by Midhun HP News | Jul 28, 2023 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ നൗഷാദിനെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷം മുൻപ് ഭാര്യ അഫ്സാനയും സുഹൃത്തുക്കളും മർദിച്ചതിനു പിന്നാലെയാണ് നൗഷാദിനെ കാണാതായതെന്ന് പൊലീസ് പറഞ്ഞു.
കാണാതാകുന്നതിന് മുൻപ് വാടക വീട്ടിൽ വച്ച് നൗഷാദിനെ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. അവശനിലയിലായ നൗഷാദിനെ അവർ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. മരിച്ചെന്നു കരുതിയാകാം നൗഷാദിനെ ഉപേക്ഷിച്ചു പോയതെന്നു പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പൊലീസിനു മൊഴി നൽകിയത്. എന്നാൽ അവശനിലയിലായ നൗഷാദ്, പിറ്റേദിവസം രാവിലെ സ്ഥലം വിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ ഭാര്യയ്ക്കൊപ്പം പോകാൻ താൽപ്പര്യമില്ലെന്ന് നൗഷാദ് വ്യക്തമാക്കി. മർദനത്തിൽ പരാതിയില്ലെന്നും മക്കളെ തിരികെ വേണമെന്നും നൗഷാദ് പറഞ്ഞു. ഭാര്യയുടെ ആൾക്കാർ സ്ഥിരമായി മർദിച്ചിരുന്നുവെന്നും അതിനാൽ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നുമാണ് നൗഷാദും നൽകിയ മൊഴി. അഫ്സനയ്ക്കെതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. അഫ്സാനയുടെ ജാമ്യം പൊലീസ് എതിർക്കില്ല. എന്നാൽ പൊലീസിനെ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ടുപോവും.
ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്നാണ് പൊലീസ് ജീവനോടെ കണ്ടെത്തിയത്. നൗഷാദിനെ താൻകൊന്നു കുഴിച്ചിട്ടുവെന്ന് ഭാര്യ അഫ്‌സാന പറഞ്ഞതനുസരിച്ച് മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു.
by Midhun HP News | Jul 28, 2023 | Latest News, കേരളം
തൃശൂർ: തൃശൂർ ജില്ലയിൽ നാളെ സമ്പൂർണ്ണ നഴ്‌സസ് പണിമുടക്ക്. ജില്ലയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെ പണിമുടക്കും. യുഎൻഎ അംഗത്വമുള്ള നഴ്‌സുമാരായിരിക്കും പണിമുടക്കും. കേസിൽ നൈൽ ഹോസ്പിറ്റൽ എംഡി ഡോ അലോകിനെതിരെ കർശന നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്
ഗർഭിണിയായ നഴ്‌സിനെ അടക്കം മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് തൃശൂർ ജില്ലയിലെ നഴ്‌സുമാർ പണിമുടക്കുന്നത്. നൈൽ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ആശുപത്രി ഉടമയും ഡോക്ടറുമായ അലോക് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇയാളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം ചെയ്യാനാണ് തീരുമാനം. നഴ്‌സുമാരും ഡോക്ടർമാരും തമ്മിലുള്ള ചർച്ചക്കിടയിലാണ് ഗർഭിണിയായ നഴ്‌സിനെ അലോക് ചവിട്ടിയത്.
സ്റ്റാഫ് നഴ്സായ ലക്ഷ്മിക്കാണ് ഡോക്ടറുടെ ചവിട്ടേറ്റത്. തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് ആറ് നഴ്‌സുമാരെ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഴ്‌സുമാരും എംഡിയും തമ്മിൽ ചർച്ച നടന്നത്. ചവിട്ടേറ്റതിനെ തുടർന്ന് ഗർഭിണിയായ ലക്ഷ്മി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നഴ്‌സുമാരുടെ സംഘടനയിൽ അംഗമായ ശേഷമാണ് പ്രശ്നങ്ങളുണ്ടായതെന്ന് ലക്ഷ്മി പറയയുന്നു. കൂടാതെ യാതൊരു കാരണവുമില്ലാതെ കുറച്ച് നഴ്‌സുമാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു.
by liji HP News | Jul 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ: വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമാണ് ഡിഎൻഎ പരിശോധന നടത്തിയതെന്ന് വനം മന്ത്രി ഏകെ ശശീന്ദ്രൻ. പ്രതികളുടെ വാദം പൊളിഞ്ഞു. മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് കേസെടുത്താൽ പ്രതികൾക്ക് 500 രൂപ മാത്രമാണ് പിഴ ചുമത്തുന്നത്. അതുകൊണ്ടാണ് പിഡിപിപി ആക്റ്റ് പ്രകാരം കേസെടുത്ത് നീങ്ങിയതെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. നിലവിൽ വനം വകുപ്പിൽ കെട്ടിക്കിടക്കുന്ന കേസുകൾ ഉണ്ട്. അത് കോടതിയിലെത്തിക്കാൻ സർക്കിൾ തലത്തിൽ പരിശോധന നടത്തും.
ഡിഎൻഎ ടെസ്റ്റ് പ്രകാരം 450കൊല്ലം പഴക്കമുള്ള മരം മുറിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തെന്ന് നേരത്തെ കണ്ടെത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കിൽ പ്രതികൾ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നുവെന്ന് മന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു.
എസ് ഐ ടി അന്വേഷണം വന്നതിനാൽ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞിരുന്നു. ഒരു സർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിക്കുക ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വീകരിക്കുക പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും.
നിയമലംഘനം നടത്തിയവരോട് വിട്ടുവീഴ്ചയില്ല. മരം കൊള്ള സംബന്ധിച്ച ഡിഎൻഎ പരിശോധന ഇന്ത്യയിൽ തന്നെ ആദ്യാണെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ, മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയെന്ന് ഭൂവുടമകൾ വ്യക്തമാക്കിയിരുന്നു. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചത്. എന്നാൽ മരം മുറിക്കാനായി ഒരിടത്തും അപേക്ഷ നൽകിയിരുന്നില്ലെന്നും ആദിവാസികളായ ഭൂവുടമകൾ വ്യക്തമാക്കി.
by liji HP News | Jul 28, 2023 | Accidents, Latest News, കേരളം
കോഴിക്കോട്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അഴിയൂര്‍ ആവിക്കര റോഡില്‍ പുതിയപറമ്പത്ത് അനില്‍ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം.
നാട്ടുകാര്‍ വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. രാത്രി തെരുവുനായ ഓട്ടോയുടെ മുന്നിലേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ അനില്‍ ബാബുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
by liji HP News | Jul 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. കൊല ചെയ്തുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയ നൗഷാദിനെ ജീവനോടെ കണ്ടെത്തി. തൊമ്മൻകുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി.
ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊഴിയുടെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് പരിശോധനയും നടത്തിയിരുന്നു.
by Midhun HP News | Jul 28, 2023 | Latest News, കേരളം
തൊടുപുഴ: ദേശീയപാതയിലെ കുട്ടിക്കാനം കടുവാപ്പാറയിൽ ലോറി നിയന്ത്രണംവിട്ട് 1000 അടി താഴ്ചയിലേക്കു മറിഞ്ഞു ഡ്രൈവർ മരിച്ചു. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോൻ ജോസഫ് (26) ആണ് മരിച്ചത്. ടയർ ലോഡുമായി കട്ടപ്പനയിലേക്കു പോകുന്നതിനിടെയാണ് അപകടം. കൊക്കയിലേക്കു പതിച്ച ലോറിയിൽ നിന്നു തെറിച്ചുവീണ ജോമോന്റെ മൃതദേഹം പാറപ്പുറത്ത് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അഗ്നിരക്ഷാസേന അംഗങ്ങൾ ഒരു മണിക്കൂറെടുത്താണു മൃതദേഹം റോഡിലേക്കെത്തിച്ചത്.
Recent Comments