by Midhun HP News | Oct 11, 2023 | Latest News, കേരളം
ഡല്‍ഹി: ലോകകപ്പില്‍ അഫ്ഗാനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രണ്ട് മണിക്കാണ് മത്സരം. ചെന്നയിലെ ചെപ്പോക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്നും കളത്തിലിറങ്ങില്ല. പകരം ഇഷാന്‍ കിഷന്‍ ഓപ്പണ്‍ ചെയ്യും.
സിക്‌സറുകളുടെ മൈതാനമാണ് ഡല്‍ഹി. മൂന്നുദിവസംമുമ്പ് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ പറന്നത് 31 സിക്‌സറുകളായിരുന്നു. ഇരുടീമുകളും അടിച്ചുകൂട്ടിയത് 754 റണ്‍. ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയും ഇവിടെ പിറന്നു.വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ സഖ്യമായിരുന്നു ഓസീസിനെതിരെ ജയമൊരുക്കിയത്. ഇരുവര്‍ക്കും സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരംകൂടിയാണ് ഇന്ന്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ഫോമിലേക്ക് തിരിച്ചെത്തുമെന്നപ്രതീക്ഷയിലാണ് ആരാധകര്‍.
സ്പിന്നര്‍മാരാണ് അഫ്ഗാന്റെ കരുത്ത്. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരാണ് സ്പിന്‍ വകുപ്പില്‍. പേസര്‍മാരെ കടന്നാക്രമിക്കാനായിരിക്കും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ശ്രമം. ശ്രേയസിന് സ്പിന്നമാര്‍ക്കെതിരെ മികച്ച റെക്കോഡുണ്ട്.ഇന്ത്യന്‍ നിരയില്‍ അഫ്ഗാനിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ ജഡേജയാണ്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
അഫ്ഗാനിസ്ഥാന്‍ ടീം: റഹ്മാനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്മത് ഷാ, ഹഷ്മതുല്ല ഷാഹിദി, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, അസ്മതുല്ല ഒമര്‍സായ്, റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫാറൂഖി.

by Midhun HP News | Oct 11, 2023 | Latest News, കേരളം
കൊച്ചി: ഫോണിന്റെ ഐഎംഇഐ നമ്പര്‍ വാലിഡ് ആണോ അല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം? സെക്കന്റ് ഹാന്റ് ഫോണ്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ഈ പരിശോധന നടത്തേണ്ടതുണ്ട്.
കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ സഞ്ചാര്‍ സാഥി എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക.സിറ്റിസണ്‍ സര്‍വീസിലെ block your lost/stolen mobile എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പുതിയ വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ മെനു ക്ലിക്ക് ചെയ്യുക.ഐഎംഇഐ വെരിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്താനുള്ള വിന്‍ഡോ വരും. ഇതില്‍ മൊബൈല്‍ നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപി വെരിഫൈ ചെയ്യാന്‍ നല്‍കാം. തുടര്‍ന്ന് ഐഎംഇഐ നമ്പര്‍ നല്‍കി പരിശോധിക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. ഐഎംഇഐ നമ്പര്‍ അറിയില്ലെങ്കില്‍ ഡയല്‍ പാഡില്‍ *#06# എന്ന് ഡയല്‍ ചെയ്യുമ്പോള്‍ ഐഎംഇഐ നമ്പര്‍ ലഭിക്കുന്നതാണ്. ഐഎംഇഐ നമ്പര്‍ നല്‍കുന്നതോടെ ഫോണിന്റെ വിശദാംശങ്ങള്‍ ലഭിക്കുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.
എസ്എംഎസ് വഴിയും ഐഎംഇഐ നമ്പര്‍ വെരിഫൈ ചെയ്യാം. അതിനായി കെ വൈ എം എന്ന് ടൈപ്പ് ചെയ്ത ശേഷം ഐഎംഇഐ നമ്പര്‍ നല്‍കി 14422 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യാവുന്നതാണ്. വെരിഫിക്കേഷന്‍ സ്റ്റാറ്റസ് എസ്എംഎസ് വഴി ലഭ്യമാകും. ഐഎംഇഐ നമ്പര്‍ വാലിഡ് ആണോ ബ്ലോക്ക് ചെയ്തതാണോ എന്ന് അറിയാന്‍ സാധിക്കും. ഫോണ്‍ വാങ്ങുമ്പോള്‍ നിര്‍ബന്ധമായി ഐഎംഇഐ നമ്പര്‍ വെരിഫൈ ചെയ്യേണ്ടതാണ്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ ഈ രീതിയില്‍ പരിശോധന നടത്തേണ്ടതും അത്യാവശ്യമാണ്. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും കേരള പൊലീസ് അറിയിച്ചു.

by Midhun HP News | Oct 11, 2023 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ കേരളാ തീരത്തെത്തി. ഇന്ന് രാവിലെയോടെയാണ് കപ്പൽ പുറംകടലിലെത്തിയത്. 15നാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ ആറിനാണ് ചൈനീസ് കപ്പലായ ഷെന്‍ ഹുവാ-15 ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് കേരള തീരത്തേക്കുള്ള യാത്ര ആരംഭിച്ചത്.
ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31ന് യാത്ര തുടങ്ങിയ കപ്പൽ 29നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തിയത്. മുന്ദ്രയിലേക്കുള്ള ക്രെയ്നുകൾ ഇറക്കുന്ന ജോലികൾ കഴിഞ്ഞ ദിവസം പൂർത്തിയായതോടെയാണ് കപ്പല്‍ വിഴിഞ്ഞത്തേക്കുള്ള യാത്ര തുടങ്ങിയത്. ചൈനയില്‍നിന്നും ക്രെയിനുകളുമായാണ് ഷെന്‍ഹുവാ -15 എത്തുന്നത്. കപ്പലിനെ ബെര്‍ത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള ടഗ്ഗുകൾ കഴിഞ്ഞ ദിവസങ്ങളിൽ തുറമുഖത്ത് എത്തിച്ചിരുന്നു. 15ന് വൈകിട്ട് നാലിന് നടക്കുന്ന സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി അടക്കമുള്ളവർ പങ്കെടുക്കും.

by Midhun HP News | Oct 11, 2023 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. ഉളിക്കല്‍ ടൗണിലെ സിനിമ തിയേറ്ററിന് മുന്നിലാണ് ആനയെ ആദ്യം കണ്ടത്. ആന ഉളിക്കല്‍ ടൗണിലെ പള്ളി കോമ്പൗണ്ടിലെ കൃഷിയിടത്തില്‍ ആന നിലയുറപ്പിച്ചിരിക്കുകയാണ്. ആനയെ ജനവാസ മേഖലയില്‍ നിന്നും തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ ശ്രമം തുടരുകയാണ്.
വനാതിര്‍ത്തിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഉളിക്കല്‍. നഗരത്തിന് നടുവില്‍ ആന നിലയുറപ്പിച്ച സാഹചര്യത്തില്‍ മയക്കുവെടി വെക്കുക എന്നത് ദുഷ്‌കരമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ടൗണില്‍ വെച്ച് മയക്കുവെടി വെച്ചാല്‍, വെടിയേറ്റ ആന കൂടുതല്‍ പ്രകോപിതനാകുമോയെന്നാണ് വനം വകുപ്പ് ആശങ്ക പ്രകടിപ്പിക്കുന്നത്.
ആനയെ പടക്കം പൊട്ടിച്ച് പ്രദേശത്തു നിന്നും മാറ്റാന്‍ വനംവകുപ്പിന്റെ ഫ്‌ലയിങ് സ്‌ക്വാഡ് ശ്രമം നടത്തുന്നുണ്ട്. സമീപത്തെ കശുമാവിന്‍ തോട്ടത്തിലേക്ക് മാറ്റാനാണ് ശ്രമം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സമീപപ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുകയാണ്. ആനയുടെ സമീപത്തേക്ക് ആളുകള്‍ എത്താതിരിക്കാന്‍ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞിരിക്കുകയാണ്. ആനയെ കണ്ട് ഭയന്നോടിയ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുകൊമ്പന്‍ കര്‍ണാടക വനത്തില്‍ നിന്നും ഇറങ്ങിയതാണെന്നാണ് സംശയിക്കുന്നത്.
കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ ഉളിക്കല്‍ മേഖലയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ടൗണില്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചു. നഗരത്തിലിറങ്ങിയ ആന നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആളുകളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സജീവ് ജോസഫ് എംഎല്‍എ പറഞ്ഞു.
by Midhun HP News | Oct 11, 2023 | Latest News, കേരളം
കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. ചൊവ്വാഴ്ചത്തെ പോലെ പവന് 42,920 രൂപ തന്നെയാണ് ഇന്നും നല്‍കേണ്ടത്. ഗ്രാമിന് 5365 രൂപയും നല്‍കണം. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4433 രൂപയാണ്. അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. അതേസമയം, യുദ്ധം ശക്തിയാര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ വില കുതിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഡോളര്‍ മൂല്യം ഇടിഞ്ഞിട്ടുണ്ട്. ഇത് സ്വര്‍ണവില വര്‍ധിച്ചേക്കുമെന്ന സൂചനയാണ്. സ്വര്‍ണം വില കൂടുമെന്ന് പ്രതീക്ഷിക്കുന്ന വേളയില്‍ വില്‍പ്പന വര്‍ധിക്കാറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വില കൂടുന്നതിന് മുമ്പ് വാങ്ങാമെന്ന തോന്നലാണ് ഇതിന് കാരണം.

by Midhun HP News | Oct 11, 2023 | Latest News, കേരളം
കേരള ലോട്ടറി വകുപ്പിൻറെ ഫിഫ്റ്റി ഫിഫ്റ്റി FF 68 ലോട്ടറി ഫലം ഇന്നറിയാം. ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.
എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക് 50 രൂപയാണ് വില. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com / എന്നിവയിലൂടെ ഫലം ലഭ്യമാകും.
ലോട്ടറി സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ടെന്നത് നിർണായകമാണ്.
Recent Comments