സുരേന്ദ്ര ബോസ് (65) അന്തരിച്ചു

സുരേന്ദ്ര ബോസ് (65) അന്തരിച്ചു

കിളിമാനൂരിലെ ബോസ് ആൻഡ് രാജീവ് പാരലൽ കോളേജ് സ്ഥാപക പ്രിൻസിപ്പാൾ കല്ലമ്പലം മാവിൻമൂട് രേവതിയിൽ സുരേന്ദ്ര ബോസ് (65) അന്തരിച്ചു.

ഭാര്യ: ഹസീന (റിട്ട അധ്യാപിക)
മക്കൾ: വിഷ്ണു എസ് ബോസ്, ലക്ഷ്മി എസ് ബോസ്.

ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റ്; സ്ഥികരിച്ച് വനം വകുപ്പ്

ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റ്; സ്ഥികരിച്ച് വനം വകുപ്പ്

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ ഇറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ആര്‍ത്രശേരി ജോസിന്റെ മൃതദേഹമാണ് ആന ഓടിയ വഴിയില്‍ നിന്ന് കണ്ടെത്തിയത്. 63 വയസായിരുന്നു. ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റാണെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.

‘എല്ലാവരോടും സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും മാറി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. ഇയാള്‍ ഏങ്ങനെ വന്നുപെട്ടു എന്നറിയില്ല. ആന ചവിട്ടിയാണ് മരിച്ചതെന്നാണ് മനസിലാക്കുന്നത്’- റെയ്ഞ്ച് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആന ഓടുന്ന വഴിയില്‍ ജോസിനെ കണ്ടതിനെ തുടര്‍ന്ന് അയാളോട് മാറി നില്‍ക്കാന്‍ നാട്ടുകാര്‍ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെയാണ് ജോസിന്റെ മൃതദേഹം ആന ഓടിയ വഴിയില്‍ നിന്നും നാട്ടുകാര്‍ കണ്ടെത്തിയത്. കഴുത്തിനും കാലിനും മുറിവുകളുണ്ട്. പോസ്റ്റമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

ഇന്നലെ പുലര്‍ച്ചയോടെയാണ് കര്‍ണാടക വനമേഖലയില്‍നിന്നുള്ള കാട്ടാന ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയത്. ടൗണും പരിസരവും അഞ്ചു മണിക്കൂറോളം കാട്ടാന ഭീതിയിലാഴ്ത്തി. കര്‍ണാടക വനത്തില്‍നിന്ന് കേരളത്തിലെ 3 ടൗണുകള്‍ കടന്ന്, 14.5 കിലോമീറ്ററോളം ജനവാസ കേന്ദ്രത്തിലൂടെ സഞ്ചരിച്ചാണ് ഒറ്റയാന്‍ ഉളിക്കലില്‍ എത്തിയത്. ആനയെക്കണ്ട് ഭയന്നോടിയ മൂന്നുപേര്‍ക്കു പരുക്കേറ്റിരുന്നു. കാട്ടാന ടൗണില്‍ തമ്പടിച്ചതോടെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിട്ടു. പരിസരത്തെ സ്‌കൂളുകള്‍ക്കും അവധി നല്‍കി. കൂടുതല്‍ ആളുകള്‍ എത്താതിരിക്കാന്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ റോഡുകള്‍ അടച്ച് ഗതാഗതം നിയന്ത്രിച്ചു.

കരുവന്നൂര്‍ പദയാത്ര; സുരേഷ് ഗോപി ഉള്‍പ്പെടെ 500പേര്‍ക്ക് എതിരെ കേസ്

കരുവന്നൂര്‍ പദയാത്ര; സുരേഷ് ഗോപി ഉള്‍പ്പെടെ 500പേര്‍ക്ക് എതിരെ കേസ്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഉള്‍പ്പെടെ നയിച്ച പദയാത്രകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന പാതയില്‍ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയില്‍ പ്രകടനം നടത്തിയതിന് എതിരെയാണ് കേസ്.

പദയാത്രകള്‍ സംഘടിപ്പിച്ച ബിജെപി, കോണ്‍ഗ്രസ് ജില്ലാ, മണ്ഡലം നേതാക്കള്‍ ഉള്‍പ്പെടെ ഇരു പാര്‍ട്ടികളിലുമുള്ള കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി സഹകാരി സംരക്ഷണ പദയാത്ര സംഘിടിപ്പിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് എതിരെ കോണ്‍ഗ്രസും പദയാത്ര സംഘടിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം

സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം. 100, 500 മുദ്രപ്പത്രങ്ങൾക്കാണ് ക്ഷാമം. പ്രതിസന്ധി പരിഹരിക്കാൻ മുദ്രപ്പത്രങ്ങളുടെ വില പുനനിർണയിക്കും. കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങൾ ഉയർന്ന തുകയുടേതാക്കും. നിലവിലുള്ള മുദ്രപ്പത്രങ്ങളിൽ ലോഹമുദ്ര പതിപ്പിച്ച് വിൽക്കും. 5, 10, 20 രൂപയുടെ മുദ്രപ്പത്രങ്ങൾ 100 രൂപയുടേയാക്കും. 50 രൂപയുടെ മുദ്രപ്പത്രം 500 രൂപയുടേതാക്കും. സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന മുദ്രപ്പത്രങ്ങൾ ഉപയോഗിക്കും.

ആദ്യ കപ്പലെത്തി; ഷെൻഹുവ 15 വിഴിഞ്ഞം തൊട്ടു; വൈകീട്ടോടെ ബെർത്തിലേക്ക്

ആദ്യ കപ്പലെത്തി; ഷെൻഹുവ 15 വിഴിഞ്ഞം തൊട്ടു; വൈകീട്ടോടെ ബെർത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ആദ്യ ചരക്കു കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക്. കപ്പല്‍ തീരത്തിന്റെ 12 കിലോമീറ്റര്‍ അടുത്തെത്തി. ഷെന്‍ഹുവ 15 എന്ന കപ്പലാണ് തീരത്തേക്ക് എത്തുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്നു വൈകീട്ടോടെ കപ്പല്‍ ബര്‍ത്തിന് 100 മീറ്റര്‍ അകലെ അടുപ്പിക്കാനാകുമെന്ന് തുറമുഖ അധികൃതര്‍ പറയുന്നു.

കൂറ്റന്‍ ക്രെയിനുകള്‍ വഹിച്ചുകൊണ്ടാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. ഈ മാസം 15 നാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി മുഖ്യാതിഥിയാകും. അന്നാകും കപ്പല്‍ ബെര്‍ത്തിന് സമീപത്തേക്ക് കപ്പല്‍ എത്തിക്കുക. അതുവരെ കപ്പല്‍ ബെര്‍ത്തിന് 100 മീറ്റര്‍ അകലെ മാറ്റിയിടും.

തുറമുഖത്തിന് ആവശ്യമുള്ള ഉപകരണങ്ങളുമായിട്ടാണ് കപ്പൽ എത്തുന്നത്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. മേയ് മാസത്തോടെയാകും തുറമുഖം പ്രവർത്തന സജ്ജമാകുക. രാജ്യാന്തര കപ്പൽച്ചാലിൽനിന്നു 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നുവെന്നതു വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. തുറമുഖത്തിന്റെ മൂന്നാംഘട്ടം 2027ൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ

ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കേരളത്തിൽ ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്.

കർണാടകയ്ക്ക് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിൽ മഴ തുടരാൻ കാരണം. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒക്ടോബർ 13 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.