മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ പൂട്ടിയിട്ടു

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ പൂട്ടിയിട്ടു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ് എഫ് ഐ പ്രവർത്തകർ പൂട്ടിയിട്ടു. കോളേജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തിൽ എസ് എഫ് ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഇന്ന് വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ഉപരോധ സമരം രാത്രി 9.45 ഓടെയാണ് അവസാനിച്ചത്. പ്രിൻസിപ്പൽ ഇതുവരെ പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസിപ്പലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി ശോഭീന്ദ്രന്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി ശോഭീന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. ടി ശോഭീന്ദ്രന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മുന്‍ മേധാവിയായിരുന്നു. പരിസ്ഥിതിക്ക് വേണ്ടി പോരാടിയ പ്രൊഫസര്‍ ശോഭീന്ദ്രന്‍റെ വേഷവും വ്യത്യസ്തമായിരുന്നു. പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു സ്ഥിരം ധരിച്ചിരുന്നത്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആദരമായി പ്രൊഫ. ശോഭീന്ദ്രന്, വനമിത്ര പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്രാ അവാര്‍ഡ്, ഒയിസ്‌ക വൃക്ഷസ്‌നേഹി അവാര്‍ഡ്, ഹരിതബന്ധു അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അമ്മ അറിയാന്‍, ഷട്ടര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ആറു ജില്ലാ കലക്ടര്‍മാരെ മാറ്റി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ആറു ജില്ലാ കലക്ടര്‍മാരെ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആറു
ജില്ലാ കലക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം. പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതലയും ദിവ്യയ്ക്ക് നൽകിയിട്ടുണ്ട്. എ ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍.

ആലപ്പുഴ കലക്ടര്‍ ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. ജോണ്‍ വി സാമുവല്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. മലപ്പുറം ജില്ലാ കലക്ടറായ വി ആര്‍ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരുന്ന വി ആര്‍ വിനോദ് ആണ് മലപ്പുറത്തിന്റെ പുതിയ കലക്ടര്‍. കൊല്ലം കലക്ടര്‍ അഫ്‌സാന പര്‍വീണിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയി നിയമിച്ചു.

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന എല്‍ ദേവിദാസ് ആണ് കൊല്ലത്തിന്റെ പുതിയ കലക്ടര്‍. സ്‌നേഹജ് കുമാറിനെ കോഴിക്കോട് കലക്ടറായും, പ്രവേശന പരീക്ഷാ കമ്മിഷണറായിരുന്ന അരുണ്‍ കെ വിജയനെ കണ്ണൂര്‍ കലക്ടറായും നിയമിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു

ബംഗലൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എസ് സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു. 66 വയസ്സായിരുന്നു. ബംഗലൂരുവിലായിരുന്നു അന്ത്യം. മലയാള മനോരമയുടേയും ദ വീക്കിന്റേയും ഡൽഹി റസിഡന്റ് എഡിറ്റര്‍ ആയിരുന്നു. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലായും പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ദർലഭ് സിങ് സ്മാര മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മനോരമയില്‍ ‘ദേശീയം’ ദ വീക്കില്‍ പവര്‍ പോയിന്റ് എന്നീ പംക്തികൾ കൈകാര്യം ചെയ്തിരുന്നു.

പി വി ഗംഗാധരന്‍ അന്തരിച്ചു

പി വി ഗംഗാധരന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സിനിമാ നിര്‍മ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം.
പ്രമുഖ വ്യവസായിയായിരുന്ന ഗംഗാധരന്‍, എഐസിസി അംഗവുമായിരുന്നു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒട്ടേറെ പ്രമുഖ സിനിമകൾ നിര്‍മ്മിച്ചിരുന്നു.

ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഒരു വടക്കന്‍ വീരഗാഥ അടക്കമുള്ള സിനിമകളുടെ നിര്‍മ്മാതാവാണ്. അങ്ങാടി, അച്ചുവിന്റെ അമ്മ, ഏകലവ്യന്‍, അച്ചുവിന്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങിയവ അദ്ദേഹം നിര്‍മ്മിച്ച ചലച്ചിത്രങ്ങളാണ്. സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിയാഫിന്റെ ആദ്യ പ്രസിഡന്റായിരുന്നു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകന്‍ പി വി സാമിയുടേയും മാധവിയുടേയും മകനായി 1943-ല്‍ കോഴിക്കോടായിരുന്നു ജനനം. ചലച്ചിത്ര നിര്‍മാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ മക്കളാണ്. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍ ജ്യേഷ്ഠ സഹോദരനാണ്.

കോണ്‍ഗ്രസ് നേതാവായിരുന്ന പിവി ഗംഗാധരന്‍ 2011 ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. കെഎസ് യുവിലൂടെയാണ് ഗംഗാധരന്‍ രാഷ്ട്രീയത്തിലെത്തുന്നത്. മാതൃഭൂമിയുടെ മുഴുന്‍ സമയ ഡയറക്ടറാണ്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കനത്ത മഴ തുടർന്നാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ​ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.