മില്‍മ പാലിന്റെ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍, കൂട്ടിയത് ലിറ്ററിന് നാല് രൂപ

മില്‍മ പാലിന്റെ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍, കൂട്ടിയത് ലിറ്ററിന് നാല് രൂപ

തിരുവനന്തപുരം: മില്‍മ പാലിന്റെ വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാല് രൂപയാണ് വര്‍ധിക്കുന്നത്. ഇതില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും.

ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ നിലനിര്‍ത്തുന്നതിന് വില വര്‍ധനവ് അനിവാര്യമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. നിലവിലുള്ള പാല്‍ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പഴയ വില അതില്‍ അച്ചടിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. പാലിന് മാത്രമല്ല തൈരിനും വില കൂട്ടിയിട്ടുണ്ട്.

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല

കൊച്ചി: സിഎംആര്‍ എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസിലെ ഇഡി അന്വേഷണത്തില്‍ സ്റ്റേ ഇല്ല. ഇഡി അന്വേഷണത്തില്‍ സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇഡിക്ക് അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അടിസ്ഥാനമായ കേസ് ഇല്ലാതെയാണ് ഇഡി സമന്‍സ് അയക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോയതെന്ന് സിഎംആര്‍എല്ലിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്ര പറഞ്ഞു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയില്‍ വിശദീകരിച്ചു. രണ്ടു വര്‍ഷത്തോളം നീണ്ട കേസായതിനാല്‍ ഇനി വൈകിപ്പിക്കേണ്ടതില്ലെന്നും, ഇന്നു തന്നെ വിശദമായ വാദം കേള്‍ക്കാമെന്നും ഹൈക്കോടതി ഇരു കൂട്ടരെയും അറിയിച്ചു.

ഇന്നു തന്നെ വിശദമായ വാദം കേള്‍ക്കാമെന്ന് രണ്ടു കൂട്ടരും കോടതിയില്‍ സമ്മതിച്ചു. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഹാജരായത്. കേസിന്റെ വാദം പൂര്‍ത്തിയാകുന്നതു വരെ ഇഡി അന്വേഷണത്തില്‍ താല്‍ക്കാലിക സ്റ്റേ വേണമെന്ന സിഎംആര്‍എല്ലിന്‍റെ ആവശ്യം കോടതി നിരാകരിച്ചു. നിലവിലെ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടുപോകാവുന്നതാണെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവനും, കെ വി ജയകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

എം.അർ.എ യുടെ ഡയക്ടറി പ്രകാശനവും ഖരമാലിന്യ സംസ്കരണ ക്ലാസും നടന്നു

എം.അർ.എ യുടെ ഡയക്ടറി പ്രകാശനവും ഖരമാലിന്യ സംസ്കരണ ക്ലാസും നടന്നു

ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷൻ (എം.അർ.എ) ന്റെ പുതുക്കിയ ഡയറക്ടറിയുടെ പ്രകാശനവും ഖരമാലിന്യ സംസ്കരണ ക്ലാസിന്റെ ഉദ്ഘാടനവും ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക നിർവ്വഹിച്ചു. എം.ആർ.എ പ്രസിഡന്റും വാർഡ് കൗൺസിലറുമായ കെ തുളസീധരൻ നായർ അധ്യക്ഷത വഹിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർ എ.ആർ ആരിഷ് ഖരമാലിന്യ സംസ്കരണ ക്ലാസും നയിച്ചു.

എം.ആർ.എ സെക്രട്ടറി ജി.എസ് മണികണ്ഠൻ, വൈസ് പ്രസിഡന്റ് കവിത പ്രബുദ്ധറാം, ട്രഷറർ അജിത സുരേഷ് ബാബു, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ഡയറക്ടറി ചീഫ് എഡിറ്ററുമായ എസ് സതീഷ് കുമാർ, ആദ്യകാല പ്രസിഡന്റ് എം രംഗനാഥൻ എന്നിവർ സംസാരിച്ചു. എം.എൽ.എ യെ എം.ആർ.എ യ്ക്കു വേണ്ടി പ്രസിഡന്റ് ആദരിച്ചു.
ഡയറക്ടറി ചീഫ് എഡിറ്റർ എസ് സതീഷ് കുമാറിനെ എം.എൽ.എ ആദരിച്ചു.

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവില 1,15,000ല്‍ താഴെ

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവില 1,15,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപയാണ് കുറഞ്ഞത്. 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 14,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചത് പശ്ചിമേഷ്യയിലെ എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയില്‍ എണ്ണവില വര്‍ധിച്ചിട്ടുണ്ട്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 93 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള സൈറ്റില്‍ തകരാര്‍, തുറക്കാന്‍ കഴിയുന്നില്ല

12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള സൈറ്റില്‍ തകരാര്‍, തുറക്കാന്‍ കഴിയുന്നില്ല

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള പോര്‍ട്ടലില്‍ വീണ്ടും സാങ്കേതിക തകരാര്‍. ഇന്നുമുതല്‍ പുനര്‍മൂല്യനിര്‍ണയത്തിനുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്നാണ് സിബിഎസ്ഇ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതനുസരിച്ച് അപേക്ഷ നല്‍കാനായി ശ്രമിച്ചപ്പോള്‍ പോര്‍ട്ടല്‍ തുറക്കാന്‍ കഴിയുന്നില്ല എന്ന തരത്തില്‍ നിരവധി പരാതികളാണ് ഉയര്‍ന്നത്.

നേരത്തെയും സമാനമായ പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിട്ടിരുന്നു. പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് ലഭിക്കാനും അപേക്ഷിച്ചപ്പോഴാണ് വിദ്യാര്‍ഥികള്‍ സാങ്കേതിക തകരാര്‍ നേരിട്ടത്. പരീക്ഷയെഴുതിയ 17.68 ലക്ഷം പേരില്‍ നാലു ലക്ഷത്തിലേറെപ്പേര്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പ് പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ 11.31 ലക്ഷം ഉത്തരക്കടലാസുകളാണ് കൈമാറിയത്. പുനര്‍മൂല്യനിര്‍ണയം നടത്താന്‍ കൂട്ടത്തോടെ അപേക്ഷ വന്നാല്‍ പോര്‍ട്ടലിലെ പിഴവ് ആവര്‍ത്തിക്കുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പോര്‍ട്ടലിലെ ഇന്നത്തെ സാങ്കേതിക തകരാര്‍.

അതിനിടെ 12-ാം ക്ലാസ് പരീക്ഷ ഫല പ്രഖ്യാപനത്തില്‍ പിഴവ് സംഭവിച്ചതായി സിബിഎസ്ഇ ഒടുവില്‍ സമ്മതിച്ചു. ഉത്തരക്കടലാസുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി മൂല്യനിര്‍ണയം നടത്തിയ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് രീതിയില്‍ പാളിച്ച ഉണ്ടായെന്നാണ് വിശദീകരണക്കുറിപ്പില്‍ പറയുന്നത്.

ഇക്കുറി പ്രവേശനോത്സവം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി; ഇന്ന് സ്‌കൂളുകള്‍ തുറക്കും, സൈബര്‍ സുരക്ഷാ പ്രതിജ്ഞ

ഇക്കുറി പ്രവേശനോത്സവം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി; ഇന്ന് സ്‌കൂളുകള്‍ തുറക്കും, സൈബര്‍ സുരക്ഷാ പ്രതിജ്ഞ

തിരുവനന്തപുരം: മധ്യവേനല്‍ അവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് ഇന്ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇക്കുറി ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് പ്രവേശനോത്സവം.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ അധ്യക്ഷത വഹിക്കും.

കുട്ടികളില്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച ബോധവല്‍ക്കരണം ലക്ഷ്യമിട്ടു കേരള പൊലീസ് സൈബര്‍ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി ഇന്ന് എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബര്‍ സുരക്ഷാ പ്രതിജ്ഞയെടുക്കും. പാഠപുസ്തക വിതരണം ഇന്നു പൂര്‍ത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം വൈകിട്ടുവരെ 95 ശതമാനം പുസ്തകവിതരണം നടന്നു.