by Midhun HP News | Oct 16, 2023 | Latest News, കേരളം
തൃശൂര്‍: ചെറുതുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്ന കാര്യം വീട്ടുകാര്‍ അറിയുന്നത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ മുസ്തഫയും കുടുംബവും ഇന്നലെ പോയിരുന്നു. ഇന്നലെ രാത്രിയാകാം കവര്‍ച്ച നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. വീടിന്റെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. 40 പവന്‍ നഷ്ടമായെന്നാണ് വീട്ടുടമ പറഞ്ഞതെന്ന് ചെറുതുരുത്തി പൊലീസ് പറയുന്നു.

by Midhun HP News | Oct 15, 2023 | Latest News, കേരളം
തിരുവനന്തപുരം: കനത്തമഴ തുടരുന്ന തിരുവനന്തപുരത്ത് മൂന്ന് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി.കരമന നദിയിലെ വെള്ളെകടവ് സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും വാമനപുരം നദിയിലെ അയിലം സ്റ്റേഷനിലും യെല്ലോ അലര്‍ട്ടും ജല കമ്മീഷന്‍ പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതിനിടെ, ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായ മഴ പ്രതീക്ഷിക്കുന്നു. പ്രളയത്തിന് ശേഷം കൂടുതല്‍ മഴ കിട്ടിയ സമയമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ ശരാശരി 180 മി.മീ മഴ കിട്ടി. 17 ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. 572 പേര് ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്. നഗരത്തില്‍ മാത്രം 15 ക്യാമ്പുകള്‍ തുറന്നെന്നും മന്ത്രി പറഞ്ഞു.
കോര്‍പ്പറേഷനും കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. താലൂക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 6 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു എന്നാണ് പ്രാഥമിക വിവരം.11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളുകള്‍ ക്യാമ്പുകളില്‍ പോകാന്‍ വിമുഖത കാണിക്കുന്നുണ്ട്. എന്നാല്‍ ക്യാമ്പുകളിലേക്ക് മാറാന്‍ മടിക്കരുത്. വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഒരുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Oct 15, 2023 | Latest News, കേരളം
ആറ്റിങ്ങൽ: കാർട്ടൂണിസ്റ്റ് വാമനപുരം മണിയുടെ പിതാവ് വാമനപുരം ആർദ്രയിൽ സി കൃഷ്ണനാചാരി (92) നിര്യാതനായി.
by Midhun HP News | Oct 15, 2023 | Latest News, കേരളം
തിരുവനന്തപുരം: അറബിക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്നുമുതല്‍( ഞായറാഴ്ച) വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് – കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 17 ഓടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപ്പിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ പടിഞ്ഞാറു – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തിപ്രാപ്പിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലവമായി വരും ദിവസങ്ങളില്‍ വ്യാപക മഴയാണ് പ്രവചിക്കുന്നത്.

by Midhun HP News | Oct 14, 2023 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് വളയത്ത് പന്ത്രണ്ട് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂവ്വംവയല്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ഛര്‍ദിയും പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ പ്രവശിപ്പിച്ചത്. സ്‌കൂളില്‍ ഇന്നലെ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു.
പന്ത്രണ്ട് വിദ്യാര്‍ഥികളെയും സ്‌കൂള്‍ ബസിന്റെ ഡ്രൈവറെയും ഒരു പാചകതൊഴിലാളിയെയുമാണ് വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഇവരെ പൂവ്വംവയല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വീട്ടില്‍ നിന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയാണെന്ന നിഗമനത്തിലെത്തിയത്. കൂട്ടുകറി കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സൂചന.

by Midhun HP News | Oct 14, 2023 | Latest News, കേരളം
കല്ലമ്പലം: കരവാരം വില്ലേജ് ഓഫീസിലേക്ക് ഇൻവെർട്ടർ യൂണിറ്റ് സംഭാവനയായി നൽകി പ്രവാസി വ്യവസായി മാതൃകയായി. ഇടക്കിടെയുള്ള വൈദ്യുതി തടസ്സം കാരണം ഓഫീസിന്റെ പ്രവർത്തനത്തിലുണ്ടായ ബുദ്ധിമുട്ട് മനസിലാക്കിയ പുത്തൻ ബംഗ്ലാവിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എം ജഹ്ഫറുദ്ധീൻ ആണ് ഇൻവെർട്ടർ യൂണിറ്റ് സംഭാവന ചെയ്തത്.
യോഗത്തിൽ മാനേജ്മെന്റ് പ്രതിനിധി എസ് ഷമീർഖാൻ, കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ എന്നിവർ ചേർന്ന് വില്ലേജ് ഓഫീസർ ജൂലി വരദരാജന് കൈമാറി. വാർഡ് മെമ്പർ ഹുസൈൻ, പുത്തൻ ബംഗ്ലാവിൽ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജർ സൽമാൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ രാജി, വില്ലേജ് അസിസ്റ്റന്റ് സന്ധ്യ, ഫീൽഡ് അസിസ്റ്റന്റ് മുരളി, രാജു എന്നിവർ പങ്കെടുത്തു. പൊതുജന ഉപകാരപ്രദമായ ഇത്തരം സഹായങ്ങൾ ചെയ്ത പുത്തൻ ബംഗ്ലാവിൽ ഗ്രൂപ്പ് ഓഫ് കമ്പനി നാടിനു തന്നെ മാതൃകയാണെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.

Recent Comments