by Midhun HP News | May 30, 2026 | Latest News, കേരളം
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് ദ്വീപുകള്‍ എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കും, മധ്യ-പടിഞ്ഞാറന്‍, മധ്യ-കിഴക്കന്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ കൂടുതല്‍ ഭാഗങ്ങളിലേക്കും, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് ദ്വീപുകള്‍, കന്യാകുമാരി പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവടങ്ങളിലേക്കും, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങളിലേക്കും വ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി നിലവിലുള്ള ചക്രവാതചുഴി തുടരുന്നു.തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദ പാത്തി
മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴിയില്‍ നിന്നും മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി പ്രദേശം വഴി ലക്ഷദ്വീപ് പ്രദേശം വരെ നീളുന്ന ഒരു ന്യൂനമര്‍ദ്ദ പാത്തി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്നു. ജൂണ്‍ 3 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | May 30, 2026 | Latest News, കേരളം
ആലപ്പുഴ: ആലപ്പുഴയിലെ ‘രക്ഷാ പ്രവര്‍ത്തന’ത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി റിപ്പോര്‍ട്ട്. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടിതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രതികള്‍ കീഴടങ്ങാനുള്ള സൂചന നിലനിര്‍ത്തിയാണ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ 5 പേര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുണ്‍, വിപിന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
2023 ഡിസംബറിലാണ് വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവം നടക്കുന്നത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജംങ്ഷനിലൂടെ കടന്നുപോയപ്പോള്‍ കരിങ്കൊടി കാണിച്ച, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.ഡി തോമസ്, അജയ് ജുവല്‍ കുര്യാക്കോസ് എന്നിവര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പൊലീസുകാര്‍ സ്ഥലത്തുനിന്ന് മാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിയ ഗണ്‍മാന്‍ അനില്‍ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും ചേര്‍ന്ന് പ്രവര്‍ത്തകരെ ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.
മര്‍ദനമേറ്റ പ്രവര്‍ത്തകരുടെ മൊഴികളും സംഭവസ്ഥലത്തെ വിഡിയോ ദൃശ്യങ്ങളും ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മര്‍ദനത്തില്‍ തോമസിന്റെ തലയ്ക്കും അജയ് ജുവലിന്റെ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും തുടക്കത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗണ്‍മാന്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

by Midhun HP News | May 30, 2026 | Latest News, കേരളം
തിരുവനന്തപുരം: ജൂണ്‍ 9ന് കാലാവധി തീരാനിരിക്കെ, എസ്‌ഐ റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ഉടന്‍ നിയമന ഉത്തരവ് നല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം. 43 പേര്‍ക്ക് നിയമനം നല്‍കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. പിഎസ് സി റാങ്ക് പട്ടികളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയെങ്കിലും എസ്‌ഐ റാങ്ക് പട്ടികയ്ക്ക് ഇത് ബാധകമായിരുന്നില്ല. റാങ്ക് പട്ടിയില്‍ ഉള്‍പ്പെട്ടവര്‍ രമേശ് ചെന്നിത്തലക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആണ് മന്ത്രി രമേശ് ചെന്നിത്തല അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. 2025 ജൂണ്‍ ഒമ്പതിനാണ് സബ് ഇന്‍സ്പ്ക്ടര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്. ഇതോടെ ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഉടന്‍ തന്നെയാണ് പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സര്‍ക്കാര്‍ നീട്ടിയത്. എന്നാല്‍ ഈ ഉത്തരവ് എസ്‌ഐ റാങ്ക് പട്ടികയ്ക്ക് ബാധകമല്ലായിരുന്നു. ഇതോടെയാണ് ഉദ്യോഗാര്‍ഥികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ അവസ്ഥ പങ്കുവെച്ചത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു.

by Midhun HP News | May 30, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട , ആലപ്പുഴ ,കോട്ടയം, എറണാകുളം, തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തമിഴ്‌നാട് തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | May 30, 2026 | Latest News, കേരളം
തിരുവനന്തപുരം: എഞ്ചിനീയറിങ് കോളജില്‍ ആനുവല്‍ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. വെഞ്ഞാറമൂട് എംഎ എഞ്ചിനീയറിങ് കോളജിലാണ് കഴിഞ്ഞ ഞായറാഴ്ച ക്രൂരമായ ആക്രമണമുണ്ടായത്. കോളജിലെ വിദ്യാര്‍ഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അല്‍ അമീനാണ് (20) മര്‍ദനമേറ്റത്. ആക്രമണത്തില്‍ അല്‍ അമീന്റെ ഇടതു കണ്ണിന്റെ റെറ്റിന തകര്‍ന്നു.
കഴിഞ്ഞ ഞായറാഴ്ച കോളജ് വാര്‍ഷികാഘോഷ പരിപാടിക്കിടെ പുറത്തുനിന്നെത്തിയ മദ്യപസംഘം വിദ്യാര്‍ഥികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് മദ്യപസംഘം വിദ്യാര്‍ഥികളെ മര്‍ദിച്ചത്. കൂര്‍ത്ത വള ഉപയോഗിച്ച് വിദ്യാര്‍ഥിയുടെ മുഖത്ത് ഇടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടതു കണ്ണിനു ഗുരുതരമായി പരിക്കേറ്റ അല്‍ അമീനെ കൂട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി.
സംഭവത്തില്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടും ഇതുവരെ പ്രതികളെ പൊലീസ് പിടികൂടിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ശിവജിത്ത്, നിതിന്‍, കാശിനാഥ്, കണ്ടാല്‍ അറിയാവുന്ന നാലു പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

by Midhun HP News | May 30, 2026 | Latest News, കേരളം
കോഴിക്കോട്: മലപ്പുറം തിരൂരങ്ങാടിയില്‍ ലോറിയില്‍ കടത്തിയ വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസ് എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെ വടക്കൻ കേരളത്തിലെ വിവിധയിടങ്ങളില്‍ റെയ്ഡ്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് കൊച്ചി എന്‍ഐഎ യൂണിറ്റിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ മുതല്‍ പരിശോധന ആരംഭിച്ചത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകളിലടക്കമാണ് പരിശോധന നടക്കുന്നത്. ഫെബ്രുവരി 7 നാണ് ചെമ്മാട്- കോഴിക്കോട് റോഡിലെ ഫര്‍ഹ ഹോളോ ബ്രിക്‌സ് കമ്പനിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ലോറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. ഉള്ളി കയറ്റി വന്ന ലോറിയുടെ അകത്ത് 448 പെട്ടികളിലായി ഒളിപ്പിച്ച 89,600 ജെലാറ്റിന്‍ സ്റ്റിക്കുകളും 10,500 ഡിറ്റണേറ്ററുകളുമാണ് അന്ന് പിടിച്ചെടുത്തത്.
കര്‍ണാടകയിലെ ബിജാപൂരില്‍ നിന്നാണ് ഇവ എത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനധികൃത ക്വാറിക്ക് വേണ്ടി എത്തിയതാണ് ഇവ എന്നാണ് പൊലീസിൻ്റെ പ്രാഥമിക കണ്ടെത്തല്‍. വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചതിന് പിന്നില്‍ മറ്റ് അട്ടിമറി നീക്കങ്ങളുണ്ടോ എന്ന് കണ്ടെത്താനാണ് ദ എൻഐഎയുടെ ശ്രമം. രണ്ടാഴ്ച മുമ്പാണ് കേസ് എൻഐഎ ഏറ്റെടുത്തത്.
ഏഴു പ്രതികളുള്ള കേസിലെ ഒന്നാം പ്രതി കോഴിക്കോട് മുക്കം എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ വീട്ടിലും ഇയാളുടെ ഉടമസ്ഥതയിലുള്ള എക്‌സലന്റ് ബ്രിക്‌സ് എന്ന സ്ഥാപനത്തിലുമാണ് കോഴിക്കോട് ജില്ലയില്‍ പ്രധാനമായും പരിശോധന നടക്കുന്നത്. ഇയാൾ ഇപ്പോഴും ഒളിവിലാണ്. മലപ്പുറത്ത് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ ഗോഡൗണിലും ലോറി ഉടമയുടെ ഭാര്യവീട്ടിലുമാണ് റെയ്ഡ് നടന്നത്. ഹാരിസിന്റെ നിര്‍ദേശപ്രകാരം മുക്കം സ്വദേശിയുടെ ക്വാറിയിലേക്കാണ് ഈ സ്‌ഫോടകവസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നാണ് എന്‍ഐഎയ്ക്ക് ലഭിക്കുന്ന സൂചന.
കേസിലെ മൂന്നാം പ്രതി കാസര്‍കോട് സ്വദേശി മുഹമ്മദ് സലിമിന്റെ വീട്ടിലും എന്‍ഐഎ സംഘം പരിശോധന നടത്തി. കാസര്‍കോട് കടുമേനി സ്വദേശിയും മുന്‍പ് കരിങ്കല്‍ ക്വാറി നടത്തിപ്പുകാരനുമായിരുന്ന സജിയുടെ വീട്ടിലും ഇയാളുടെ ക്വാറിയിലുമാണ് പരിശോധന നടക്കുന്നത്. കണ്ണൂര്‍ ചെറുപുഴ ചുണ്ടയിലെ അനില്‍കുമാറിന്റെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തി. പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളുടെ ഉറവിടം, സാമ്പത്തിക സ്രോതസ്സ്, ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് ലഭിക്കുന്ന ബാഹ്യസഹായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനാണ് എന്‍ഐഎയുടെ നീക്കം.


Recent Comments