by Midhun HP News | Sep 25, 2023 | Latest News, കേരളം
ഡൽഹി: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് വ്യക്തമാക്കി കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. സാമ്പത്തിക പരിധിയില്ലാതെ ഏത് പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നൽകുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയിരുന്നു. ഇതിന് എതിരായ ഹർജിയിലാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. സ്റ്റാൻഡിങ് കൗൺസൽ സി.കെ ശശിയാണ് കേരള സർക്കാരിന് വേണ്ടി സത്യവാങ്മൂലം ഫയൽ ചെയ്തത്.
by Midhun HP News | Sep 25, 2023 | Latest News, കേരളം
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവ് എംകെ കണ്ണനെ ഇഡി വിളിച്ചു വരുത്തി. ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിലേക്കാണ് വിളിച്ചു വരുത്തിയത്. തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റാണ് എംകെ കണ്ണന്‍.
കരുവന്നൂര്‍ ബാങ്കു തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തിയിരുന്നു. കരുവന്നൂര്‍ ബാങ്കു തട്ടിപ്പിലൂടെ പ്രതികള്‍ സമാഹരിച്ച പണം വിവിധ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു.
സിപിഎം സംസ്ഥാന സമിതി അംഗമായ എംകെ കണ്ണന്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റുമാണ്. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ ചില സിപിഎം നേതാക്കളുടെ ബിനാമി ആണെന്നാണ് ഇഡി വിലയിരുത്തല്‍.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രി എസി മൊയ്തീനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും നിയമസഭയിലെ പരിപാടി ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഹാജരായിരുന്നില്ല. മൊയ്തീന് വീണ്ടും നോട്ടീസ് നല്‍കുന്നതില്‍ ഇഡി ഇന്നു തീരുമാനമെടുത്തേക്കും.
by Midhun HP News | Sep 25, 2023 | Latest News, കേരളം
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. സ്വര്‍ണം ഗ്രാമിന് 5495 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. സ്വര്‍ണം പവന് 43960 രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4548 രൂപയുമാണ്. കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് പത്ത് രൂപ വര്‍ധിച്ചിരുന്നു. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 5720 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് വില 45760 രൂപയുമായിരുന്നു
by Midhun HP News | Sep 25, 2023 | Latest News, കേരളം
ആലപ്പുഴ: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളത്താണ് സംഭവം. മാരാരിക്കുളം വടക്ക് ദേവസ്വംതയ്യിൽ പ്രസന്നന്റെ ഭാര്യ മഹിളാമണി (55)യാണ് മരിച്ചത്. വീടിനു പുറത്താണ് ഇവരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാണെന്നു പ്രാഥമിക നിഗമനം.
by Midhun HP News | Sep 25, 2023 | Latest News, കേരളം
തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തി. വമ്പിച്ച സ്വീകരണമാണ് തലസ്ഥാന നഗരത്തിൽ വന്ദേഭാരതിന് ലഭിച്ചത്. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലും റെയിൽവേയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. ഇന്ത്യ വികസിത രാഷ്ട്രമാകാനുള്ള ചുവടുവെപ്പാണിതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. എ എ റഹീം എംപിയും ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയാണ് രണ്ടാം വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരത് ഇന്ത്യയിൽ പുതിയതായി സർവീസ് തുടങ്ങുന്ന ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തിയത്. കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി എന്നിവർ പങ്കെടുത്തു. ആദ്യ യാത്രയിൽ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനിൽ യാത്ര ചെയ്തത്.
by Midhun HP News | Sep 25, 2023 | Latest News, കേരളം
തിരുവനന്തപുരം: എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. കെ കെ ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടേതാണ് ശുപാർശ. എൽ പി, യുപി, ഹൈസ്കൂൾ അധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടത്തുന്നത് പരിഗണിക്കണം.
കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതി ശുപാർശയിൽ നിർദേശിക്കുന്നത്. ഈ അധ്യയനവർഷം തന്നെ ഇംഗ്ലീഷ് അധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ തസ്തികനിർണയം നടത്തി നിയമനം നടത്തണം. കായികവിദ്യാഭ്യാസത്തിനും നടപടിവേണം.
കംപ്യൂട്ടർ, ഐടി പഠനത്തിന് സെക്കൻഡറി തലത്തിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണമെന്നും ശുപാർശയിൽ പറയുന്നു. നിലവിൽ ഹയർ സെക്കൻഡറി അധ്യാപകർക്കു മാത്രമാണ് നിർബന്ധിത സ്ഥലംമാറ്റമുള്ളത്. ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റമുണ്ടാവും.
Recent Comments