by liji HP News | Jul 22, 2023 | Latest News, കേരളം
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ നടന്‍ വിനായകന് നോട്ടീസ്. മൂന്ന് ദിവസത്തിനകം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. അതേസമയം കലൂരിലെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വിനായകനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിനായകന്‍ സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
ഉമ്മന്‍ ചാണ്ടിക്കെതിരായ മോശം പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം ഹാജരാകാന്‍ വിനായകനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ആശുപത്രിയില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ല എന്നാണ് വിനായകന്‍ അതിന് മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനായകന് നോര്‍ത്ത് പൊലീസ് നോട്ടീസ് നല്‍കിയത്.
by liji HP News | Jul 22, 2023 | Latest News, കേരളം
കേരള ലോട്ടറി വകുപ്പിന്‍റെ കാരുണ്യ KR -611 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുക. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് ലഭിക്കുക. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതവും ലഭിക്കും. എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്‍റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറിയ്ക്ക് ഉള്ളത്.
ലോട്ടറി വകുപ്പ് വെബ്സൈറ്റുകളായ http://www.keralalotteries.com/ , https://www.keralalotteryresult.net/ എന്നിവയിലും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയും ഫലം അറിയാൻ കഴിയും. കാരുണ്യ ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും നിങ്ങൾക്ക് തുക സ്വന്തമാക്കാൻ കഴിയും. തുക 5000ത്തിലും കൂടുതലാണെങ്കിൽ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ, ബാങ്കിലോ ബന്ധപ്പെടണം.
by liji HP News | Jul 22, 2023 | Latest News, കേരളം
പാലക്കാട്: താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി. ഇടത് കാൽമുട്ടിന് പരിക്കേറ്റ രണ്ടു യുവാക്കൾക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തിയത്. ഇതാദ്യമായാണ് കോട്ടത്തറ ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുന്നത്. ഒട്ടേറെ പരാധീനതകൾക്കിടയിലാണ് അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രി പ്രവർത്തിക്കുന്നത്. ശിശുമരണവും ഗർഭസ്ഥ ശിശു മരണവും പിടിച്ചു നിർത്താൻ പാടുപെടുന്ന ഇവിടുത്തെ ആരോഗ്യ പ്രവർത്തകർ എന്നും പഴി മാത്രം കേട്ടാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് താക്കോൽദ്വാര ശസ്ത്രക്രിയയുടെ വിജയകരമായ പൂർത്തീകരണം. ഒരേ ദിവസം രണ്ടു ശസ്ത്രക്രിയകളാണ് വിജയകരമായി നടത്തിയത്.
ബൈക്ക് അപകടത്തെ തുടർന്ന് കാൽ മുട്ടിന് പരിക്കേറ്റ ചിറ്റൂർ, തെങ്കര സ്വദേശികളായ രണ്ടു യുവാക്കൾക്ക് ആണ് താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ ആശുപത്രിയിൽ ഏകദേശം ഒന്നര ലക്ഷം രൂപയോളം ചിലവ് വരുന്നതാണ് ഈ ശസ്ത്രക്രിയ. സർക്കാരിൻറെ ആരോഗ്യ സുരക്ഷാ പദ്ധതി ഉപയോഗിച്ച് പൂർണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.
by liji HP News | Jul 22, 2023 | Latest News, കേരളം
ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധ ശിക്ഷ വിധിച്ചു.
നാലു കേസുകളില്‍ മരണം വരെ തടവ് വിധിച്ചിട്ടുണ്ട്. ആകെ 92 വര്‍ഷമാണ് തടവ് ശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.
ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി. കുട്ടികളുടെ അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനു ശേഷമാണ് 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തില്‍ വച്ച് ഇയാള്‍ ബലാത്സംഗം ചെയ്തതത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. 2021 ഒക്ടോബര്‍ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. വെള്ളത്തൂവല്‍ പൊലീസാണ് കേസില്‍ കുറ്റപത്രം സമപ്പിച്ചത്.
by liji HP News | Jul 22, 2023 | Latest News, കേരളം
കോഴിക്കോട്: കൊലാണ്ടിയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കോഴിക്കോട്, വടകര കൊയിലാണ്ടി റൂട്ടുകളിലും, കിഴക്കൻ പ്രദേശത്തുമാണ് സ്വകാര്യബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തുന്നത്. ഇതോടെ വിദ്യാർത്ഥികളടക്കമുളള യാത്രക്കാർ പെരുവഴിയിലായി. ഇന്ന് രാവിലെയാണ് കോഴിക്കോട്, വടകര കൊയിലാണ്ടി റൂട്ടിൽ ഓടുന്ന ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. മേപ്പയ്യൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരനെ പോലീസ് മർദ്ദിക്കുകയും, കേസെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ജോലിയ്‌ക്ക് പോകുന്നവരും യാത്രക്കാരും ഉൾപ്പെടെ നിരവധി പേരാണ് മിന്നൽ സമരത്തിൽ വലഞ്ഞത്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിന് പിന്നാലെ ബദൽമാർഗം സ്വീകരിച്ചാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.
by liji HP News | Jul 22, 2023 | Latest News, കേരളം
പത്തനംതിട്ട: ആറന്മുള വള്ളസദ്യയ്‌ക്കായുള്ള അടുപ്പിൽ അഗ്നി പടർന്നു. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്ന ദീപം, പള്ളിയോട സേവാസംഘം പ്രസിഡന്റ് മുതിർന്ന പാചക വിദഗ്ധൻ വാസുപിള്ളയ്‌ക്ക് കൈമാറി. തുടർന്ന് അടുപ്പിലേക്ക് തീ പകർന്നു. നാളെയാണ് പ്രസിദ്ധമായ വള്ളസദ്യ.
വള്ളസദ്യ വഴിപാടുകൾക്ക് മുന്നോടിയായി പുലർച്ചെ തന്ത്രി കുഴിക്കട്ടില്ലത്ത് വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ അഷ്ട ദ്രവ്യ ഗണപതി ഹോമം നടത്തിയിരുന്നു. പത്ത് പള്ളിയോടങ്ങൾ ആദ്യ ദിനത്തിൽ വള്ളസദ്യയിൽ പങ്കെടുക്കും. ഒക്ടോബർ രണ്ട് വരെയാണ് വള്ളസദ്യ നടക്കുക. ഇക്കാലയളവിൽ 500 സദ്യകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദ്യ ദിനത്തിൽ പത്ത് പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങളാണ് വിവിധ ദിവസങ്ങളിലായി പങ്കെടുക്കുന്നത്. ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനും സർപ്പദോഷ പരിഹാരത്തിനും സന്താന ലബ്ദിയ്‌ക്കുമായി ഭക്തജനങ്ങൾ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ. സദ്യയുടെ നിലവാരം ഉയർത്തുന്നതിനായി പള്ളിയോടാ സേവാ സംഘം പ്രതിജ്ഞാബദ്ധരാണ്. പാസുള്ളവർക്ക് മാത്രമാകും വള്ളസദ്യകളിൽ പങ്കെടുക്കാനാവസരം.
Recent Comments