by Midhun HP News | May 28, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഞായറാഴ്ച വരെ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

by Midhun HP News | May 28, 2026 | Latest News, കേരളം
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസ് അന്വേഷണം മുൻമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയില്‍ മാത്രം ഒതുങ്ങില്ല. സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മുഴുവന്‍ പേരിലേക്കും അന്വേഷണം നീളുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മന്ത്രിസഭയിലെ അംഗങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.
സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയും പിണറായി വിജയനും താമസിക്കുന്ന വീട് ഉള്‍പ്പെടെ 12 ഓളം കേന്ദ്രങ്ങളില്‍ ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നു. നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുകയും ചെയ്തു. വീണയുടെ മൂന്ന് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയ മറ്റുള്ളവരിലേക്കും ഇഡി അന്വേഷണം വ്യാപിക്കുന്നത്. സിഎംആര്‍എല്ലിന്റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സിഎംആര്‍എല്ലിന്റെ പക്കല്‍ നിന്നും നേരത്തെ പിടിച്ചെടുത്ത ഡയറികളില്‍ നിന്നും ഏതാനും ചുരുക്കപ്പേരുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ അടക്കം സിഎംആര്‍എല്ലുമായ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനൊരുങ്ങുന്നത്.
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടു രേഖകളും വിശദമായി പരിശോധിച്ചശേഷം, ഇതുമായി ബന്ധപ്പെട്ടവരെ സമന്‍സ് അയച്ച് വിളിച്ചു വരുത്തി ഇഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. കണ്ടെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം ആദ്യഘട്ടത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനു വിളിപ്പിക്കാനായിരുന്നു ഇ ഡി ആലോചിച്ചിരുന്നത്. ഇതിനുശേഷം വീണയെ വിളിച്ചു വരുത്തിയാല്‍ മതിയെന്നും തീരുമാനമുണ്ടായിരുന്നു. എന്നാല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ ഉടന്‍ വീണയ്ക്ക് സമന്‍സ് അയച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

by Midhun HP News | May 28, 2026 | Latest News, കേരളം
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കത്തിന് മറുപടി നൽകി മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ. തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അൻസിബയുടെ ആവശ്യം. രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാല പാര്‍വതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നാണ് ആവശ്യം.
ഇവരിൽ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താൽ, തന്നോട് കൂടി ആലോചിച്ച ശേഷം മറ്റ് ബദൽ അംഗങ്ങളെ തീരുമാനിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഹിയറിങ് നടപടികൾ പൂർണമായും റെക്കോർഡ് ചെയ്യണമെന്നും ഈ റെക്കോർഡിങ്ങുകൾ അമ്മയുടെ ഔദ്യോഗിക രേഖകളിൽ സൂക്ഷിക്കേണ്ടതും, അതിന്റെ പകർപ്പുകൾ തനിക്കും ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന എതിർകക്ഷികൾക്കും നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടു.
തന്റെ ആരോപണങ്ങളും പരാതികളും ‘അമ്മ’യുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഒരു എക്സിക്യൂട്ടീവ് അംഗം എന്നിവർക്കെതിരെ ആയതിനാൽ, വിഷയം നിഷ്പക്ഷമായി കേൾക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും പാനലിന് മുന്നിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകേണ്ടത് അത്യാവശ്യമാണ്.
അതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ കൂട്ടായും നിഷ്പക്ഷമായും കേൾക്കുന്നതിനായി ഒരു സ്വതന്ത്ര പാനൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്.- അൻസിബ കത്തിൽ പറയുന്നു. ‘അമ്മ’ എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള തന്റെ പരാതിയിൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്താവുന്ന ആരോപണങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും മറ്റ് അസോസിയേഷൻ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും മുന്നിൽ വച്ച് അദ്ദേഹം പരസ്യമായി അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനാൽ, കുറ്റാരോപിതനെതിരെ നിയമനടപടികൾ ആരംഭിക്കാനും പൊലീസ് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും മെയിലിൽ ചൂണ്ടിക്കാട്ടുന്നു.
വൈസ് പ്രസിഡന്റ് ‘അമ്മ’യുടെ പ്രസിഡന്റുമായും തൃപ്പൂണിത്തുറ വനിതാ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രേഷ്മയുമായും ചേർന്ന് ഗൂഢാലോചന നടത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട്, തന്റെ മൗലികാവകാശങ്ങൾ ഗുരുതരമായി ലംഘിക്കപ്പെട്ടതിനാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവര്‍ക്ക് പരാതികൾ സമർപ്പിച്ചിട്ടുണ്ട്.
തെറ്റായതും മനഃപൂർവ്വം കെട്ടിച്ചമച്ചതുമായ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് മണിക്കൂറിലധികം പൊലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും, അനാവശ്യമായ ചോദ്യം ചെയ്യലിനും പീഡനത്തിനും മാനസിക വിഷമങ്ങൾക്കും ഇരയാക്കുകയും ചെയ്തുവെന്നും കത്തിൽ പറയുന്നു. അതേസമയം ‘അമ്മ’യിലെ നാലു പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. ജൂൺ 21 നാണ് ‘അമ്മ’യുടെ ജനറൽ ബോഡി
യോഗം ചേരുന്നത്.

by Midhun HP News | May 28, 2026 | Latest News, കേരളം
കണ്ണൂർ: ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് അപകടത്തിൽപ്പെട്ട 15 വയസ്സുകാരിയായ പെൺകുട്ടിയെ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെ സാഹസികമായി രക്ഷിച്ച് കൂട്ടുകാർ മാതൃകയായി. പെരളശ്ശേരി മാവിലായി കീഴറ ശ്രീ ചേനാരത്ത് ക്ഷേത്രക്കുളത്തിൽ കാൽ വഴുതി വീണ് വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്ന പെൺകുട്ടിയെയാണ് ഒപ്പമുണ്ടായിരുന്ന കീഴറ സ്വദേശിനി റിഷിക രജിലും മയ്യിൽ സ്വദേശി റിഥിൻ രാജും ചേർന്ന് കുളത്തിലിറങ്ങി അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇരുവരുടെയും തക്കസമയത്തുള്ള ഇടപെടലും ധീരതയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്.
കീഴറയിലെ ശില്പയുടെയും ആർമി ഉദ്യോഗസ്ഥനായ രജിലിന്റെയും മകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിഷിക. പെരളശ്ശേരി എകെജി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ റിഷിക സ്കൂളിലെ സജീവ എൻ.സി.സി കേഡറ്റ് കൂടിയാണ്. ഈ പരിശീലനത്തിലൂടെ ലഭിച്ച മനോധൈര്യമാണ് അപകടം കണ്ട നിമിഷത്തിൽ ഒട്ടും പരിഭ്രമിക്കാതെ കുളത്തിലേക്ക് ഇറങ്ങാൻ പെൺകുട്ടിക്ക് കരുത്തായത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് റിഷികയ്ക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ റിഥിൻ രാജ്.
കുളത്തിലെ ആഴമേറിയ വെള്ളത്തിൽ വീണ് കുട്ടി മുങ്ങിത്താഴുന്നത് കണ്ടയുടൻ റിഷികയും റിഥിനും ഒന്നിച്ച് വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. വെള്ളത്തിൽ ജീവനായി പിടയുകയായിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് ശരീരബലം ഉപയോഗിച്ച് താങ്ങിനിർത്തുകയും ഏറെ പ്രയത്നപ്പെട്ട് സാഹസികമായി കുളത്തിന്റെ കരയിലേക്ക് സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.

by Midhun HP News | May 28, 2026 | Latest News, കേരളം
തൃശൂർ: മൈസൂരുവിൽ വാഹനാപകടത്തിൽ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യയാണ് (18) മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.
മൈസൂരുവിലെ നഴ്സിങ് പഠനം അവസാനിപ്പിച്ചു പിതാവിനൊപ്പം നാട്ടിലേക്കു കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കൽ കോളജിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്നു. കോളജിലെ താമസവും ഭക്ഷണവും ശരിയായ രീതിയിൽ അല്ലാത്തതിനാൽ പഠനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ആര്യയും പിതാവും സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. പിതാവ് സുരേന്ദ്രനും പരിക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം.

by Midhun HP News | May 28, 2026 | Latest News, കേരളം
തൃശൂർ: ഗുരുവായൂർ അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിനു സമീപമുള്ള വീട്ടിൽ നിന്നു കഴിഞ്ഞ എട്ടിനു 10 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ യുവാവ് പിടിയിൽ. കുന്നകുളം കല്ലഴിക്കുന്ന് പുത്തൻപുരക്കൽ ഉണ്ണികൃഷ്ണൻ (36) ആണ് പിടിയിലായത്. പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്.
സംഭവത്തിനു പിന്നാലെ മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണുന്ന സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 11ാം തീയതി രാവിലെ 8 പവൻ സ്വർണവും മാപ്പ് പറഞ്ഞുള്ള മോഷ്ടാവിന്റെ കത്തും വീടിനു മുന്നിൽ നിന്നു കിട്ടി.
കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ. ബുഷറയും ഭർത്താവ് ഡോ. അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറോയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് സ്വർണം മോഷ്ടിച്ചത്. ഒരു ദിവസം കഴിഞ്ഞാണ് മോഷണ വിവരം വീട്ടുകാർ അറിഞ്ഞത്. ബാൽക്കണി വാതിൽ തള്ളിത്തുറന്നാണ് അകത്തു കടന്നതെന്നു പ്രതി പൊലീസിനോടു പറഞ്ഞു.
നേരത്തേയും മോഷണം അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ട പ്രതി ജയിൽവാസം അനുഭവിച്ചിട്ടുള്ളതായി പൊലീസ് പഞ്ഞു. ഇയാൾ 4 വർഷത്തോളം ഗുരുവായൂർ ദേവസ്വത്തിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു.

Recent Comments