by Midhun HP News | Jun 1, 2026 | Latest News, കേരളം
തിരുവനന്തപുരം: മധ്യവേനല്‍ അവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് ഇന്ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇക്കുറി ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് പ്രവേശനോത്സവം.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ അധ്യക്ഷത വഹിക്കും.
കുട്ടികളില്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച ബോധവല്‍ക്കരണം ലക്ഷ്യമിട്ടു കേരള പൊലീസ് സൈബര്‍ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി ഇന്ന് എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബര്‍ സുരക്ഷാ പ്രതിജ്ഞയെടുക്കും. പാഠപുസ്തക വിതരണം ഇന്നു പൂര്‍ത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം വൈകിട്ടുവരെ 95 ശതമാനം പുസ്തകവിതരണം നടന്നു.

by Midhun HP News | Jun 1, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയാക്കി. പുതിയ വില ഇന്ന് (ജൂണ്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ഡല്‍ഹിയില്‍ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയായും, കൊല്‍ക്കത്തയില്‍ 53.50 രൂപ വര്‍ധിപ്പിച്ച് 3255.50 രൂപയായും ഉയര്‍ത്തി. കൂടാതെ, 5 കിലോഗ്രാം എഫ്.ടി.എല്‍ (ഫ്രീ ട്രേഡ് എല്‍.പി.ജി) സിലിണ്ടറുകളുടെ വില 11 രൂപ വര്‍ധിപ്പിച്ചു, 821.50 രൂപയാകും.ഡല്‍ഹിയില്‍ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയായും, കൊല്‍ക്കത്തയില്‍ 53.50 രൂപ വര്‍ധിപ്പിച്ച് 3255.50 രൂപയായും ഉയര്‍ത്തി. കൂടാതെ, 5 കിലോഗ്രാം എഫ്.ടി.എല്‍ (ഫ്രീ ട്രേഡ് എല്‍.പി.ജി) സിലിണ്ടറുകളുടെ വില 11 രൂപ വര്‍ധിപ്പിച്ചു, 821.50 രൂപയാകും.
പാചക വാതക പൂഴ്ത്തിവെപ്പിനെതിരെ നടപടികള്‍ തുടരുന്നതിനൊപ്പം, കരുതല്‍ ശേഖരത്തിലൂടെ ഇന്ധന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു. കരുതല്‍ ശേഖരത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ എണ്ണ വിപണന കമ്പനികളോട് തങ്ങളുടെ പക്കല്‍ കുറഞ്ഞത് 30 ദിവസത്തെ എല്‍.പി.ജി കരുതല്‍ ശേഖരം ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, അവര്‍ അതിനായി ശ്രമിക്കുന്നുമുണ്ട്. അതുപോലെ തന്നെ ക്രൂഡ് ഓയിലിന്റെ കാര്യത്തിലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുജാത ശര്‍മ പറഞ്ഞു. നിലവില്‍ ഇന്ധനക്ഷാമമില്ലെന്നും അവര്‍ പറഞ്ഞു.
by Midhun HP News | May 31, 2026 | Latest News, കേരളം
നെടുമങ്ങാട്ടെ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഷ്‌കര്‍ കൊടും ക്രിമിനല്‍. ആദ്യ ഭാര്യ ആമിനയേയും അഷ്‌കര്‍ ക്രൂരമായി ഉപദ്രവിക്കുകയും കൊലപ്പെടുത്താന്‍ വരെ ശ്രമിക്കുകയും ചെയ്തു. തല ചുവരില്‍ ഇടിപ്പിക്കുകയും രണ്ട് ചെവിയും അടച്ച് മര്‍ദ്ദിക്കുകയും ചെയ്തു. നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു. അബോധാവസ്ഥയിലായപ്പോള്‍ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. അഷ്‌കറിന്റെ മര്‍ദ്ദനമേറ്റ ആമിന പതിനെട്ടാം വയസില്‍ കോമയിലായി. രണ്ട് വര്‍ഷമായി ചികിത്സയിലാണ് ആമിന.

by Midhun HP News | May 31, 2026 | Latest News, കേരളം
താരസംഘടന അമ്മയിലെ പ്രശ്‌നങ്ങളില്‍ അന്‍സിബയെ പിന്തുണച്ച് ആസിഫ് അലി. അന്‍സിബ പ്രതികരിച്ചത് നിവൃത്തി കേടുകൊണ്ട്. ജാതി-മത പ്രശ്‌നങ്ങളിലെ പ്രതികരണങ്ങളില്‍ സാമാന്യ ബുദ്ധിവേണം. സംഘടനയിലെ പ്രശ്‌നങ്ങള്‍ അവിടെ വേണം പരിഹരിക്കാന്‍. അത് അവിടെ തീരാതെ വന്നപ്പോഴായിരിക്കണം പബ്ലിക്കായി പറയേണ്ടി വരുന്നത്. അന്‍സിബയെ പോലുള്ളവര്‍ നിവൃത്തികേടു കൊണ്ടാകാം പുറത്ത് പറയുന്നത്.
അതേസമയം, അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മി പ്രിയയോട് ഹാജാരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്. ലക്ഷ്മി പ്രിയയും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനതി എസ്‌ഐ രേഷ്മയും ചേര്‍ന്ന് അധിക്ഷേപിച്ചെന്ന പരാതിയില്‍ അന്‍സിബ മൊഴി നല്‍കിയിരുന്നു. ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അന്‍സിബ മൊഴി നല്‍കിയത്. തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്‌ഐ രേഷ്മയില്‍ നിന്നും നടി ലക്ഷ്മിപ്രിയയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അന്‍സിബ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ള തുടര്‍നടപടിയാണ് ഇത്.
അന്‍സിബയുടെ പരാതിയില്‍ മൊഴിയെടുക്കാന്‍ ലക്ഷ്മി പ്രിയയോടും വനിത എസ്‌ഐ രേഷ്മയോടും തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്ക് ഹാജാരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം വിവാദങ്ങള്‍ക്കിടെ തിങ്കളാഴ്ച മുതല്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ നാല് പേര്‍ക്ക് ഷോ കോസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പിന്നാലെയാകും താര സംഘടനയുടെ നിലപാട് അറിയിക്കുക.മൊഴി നല്‍കിയ ശേഷം അന്‍സിബ മാധ്യമങ്ങളെ കാണുകയും ചെയ്തു. നടന്‍ ടിനി ടോമിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അന്‍സിബ ഉന്നയിച്ചത്. അതേസമയം ടിനി ടോമിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം തന്റെ അഭിഭാഷകനുമായി ആലോചിച്ച ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും അന്‍സിബ അറിയിച്ചു.
by Midhun HP News | May 31, 2026 | Latest News, കേരളം
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ പ്രതികരിച്ച് അശ്വതി ശ്രീകാന്ത്. തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണങ്ങളില്‍ ഇക്വാലിറ്റിയെക്കുറിച്ചുള്ള ബോധവും അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവും മുഴച്ച് നില്‍ക്കുന്നുണ്ടെന്നാണ് അശ്വതി പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം. ആര്‍ത്തവ അവധി പ്രത്യേക ആനുകൂല്യം അല്ലെന്നും, സ്വാഭാവികമായ ജൈവിക പ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണെന്നാണ് അശ്വതി പറയുന്നത്. ആ വാക്കുകളിലേക്ക്: ആര്‍ത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നത് കൊണ്ടാണ്. ആര്‍ത്തവ അവധി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണ്, റെസ്റ്റിനെ നോര്‍മലൈസ് ചെയ്യലാണ്.
സമത്വം എന്നത് എല്ലാവര്‍ക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നല്‍കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിന്‍ഗാമികളെങ്കിലും ആര്‍ത്തവത്തില്‍ ആശ്വസിക്കട്ടെ.
ആര്‍ത്തവ അവധിക്കെതിരെ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ നേരത്തെ രംഗത്ത് എത്തിയിരുന്നു. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്ന് ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചുു. ഉമ തോമസ് എംഎല്‍എ, വനിത ലീഗ് നേതാവ് നൂര്‍ബിന റഷീദ് എന്നിവരും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.

by Midhun HP News | May 31, 2026 | Latest News, കേരളം
ക്ഷീര വികസന വകുപ്പിന് കീഴിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. എത്ര ഒഴിവുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ഡയറി സയന്‍സിൽ ബിരുദമുള്ളവർക്കാണ് അവസരം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 1.
1. വകുപ്പ് : ക്ഷീര വികസനം
2. ഉദ്യോഗപ്പേര് : ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
3. ശമ്പളം : ₹ 55,200 – 1,15,300/-
4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകള്‍.
5. നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായപരിധി : 20-41.
7. യോഗ്യതകൾ : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ, ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആര്‍) കീഴിലുള്ള നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ ലഭിച്ച ബി.എസ്.സി (ഡയറി സയന്‍സ്) ബിരുദം അല്ലെങ്കില്‍ ബി.ടെക് (ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി) ബിരുദം.
8. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതി: (എ) ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷന്‍’ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 01.07.2026 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.keralapsc.gov.in/sites/default/files/2026-05/noti-23-26.pdf
Recent Comments