by liji HP News | Jul 29, 2023 | Latest News, കേരളം
തൊടുപുഴ: ഇടുക്കി അടിമാലിയിൽ എഴുപത്തിരണ്ടുകാരനെ സഹോദര പുത്രൻ വെട്ടി പരുക്കേൽപ്പിച്ചു. പനംകുട്ടി ഇഞ്ചത്തൊട്ടി മലേപ്പറമ്പിൽ മാത്യുവിനാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ മാത്യുവിന്റെ സഹോദരപുത്രൻ ഷൈജുവിനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു. ജാതിക്ക മോഷ്ടിച്ചെന്ന് പരാതി നൽകിയതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
മാത്യുവിന്റെ വീടിനു സമീപത്തു നിന്ന് ഒരാഴ്ച മുൻപ് ജാതിക്ക മോഷണം പോയിരുന്നു. ഷൈജുവാണ് ജാതിക്ക മോഷ്ടിക്കുന്നതെന്നു കാണിച്ച് മാത്യു വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്നം ഒത്തുതീർപ്പാക്കി. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും ഷൈജു ജാതിക്ക മോഷ്ടിച്ചു. ഇതു സംബന്ധിച്ച് മാത്യുവിന്റെ മകൻ ഇന്നലെ രാവിലെ സ്റ്റേഷനിൽ പരാതി നൽകി. ഇതിൽ പ്രകോപിതനായ ഷൈജു വാക്കത്തിയുമായി വീട്ടിലെത്തി മാത്യുവിനെ വെട്ടുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് മാത്യുവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് മാത്യു. ഷൈജു വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
by liji HP News | Jul 29, 2023 | Latest News, കേരളം
തൊടുപുഴ: ചിന്നക്കനാൽ വിറപ്പിച്ച ഒറ്റയാൻ അരിക്കൊമ്പന് തമിഴ്‌നാട്ടിൽ കുടുംബം. രണ്ട് കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്‌നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിലാണ് അരിക്കൊമ്പൻ കഴിയുന്നത്. ചിന്നക്കനാൽ നിന്നും അരിക്കൊമ്പനെ കാടുകടത്തിയിട്ട് നാല് മാസം തികയുകയാണ്.
ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല. എന്നാൽ ഇവിടെ നിന്ന് കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തമിഴ്നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല.
by liji HP News | Jul 29, 2023 | Latest News, കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5535 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44280 രൂപയാണ്. പതിനെട്ട് കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർധിച്ച് വില 4573 രൂപയായി.
ഇന്നലെയുണ്ടായ ഇടിവിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5510 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 44080 രൂപയും.
ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.
by liji HP News | Jul 29, 2023 | Latest News, കേരളം
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിയില്‍ ആലോചന. ശബരിമല അയ്യപ്പനെ പ്രമേയമാക്കിയ മാളികപ്പുറം സിനിമയില്‍ മുഖ്യവേഷം ചെയ്ത ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പത്തനംതിട്ടയില്‍ മത്സരിച്ചത്. ഇത്തവണ മത്സര രംഗത്തുനിന്നു മാറിനില്‍ക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെയും ഉണ്ണി മുകുന്ദനെയുമാണ് പകരം പരിഗണിക്കുന്നത്. കുമ്മനത്തിന്റെ പേരിനു മുന്‍തൂക്കമുണ്ടെങ്കിലും ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയാവുന്നതോടെ ചിത്രം മാറുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുതുന്നത്. കഴിഞ്ഞ തവണ മികച്ച മുന്നേറ്റമുണ്ടാക്കാനായ മണ്ഡലത്തില്‍ 50,000 വോട്ടുകള്‍ അധികമായി നേടിയാല്‍ ജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോള്‍ ഉണ്ണി മുകുന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെ പ്രധാനമന്ത്രി നിര്‍ദേശിക്കുന്നതിന് അനുസരിച്ചു പ്രവര്‍ത്തിക്കാം എന്ന ഉറപ്പ് നടന്‍ നല്‍കിയതായാണ് സൂചന.
തിരുവനന്തപുരത്ത് മത്സരിക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും തൃശൂരില്‍ നടന്‍ സുരേഷ് ഗോപിയും സ്ഥാനാര്‍ഥികള്‍ ആയേക്കും.
by liji HP News | Jul 29, 2023 | Latest News, കേരളം
തിരുവനന്തപുരം: വ്യാജ പാസ്പോര്‍ട്ടുമായി ഇസ്രയേലില്‍ ജോലിക്കായി എത്തിയ യുവാവിനെ തിരികെ അയച്ചു. പിന്നാലെ തിരുവനന്തപുരം സ്വദേശി ദില്ലി പൊലീസിന്‍റെ പിടിയില്‍. കൊല്ലം ഇരവിപുരം സ്വദേശിയായ അലക്സ് സിറിൽ എന്നയാളെയാണ് ഇസ്രയേലില്‍ നിന്ന് തിരികെ അയച്ചത്.
തിരികെ ദില്ലിയില്‍ എത്തിയ ഇയാള്‍ പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മിച്ച് നല്‍കിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. പിന്നാലെയാണ് മലയിന്‍കീഴ് വിളവൂർക്കൽ ഈഴക്കോട് ദാമോദർ നഗറിൽ ജോനിൽ വീട്ടിൽ എ സുനിൽ (53) നെ ദില്ലി പൊലീസ് പിടികൂടുന്നത്.
കൊല്ലം ഇരവിപുരം അലക്സ് കൊട്ടേജിൽ അലക്സ് സിറിൽ എന്ന വിലാസം മറച്ച് വച്ചാണ് ആണ് പൂന്തുറ മേൽവിലാസത്തില്‍ ഇസ്രയേലിൽ പോകാൻ പാസ്പ്പോർട്ട് ഉണ്ടാക്കി നൽകിയത്. നേരത്തെ വിദേശത്ത് ആയിരുന്ന അലക്സ് സിറിലിൻറെ പാസ്പ്പോർട്ട് വിവരങ്ങൾ മറച്ചു വച്ചായിരുന്നു സുനിൽ പുതിയ പാസ്പ്പോർട്ട് നൽകിയത്.
ഇസ്രായേലിൽ എത്തിയ അലക്സ് സിറിലിൻ്റെ പാസ്പോര്‍ട്ട് പരിശോധനയിൽ അത് വ്യാജം ആണെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് ഇയാളെ അവിടെ നിന്ന് മടക്കി അയയ്ക്കുകയായിരുന്നു. ദില്ലി പൊലീസ് ഇൻസ്പെക്ടർ രാഹുൽ യാദവ്, പൊലീസ് ഓഫീസർ വിനീത് പൽവാർ എന്നിവർ കേരളത്തിൽ എത്തി മലയിൻകീഴ് പൊലീസിൻറെ സഹായം തേടുകയായിരുന്നു.
മലയിൻകീഴ് ഇൻസ്പെക്ടർ ഷിബു, എസ് ഐ രാജൻ,സി പി ഐ മാരായ വിഷ്ണു, ദീപു, സജിമോൻ എന്നിവരുടെ സംഘം പ്രതിയുടെ വീട് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി അനുമതി വാങ്ങി ദില്ലിയിലേക്ക് കൊണ്ട് പോയി. പാസ്പ്പോർട്ട് എവിടുന്നു സംഘടിപ്പിച്ചു എന്നതിനെ കുറിച്ചും ഇയാള് ഇത്തരത്തിൽ പാസ്പോർട്ടുകൾ മറ്റു ആർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്നതിനെ കുറിച്ചും നടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
by liji HP News | Jul 29, 2023 | Latest News, കേരളം
തിരുവനന്തപുരം: സർക്കാർ, ഏയ്ഡഡ് സ്കൂളുകളിൽ മെറിറ്റ് ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനം നേടിയവർക്ക് ഇന്ന് സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം. ഉച്ചയ്ക്ക് 2 മുതൽ 31ന് വൈകിട്ട് നാല് വരെ ഏകജാലകം വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്കൂളുകളിലെ സീറ്റ് ഒഴിവുകളുടെ വിവരം ഇന്ന് ഉച്ചയ്ക്ക് 1ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഇതുപ്രകാരം പ്രവേശനം നേടിയ ജില്ലയിൽ തന്നെ മറ്റൊരു സ്കൂളിലേക്ക് മാറാനും അതേ സ്കൂളിലോ മറ്റൊരു സ്കൂളിലോ വിഷയ കോംബിനേഷൻ മാറ്റത്തിനും അപേക്ഷിക്കാം. ഒന്നിലധികം സ്കൂളുകളിലേക്കും കോംബിനേഷനുകളിലേക്കും മാറ്റത്തിന് അപേക്ഷിക്കാം.
ഒന്നാം ഓപ്ഷനിൽ തന്നെ പ്രവേശനം നേടിയവർക്കും അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നേടിയ ഭിന്നശേഷി വിഭാഗക്കാർക്കും സ്പോർട്സ്, മാനേജ്മെന്റ്, കമ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയവർക്കും ട്രാൻസ്ഫർ അലോട്മെന്റിന് അപേക്ഷിക്കാനാവില്ല. രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനത്തിനു ശേഷം ഒഴിവുള്ള സീറ്റുകളും മാനേജ്മെന്റ് ക്വാട്ടയിൽ ശേഷിക്കുന്ന സീറ്റുകളും പുതിയതായി അനുവദിച്ച 97 ബാച്ചുകളും ചേർത്തുള്ള ഒഴിവുകളിലാകും അലോട്മെന്റ് നടത്തുക. അതിനുശേഷം ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കുള്ള മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് നടക്കും.
Recent Comments