സ്കൂൾ ഉച്ചഭക്ഷണം; കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ പ്രിൻസിപ്പൽമാർ എന്തിന് പണം നൽകണമെന്ന് ഹൈക്കോടതി

സ്കൂൾ ഉച്ചഭക്ഷണം; കേന്ദ്രവും സർക്കാരും തമ്മിലുള്ള ഇടപാടാണെങ്കിൽ പ്രിൻസിപ്പൽമാർ എന്തിന് പണം നൽകണമെന്ന് ഹൈക്കോടതി

സ്കൂൾ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. കേന്ദ്രവും സർക്കാരും തമ്മിലുള്ള പദ്ധതിയാണെങ്കിൽ പ്രിൻസിപ്പൽമാർ എന്തിന് പണം നൽകണമെന്ന് ഹൈക്കോടതി ചോദിച്ചു. എന്തിനാണ് ജീവനക്കാർക്ക് ബാധ്യത ഉണ്ടാക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി കേന്ദ്രം പണം തരുന്നില്ലെങ്കിൽ കേന്ദ്രത്തിന്‍റെ പേര് ഒഴിവാക്കി ചീഫ് മിനിസ്റ്റേർസ് സ്കീം എന്നാക്കു എന്നും കോടതി പറഞ്ഞു. കേസ് മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകിയതിൽ പ്രധാന അധ്യാപകർക്കുള്ള കുടിശികയുടെ 81 കോടി 73 ലക്ഷം രൂപയാണ് വിതരണം ചെയ്യുക. 163 കോടിരൂപയുടെ കുടിശ്ശിക ലഭിക്കാൻ നടപടി ആവശ്യപ്പെട്ട് അധ്യപക സംഘടനയായ കെപിഎസ്ടിഎ നൽകിയ ഹർജിയിലാണ് നടപടി.

സംസ്ഥാനത്തെ പ്രധാന അധ്യാപകർക്കുള്ള കുടിശ്ശിക മുഴുവൻ ലഭ്യമാക്കണമെന്ന് സംഘടന കോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര വിഹിതം വൈകിയതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നായിരുന്നു നേരത്തെ സർക്കാർ കോടതിയെ അറിയിച്ചത്.

തുലാമാസ പൂജ, ശബരിമല ക്ഷേത്രനട നാളെ തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച

തുലാമാസ പൂജ, ശബരിമല ക്ഷേത്രനട നാളെ തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് ബുധനാഴ്ച

പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി നട തുറക്കും. 18 മുതല്‍ 22 വരെ വിശേഷാല്‍ പൂജകളുണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. 22നു രാത്രി 10നു നട അടയ്ക്കും.

ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 18ന് രാവിലെ 8ന് ഉഷ പൂജയ്ക്കുശേഷം നടക്കും. മേല്‍ശാന്തി നറുക്കെടുപ്പിനുള്ള പട്ടികയില്‍ ശബരിമലയിലേക്ക് 17, മാളികപ്പുറത്തേക്ക് 12 പേരാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി വര്‍മയും നറുക്കെടുക്കും. പന്തളം വലിയ തമ്പുരാന്‍ തിരുവോണംനാള്‍ രാമവര്‍മയുടെ അംഗീകാരത്തോടെ കൊട്ടാരം നിര്‍വാഹകസംഘം ഭരണസമിതിയാണു കുട്ടികളെ തെരഞ്ഞെടുത്തത്.

പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയ പൊലീസ് ജീപ്പിന് ഇന്‍ഷുറന്‍സ് ഇല്ല; പൊലീസുകാര്‍ ‘മുങ്ങി’, അന്വേഷിക്കുമെന്ന് കമ്മീഷണര്‍

പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയ പൊലീസ് ജീപ്പിന് ഇന്‍ഷുറന്‍സ് ഇല്ല; പൊലീസുകാര്‍ ‘മുങ്ങി’, അന്വേഷിക്കുമെന്ന് കമ്മീഷണര്‍

കണ്ണൂര്‍: കാള്‍ടെക്‌സ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയ പൊലീസ് ജീപ്പ് കണ്ണൂര്‍ എ ആര്‍ ക്യാമ്പിലേത്. ജീപ്പിന് ഇന്‍ഷുറന്‍സ് ഇല്ല എന്നാണ് വിവരം. പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് ഇന്ധമടിക്കുന്ന യന്ത്രം തകര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപ്പില്‍ ഉണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാര്‍ പറയുന്നു.

പൊലീസ് ജീപ്പ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയ സംഭവം അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. വാഹനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടായിരുന്നോ എന്നടക്കം പരിശോധിക്കുമെന്നും അജിത്കുമാര്‍ അറിയിച്ചു.

റോഡിലെ ബാരിക്കേഡ് തകര്‍ത്ത ശേഷമാണ് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയത്. ഈസമയത്ത് ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിലാണ് ജീപ്പ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടുനീങ്ങിയ കാര്‍ ഇന്ധനമടിക്കുന്ന യന്ത്രം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപ്പില്‍ ഉണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാര്‍ പറയുന്നു. ജീപ്പില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരും യൂണിഫോം ധരിച്ചിരുന്നില്ലെന്നും പമ്പ് ജീവനക്കാര്‍ പറയുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ജീപ്പ് തുരുമ്പുപിടിച്ച നിലയിലായിരുന്നു. കാറില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.

ശസ്ത്രക്രിയ വീഴ്ച; യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി

ശസ്ത്രക്രിയ വീഴ്ച; യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി

കല്‍പ്പറ്റ: ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി. വയനാട് മെഡിക്കല്‍ കോളജില്‍ ആണ് സംഭവം.ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും യുവാവ് പരാതി നല്‍കി.

സെപ്റ്റംബര്‍ 13നാണ് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മാനന്തവാടി മെഡിക്കല്‍ കോളജിലെ കണ്‍സല്‍ട്ടന്റ് ജനറല്‍ സര്‍ജന്‍ ആണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ വീഴ്ച പറ്റിയിട്ടും മൂന്നാം ദിവസം വാര്‍ഡിലെത്തിയ ഡോക്ടര്‍ ഇത് മറച്ചുവെക്കുകയും തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തതായും യുവാവ് ആരോപിക്കുന്നു.

വേദന സഹിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോള്‍ മുറിവിലെ തുന്നല്‍ എടുക്കാന്‍ എത്തിയപ്പോള്‍ ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയാണ് സ്‌കാനിങ് നിര്‍ദേശിച്ചത്. റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ജറി വിഭാഗത്തിലെ മറ്റൊരു ജൂനിയര്‍ ഡോക്ടറാണ് വൃഷണത്തിന് ഗുരുതര പരിക്കുപറ്റിയ വിവരം യുവാവിനെ അറിയിച്ചത്.
തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ വൃഷണത്തിന്റെ പ്രവര്‍ത്തനം നിലച്ചത് കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നുവെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.

ആദ്യ വിജയം കൊതിച്ച് ലങ്കയും ഓസീസും; ലഖ്‌നൗവില്‍ ഇന്ന് നിലനിൽപ്പിൻ്റെ പോരാട്ടം

ആദ്യ വിജയം കൊതിച്ച് ലങ്കയും ഓസീസും; ലഖ്‌നൗവില്‍ ഇന്ന് നിലനിൽപ്പിൻ്റെ പോരാട്ടം

ലഖ്‌നൗ: ലോകകപ്പില്‍ ഇന്ന് മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ആദ്യവിജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും മൂന്നാം മത്സരത്തിനെത്തുന്നത്. സെമി പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കാന്‍ ഇരുടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. ലഖ്‌നൗവിലെ ഏകാന സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക.ആദ്യ മത്സരത്തില്‍ ഇന്ത്യയോടും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടാണ് ഓസീസ് എത്തുന്നത്.

അഞ്ചുതവണ ലോകകിരീടം ചൂടിയവര്‍ ഈ ലോകകപ്പില്‍ ദയനീയ പരാജയമാണ് വഴങ്ങുന്നത്. ഓസീസ് നിരയില്‍ ഇതുവരെ ആര്‍ക്കും അര്‍ധസെഞ്ച്വറി തികക്കാനായിട്ടില്ല. ലക്ഷ്യബോധമില്ലാത്ത ബൗളര്‍മാരും കൈകൾ ചോരുന്ന ഫീല്‍ഡര്‍മാരും തലവേദനയാണ്. കഴിഞ്ഞ രണ്ടുമത്സരങ്ങളിലായി ആറ് ക്യാച്ചുകളാണ് ഓസീസ് ഫീല്‍ഡര്‍മാര്‍ കൈവിട്ടത്. ഒരു മത്സരത്തില്‍ പോലും ടീം ടോട്ടല്‍ 200 കടത്താന്‍ കഴിയാത്ത ഓസീസ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ്.

മറുവശത്ത് പാകിസ്താനോടും ദക്ഷിണാഫ്രിക്കയോടും തോറ്റാണ് ലങ്കയുടെ വരവ്. എന്നാല്‍ രണ്ട് മത്സരങ്ങളിലും സ്‌കോര്‍ 300 കടത്തിയെന്ന മുന്‍തൂക്കവും ആത്മവിശ്വാസവും സിംഹളപ്പടയ്ക്കുണ്ട്. ബാറ്റിങ്ങില്‍ കരുത്തുകാട്ടിയ ലങ്കയ്ക്ക് പിഴച്ചത് ബൗളിങ്ങിലാണ്. ക്യാപ്റ്റന്‍ ദസുന്‍ ശനക പരിക്കേറ്റ് പുറത്തായതാണ് ലങ്ക ഇന്ന് നേരിടുന്ന പ്രധാന തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുശാല്‍ മെന്‍ഡിസാണ് പകരം ക്യാപ്റ്റനാവുക.

തലസ്ഥാനത്തെ ദുരിതപ്പെയ്ത്തിന് ശമനം; വെള്ളമിറങ്ങി തുടങ്ങി

തലസ്ഥാനത്തെ ദുരിതപ്പെയ്ത്തിന് ശമനം; വെള്ളമിറങ്ങി തുടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്ത് മഴയ്ക്ക് ശമനം. ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ വെള്ളം കയറിയ ഭാഗങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങി. കരകവിഞ്ഞ് ഒഴുകിയ പാര്‍വതി പുത്തനാറില്‍ ജലനിരപ്പ് താഴ്ന്നു.
21 ദുരിതാശ്വാസ ക്യാമ്പുകളാണ് തിരുവനന്തപുരത്തു തുറന്നത്. ആയിരത്തോളം പേര്‍ ഈ ക്യാമ്പുകളിലേക്ക് മാറിയിരുന്നു. ഇന്നലെ രാത്രിയോടെ മഴ ശമിച്ചതാണ് ആശ്വാസമായത്. അതേസമയം, തിരുവനന്തപുരം ജില്ലയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. യെല്ലോ അലര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കേണ്ടുന്നതിനാല്‍, കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു.