തദ്ദേശ സ്ഥാപന വോട്ടർ പട്ടിക പുതുക്കുന്നു; കരട് പട്ടിക സെപ്റ്റംബർ എട്ടിന്

തദ്ദേശ സ്ഥാപന വോട്ടർ പട്ടിക പുതുക്കുന്നു; കരട് പട്ടിക സെപ്റ്റംബർ എട്ടിന്

തിരുവനന്തപുരം: കഴിഞ്ഞ ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കുന്നു. സെപ്റ്റംബറിൽ സംക്ഷിപ്ത പുതുക്കൽ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. എല്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോർപറേഷനുകളിലെയും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ച് കമ്മിഷൻ നിർദേശം നൽകി. നിലവിലുള്ള വോട്ടർ പട്ടിക sec.kerala.gov.inൽ സെപ്റ്റംബർ ഒന്നിന് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് ലഭ്യമാക്കും.

ഇവ പരിശോധിച്ച് സ്ഥലം മാറിപ്പോയവരുടെയും മറ്റും പേരുകൾ സെപ്റ്റംബർ 2നു മുൻപ് ഒഴിവാക്കണം. മരിച്ചവരുടെ പേരുവിവരങ്ങൾ റജിസ്റ്റർ പരിശോധിച്ചും നേരിട്ട് അന്വേഷിച്ചും ആക്ഷേപങ്ങൾ ഇല്ലെങ്കിൽ ഏഴു ദിവസത്തിനു ശേഷം നീക്കം ചെയ്യണം. കരട് പട്ടിക സെപ്റ്റംബർ 8നും അന്തിമ പട്ടിക ഒക്ടോബർ 16നും പ്രസിദ്ധീകരിക്കും.

സപ്ലൈകോ ഓണം ഫെയര്‍ 18 മുതല്‍; മണ്ഡലങ്ങളില്‍ ഓണം ചന്ത

സപ്ലൈകോ ഓണം ഫെയര്‍ 18 മുതല്‍; മണ്ഡലങ്ങളില്‍ ഓണം ചന്ത

തിരുവനന്തപുരം: സപ്ലൈകോയുടെ ഓണം ഫെയര്‍ സംസ്ഥാന തല ഉദ്ഘാടനം 18 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കിഴക്കേകോട്ട നായനാര്‍ പാര്‍ക്കിലാണ് ഉദ്ഘാടനച്ചടങ്ങ്. ശനിയാഴ്ച ജില്ലാതല ഉദ്ഘാടനങ്ങളും 23ന് നിയമസഭ മണ്ഡലം അടിസ്ഥാനത്തിലുള്ള ഓണം ചന്തകളുടെ ഉദ്ഘാടനവും നടക്കും.

എയര്‍ കണ്ടീഷന്‍ സൗകര്യത്തോടെയുള്ള ജര്‍മന്‍ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകള്‍ ഒരുക്കുന്നത്. മില്‍മ, കേരഫെഡ്, കുടുംബശ്രീ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ജില്ലാ ഫെയറില്‍ ഉണ്ടായിരിക്കും. പ്രാദേശിക കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനവും ജില്ലാ ഓണം ഫെയറിന്റെ പ്രത്യേകതയാണ്. സബ്സിഡി സാധനങ്ങള്‍ക്കുപുറമേ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് നല്‍കുന്ന കോംബോ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ചന്തകളിലെ വിൽപ്പന വർധിപ്പിക്കുന്നതിനായി പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടങ്ങളിലെ ജീവനക്കാർക്ക് 500/- 1000- രൂപ നിരക്കിലുള്ള കൂപ്പണുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യും. ഈ കൂപ്പൺ ഉപയോഗിച്ച്‌ സപ്ലൈകോയുടെ ഇഷ്ടമുള്ള വിൽപ്പനശാലയിൽ നിന്നും സാധനങ്ങൾ വാങ്ങാം.

കോഴിക്കോട് ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കണ്ണാടിക്കലില്‍ ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണാടിക്കലില്‍ വായനശാലയ്ക്ക് സമീപം റോഡിനോടു ചേര്‍ന്നുള്ള ഓടയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇതിനു സമീപം ഹെല്‍മറ്റും ബൈക്കും കണ്ടെത്തിയിരുന്നു. കുരുവട്ടൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ബൈക്ക് അപകടമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓടയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നതു കൂടി കണ്ടാണ് ഈ നിഗമനം. യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണത്തിന് ഒരേനിരക്കില്‍ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 43,720 രൂപയും ഒരു ഗ്രാമിന് 5465 രൂപയുമാണ് നിലവില്‍.18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 4528 രൂപയും പവന് 36224 രൂപയുമാണ്. ഓഗസ്റ്റ് ആദ്യവാരം 44000 രൂപയിലേക്ക് സ്വര്‍ണത്തിന്റെ നിരക്ക് എത്തിയിരുന്നു. ഈ മാസം 11നാണ് വില കുറഞ്ഞ് 43000ത്തിലേക്ക് എത്തിയത്.

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ വിതരണം ഇന്ന് തുടങ്ങും. മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. 3200 രൂപ വീതമാണ് ലഭിക്കുക.
അറുപത് ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി 1762 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1550 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 212 കോടിയുമാണ് നല്‍കിയത്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അര്‍ഹരില്‍ 26.74 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. ശേഷിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നല്‍കും. ഈ മാസം 23നു മുമ്പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പട്ടളയിൽ കുടുംബസംഘം ബി.സത്യൻ ഉദ്ഘാടനം ചെയ്തു

പട്ടളയിൽ കുടുംബസംഘം ബി.സത്യൻ ഉദ്ഘാടനം ചെയ്തു

പി കെ എസ് വഞ്ചിയൂർ മേഖലയിൽ പട്ടളയിൽ കുടുംബസംഘം പി കെ എസ് സംസ്ഥാന വൈസ്പ്രസിഡൻ്റ് ബി.സത്യൻ ഉദ്ഘാടനം ചെയ്തു. ഉണ്ണി അദ്യക്ഷനായ വേദിയിൽ ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞു.

പി കെ എസ് ഏര്യ സെക്രട്ടറി രതിഷ്, എൽ സി സെക്രട്ടറി എം കെ രാധാകൃഷ്ണൻ, ഗിരീശൻ ആശാരി വാഷിംടൺ, സിന്ധു എന്നിവർ പങ്കെടുത്തു.