by Midhun HP News | May 30, 2026 | Latest News, കേരളം
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്.
മലപ്പുറത്ത് തിരൂരങ്ങാടി ചെമ്മാട് ആണ് പരിശോധന നടക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ഇവിടെ സ്‌ഫോടക വസ്തു ശേഖരവുമായി ഒരു ലോറിയെത്തുന്നത്. ഹോളോ ബ്രിക്‌സ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് ലോറി എത്തിയത്. ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്നതിനിടെ, പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കളാണ് എന്ന് വ്യക്തമാകുന്നത്. ഉള്ളിച്ചാക്കിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. ഇതിന്റെ സ്രോതസ് തേടിയുള്ള അന്വേഷണത്തിലാണ് മുക്കത്തുള്ള ഹാരിസ് ആണ് ഇതിന്റെ പിന്നിലെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ഈ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ലോറി ഉടമ, ലോറി ഉടമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആളുകള്‍, ഹോളോബ്രിക്‌സ് വില്‍പ്പന നടത്തുന്ന സ്ഥാപന ഉടമ തുടങ്ങിയ ആളുകളുടെ വീടുകളിലും പരിസരങ്ങളിലുമാണ് പരിശോധന നടക്കുന്നത്.
കോഴിക്കോട് മുക്കത്താണ് പരിശോധന നടക്കുന്നത്. ഹാരിസിന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് പരിശോധന നടക്കുന്നത്. സ്‌ഫോടക വസ്തു പിടിച്ച കേസിലെ ഒന്നാം പ്രതിയാണ് ഹാരിസ്. ഹാരിസ് നിലവില്‍ ഒളിവിലാണ്. ഹാരിസിന്റെ ഹോളി ബ്രിക്‌സ് സ്ഥാപനങ്ങളിലും വീട്ടിലും ഒരേസമയത്താണ് പരിശോധന നടത്തിയത്.
തിരൂരങ്ങാടി പൊലീസ് ആണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് അന്ന് ചിലരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടക വസ്തു പിടിച്ച കേസില്‍ മൊത്തം ഏഴു പ്രതികളാണ് ഉള്ളത്. ആറുപേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ക്വാറിയിലേക്ക് കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കളാണ് എന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ ഇവരില്‍ ആര്‍ക്കും ക്വാറി ലൈസന്‍സ് ഇല്ലായെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോയത്.
കണ്ണൂരില്‍ ചെറുപുഴയിലും കാസര്‍കോട് ചിറ്റാരിക്കലിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം പരിശോധനക്കെത്തിയത്. ചിറ്റാരിക്കലില്‍ നടത്തിയ പരിശോധനയിലാണ് ജലാസ്റ്റിന്‍ സ്റ്റിക് അടക്കം പിടികൂടിയത്. ജോര്‍ജ് എന്ന വ്യക്തിയുടെ വീട്ടില്‍ നിന്നാണ് ജലാസ്റ്റിന്‍ സ്റ്റിക് പിടികൂടിയത് എന്നാണ് പൊലീസ് പറയുന്നത്. ചെറുപുഴയില്‍ ചുണ്ട സ്വദേശിയുടെ വീട്ടിലും മുന്‍ ക്വാറി ഉടമയുടെ ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വീട്ടിലുമാണ് എന്‍ഐഎ സംഘം എത്തിയത്.
by Midhun HP News | May 30, 2026 | Latest News, കേരളം
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ നല്‍കിയത് എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
കേസിലെ ആറ് പ്രതികള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ടപ്പരോള്‍ വിവാദമായത്. അഞ്ച് പ്രതികള്‍ മെയ് 18-നും ഒരു പ്രതി മേയ് 20-നുമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്‍പാണ് പ്രതികള്‍ക്ക് അനുകൂലമായ പരോള്‍ നടപടികള്‍ ഉണ്ടായത്. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം വീടുകളിലെത്തി. ഇരുപത് ദിവസത്തേക്കാണ് പരോള്‍.


by Midhun HP News | May 30, 2026 | Latest News, കേരളം
തൃശ്ശൂര്‍: അതിരപ്പിള്ളി വൈശേരിയില്‍ കാട്ടനയുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം. അതിരപ്പിള്ളി പുല്ലേര്‍കാട്ട് മോഹനന്‍ (65) ആണ് മരിച്ചത്. വീടിന് സമീപമെത്തിയ ആനയെ തുരത്താന്‍ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ആന മോഹനന്റെ വീടിന്റെ സമീപത്തെത്തിയത്. അയല്‍വാസികളുടെ നിലവിളി കേട്ടാണ് ആന എവിടെയാണെന്നറിയാന്‍ മോഹനന്‍ മുറ്റത്തേക്കിറങ്ങിയത്. എന്നാല്‍ ഇരുട്ടിലൂടെ ആന ഓടിവന്ന് ആക്രമിക്കുകയായിരുന്നു. കാട്ടാന മോഹനനെ നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തുകയാരുയിരുന്നു. കാട്ടാന ഈ സമീപത്തു നിന്നും മാറിയപ്പോഴാണ് മോഹനനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പില്‍ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ജനവാസ മേഖലയായ ഈ ഭാഗത്ത് ആനയിറങ്ങുന്നത് ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ ഇത് ആറാമത്തെ മരണമാണെന്നാണ് റിപ്പോര്‍ട്ട്.

by Midhun HP News | May 30, 2026 | Latest News, കേരളം
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍. ഇരുന്നൂറിലേറെ പേരെയാണ് വധശ്രമം അടക്കമുള്ള കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. ഇതില്‍ വാഹനങ്ങള്‍ ആക്രമിച്ച ഇരുപത്തിയഞ്ചോളം പേരുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രതിഷേധത്തില്‍ പൊലീസ് പ്രതിരോധം വന്‍ പരാജയമായിരുന്നു എന്ന ആരോപണം ഉയര്‍ന്നതോടെയാണ് പ്രധാന പ്രതികളെ ഉടന്‍ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. തിരിച്ചറിഞ്ഞ എട്ട് പ്രധാന പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇവരുടെ വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. മ്യൂസിയം പൊലീസിനെക്കൂടാതെ ഷാഡോ, ഡാന്‍സാഫ്, സംഘങ്ങളും മറ്റ് സ്റ്റേഷനുകളിലെ പൊലീസുകാരും അടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധ ടീമുകളായി തിരിഞ്ഞാണ് പരിശോധന.
സംഘര്‍ഷത്തിനു നേതൃത്വം നല്‍കിയ മുന്‍ കൗണ്‍സിലര്‍ ഐപി ബിനു അടക്കം 18 പേര്‍ ഇതുവരെ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി സിറ്റി പൊലീസ് അധികൃതര്‍ അറിയിച്ചു. പ്രതികളുടെ വീടുകള്‍ സംശയകരമായ ബന്ധുവീടുകള്‍, സിറ്റിയിലെ ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടത്തുന്നത്. ഇവരുടെ മൊബൈല്‍ഫോണ്‍ രേഖകളടക്കം പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്.
by Midhun HP News | May 30, 2026 | Latest News, കേരളം
ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്‍റെയും സായ് സുദര്‍ശന്‍റെയും തകര്‍പ്പനടിയാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. 167 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തത്.
കുറിച്ച 215 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ഗുജറാത്തിനെ സഹായിച്ചത്.
രാജസ്ഥാൻ റോയൽസ് ഉയർത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് എട്ട് പന്ത് ബാക്കി നിൽക്കേ അത് മറികടന്നു.
26 പന്തിലാണ് സായ് സുദര്‍ശന്‍ അര്‍ധ സെഞ്ചറി നേടിയത്. തൊട്ടുപിന്നാലെ പുറത്താവുകയും ചെയ്തു. നിര്‍ണായക മല്‍സരത്തില്‍ 47 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ചറി നേടിയത്. ഐപിഎലില്‍ ഗില്ലിന്‍റെ അഞ്ചാം സെഞ്ചറിയാണിത്. 53 പന്തില്‍ 104 റണ്‍സെടുത്ത ഗില്‍ ആര്‍ച്ചര്‍ക്ക് വിക്കറ്റ് നല്‍കിയാണ് ഒടുവില്‍ മടങ്ങി.
ഗ്രൂപ്പ് മല്‍സരങ്ങളില്‍ മികച്ച പ്രകടനവുമായാണ് ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്. സണ്‍റൈസേഴ്സിനെ നോക്കൗട്ടില്‍ തകര്‍ത്താണ് രാജസ്ഥാനും രണ്ടാം ക്വാളിഫയറിലെത്തിയത്. 2008 ന് ശേഷം ഐപിഎല്‍ കിരീടം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനായിട്ടില്ല. ഗുജറാത്തിനാവട്ടെ അഞ്ചുവര്‍ഷത്തിനിടെ ഇത് മൂന്നാം ഫൈനലാണ്.
ടോസ് നേടിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തിരുന്നു. ഒരു വശത്ത് വിക്കറ്റുകള്‍ തുടരെ കൊഴിഞ്ഞപ്പോഴും ഉറച്ച് നിന്ന വൈഭവ് സൂര്യവംശിയുടെ പ്രകടനമാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. രവീന്ദ്ര ജഡേജയുടെ ചെറുത്ത് നില്‍പ്പും അവസാന ഓവറുകളില്‍ ഡോനവന്‍ ഫെറേറയുടെ തകര്‍പ്പനടിയും ആയതോടെ സ്കോര്‍ 214 എത്തുകയായിരുന്നു. അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് , റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.

by Midhun HP News | May 30, 2026 | Latest News, കേരളം
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അടുത്ത 2-3 ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തമിഴ്നാട് തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Recent Comments