ബ്രത്തലൈസർ കള്ളം പറഞ്ഞു: മദ്യപിച്ച് വാഹനമോടിച്ചെന്നാരോപിച്ച് അധ്യാപകനെ കസ്റ്റഡിയിലെടുത്തു

ബ്രത്തലൈസർ കള്ളം പറഞ്ഞു: മദ്യപിച്ച് വാഹനമോടിച്ചെന്നാരോപിച്ച് അധ്യാപകനെ കസ്റ്റഡിയിലെടുത്തു

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചു എന്നാരോപിച്ച് കോളജ് അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാങ്കേതിക തകരാറുള്ള ബ്രത്തലൈസറുമായി പരിശോധനയ്ക്കിറങ്ങിയതാണ് അധ്യാപകനെ സ്റ്റേഷനിൽ കയറ്റിയത്. അവസാനം സത്യം പുറത്തുവന്നതോടെ മാപ്പു പറഞ്ഞ് പൊലീസ് തടിയൂരുകയായിരുന്നു.

ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം കാറിൽ വരികയായിരുന്ന കോളജ് അധ്യാപകൻ കൂടിയായ ഡോ. ലാലു ജോർജാണ് അപമാനിതനായത്. ശനിയാഴ്ച രാത്രി 7.30ന് നോർത്ത് കളമശേരിയിൽ ഡോ. ലാലുവിന്റെ വീടിനു സമീപത്താണു സംഭവമുണ്ടായത്. ബ്രത്തലൈസറിൽ ഊതിച്ചപ്പോൾ മദ്യപിച്ചതായി കാണിക്കുകയായിരുന്നു.

ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നും ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നും പറഞ്ഞിട്ടും ഇത് കേൾക്കാൻ പൊലീസ് തയാറായില്ല. ലാലുവിനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. സ്റ്റേഷനിലെത്തിച്ചപ്പോഴും മദ്യപിച്ചിട്ടില്ലെന്നു ഡോ. ലാലു ആവർത്തിച്ചു. അരമണിക്കൂറോളം സ്റ്റേഷനിൽ നിർത്തി. മേലുദ്യോഗസ്ഥനോടു ലാലു പരാതി പറഞ്ഞു. തുടർന്നു മറ്റൊരു ബ്രത്തനലൈസർ കൊണ്ടുവന്നു പരിശോധിച്ചപ്പോൾ മദ്യപിച്ചില്ലെന്ന് മനസിലാവുകയായിരുന്നു. തെറ്റുപറ്റിയെന്നു ബോധ്യമായതോടെ പൊലീസുകാർ ക്ഷമ പറഞ്ഞു. തിരികെ വീട്ടിൽ കൊണ്ടുചെന്നാക്കി. അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ ലാലുവിനെ വിളിച്ചു ക്ഷമ ചോദിച്ചു.

ചരിത്രത്തിലെ വലിയ സമ്മാനം, ഇക്കുറി ‘തിരുവോണം’ ഭാഗ്യം ആർക്ക്?

ചരിത്രത്തിലെ വലിയ സമ്മാനം, ഇക്കുറി ‘തിരുവോണം’ ഭാഗ്യം ആർക്ക്?

തിരുവനന്തപുരം: കേരള സർക്കാറിനറെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നിർവ്വഹിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാലും ആൻ്റണിരാജുവും പങ്കെടുക്കും. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു.തിരുവോണം ബംപര്‍; ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാര്‍ശ തള്ളി ധനവകുപ്പ്

തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാര്‍ശ കഴിഞ്ഞ ആഴ്ച ധനവകുപ്പ് തള്ളിയിരുന്നു. ഒന്നാം സമ്മാനം 25 കോടിയായി തുടരണമെന്നാണ് ധനവകുപ്പ് തീരുമാനിച്ചത്. അതേസമയം തന്നെ മറ്റ് സമ്മാന ഘടനകളിൽ മാറ്റം വരുത്താനും തീരുമാനമുണ്ടായിരുന്നു. 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി നൽകാനാണ് ധനവകുപ്പിന്‍റെ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടി രൂപയായിരുന്നു. സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വില കൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളിയത്. ടിക്കറ്റ് വില 500 രൂപ തന്നെ ആയിരിക്കണമെന്നും ധനവകുപ്പ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് 66.5 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയി.
കഴിഞ്ഞ തിരുവോണം ഭാഗ്യശാലി അനൂപ്

തിരുവോണം ബമ്പർ കഴിഞ്ഞതവണത്തെ ഭാ​ഗ്യശാലി തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനൂപായിരുന്നു. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് അനൂപിന് അന്ന് സ്വന്തമായത്. ഭ​ഗവതി ലോട്ടറി ഏജൻസിയുടെ പഴവങ്ങാടി ശാഖയിൽ നിന്നുമാണ് സമ്മാനാർഹമായ TJ 750605 എന്ന ടിക്കറ്റ് അനൂപ് എടുത്തത്

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു; യുവതിയെ റോഡില്‍ എത്തിച്ചത് നാലുകിലോമീറ്റര്‍ സ്ട്രച്ചറില്‍ ചുമന്ന്

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു; യുവതിയെ റോഡില്‍ എത്തിച്ചത് നാലുകിലോമീറ്റര്‍ സ്ട്രച്ചറില്‍ ചുമന്ന്

തൃശൂര്‍: ആദിവാസി ഊരില്‍ പൊള്ളലേറ്റ യുവതിയെ റോഡരികില്‍ എത്തിച്ചത് നാലുകിലോമീറ്റര്‍ സ്ട്രച്ചറില്‍ ചുമന്ന്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊന്നുച്ചാമിയുടെ മകള്‍ രാധികയ്ക്കാണ് പൊള്ളലേറ്റത്. ഇന്നലെ വൈകീട്ട് നാലുമണിയോടെ മലക്കപ്പാറയ്ക്ക് അടുത്ത് വനമധ്യത്തില്‍ വീരന്‍ കുടിയിലാണ് സംഭവം. ഭക്ഷണം പാകം ചെയ്യുന്നതിനിടെ യുവതിയുടെ കാലിലാണ് പൊള്ളലേറ്റത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്ന് വനത്തിലൂടെ സ്ട്രച്ചറില്‍ ചുമന്നാണ് യുവതിയെ റോഡരികില്‍ എത്തിച്ചത്.

ഏകദേശം നാലുകിലോമീറ്റര്‍ ദൂരമാണ് ഇത്തരത്തില്‍ സഞ്ചരിച്ചത്. തുടര്‍ന്ന് മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റത് ആസിഡ് ആക്രമണം; പിന്നില്‍ സിപിഐ നേതാവെന്ന് ഭാര്യ

പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റത് ആസിഡ് ആക്രമണം; പിന്നില്‍ സിപിഐ നേതാവെന്ന് ഭാര്യ

തിരുവനന്തപുരം: മാറനല്ലൂര്‍ പഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീര്‍ഖാന് വീട്ടില്‍വെച്ച് പൊള്ളലേറ്റത് ആസിഡ് ആക്രമണത്തില്‍ നിന്നെന്ന് സ്ഥിരീകരണം. ആസിഡ് കൊണ്ടുവന്ന കുപ്പി വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. സൂധീര്‍ ഖാന്റെ സുഹൃത്തായ സിപിഐ നേതാവ് സജികുമാര്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് സുധീര്‍ ഖാന്റെ ഭാര്യ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്ത് നിന്ന് ആസിഡ് കുപ്പി കണ്ടെത്തിയത്. സജി കുമാര്‍ ആസിഡ് ആക്രമണം നടത്തിയതാകും എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജികുമാര്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. 45 ശതമാനം പൊള്ളലേറ്റ സുധീര്‍ ഖാനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

‘രാവിലെ സജീവ് വന്ന് കതക് തട്ടി. അവന്‍ ഇല്ലേയെന്ന് ചോദിച്ചു. ഒരു പൊതി കയ്യിലുണ്ടായിരുന്നു. ഞാന്‍ മുറ്റമടിക്കാനായി ഇറങ്ങി. സജികുമാര്‍ മുറിയിലേക്ക് പോയി. പെട്ടെന്ന് തന്നെ സജികുമാര്‍ പുറത്തേക്ക് പോയി. ആ സമയത്ത് തന്നെ നിലവിളി കേട്ടു. ഓടിച്ചെന്നു നോക്കിയപ്പോള്‍ ബാത്ത് റൂമില്‍ ടാപ്പ് തുറന്നുവിട്ട് ഇരിക്കുകയായിരുന്നു. എന്ത് സംഭവിച്ചു എന്ന് ചോദിച്ചപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പറഞ്ഞത്. പിന്നാലെ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചു.’- സുധീര്‍ ഖാന്റെ ഭാര്യ ഹൈറുന്നിസ പറഞ്ഞു. സുധീര്‍ ഖാനും സജി കുമാറും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഹൈറുന്നീസ പറഞ്ഞു.

സ്കൂൾ വിദ്യാർഥികളെ സുരക്ഷിതരാക്കി ഓട്ടോ ഡ്രൈവർ യാത്രയായി

സ്കൂൾ വിദ്യാർഥികളെ സുരക്ഷിതരാക്കി ഓട്ടോ ഡ്രൈവർ യാത്രയായി

തലശ്ശേരി: കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷമുള്ള ഓട്ടോ ഡ്രൈവറുടെ വേർപാട് നാടിനാകെ നൊമ്പരമായി. ഇന്നലെ വൈകിട്ട് തലശ്ശേരി നഗരത്തിലായിരുന്നു ദാരുണമായ സംഭവം. ഓട്ടോ ടാക്സി ഡ്രൈവർ ഗോപാൽപേട്ട സിപി ഹൗസിൽ നിക്സൻ ജയിംസ് (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. തലശ്ശേരി സാൻജോസ് സ്കൂളിലെ വിദ്യാർഥികളെ വീടുകളിലാക്കാനുള്ള പതിവു യാത്രയ്ക്കിടെയായിരുന്നു ദുരന്തം.

വൈകിട്ടു 4.20ന് ഗോപാൽപേട്ട ഭാഗത്ത് എത്തിയപ്പോൾ നിക്സന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ ഹോൺ മുഴക്കി, ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചുനിർത്തി. ഡ്രൈവിങ് സീറ്റിൽ കുഴഞ്ഞുവീണെങ്കിലും ഹോണിൽനിന്നു കയ്യെടുത്തിരുന്നില്ല. നിർത്താതെ ഹോൺ മുഴങ്ങുന്നതും കുട്ടികളുടെ കരച്ചിലും കേട്ട് സമീപത്തെ വീടുകളിൽനിന്ന് ആളുകൾ ഓടിയെത്തിയപ്പോഴാണ് ഡ്രൈവർ സ്റ്റിയറിങ്ങിനിടയിൽ കുടുങ്ങി അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളിയിൽ. ഭാര്യ: രേഷ്മ സുന്ദരൻ (അധ്യാപിക). മകൻ: ഓൾവിൻ നിക്സൺ.

ഉമ്മൻ ചാണ്ടിയെ അപമാനിച്ച് കമന്റ്; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

ഉമ്മൻ ചാണ്ടിയെ അപമാനിച്ച് കമന്റ്; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. കുന്നത്തൂർ കളത്തൂർ വീട്ടിൽ ആർ രാജേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച, ഉമ്മൻ ചാണ്ടിയുടെ മരണ ദിനത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിനാണ് ഇയാൾ അറസ്റ്റിലായത്.

പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഡിവിഷനൽ ഓഫിസിൽ അക്കൗണ്ട്സ് ഓഫിസറാണ് രാജേഷ് കുമാർ. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് റവന്യൂ വകുപ്പ് ജീവനക്കാരൻ ഫേയ്സ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് താഴെയായായിരുന്നു വിവാദ കമന്റ്​. യൂത്ത് കോൺഗ്രസ് നേതാക്കളായ ഹരി പുത്തനമ്പലം, ഹരികുമാർ കുന്നത്തൂർ എന്നിവർ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാജേഷിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.