ലത്തീൻ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളിൽ ഏഴും അംഗീകരിച്ചു; മനസിൽ താലോലിച്ച സ്വപ്നം നാളെ സാക്ഷാത്കരിക്കുമെന്ന് മന്ത്രി

ലത്തീൻ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളിൽ ഏഴും അംഗീകരിച്ചു; മനസിൽ താലോലിച്ച സ്വപ്നം നാളെ സാക്ഷാത്കരിക്കുമെന്ന് മന്ത്രി

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ നിന്ന് ആരെയും മാറ്റിനിർത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കും. മത്സ്യ തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതി ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യത്തൊഴിലാളികൾക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലത്തീൻ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളിൽ ഏഴും അംഗീകരിച്ചു. പദ്ധതി നിർത്തിവെക്കണമെന്നത് സർക്കാർ അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സർക്കാരിനിത് ഏതെങ്കിലും തരത്തിലുള്ള ഈഗോയുടെ പ്രശ്നം അല്ല. പ്രശ്നം ഉണ്ടെങ്കിൽ ഏത് ഘട്ടത്തിലും ആരുമായും ചർച്ചക്ക് തയ്യാറാണ്. കേരളത്തിലെ ജനങ്ങൾ ഏറെക്കാലം മനസിൽ താലോലിച്ച സ്വപ്നം നാളെ വിഴിഞ്ഞത്ത് സാക്ഷാത്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അമിത ഫോൺ ഉപയോ​ഗം ചോദ്യം ചെയ്തു; മകന്റെ അടിയേറ്റ് അമ്മ മരിച്ചു

അമിത ഫോൺ ഉപയോ​ഗം ചോദ്യം ചെയ്തു; മകന്റെ അടിയേറ്റ് അമ്മ മരിച്ചു

കാസർക്കോട്: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ രു​ഗ്മിണി (63) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ സുജിത് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നു കണ്ടെത്തി. പിന്നാലെ സുജിത്തിനെ കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

സുജിത് അമിതമായി ഫോൺ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ചയാണ് രു​ഗ്മണിയെ സുജിത് ആക്രമിച്ചത്. അടിയേറ്റ് രു​ഗ്മിണിക്കു ​ഗുരുതരമായി പരിക്കേറ്റു. പരിയാരം മെഡിക്കൽ കോ​ളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രു​ഗ്മിണി. ഇന്നാണ് മരണം സംഭവിച്ചത്.

പലായനം ചെയ്യുന്നവർക്ക് നേരെ ​ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; ബന്ദികൾക്കായി തിരച്ചിൽ

പലായനം ചെയ്യുന്നവർക്ക് നേരെ ​ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; ബന്ദികൾക്കായി തിരച്ചിൽ

ജെറുസലേം: തെക്കൻ ​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 70 പേർ മരിച്ചതായി റിപ്പോർട്ട്. ഇസ്രയേൽ സൈന്യം നൽകിയ 24 മണിക്കൂർ അന്ത്യശാസനത്തിനു പിന്നാലെ നിരവധി പേരാണ് കൂട്ട പലായനം നടത്തുന്നത്. ഇവർക്കു നേരെയാണ് ആക്രമണമുണ്ടായതെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഒഴിഞ്ഞു പോകുന്നവർക്കു നേരെയാണ് ആക്രമണമെന്നു ഹമാസ് കുറ്റപ്പെടുത്തി. പലായനം ചെയ്യുന്നവർക്കു നേരെയാണ് ആക്രമണുണ്ടായതെന്നും ഹമാസ് വ്യക്തമാക്കി. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നും ഹമാസ് പറയുന്നു. ഇതോടെ ​ഗാസയിൽ മാത്രം മരിച്ചവരുടെ എണ്ണം 1900 കടന്നു. അതിനിടെ ബന്ദികളായവർക്കായി ​ഗാസയിൽ പരിശോധന നടത്തിയതായി ഇസ്രയേൽ വ്യക്തമാക്കി.

കാറുകളിൽ വസ്ത്രങ്ങളും കിടക്കകളും ഉൾപ്പെടെയുള്ള വസ്തുക്കളുമായി വീടുപേക്ഷിച്ച് പോകുന്ന പലസ്തീൻകാരുടെ വീഡിയോകൾ എക്സിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത് വടക്കൻ ഗാസയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് വിവരം.

കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇസ്രയേൽ ഗാസ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്. കാറുകളിലും മോട്ടോർ ബൈക്കുകളിലും ട്രക്കുകളിലും കാൽനടയായുമാണ് വടക്കൻ ഗാസയിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നത്. ഗാസയിലെ ജനങ്ങൾക്ക് ഇസ്രയേൽ സൈന്യം ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ നിരവധി പേർ ഗാസയിൽ നിന്ന് പലായനം ചെയ്യാൻ ആരംഭിച്ചിരുന്നു.

ഗാസയിലെ ജനങ്ങൾ വീടുപേക്ഷിച്ച് പോകരുതെന്ന് ഹമാസ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് വ്യാജ പ്രചാരമാണെന്ന് വ്യക്തമാക്കി ഹമാസ് മുന്നോട്ടു വന്നിരുന്നു.

ഫീസിന്റെ പേരിൽ ടിസി തടയാൻ പറ്റില്ല; വിദ്യാഭ്യാസം മൗലിക അവകാശം; ഹൈക്കോടതി

ഫീസിന്റെ പേരിൽ ടിസി തടയാൻ പറ്റില്ല; വിദ്യാഭ്യാസം മൗലിക അവകാശം; ഹൈക്കോടതി

കൊച്ചി: സ്കൂളിലെ ട്യൂഷൻ ഫീസ് നൽകാനുണ്ടെന്നതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. വിദ്യാഭ്യാസം മൗലിക അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കാഞ്ഞങ്ങാട് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്കു ടിസി നൽകാൻ ഉത്തരവിട്ട് ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാഞ്ഞങ്ങാട് സദ്​ഗുരു പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പലാണ് ഫീസ് നൽകാനുണ്ടെന്ന പേരിൽ ടിസി നിഷേധിച്ചത്.
2023-24 അധ്യയന വർഷത്തെ ഫീസ് അടയ്ക്കാത്തതിനാലാണ് ടിസി നൽകാത്തതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വാദം. വിദേശത്തു പഠിക്കാൻ പോകാനാണ് ടിസി വാങ്ങുന്നതെന്നും വാദിച്ചു.

എന്നാൽ 2022- 23 അക്കാദമിക് വർഷത്തെ ഫീസ് പൂർണമായും അടച്ചിട്ടുണ്ടെന്നും വിദ്യാർത്ഥിനിയുടെ അമ്മ അർബുദ രോ​​ഗത്തിനു ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് വിദ്യാർത്ഥിനിക്കു ഉടൻ ടിസി നൽകാൻ സിം​ഗിൾ ബഞ്ച് ഉത്തരവിട്ടത്.

കരുവന്നൂർ കള്ളപ്പണ ഇടപാട്; കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കൾ

കരുവന്നൂർ കള്ളപ്പണ ഇടപാട്; കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കൾ

തൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ ഇ‍ഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കൾ. കേസിലെ ഒന്നാം പ്രതി സതീഷ് കുമാർ കരുവന്നൂരിൽ നിന്നു തട്ടിയ കോടികൾ ഉപയോ​ഗിച്ചു വാങ്ങിക്കൂട്ടിയത് 24 വസ്തുക്കളാണ്. ഇവയെല്ലാം കണ്ടുകെട്ടി.

സതീഷ് കുമാറിന്റേയും ഭാര്യയുടേയും പേരിൽ വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്ന 46 അക്കൗണ്ടുകളിലെ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടിയിട്ടുണ്ട്. സിപിഎം കൗൺസിലർ അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും മൂന്നാം പ്രതി ജിൽസിന്റെ മൂന്ന് വസ്തുക്കളും കണ്ടെകെട്ടിയവിൽ ഉൾപ്പെടുന്നു.

കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍ ഇതില്‍ ഉള്‍പ്പെടും.
11 വാഹനങ്ങളും 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. ഇതുവരെ 87.75 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. അതിനിടെ കരുവന്നൂര്‍ ബാങ്കിലെ ഓഡിറ്റിങ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സഹകരണ വകുപ്പ് ഇഡിക്ക് മുന്നില്‍ ഹാജരാക്കി.

കരുവന്നൂര്‍ തട്ടിപ്പിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാര്‍ ടി വി സുഭാഷ് ഇഡി ഓഫീസിലെത്തിയിരുന്നു. അതിനിടെയാണ് കരുവന്നൂര്‍ ബാങ്കിലെ ഓഡിറ്റിങ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹാജരാക്കിയത്.

കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കിലെ പത്ത് വര്‍ഷത്തെ ഓഡിറ്റിങ് രേഖകളും ഓഡിറ്റര്‍മാരുടെ വിവരങ്ങളും ഇഡിക്ക് കൈമാറിയിരുന്നു. ഇതിന് പുറമേയാണ് കൂടുതല്‍ വ്യക്തതയ്ക്ക് കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്ന ആവശ്യം ഇഡി മുന്നോട്ടുവെച്ചത്.

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 1120 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44320 രൂപ. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 5540 ആയി. ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം വന്നിരുന്നില്ല. ഈ മാസത്തെ
ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇപ്പോഴത്തേത്.