by liji HP News | Jul 22, 2023 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ ഒഡിഷക്കും വടക്കന്‍ ആന്ധ്രാ പ്രാദേശിനും മുകളിലായി ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമേ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തിങ്കളാഴ്ചയോടെ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും വടക്കന്‍ കേരളത്തിലും ഇടുക്കിയിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്.
by liji HP News | Jul 22, 2023 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,120 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. വിപണി വില 4578 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. 20ന് 44,560 രൂപയായി ഉയര്‍ന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും എത്തി. തുടര്‍ന്നുള്ള രണ്ടുദിവസം വില താഴുന്നതാണ് ദൃശ്യമായത്. രണ്ടുദിവസത്തിനിടെ 440 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
by liji HP News | Jul 22, 2023 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്തെ അനന്തപുരി എഫ്എമ്മിന്റെ പ്രക്ഷേപണം നിർത്തി. മീഡിയം വേവ് പ്രസരണികളുള്ള സ്ഥലങ്ങളിലെ പ്രാദേശിക വിനോദ ചാനലുകളായ എഫ്എം സ്റ്റേഷനുകൾ പ്രസാർഭാരതി നിർത്തിയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായാണ് അനന്തപുരി എഫ്എം അടച്ചുപൂട്ടിയത്. കോഴിക്കോട് റിയൽ എഫ്എം നിലയവും വൈകാതെ നിലയ്ക്കും. നിലവിൽ ഈ ചാനലുകളിൽ പ്രക്ഷേപണം ചെയ്യുന്ന പ്രധാന പരിപാടികൾ ആകാശവാണി നിലയങ്ങളിലൂടെ എഫ്എം ഫ്രീക്വൻസി വഴി കേൾക്കാം. തിരുവനന്തപുരത്ത് മറ്റൊരു എഫ്എം പ്രസരണി കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഇന്നലെ പ്രക്ഷേപണം അവസാനിപ്പിക്കാനുള്ള നിർദ്ദേശമെത്തിയപ്പോഴാണ് തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർപോലും വിവരമറിഞ്ഞത്. 2005ൽ കേരളപ്പിറവി ദിനത്തിലാണ് പ്രവർത്തനം തുടങ്ങിയത്. ലക്ഷക്കണക്കിന് ശ്രോതാക്കളുള്ള എഫ്എമ്മിന്റെ അപ്രതീക്ഷ അടച്ചുപൂട്ടലിനെതിരെ പ്രതിഷേധം ശക്തമാണ്. വിനോദത്തിനൊപ്പം ജനോപകാരപ്രദമായ കൂടുതൽ പരിപാടികൾ ഉൾക്കൊള്ളിക്കുന്ന നയത്തിന്റെ ഭാഗമായാണ് പ്രക്ഷേപണം നിർത്തിയതെന്നാണ് അധികൃതർ പറയുന്നത്.
by liji HP News | Jul 22, 2023 | Latest News, കേരളം, മരണം
ആലപ്പുഴ: ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു. എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് കാർ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഫയർ ഫോഴ്സെത്തി തീയണച്ചു. എടത്വ സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാറെന്ന് കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. കാർ കത്താനിടയായ കാരണത്തെ കുറിച്ചും വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
by liji HP News | Jul 22, 2023 | Latest News, കേരളം
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്ന് നോട്ടീസ് നൽകും. ഏഴ് ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും വിനായകൻ എത്താതിരുന്നതിനെ തുടർന്നാണ് പൊലീസ് നടപടി. വിനായകന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചു. കലാപ ആഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.
by Midhun HP News | Jul 21, 2023 | Latest News, കേരളം
തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ സ്വത്ത് തര്‍ക്കത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. ലീനാമണിയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുക്കളായ അഹദ്,ഷാജി എന്നിവരാണ് പിടിയിലായത്. കേസില്‍ ഒളിവില്‍ കഴിയുന്ന ഒരാളെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പ്രതികളുടെ സഹോദരനായ സിയാദിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ലീനാമണി. ഒന്നര വര്‍ഷം മുന്‍പ് സിയാദിന്റെ മരണത്തെ തുടര്‍ന്ന് പ്രതികളില്‍ ഒരാളായ അഹദ് വീട്ടില്‍ കയറി താമസമാക്കി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
വീടും സ്ഥലവും സ്വന്തമാക്കാന്‍ പ്രതികള്‍ ലീനാമണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചായിരുന്നു കൊലപാതകം. അഹദിന്റെ ഭാര്യയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി കേസിലുള്ള നാലുപ്രതികളില്‍ ഒരാള്‍ മാത്രമാണ് പിടിയിലാവാനുള്ളത്.
Recent Comments