്ടറിനൊപ്പം ഒരു ബൈക്കും രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ടിരുന്നു. എന്നാല്‍ ബൈക്ക് ഓടിച്ചയാള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

by Midhun HP News | Oct 17, 2023 | Latest News, കേരളം
സുല്‍ത്താന്‍ ബത്തേരി: ശസ്ത്രക്രിയയിലെ അശ്രദ്ധമൂലം യുവാവിന്റെ വൃഷണം നഷ്ടമായെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് അന്വേഷണം. വയനാട് ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരാതി അന്വേഷിക്കുക. വയനാട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് ആരോപിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ വയനാട് തോണിച്ചാല്‍ സ്വദേശി ഗിരീഷാണ് പരാതി നല്‍കിയത്.
വയനാട് മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജനെതിരെയാണ് ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായയാള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. ഹെര്‍ണിയ ശസ്ത്രക്രിയ പിഴവ് വൃഷണത്തെ ബാധിച്ചെന്നും, വൃഷണം നീക്കം ചെയ്യേണ്ടി വന്നെന്നുമാണ് പരാതി. ശസ്ത്രക്രിയ പിഴവ് മറച്ചുവെക്കാന്‍ ആശുപത്രിയിലെ ചികിത്സയുടെ ഭാഗമായ കേസ് റെക്കോര്‍ഡില്‍ കൃത്രിമം കാണിച്ചു എന്നുമാണ് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ കൂടിയായ ഗിരീഷിന്റെ പരാതി.
ഈ പരാതിയിലാണ് ഡിഎംഒ അന്വേഷണ സമിതിയെ നിയോഗിച്ചത്. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം, കൃത്യമായ ചികിത്സ നല്‍കിയിരുന്നതായും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണു ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ വിശദീകരണം.
by Midhun HP News | Oct 16, 2023 | Latest News, കേരളം
കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്ക് നന്ദി അറിയിച്ച് മന്ത്രി പി രാജീവ്. സർവീസ് ആരംഭിച്ച് 6 മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരിക്കുന്നു. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്കാകെ നന്ദി രേഖപ്പെടുത്തുന്നു.കേരളത്തിന്റെ വാട്ടർമെട്രോ മില്യൺ മെട്രോ ആയിരിക്കുകയാണ് ഇന്ന്.
ചിലവ് കുറഞ്ഞതും കുരുക്കിൽ പെടാത്തതുമായ ഈ സംസ്ഥാന പൊതുഗതാഗത സംവിധാനം കൊച്ചിക്കാർക്കാകെ ആശ്വാസമേകുന്നു എന്നുതന്നെയാണ് ചുരുങ്ങിയ കാലയളവിൽ നേടിയ ഈ നേട്ടം സൂചിപ്പിക്കുന്നത്. ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചതെങ്കിൽ കഴിഞ്ഞ മാസം മുതൽ ഹൈക്കോർട്ട്-ബോൾഗാട്ടി റൂട്ടിലേക്കും സർവീസ് ആരംഭിക്കാൻ മെട്രോയ്ക്ക് സാധിച്ചിരുന്നു. എത്രയും പെട്ടെന്നുതന്നെ കൂടുതൽ ജട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് ആരംഭിക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.

by Midhun HP News | Oct 16, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,080 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 5510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 1120 രൂപയാണ് കൂടിയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 42,680 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് ശനിയാഴ്ച 44,320 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും എത്തി. പിന്നാലെയാണ് ഇന്ന് വില താഴ്ന്നത്.

by Midhun HP News | Oct 16, 2023 | Latest News, കേരളം
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ ഏജന്‍സി. ഈ മാസം 31ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം. പി ആര്‍ അരവിന്ദാക്ഷന്‍, പി സതീഷ്‌കുമാര്‍, പിപി കിരണ്‍, സി കെ ജില്‍സ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍.
കേസുമായി ബന്ധപ്പെട്ട് എംകെ കണ്ണനെയും എ സി മൊയ്തീയും ഉള്‍പ്പെടെയുള്ളവരെ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെ പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. എം കെ കണ്ണനിലേക്കുള്ള അന്വേഷണം അടുത്ത ഘട്ടത്തിലുണ്ടാകുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം കേസിലെ കള്ളപ്പണം ഇടപാടില്‍ ഇ.ഡി.യുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കേസില്‍ പെരിങ്ങണ്ടൂര്‍ ബാങ്ക് പ്രസിഡണ്ട് എം ആര്‍ ഷാജന്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരായേക്കും. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.
പ്രതികള്‍ ബാങ്കില്‍ സാമ്പത്തിക പാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍. കേസിലെ പ്രതിയായ പി ആര്‍ അരവിന്ദാക്ഷന്റെയും ജില്‍സിന്റേയും ജാമ്യാപേക്ഷ കലൂര്‍ പി എം എല്‍ എ കോടതി നാളെ പരിഗണിക്കും. ഇരുവരും കേസിലെ പ്രധാന പ്രതികളാണെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി. കോടതിയെ അറിയിക്കും.
by Midhun HP News | Oct 16, 2023 | Latest News, കേരളം
കോഴിക്കോട്: അമ്മയ്ക്കൊപ്പം ആശുപത്രിയിൽ എത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62 കാരൻ പിടിയിൽ. ചാത്തമംഗലം കൊളങ്ങരക്കണ്ടി ഖാദർ (62) ആണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് സംഭവം. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു അമ്മ. ഇവര്‍ക്ക് സഹായത്തിനായി എത്തിയതായിരുന്നു പ്രതി. ഇയാള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ആശുപത്രി ജീവനക്കാരിയാണ് വിവരം പൊലീസിനെ അറിയിച്ചത്. പെൺകുട്ടിയുടെ അമ്മ ജോലിചെയ്യുന്നത് ഇയാളുടെ കീഴിലാണ്. അതിനാൽ പൊലീസ് എത്തിയപ്പോൾ പരാതി നൽകാൻ പെൺകുട്ടിയും അമ്മയും തയ്യാറായില്ല. വിവരം ശിശുക്ഷേമസമിതിയെ അറിയിച്ചു. തുടർന്ന് നഴ്സിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കേസില്‍ ഇടപെടാനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയെ വെള്ളിമാടുകുന്ന് ഗേള്‍സ്‌ഹോമിലേക്ക് മാറ്റാന്‍ ശിശുക്ഷേമസമിതി ഉത്തരവിട്ടു.

Recent Comments