സ്കൂൾ അധ്യാപകരെ അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം; നിയമസഭാ സമിതിയുടെ ശുപാർശ

സ്കൂൾ അധ്യാപകരെ അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം; നിയമസഭാ സമിതിയുടെ ശുപാർശ

തിരുവനന്തപുരം: എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. കെ കെ ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടേതാണ് ശുപാർശ. എൽ പി, യുപി, ഹൈസ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടത്തുന്നത് പരിഗണിക്കണം.

കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതി ശുപാർശയിൽ നിർദേശിക്കുന്നത്. ഈ അധ്യയനവർഷം തന്നെ ഇംഗ്ലീഷ് അധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ തസ്തികനിർണയം നടത്തി നിയമനം നടത്തണം. കായികവിദ്യാഭ്യാസത്തിനും നടപടിവേണം.

കംപ്യൂട്ടർ, ഐടി പഠനത്തിന് സെക്കൻഡറി തലത്തിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണമെന്നും ശുപാർശയിൽ പറയുന്നു. നിലവിൽ ഹയർ സെക്കൻഡറി അധ്യാപകർക്കു മാത്രമാണ് നിർബന്ധിത സ്ഥലംമാറ്റമുള്ളത്. ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റമുണ്ടാവും.

നബി ദിനം; പൊതു അവധി 28ന്

നബി ദിനം; പൊതു അവധി 28ന്

തിരുവനന്തപുരം: നബി ദിനത്തിന്റെ പൊതു അവധി ഈ മാസം 28ന്. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. നേരത്തെ സർക്കാർ ഈ മാസം 27നാണ് പൊതു അവധിയായി കണക്കാക്കിയിരുന്നത്. ഈ തീയതിയിലാണ് മാറ്റം.

മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ ബുധനാഴ്ച മുതല്‍ വീണ്ടും മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്.

നിപ: കോഴിക്കോട്ടെ പിഎസ്​സി പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

നിപ: കോഴിക്കോട്ടെ പിഎസ്​സി പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം

കോഴിക്കോട്: നിപ പ്രതിരോധത്തിന്‍റെ ഭാഗമായി കണ്ടെയ്ന്‍​മെന്‍റ് സോണ്‍ നിയന്ത്രണം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ പിഎസ്​സി പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം. ഈ മാസം 26ന് നടക്കുന്ന പരീക്ഷകളുടെ ബേപ്പൂരിലുള്ള കേന്ദ്രങ്ങൾ മാറ്റി. ബേപ്പൂർ ജിഎച്ച്എസ്എസ് സെന്റർ ഒന്നിലെ ഉദ്യോഗാർത്ഥികൾ കുറ്റിച്ചിറ ഗവ വിഎച്ച്എസ്എസിൽ പരീക്ഷ എഴുതണം.

ബേപ്പൂർ ജിഎച്ച്എസ്എസ് സെന്റർ രണ്ടിലെ ഉദ്യോഗാർത്ഥികൾക്കുള്ള പരീക്ഷാകേന്ദ്രം കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസില്‍ ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, കോഴിക്കോട് ജില്ലയില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ തുറക്കും. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും നിര്‍ബന്ധമായും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. എന്നാല്‍ കണ്ടെയിന്‍മെന്‍റ് സോണുകളിലെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടരും.

ഒക്ടോബർ മുതൽ ഡിജിയാത്ര; കൊച്ചി എയര്‍പോര്‍ട്ടിൽ ചെക്ക് ഇൻ ഇനി ഞൊടിയിടയിൽ

ഒക്ടോബർ മുതൽ ഡിജിയാത്ര; കൊച്ചി എയര്‍പോര്‍ട്ടിൽ ചെക്ക് ഇൻ ഇനി ഞൊടിയിടയിൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി ചെക്ക് ഇൻ കൂടുതൽ എളുപ്പമാകും. ഒക്ടോബർ രണ്ട് മുതൽ ഡിജിയാത്ര സംവിധാനം ഔദ്യോ​ഗികമായി ആരംഭിക്കുന്നതോടെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെക്ക് ഇൻ കുടുതൽ കാര്യക്ഷമവും സു​ഗമവുമാകും. ആഭ്യന്തര ടെർമിനലിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഡി‍ജിയാത്ര ഇ-ബോർഡിങ് സോഫ്റ്റവെയർ പരീക്ഷണാർത്ഥം ഉപയോ​ഗിച്ചുവരുന്നുണ്ട്.

വിമാനത്താവളത്തിൽ പരിശോധനയ്ക്കായി ചിലവഴിക്കുന്ന സമയം ലാഭിക്കാം എന്നതാണ് ഡിജിയാത്രയുടെ പ്രത്യേകത. ആഭ്യന്തര ടെർമിനലിലെ 22 ​ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന ഇ-​ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഡിജി യാത്രക്കാർ ടെർമിനലിൽ പ്രവേശിക്കുന്നതിന് മുമ്പ് സെക്യൂരിറ്റി ഓഫീസറെ ടിക്കറ്റും ഐഡി കാർഡും കാണിക്കേണ്ട കാര്യമില്ല. ഇവർക്ക് ചെക്ക് ഇൻ കൗണ്ടറിലും ഹാൻഡ് ബാ​ഗ്, ദേഹ പരിശോധന കൗണ്ടറിലും പ്രത്യേക കൗണ്ടറുള്ളതിനാൽ ക്യൂവിൽ അധികസമയം നിൽക്കണ്ട. ബോർഡിങ് ​ഗേറ്റിലും ഡിജി കൗണ്ടറിലൂടെ പ്രവേശിക്കാം. ആധാർ ബന്ധിതമായ മൊബൈൽ നമ്പർ ഉള്ളവർക്ക് മാത്രമാണ് നിലവിൽ ഡിജിയാത്ര സേവനം ലഭ്യമായിട്ടുള്ളത്.

ഡിജി യാത്ര എങ്ങനെ?

• പ്ലേസ്റ്റോറിൽ നിന്ന് ഡിജിയാത്ര ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
• ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറും മറ്റ് വിവരങ്ങളും ഫോട്ടോയും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
• വിമാനക്കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഓൺലൈൻ ബോർഡിങ് പാസ് ഡൗൺലോഡ് ചെയ്യുക.
• ഡിജിയാത്രാ ആപ്പിൽ ബോർഡിങ് പാസിലെ ബാർ കോഡ് സ്കാൻ ചെയ്യുകയോ അപ്ലോഡ് ചെയ്യുകയോ ചെയ്യാം.
• ബോർഡിങ് പാസ് ലിങ്ക് ആയാൽ ഷെയർ ബട്ടൺ അമർത്തുന്നതോടെ യാത്രാവിവരങ്ങൾ വിമാനത്താവളത്തിലെ ഡിജിയാത്ര സംവിധാനത്തിലേക്ക് കൈമാറും. ക്യൂആർ കോഡ് ലഭിക്കും.
• ക്യൂആർ കോഡ് വിമാനത്താളത്തിൽ ടെർമിനലിന് മുന്നിലെ ഡിജിയാത്ര എൻട്രി ​ഗേറ്റിൽ സ്കാൻ ചെയ്യുക. ​ഗേറ്റിലെ കാമറയിൽ മുഖം കാണിച്ചാൽ ​ഗേറ്റ് താനെ തുറക്കും.
• സെക്യൂരിറ്റി ​ഗേറ്റിൽ ഡിജി യാത്രക്കാർക്കായി പ്രത്യേക ക്യൂ ഉണ്ട്. ഹാൻഡ് ബാ​ഗ് പരിശോധനയ്ക്ക് നൽകി ​ഗേറ്റ് കാമറയിൽ മുഖം കാണിക്കുന്നതോടെ ​ഗേറ്റ് തുറക്കും.

ഓമന(84) അന്തരിച്ചു

ഓമന(84) അന്തരിച്ചു

മുരുക്കുംപുഴ വെയിലൂർ അവിട്ടത്തിൽ ഓമന(84) അന്തരിച്ചു. സെന്റ് അഗസ്റ്റിൻ സ്കൂളിലെ റിട്ടയേർഡ് ജീവനക്കാരിയാണ്.

ഭർത്താവ്: തങ്കപ്പൻനായർ
മകൻ: എം മോഹനൻനായർ (ബാബു)
മരുമകൾ: ശ്രീലതമോഹനൻ
സഞ്ചയനം: 28- 9- 23 (വ്യാഴാഴ്ച) രാവിലെ 9 മണിയ്ക്ക്