by Midhun HP News | Aug 25, 2026 | Latest News, കേരളം
ഓണം, ആഘോഷിക്കാത്ത മലയാളികള്‍ എവിടെയും ഉണ്ടാകില്ല. ഇത് കേവലം ഒരു ആഘോഷം എന്നതിലുപരി, കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമാണ് തിരുവോണം. തിരുവോണം കളറാക്കാനുള്ള അവസാനവട്ട ഓട്ടവുമായി ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ് ഇന്ന് മലയാളികള്‍. പൂവും ഓണക്കോടിയും ഓണസദ്യ വിഭവങ്ങളുമെല്ലാമായി ഇന്ന് രാത്രി വൈകുംവരെ വിപണി സജീവമായിരിക്കും. എന്നാല്‍ ഉത്രാടം വെറും ഒരു ദിവസം മാത്രമല്ല. പൊന്നോണക്കാലത്ത് ഉത്രാടദിനത്തിന് ഏറ്റവും വിശേഷപ്പെട്ട സ്ഥാനം തന്നെയാണ് പൗരാണിക കാലം മുതല്‍ നല്‍കിയിട്ടുള്ളത്.
ഉത്രാടം ദിനം മഹാബലി ചക്രവര്‍ത്തിയുടെ വരവിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. തിരുവോണത്തിന് ഒരു ദിവസം മുമ്പ്, മഹാബലി തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ പാതാളത്തില്‍ നിന്ന് പുറപ്പെടുന്നു എന്നാണ് വിശ്വാസം. ഈ സന്ദര്‍ശനം മലയാളികള്‍ക്ക് ഐശ്വര്യവും സമാധാനവും നല്‍കുന്ന സമയമായി കണക്കാക്കപ്പെടുന്നു.
കുടുംബസമേതമായി ഒരുമിച്ച് സദ്യ ഒരുക്കാനും പൂക്കളമിടാനും വീടു വൃത്തിയാക്കാനും ഉള്ള സമയമാണ്. മഹാബലി വരവിന്റെ പ്രതീക്ഷയും, ധര്‍മ്മവും സമത്വവും നിറഞ്ഞ ഭരണത്തിന്റെ ഓര്‍മ്മയും ഈ ദിനം പുതുക്കുന്നു. ഉത്രാടം, തിരുവോണത്തിന് മുന്നോടിയായി ആത്മീയമായ ഒരുക്കത്തിന്റെയും സ്‌നേഹത്തിന്റെ സന്ദേശമാണ് നല്‍കുന്നത്.
ഓണാഘോഷത്തിന്റെ അവസാനഘട്ട ഒരുക്കത്തിനാണ് ഉത്രാടപ്പാച്ചില്‍ എന്ന് പറയുന്നത്. സദ്യവട്ടങ്ങള്‍ക്കായി മലയാളികള്‍ ഓണത്തലേന്ന് ചന്തകളില്‍ പച്ചക്കറികളും മറ്റ് അവശ്യസാധനങ്ങളും വാങ്ങാന്‍ എത്തുന്നു. ചന്തകളും വഴിയോരങ്ങളും വളരെ തിരക്കുപിടിച്ചുകാണുന്ന ഒരു ദിവസം കൂടിയാണ് ഉത്രാടം.
ഓണത്തിന് ആവശ്യമായ സാധനങ്ങളൊക്കെ ഈ ദിവസം വാങ്ങിക്കൂട്ടും. സാമഗ്രികളൊക്കെ വാങ്ങിക്കഴിയുമ്പോള്‍ പോക്കറ്റ് കാലിയാകും എന്നതാണ് മറ്റൊരു പ്രത്യേകത. എങ്കിലും മലയാളികള്‍ കാശ് നോക്കാതെ ആവശ്യം നോക്കി ചെലവാക്കും എന്നാണ് പറച്ചില്‍. ഉത്രാടനാളുകളില്‍ വിപണികള്‍ വളരെ വൈകിയും സജീവമായിരിക്കും. പച്ചക്കറിക്കടകളിലും പലവ്യഞ്ജനക്കടകളിലും തുണിക്കടകളിലും നിന്നു തിരിയാന്‍ കഴിയാത്തവിധം തിരക്കുമായിരിക്കും.
മുറ്റത്ത് പൂക്കളമിടുന്നത് ഉത്രാടം നാളില്‍ ഏറ്റവും വലുതാകുന്നു. ഈ ദിവസം പ്രത്യേക പൂക്കള്‍ ഉപയോഗിച്ച് അലങ്കാരമൊരുക്കുന്നു. കൂടാതെ വീട്ടിലെ വലിയ വിളക്കുകള്‍ പുളിയും ചാരവുമുപയോഗിച്ച് കഴുകി, വൈകുന്നേരം എണ്ണയൊഴിച്ച് ഉത്രാട വിളക്ക് കത്തിക്കുന്നു. ദേവതാ ചിത്രങ്ങള്‍ പൂമാലകളോടെ അലങ്കരിക്കുന്നു.
ഉത്രാടത്തിലെ തെയ്യക്കോലങ്ങള്‍
ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഓണക്കാലത്ത് നാട്ടുവഴികളിലൂടെയും വീടുകള്‍ കയറിയിറങ്ങിയും ഓണക്കാലം അറിയിച്ചെത്തുന്ന ആടിവേടന്‍ തെയ്യങ്ങളുണ്ട്. ആധിയും വ്യാധിയും ഒഴിഞ്ഞ നല്ലൊരു ഓണക്കാലത്തിനായി പ്രാര്‍ഥിക്കുന്ന ജനതയെ തെയ്യക്കോലങ്ങള്‍ക്കു മുന്‍പില്‍ കാണാന്‍ കഴിയും.കുട്ടികള്‍ കോലം കെട്ടി വീടുകള്‍ കയറിയിറങ്ങി അനുഗ്രഹം ചൊരിയുന്നു. ആടിവേടന്‍ തെയ്യത്തിനു പിറകെ ഓണത്താര്‍ തെയ്യവും രംഗപ്രവേശം ചെയ്യും.




by Midhun HP News | Aug 25, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. 1,20,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കുറഞ്ഞത്. 15,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20 ദിവസത്തിനിടെ പവന്‍ വിലയില്‍ 15,000 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് കരുത്തേകിയത്. എന്നാല്‍ ഡോളര്‍ വീണ്ടും തിരിച്ചുവന്നത് അടക്കമുള്ള വിഷയങ്ങളാണ് ഇന്ന് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Aug 24, 2026 | Latest News, കേരളം
താൻ വിവാഹബന്ധം അവസാനിപ്പിച്ചുവെന്ന് അവതാരകനും നടനുമായ ജീവ ജോസഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവയും അപർണയും വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെ ജീവ തന്നെ ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. വിവാഹ വാർഷിക ദിവസം തന്നെയാണ് ഇരുവരും വേർപിരിയിൽ വിവരവും പങ്കുവച്ചിരിക്കുന്നത്.

11 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് വിരാമമിടുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജീവ ആരാധകരുമായി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. “പ്രിയപ്പെട്ടവരെ, ഇതൊട്ടും എളുപ്പമുള്ള ഒരു കാര്യമല്ല, എങ്കിലും നിങ്ങളോട് നേരിട്ട് പറയാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. കാരണം എന്റെ കരിയറിലും സന്തോഷത്തിലും സങ്കടങ്ങളിലും ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും നിങ്ങൾ എന്റെ യാത്രയുടെ ഭാഗമായിരുന്നു.

നിങ്ങളിൽ പലരും ഞങ്ങളെ ഒരു മികച്ച ജോഡിയായി ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇനി മുതൽ അത് ‘ഞങ്ങൾ’ അല്ല; കേവലം ജീവ എന്നും അപർണ എന്നും രണ്ടു പേർ മാത്രമാണ്. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ ഞങ്ങൾക്ക് പിഴച്ചു, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ രണ്ടു പേരും തിരിച്ചറിയുകയും അത് സ്വീകരിക്കുകയും ചെയ്യുന്നു.
അതിനാലാണ് വെവ്വേറെ വഴികളിലൂടെ സഞ്ചരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇതിന് പിന്നിലെ കാരണങ്ങൾ പൂർണമായും തികച്ചും വ്യക്തിപരമാണ്. ഞങ്ങൾ വളരെ പക്വതയോടെ കൈക്കൊണ്ട ഈ തീരുമാനത്തെ നിങ്ങളും അതേ പക്വതയോടെ ഉൾക്കൊള്ളുമെന്ന് കരുതുന്നു.


by Midhun HP News | Aug 24, 2026 | Latest News, കേരളം
കണ്ണൂര്‍: കൃഷ്ണഗാഥ പിറന്ന മണ്ണില്‍ ചിങ്ങത്തിലെ ശുക്ലപക്ഷ ഏകാദശി നാളില്‍ കൃഷ്ണപ്പാട്ടു മുത്തശ്ശിക്ക് വേറിട്ടൊരു ആദരം. 103 വയസിലും ചിങ്ങമാസത്തില്‍ പാരമ്പര്യ ആചാരമായി കൃഷ്ണഗാഥ പാരായണം നടത്തുന്ന മുത്തശ്ശിക്ക് അമ്മമാരുടെ കൃഷ്ണഗാഥ കാവ്യ അര്‍ച്ചനയോടെയുള്ള വ്യത്യസ്തമായ ഒരു ആദര ചടങ്ങിനാണ് ചിറക്കല്‍ പൈതൃക, ക്ഷേത്രനഗരി സാക്ഷ്യം വഹിച്ചത്. ചിറക്കല്‍ ഗണപതിയാടന്‍ വീട്ടില്‍ നാണിക്കുട്ടിയമ്മയെ (103) സിഎംഎസ് ചന്തേര മാഷ് സ്മാരക സംഘവഴക്കഗവേഷണ പീഠത്തിന്റെ ആഭിമുഖ്യത്തിലാണ് കാവ്യാര്‍ച്ചന നടത്തി വണങ്ങിയത്.

രാവിലെ ഒമ്പതിന് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണപ്പാട്ടുവഴക്കം കൂട്ടായ്മയിലെ അമ്മമാര്‍ സപ്താഹ ആചാര്യ കടലായി ഗീതാ രാജന്റെ നേതൃത്വത്തില്‍ കൃഷ്ണപ്പാട്ട് കാവ്യം ചൊല്ലി കൊണ്ടാണ് ആദരായനത്തിന് ഗണപതിയാടന്‍ വീട്ടിലേക്ക് പുറപ്പെട്ടത്. കെ.വി. സുമേഷ് എം എല്‍ എ, ചിറക്കല്‍ കോലത്തിരി വലിയ രാജ സി.കെ. രാമവര്‍മ്മ, പത്‌നി വിജയലക്ഷ്മി തമ്പുരാട്ടി, പദ്മശ്രി എസ് ആര്‍ഡി പ്രസാദ്, വടകര ഓര്‍ക്കാട്ടേരി പുതുപ്പണം കോട്ടയാത്ത് കോവിലകം പദ്മാവതി പിള്യാരിയമ്മ, രാധാമണി ടീച്ചര്‍, ഫാക് ലോര്‍ അക്കാദമി സെക്രട്ടറി ഡോ എ.വി. അജയകുമാര്‍, ഡോ . സി.കെ. അശോക വര്‍മ്മ, സംഘ വഴക്ക ഗവേഷണ പീഠം സാരഥികളും കാവ്യാര്‍ച്ചനയ്ക്കൊപ്പം നീങ്ങി. കടലായിഗണപതിയാടന്‍ താഴെ വീട്ടിലെത്തിയപ്പോള്‍ 103 കഴിഞ്ഞനാണിക്കുട്ടിയമ്മയെ വണങ്ങി കൃഷ്ണപ്പാട്ട് പാരായണം തുടങ്ങി. അമ്മമാര്‍ക്കൊപ്പം നാണിക്കുട്ടിയമ്മയും കൃഷ്ണപ്പാട്ട് ചൊല്ലി. ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ഥനയും നടത്തി.

കെവി സുമേഷ് എംഎല്‍എ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. കൃഷ്ണപ്പാട്ട് മുത്തശ്ശി നാണിക്കുട്ടിയമ്മയെ പോലുള്ളവരുടെ തനതുശൈലിയിലുള്ള കൃഷ്ണപ്പാട്ട് പാരായണം റെക്കോര്‍ഡ് ചെയ്തു ചെറുശേരി മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്ന് കെവി സുമേഷ് പറഞ്ഞു. ചെറുശേരി സ്മാരകം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കൃഷ്ണഗാഥയുടെ വിവിധ പാഠഭേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന താളിയോലകളും ഇതേവരെ നടന്ന പഠന ഗവേഷണ പ്രബന്ധങ്ങളുടെയും വന്‍ശേഖരം ഒരുക്കുന്നതടക്കമുള്ള പ്രോജക്ട് റിപ്പോര്‍ട്ടാണ് സാംസ്‌കാരി വകുപ്പ് തയ്യാറാക്കിയതെന്ന് എംഎല്‍എ പറഞ്ഞു. സംഘവഴക്ക ഗവേഷണ പീഠം ഗവേഷണരീതിശാസ്ത്ര വിഭാഗം അധ്യക്ഷനും പ്രശസ്ത അന്തരീക്ഷ പഠനശാസ്ത്രജ്ഞനുമായ ഡോ. എം.കെ സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.


by Midhun HP News | Aug 24, 2026 | Latest News, കേരളം
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിരുവോണ ദിനമായ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തമായ മഴയ്ക്ക് സാധ്യത. പുതുക്കിയ മഴ പ്രവചനം അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. നേരത്തെ എട്ടു ജില്ലകളില്‍ മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്.

ഇന്ന് ആറു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാലാവസ്ഥ വകുപ്പ് തീവ്രമഴ പ്രവചിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളില്‍ എല്ലാം ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവോണ ദിവസമായ ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


by Midhun HP News | Aug 24, 2026 | Latest News, കേരളം
തിരുവോണത്തിന് തലേദിവസമായ ഉത്രാടം നാൾ കേരളത്തിന്റെ ഓണാഘോഷങ്ങളിൽ ഏറെ പ്രത്യേകതയുള്ള ദിവസമാണ്. ഓണസദ്യയ്ക്കും ആഘോഷങ്ങൾക്കുമുള്ള അവസാന ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനായി നാടും നഗരവും ഒരുപോലെ സജീവമാകുന്ന ദിവസമാണിത്. ഈ ദിവസത്തെ തിരക്കിനും ഓട്ടത്തിനുമാണ് പൊതുവെ “ഉത്രാടപ്പാച്ചിൽ” എന്ന് പറയുന്നത്.

ഉത്രാടം എത്തുന്നതോടെ ഓണത്തിന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലെത്തും. നേരത്തെ വാങ്ങാൻ കഴിയാതെ പോയ സാധനങ്ങൾ അവസാ നമായി വാങ്ങുന്നതിനായി ആളുകൾ വീടുകളിൽ നിന്ന് വിപണികളിലേക്ക് എത്തുന്നു. പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, പലവ്യഞ്ജനങ്ങൾ, വാഴയില, കായ, ഉപ്പേരി തുടങ്ങിയ സദ്യ വട്ടങ്ങൾ വാങ്ങാൻ കടകളിലും ചന്തകളിലും വലിയ തിരക്കായിരിക്കും. കാലം എത്ര മാറിയാലും ഉത്രാടപ്പാച്ചിലിനും തിരുവോണത്തിനും ഒരു മാറ്റവും ഉണ്ടാകാൻ സാധ്യതയില്ല. സൂപ്പർമാർക്കറ്റുകളെയും ഓൺലൈനുകളെയും ആശ്രയിക്കുന്ന തലമുറക്ക് ഇത് മനസ്സിലാകണമെങ്കിൽ തെരുവിലേക്ക് ഇറങ്ങണം അഥവാ ഏറ്റവും അടുത്ത ചന്ത ഒന്ന് സന്ദർശിക്കണം. കേരളത്തിന്റെ വ്യാപാര തലസ്ഥാനമായ എറണാകുളത്ത് ബ്രോഡ്വേയിലും ജ്യൂസ് സ്ട്രീറ്റിലും മാർക്കറ്റ് റോഡിലും എല്ലാം ഒരു അടി വെക്കാൻ പറ്റാത്ത അത്ര തിരക്കാണ്.

അവസാനവട്ട ഓണച്ചന്ത
ഉത്രാട ദിനത്തിലെ പ്രധാന കാഴ്ചകളിലൊന്ന് ഓണച്ചന്തകളിലെ തിരക്കാണ്. ഗ്രാമീണ ചന്തകൾ മുതൽ നഗരത്തിലെ മോളുകളും വ്യാപാരകേന്ദ്രങ്ങ ളും ഉപഭോക്താക്കളെ കൊണ്ട് നിറയും. ഓണകോടി വാങ്ങാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകാനുള്ള സമ്മാനങ്ങൾ ശേഖരിക്കാനും ആളുകൾ ഈ ദിവസം സമയം കണ്ടെത്തുന്നു. പൂക്കൾക്കും ഉത്രാടച്ചന്തയിൽ വലിയ ആവശ്യമാണ്. പൂക്കളം ഒരുക്കുന്നതിനുള്ള വിവിധതരം പൂക്കൾ തേടി ആളുകൾ വിപണിയിലെത്തുന്നു. വീട്ടു മുറ്റത്ത് മനോഹരമായ പൂക്കളം ഒരുക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പുകളും ഉത്രാട നാളിൽ നടക്കുന്നു. ബോണസും അഡ്വാൻസും ഒക്കെ കിട്ടിയ തുകയൊക്കെ ആളുകൾ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും ഒക്കെ വാങ്ങാനായി ചെലവഴിക്കുന്നു.
സദ്യയ്ക്കുള്ള ഒരുക്കങ്ങൾ
തിരുവോണ സദ്യയുടെ വിഭവങ്ങൾക്കാവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നതും ഉത്രാടപ്പാച്ചിലിന്റെ പ്രധാന ഭാഗമാണ്. ചേന, കുമ്പളങ്ങ, വെള്ളരിക്ക, പയർ, പച്ചക്കായ, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾക്കൊപ്പം തേങ്ങ, പുളി, ശർക്കര, പരിപ്പ്, അരി, മസാലകൾ തുടങ്ങിയവയും വാങ്ങുന്നു. ചില വീടുകളിൽ സദ്യയ്ക്കാവശ്യമായ ചില പലഹാരങ്ങളും അച്ചാറുകളും ഉത്രാട ദിവസം തന്നെ തയ്യാറാക്കിത്തുടങ്ങും.
ഓണക്കോടിയുടെ ആവേശം
പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതും ഉത്രാടനാളിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഓണക്കോടി വാങ്ങുന്ന പതിവ് ഇന്നും പല കുടുംബങ്ങളിലും തുടരുന്നു. വസ്ത്രശാലകളിൽ തിരക്ക് വർധിക്കുന്നതും ഉത്രാടപ്പാച്ചിലിന്റെ ഭാഗമാണ്.
ഗ്രാമവും നഗരവും ഒരുപോലെ സജീവം
ഉത്രാട നാളിൽ കേരളത്തിന്റെ ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും ഒരുപോലെ ആഘോഷാന്തരീക്ഷമാണ്. റോഡുകളിൽ വാഹനത്തിരക്കും വ്യാപാര കേന്ദ്രങ്ങളിൽ ജനത്തിരക്കും വർധിക്കും. ചെറിയ കടകൾ മുതൽ വലിയ മാളുകൾ വരെ ഓണ വിപണിയുടെ സജീവത പ്രകടമാകും. അവസാന നിമിഷം വരെ ആവശ്യമായ സാധനങ്ങൾ വാങ്ങിയെടുക്കാനുള്ള തിരക്കാണ് എല്ലായിടത്തും കാണുന്നത്.

ഒന്നാം ഓണത്തിന്റെ പ്രത്യേകത
കേരളീയ ആചാരത്തിൽ ഉത്രാടം ഒന്നാം ഓണം എന്ന നിലയിലും അറിയപ്പെടുന്നു. അതുകൊണ്ടു തന്നെ ഉത്രാടം നാളിൽ തന്നെ പല വീടുകളിലും ഓ ണാഘോഷങ്ങൾക്ക് തുടക്കമാകും. ബന്ധുക്കൾ എത്തിച്ചേരുകയും വീടുകൾ വൃത്തിയാക്കി അലങ്കരിക്കുകയും പൂക്കളം ഒരുക്കുകയും ഓണ സദ്യ യ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്യും.
“ഉത്രാടപ്പാച്ചിൽ” എന്നത് വെറും വിപണിയിലെ തിരക്കിന്റെ പേരല്ല. ഓണത്തെ വരവേൽക്കാനുള്ള കേരളീയരുടെ കൂട്ടായ ആവേശത്തിന്റെയും അവസാനവട്ട ഒരുക്കങ്ങളുടെയും പ്രതീകമാണ് അത്. തിരക്കിനിടയിലും കുടുംബത്തിനും ബന്ധങ്ങൾക്കും ആഘോഷത്തിനും പ്രാധാന്യം നൽകുന്ന മലയാളിയുടെ ഓണ സംസ്കാരത്തിന്റെ മനോഹരമായൊരു കാഴ്ചയാണ് ഉത്രാടപ്പാച്ചിൽ.

Recent Comments