by Midhun HP News | Jul 23, 2023 | Latest News, കേരളം
തിരുവനന്തപുരം: മധ്യ-വടക്കൻ കേരളത്തിൽ വ്യാപക മഴ. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദ സാധ്യതയും ഒരുമിച്ച് മൂന്ന് ചക്രവാതചുഴിയുമാണ് കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് കാരണം. തിങ്കളാഴ്‌ചയോടെ വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡിഷ – ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
തെക്കൻ ഒഡിഷക്കും – വടക്കൻ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുനമർദ്ദം ചക്രവാതചുഴിയായി ദുർബലമായി വിദർഭക്കും ഛത്തീസ്‌ഗഡ്‌നും മുകളിൽ സ്ഥിതിചെയ്യുന്നു. തെക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും തെക്ക്-കിഴക്കൻ രാജസ്ഥാനും വടക്ക്-കിഴക്കൻ ഗുജറാത്തിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. കഴിഞ്ഞ മണിക്കൂറുകളിൽ വയനാട്, കണ്ണൂർ, കാസർകോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. മലയോരമേഖലകളിൽ കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
by Midhun HP News | Jul 23, 2023 | Latest News, കേരളം
തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ സ്വത്ത് തര്‍ക്കത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിൽ കഴിഞ്ഞ നാലാം പ്രതി കീഴടങ്ങി. മുഹ്സിനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.
മുഖ്യ പ്രതികളായ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബന്ധുക്കളായ അഹദ്, ഷാജി എന്നിവരാണ് നേരത്തെ പിടിയിലായത്. അഹദിന്റെ ഭാര്യയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പ്രതികളുടെ സഹോദരനായ സിയാദിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ലീനാമണി. ഒന്നര വര്‍ഷം മുന്‍പ് സിയാദിന്റെ മരണത്തെ തുടര്‍ന്ന് പ്രതികളില്‍ ഒരാളായ അഹദ് വീട്ടില്‍ കയറി താമസമാക്കി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വീടും സ്ഥലവും സ്വന്തമാക്കാന്‍ പ്രതികള്‍ ലീനാമണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചായിരുന്നു കൊലപാതകം. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് വൈകുന്നേരത്തോടുകൂടി കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ എസ് എച്ച് ഒ അറിയിച്ചു.
by Midhun HP News | Jul 22, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തില്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയത്.
സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇത് സംബന്ധിച്ച് കുട്ടികളുടെ ഭാഗത്തു നിന്ന് പരാതികളും ലഭിച്ചു. ഇങ്ങനെ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും ബലാവകാശ കമ്മീഷനില്‍ ലഭിച്ച പരാതിയില്‍ ആരോപിച്ചിരുന്നു.
പരാതികളുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇക്കഴിഞ്ഞ മേയ് മാസം നോട്ടീസ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും വേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജൂലൈ 19ന് സര്‍ക്കുലര്‍ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ എല്‍.പി, യു.പി, ഹൈസ്‍കൂള്‍, ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്കും ഈ സര്‍ക്കുലര്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
by Midhun HP News | Jul 22, 2023 | Latest News, കേരളം
കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആറു ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കൊച്ചി സിറ്റി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ഒരു ഒഴിവ് വീതം ഉണ്ട്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും എം.ഫില്ലും ആര്‍.സി.ഐ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരെയും പരിഗണിക്കും. സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍ ഉള്ളവരേയും പരിഗണിക്കുന്നതാണ്.
എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി ആഗസ്റ്റ് നാല്. വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ keralapolice.gov.in/page/notification ല്‍ ലഭ്യമാണ്. ഫോണ്‍ 9497900200.
by Midhun HP News | Jul 22, 2023 | Latest News, കേരളം
കൊച്ചി: കൈക്കൂലി വാങ്ങിയ കേസിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർക്കും കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയിരുന്ന മുഹമ്മദ് അഷ്റഫിനുമാണ് ശിക്ഷ ലഭിച്ചത്.
ക്രിമിനൽ കേസിൽ പ്രതിയെ സഹായിക്കാൻ 2016ൽ കൈക്കൂലി വാങ്ങിയ കേസിലാണ് കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയിരുന്ന മുഹമ്മദ് അഷ്റഫിനെ ശിക്ഷിച്ചത്. രണ്ട് വകുപ്പുകളിലായി ആണ് അഞ്ചുവർഷം തടവ് വിധിച്ചത്. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായരെ ഭൂമിക്ക് പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങുന്നതിനിടെ 2009 സെപ്റ്റംബറിൽ ആണ് വിജിലന്സ് അറസ്റ്റ് ചെയ്യുന്നത്.
by liji HP News | Jul 22, 2023 | Latest News, കേരളം
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ നടന്‍ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. ഉമ്മന്‍ ചാണ്ടിക്കെതിരെ മോശം പരാമര്‍ശം നടത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.
ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ വിനായകന്റെ കലൂരിലെ ഫ്‌ലാറ്റില്‍ എത്തിയാണ് നോര്‍ത്ത് പൊലീസ് ചോദ്യം ചെയ്തത്. പെട്ടെന്നുള്ള പ്രകോപനത്തിലാണ് എഫ്ബി ലൈവ് ഇട്ടതെന്ന് വിനായകന്‍ മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ, തന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുമെന്ന് വിനായകന്‍ വ്യക്തമാക്കി. മോശം പരാമര്‍ശവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചത് കൊണ്ട് താനും പരാതി പിന്‍വലിക്കുന്നുവെന്നാണ് വിനായകന്‍ പറഞ്ഞത്. കഴിഞ്ഞദിവസം ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വിനായകനെതിരെ കേസ് വേണ്ടെന്ന് പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു നിമിഷത്തില്‍ വിനായകന്‍ പറഞ്ഞുവെന്നല്ലാതെ അതൊന്നും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
Recent Comments