by Midhun HP News | Mar 5, 2026 | Latest News, കേരളം
കേരളത്തിന്റെ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഗായിക അഞ്ജു ജോസഫ്. കേരളത്തിലെ ആരോഗ്യവകുപ്പ് ഏറെ മുന്നിലാണെന്നാണ് അഞ്ജു പറയുന്നത്. വിദേശ രാജ്യത്ത് വച്ചുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. പത്തനംതിട്ടയില്‍ നടന്ന ആരോഗ്യ-കലാ മേളയില്‍ സംഗീത പരിപാടി അവതരിപ്പിക്കവെയാണ് അഞ്ജുവിന്റെ പ്രതികരണം.
”ഞാന്‍ യുകെയില്‍ പോയപ്പോള്‍ ഭര്‍ത്താവിന് ചെവിവേദനയുണ്ടായി. തുടര്‍ന്ന് അവിടെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ അവര്‍ അറിയിച്ചത് എഴുന്നേറ്റ് നടക്കാനാകുമെങ്കില്‍ നിങ്ങള്‍ മൂന്ന് മാസം കാത്തിരിക്കണം എന്നാണ്. അതിനെയൊക്കെ വച്ച് നോക്കുമ്പോള്‍ നമ്മള്‍ ഒരുപാട് മുന്നിലാണ് ഇന്ന് നില്‍ക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും കേരളത്തിന് പുറത്തേക്ക് പോകില്ലെന്ന് അന്ന് തീരുമാനിച്ചു” എന്നാണ് അഞ്ജു ജോസഫ് പറയുന്നത്.
കേരളത്തിലെ ആരോഗ്യവകുപ്പ് ഏറെ മുന്നിലാണെന്നും ഒന്ന് വയ്യാതായാല്‍ അപ്പോള്‍ തന്നെ ഇവിടെ ചികിത്സ ലഭിക്കുമെന്നും താരം പറയുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മന്ത്രിക്കെതിരായ ആക്രമണത്തില്‍ അപലപിക്കുന്നുമുണ്ട് അഞ്ജു ജോസഫ്.
ഇത്തരത്തിലൊരു ആക്രമണമുണ്ടായത് കണ്ടപ്പോള്‍ ഒരുപാട് വിഷമമുണ്ടായി. കുറച്ചുകൂടി മനുഷ്യത്വപരമായി നമുക്ക് സഹജീവികളോട് പെരുമാറണമെന്നും അഞ്ജു ജോസഫ് പറയുന്നു. സംഗീത റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന ഗായികയാണ് അഞ്ജു ജോസഫ്. അഭിനേത്രിയായും കയ്യടി നേടിയിട്ടുണ്ട്.


by Midhun HP News | Mar 5, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,19,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7000 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം പവന് 2280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Mar 4, 2026 | Latest News, കേരളം
തൃശ്ശൂര്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശി അജ്മലാണ് അറസ്റ്റിലായത്. രണ്ടു യുവതികളുടെ പരാതിയില്‍ നെടുപുഴ പൊലീസാണ് ഇയാളെ അറസ്റ്റ്ചെയ്തത്.
തൃശ്ശൂര്‍ കൂര്ക്കഞ്ചേരിയിലെ ജിംനേഷ്യത്തിലെ പരിശീലകനാണ് അജ്മല്‍. ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതികളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഒരേസമയമാണ് അജ്മല്‍ രണ്ടുയുവതികളുമായി അടുപ്പം പുലര്‍ത്തിയിരുന്നത്. എന്നാല്‍, യുവതികള്‍ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. അജ്മല്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് അടുത്തിടെയാണ് രണ്ടുപേരും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രണ്ടുപേരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
യുവതികളില്‍ ഒരാളെ മദ്യം നല്‍കി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. അജ്മലിനെതിരേ നേരത്തേ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് അജ്മല്‍ നേരത്തേയും പ്രതിചേര്‍ക്കപ്പെട്ടിരുന്നത്.


by Midhun HP News | Mar 4, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം മോഷണം പോയ കേസിലാണ് കോടതി പത്മകുമാറിന് ജാമ്യം നൽകിയത്.
സ്വർണ്ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ പത്മകുമാര്‍. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക ശില്‍പ കേസിലും ജാമ്യഹര്‍ജി നല്‍കിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വര്‍ണക്കൊള്ള കേസില്‍ ഏഴു പ്രതികള്‍ക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ഇതില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം അഞ്ചു പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.


by Midhun HP News | Mar 4, 2026 | Latest News, കേരളം
കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണത്തെ തുടർന്ന് നിരവധി പേരാണ് വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്. ഒട്ടേറെ സിനിമാ താരങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. വ്യോമാക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് ആളുകൾ വലിയ പ്രതിസന്ധിയിലായത്. ഇക്കൂട്ടത്തിൽ മലയാളി നടി സ്വാസികയുമുണ്ടായിരുന്നു.
ഫെബ്രുവരി 28 ന് നാട്ടിലെത്തേണ്ട സ്വാസിക ഇന്ന് പുലർച്ചെയാണ് കൊച്ചിയിലെത്തിയത്. വലിയതോതിലുള്ള ആശങ്ക ഉണ്ടായിരുന്നില്ലെങ്കിലും മറ്റൊരു രാജ്യത്ത് നിന്നുള്ള വ്യക്തി എന്ന നിലയിലുള്ള ചെറിയ ഭയം ഉണ്ടായിരുന്നെന്ന് സ്വാസിക പ്രതികരിച്ചു. ഒറ്റയ്ക്കായിരുന്നു അബുദാബിയ്ക്ക് പോയത്. അതായിരുന്നു പ്രധാന കാരണം. എല്ലാവരും നന്നായി പിന്തുണച്ചു.
അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങാനായതിൽ സന്തോഷം. ഒരുപാടുപേർ ആ ആശ്വാസത്തിലാണെന്നും സ്വാസിക പറഞ്ഞു. “ഞാൻ അബുദാബിയിലായിരുന്നു. 28-ാം തീയതിയാണ് യഥാർത്ഥത്തിൽ നാട്ടിലെത്തേണ്ടിയിരുന്നത്. വലിയ ഭീകര സാഹചര്യമല്ലായിരുന്നു അവിടെ നേരിട്ടത്. യാത്ര ചെയ്യുമ്പോഴും ബുദ്ധിമുട്ട് നേരിട്ടില്ല.” – സ്വാസിക പറഞ്ഞു.


by Midhun HP News | Mar 4, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും ഇന്ന് പുറത്തിറങ്ങിയേക്കും. പത്മകുമാറിന്റെ ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന. കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സിപിഎം നേതാവായ പത്മകുമാര്‍.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം മോഷണം പോയ കേസിലാണ് ജാമ്യം തേടി പത്മകുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക ശില്‍പ കേസിലും ജാമ്യഹര്‍ജി നല്‍കിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്‍ണക്കൊള്ള കേസില്‍ ഏഴു പ്രതികള്‍ക്കാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്. ഇതില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കം അഞ്ചു പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.


Recent Comments