സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ച് സ്വർണവില 5545 രൂപയിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 44360 രൂപയിലെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4583 രൂപയാണ്. ഇന്നലെയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് വില 10 രൂപ വർധിച്ച് 4563 രൂപയിലാണ് വ്യാപാരം നടന്നത്.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റിൽ

വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: പരവൂരിൽ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യശശി, പരവൂർ കലയ്ക്കോട് സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുൻ സൈനികനും കേരള സർവ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരനാണ് ഇവരുടെ കെണിയിൽപ്പെട്ടത്.

വയോധികന്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്. തുടരെയുള്ള ഫോൺ വിളിയിലൂടെ സൗഹൃദത്തിലായി. ഒടുവിൽ വയോധികൻ കലയ്ക്കോട്ടെ വീട്ടിലെത്തി. അവിടെ വച്ച് ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്ക്കൊപ്പം ചിത്രങ്ങൾ എടുത്തു. ഫോണിൽ ചിത്രം പകർത്തിയത് മുൻ നിശ്ചയിച്ച പ്രകാരം സ്ഥലത്തെത്തിയ വയോധികന്റെ ബന്ധു കൂടിയായ ബിനുവായിരുന്നു.

ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. നിരന്തരമായ ഭീഷണിയെ തുടർന്ന് 11 ലക്ഷം രൂപ നൽകി. എന്നാല്‍, വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ ബ്ലാക്ക് മെയിൽ ചെയ്തതോടെ 18 ന് വയോധികൻ പരവൂർ പൊലീസിൽ പരാതി നൽകി. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നൽകാനെന്ന പേരിൽ പരാതിക്കാരൻ പ്രതികളെ പട്ടത്തെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

ജീവനക്കാരുടെ സഹകരണത്തോടെയുള്ള ആദ്യ ഹൈബ്രിഡ് സീറ്റർ കം സ്ലീപ്പർ ബസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്

ജീവനക്കാരുടെ സഹകരണത്തോടെയുള്ള ആദ്യ ഹൈബ്രിഡ് സീറ്റർ കം സ്ലീപ്പർ ബസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്

കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോ​ഗിച്ച് കെഎസ്ആർടിസി – സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. കൂടുതൽ സൗകര്യങ്ങളോട് കൂടിയ 2:1 സീറ്റുകൾ (ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് 2 സീറ്റും) ഉള്ള 27 സീറ്ററുകളും, 15 സ്ലീപ്പർ സീറ്റുകളുമുള്ള ബസിൽ കാഫ് സപ്പോർട്ട് ഉള്ള സെമി സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്. എല്ലാ സീറ്റുകളിലും, ബെർത്തുകളിൽ ചാർജിം​ഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ച്, ചെറിയ ഹാൻഡ് ബാ​ഗേജുകൾ സൂക്ഷിക്കാൻ ല​ഗേ​ജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്.

കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും വിഭിന്നമായി പുതിയ ഡിസൈനിലാണ് ഈ ബസിന്റെ രൂപ കൽപ്പന. യാത്രക്കാരിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് ഇത് പോലുള്ള പുതിയ ഡിസൈൻ ഉപയോ​ഗിക്കാനാണ് തീരുമാനം. എയർ സസ്പെഷനോട് കൂടിയ 12 മീറ്റർ അ​ശോക് ലൈലാന്റ് ഷാസിയിൽൽ, ബിഎസ് 6 ചേയ്സിലുമായി എസ്.എം കണ്ണപ്പ ബാ​ഗ്ലൂർ ആണ് ബസ് നിർമ്മാണം പൂർത്തിയാക്കിയത്. 200 എച്ച് പി പവർ ആണ് ഈ ബസുകൾക്ക് ഉള്ളത്. സുരക്ഷയ്ക്ക് 2 എമർജൻസി വാതിലുകളും , നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും ഉണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യം ഉണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിം​ഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.

കെഎസ്ആർടിസിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം- കാസർ​ഗോഡ് റൂട്ടിൽ ഒരു എ.സി ബസും ഒരു നോൺ എസി ബസുമാണ് പരീക്ഷണാർത്ഥത്തിൽ സർവ്വീസ് നടത്തുക. ഇതിന്റെ സ്വീകരണാർത്ഥം കൂടുതൽ ബസുകൾ പിന്നീട് പുറത്തിറക്കും. കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും വാങ്ങുന്ന കരുതൽ ധനം ബാങ്കിൽ ഇടുന്നതിനുപകരം ഇതിൽ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകും. ഇത്തരത്തിലുള്ള പുതിയ സംരംഭങ്ങളിലൂടെ ലഭിക്കുന്ന ലാഭം ജീവനക്കാർക്ക് കൂടെ പങ്ക് വയ്ക്കാനാണ് കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ശ്രമമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇത്തരത്തിൽ പൊതു ജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ ബസുകൾ വാങ്ങി അതിന്റെ ലാഭം അവർക്ക് തന്നെ നൽകുന്ന പദ്ധതിയും നടപ്പാക്കാൻ കെഎസ്ആർടിസിക്ക് ലക്ഷ്യമുണ്ട്.

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ഒഡിഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തികൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. മൺസൂൺ പാത്തി നിലവിൽ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. അടുത്ത 2 – 3 ദിവസത്തിനുള്ളിൽ പതിയെ വടക്കോട്ട് മാറാനാണ് സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ തോതിൽ വ്യാപകമായ മഴയ്ക്കാണ് സാധ്യതയുള്ളതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മിതമായ തോതിലുള്ള മഴയ്ക്കുള്ള സാധ്യത മാത്രമേയുള്ളൂ. അതി ശക്തമായ മഴക്കുള്ള സാധ്യത കുറഞ്ഞു.

കാലവർഷം പതിയെ ദുർബലമാകാനാണ് സാധ്യത. കാലവർഷ പാത്തി അടുത്ത 2-3 ദിവസത്തിനുള്ളിൽ പതിയെ ഹിമാലയൻ താഴ്വരയിലേക്ക് നീങ്ങുന്നതോടെ രാജ്യത്ത് പൊതുവേ കാലവർഷം ദുർബലമാകാനാണ് സാധ്യത. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ സജീവമാകും. വിവിധ കാലാവസ്ഥ ഏജൻസികളുടെ സൂചന പ്രകാരം ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ പൊതുവെ കാലവർഷം ദുർബലമാകാനുള്ള സൂചനയും നൽകുന്നു. പാസഫിക്ക് സമുദ്രത്തിൽ എൽനിനോ ശക്തി പ്രാപിച്ചു വരുന്നതും ഇന്ത്യൻ മഹാ സമുദ്രത്തിൽ പ്രതീക്ഷിച്ച പ്ലസ് ഐ ഓ ഡി പ്രതിഭാസം ന്യൂട്രൽ സ്ഥിയിൽ തുടരുന്നതും കാലവർഷത്തെ ദുർബലമാക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐക്കെതിരെയുള്ള പരാതിയിലാണ് അന്വേഷണം. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുള്ളത്. സിഐ എ സി പ്രമോദ് വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ സിഐയായിരിക്കെയാണ് പ്രമോദ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. വനിതാ സ്റ്റേഷനിലാണ് യുവതി സിഐക്കെതിരെ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് കുറ്റിപ്പുറം പൊലീസിന് കൈമാറുകയായിരുന്നു.

കേരളം വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴ; അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളം വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴ; അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.