സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,320 രൂപയാണ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില അതിനു മുൻപ് രണ്ട് ദിവസം ഉയർന്നിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വിത്യങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5415 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞു. വിപണി വില 4483 രൂപയാണ്.

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ മുതൽ അപേക്ഷ സമർപ്പിക്കാം

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ മുതൽ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് വേണ്ടിയുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം. രാവിലെ 10 മണി മുതൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒൻപത് മണി മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കോ, അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവർക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവർക്ക് വേണ്ട തിരുത്തലുകൾ വരുത്തിയും അപേക്ഷ നൽകാവുന്നതാണ്.

ഈ മാസം അഞ്ചിനാണ് സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ചത്. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളായിരുന്നു പ്രവേശനം നേടിയത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാ​ഗത്തിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഒഴിവുകളിലുള്ള അപേക്ഷിക്കാനുള്ള കാലാവധി 12 ന് അവസാനിക്കും.

തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ല; 59,035 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മാറ്റി

തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ല; 59,035 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മാറ്റി

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് മാസമോ അതിലധികമോ റേഷന്‍ വാങ്ങാത്ത 59,035 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനേതര നോണ്‍ സബ്‍സിഡി വിഭാഗത്തിലേക്ക് (എന്‍പിഎന്‍എസ്) മാറ്റി. പൊതുവിതരണ വകുപ്പിന്റെ വെബ്‍സൈറ്റില്‍ ഇത് സംബന്ധിച്ച വിശദമായ കണക്കുകളും വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടപടിയില്‍ പരാതിയുള്ളവര്‍ക്ക് താലൂക്ക് സപ്ലെ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാം. ഇതിന്മേല്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും തീരുമാനം എടുക്കുക.

മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 48,523 കാര്‍ഡുകളും എഎവൈ വിഭാഗത്തില്‍ നിന്ന് 6247 കാര്‍ഡുകളും എന്‍പിഎസ് വിഭാഗത്തില്‍ നിന്ന് 4265 കാര്‍ഡുകളുമാണ് എന്‍പിഎന്‍എസ് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഇവയുടെ ജില്ല തിരിച്ചും താലൂക്ക് സപ്ലെ ഓഫീസുകള്‍ തിരിച്ചുമുള്ള കണക്കുകള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഓരോ വിഭാഗത്തിലെയും കാര്‍ഡ് ഉടമകളുടെ പേരും കാര്‍ഡ് നമ്പറും പരിശോധിക്കാം. ഏതൊക്കെ മാസം മുതല്‍ എപ്പോള്‍ വരെയാണ് റേഷന്‍ വാങ്ങാതിരുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് എന്‍പിഎന്‍എസ് വിഭാഗത്തിലേക്ക് മാറ്റപ്പെട്ട തീയ്യതിയും വെബ്‍സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഏറ്റവുമധികം പേര്‍ പുറത്തായത് എറണാകുളം ജില്ലയിലും (7424 കാര്‍ഡുകള്‍) എഎവൈ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേരെ വെള്ള കാര്‍ഡിലേക്ക് മാറ്റിയത് തിരുവനന്തപുരം ജില്ലയിലുമാണ് (858 കാര്‍ഡുകള്‍). സബ്‍സിഡി ഇതര വിഭാഗത്തില്‍ നിന്ന് (നീല കാര്‍ഡ്) ഏറ്റവും കൂടുതല്‍ പേരെ വെള്ള കാര്‍ഡിലേക്ക് മാറ്റിയത് ആലപ്പുഴ ജില്ലയിലാണെന്നും (975 കാര്‍ഡുകള്‍) കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ പുറത്താക്കപ്പെട്ടവര്‍ക്ക് പകരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹയുള്ള നീല, വെള്ള കാര്‍ഡ് ഉടമകളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന് ഈ മാസം 18 മുതല്‍ അപേക്ഷ ക്ഷണിക്കും. അര്‍ഹതയുള്ളവര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ കൂടി സമര്‍പ്പിക്കണം.

അപൂർവരോഗം; പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോർട്ട് ചെയ്തു

അപൂർവരോഗം; പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോർട്ട് ചെയ്തു

ആലപ്പുഴ ജില്ലയിൽ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് കേസ് റിപ്പോർട്ട് ചെയ്തു. 15 വയസ് പ്രായമുള്ള പാണാവള്ളി സ്വദേശിയാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പനി,തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. 2017 ലാണ് ഇതിന് മുൻപ് ഈ രോഗം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിഎംഒ അറിയിച്ചു.

നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂർവ അണുബാധയ്ക്ക് കാരണം. നെഗ്ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ നീന്തുന്നതിനിടയിൽ മൂക്കിലൂടെ അണുക്കൾ ശരീരത്തിലെത്തിയാണ് സാധാരണയായി ആളുകൾക്ക് അണുബാധ ഉണ്ടാവാറുള്ളത്.

ന്യൂനമര്‍ദ പാത്തി; 24 മണിക്കൂര്‍ സംസ്ഥാനത്ത് വ്യാപകമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂര്‍ കൂടി വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ തുടരും. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം.

മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നു. ചക്രവാതചുഴി നിലവില്‍ പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷക്ക് മുകളില്‍ നിലനില്‍ക്കുന്നതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിന്റെ സ്വാധീന ഫലമായികേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ കൂടി വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ/അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. തുടര്‍ന്ന് മഴയുടെ തീവ്രത കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം;  ഹൈക്കോടതി ഉത്തരവ്

ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ്

കൊച്ചി: ‌ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഫീഫയുടെ മാതാപിതാക്കളിൽനിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും നൽകിയ ഹർജിയിലാണ് ഉത്തരവ്. പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കും കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് കോടതിയുടെ നിർദേശം.

മലപ്പുറം സ്വദേശിനികളായ സുമയ്യയും ഹഫീഫയും രണ്ട് വർഷമായി സൗഹൃദത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ലെസ്ബിയൻ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ കുടുംബം ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നു. അഫീഫയെ വീട്ടുകാർ വീണ്ടും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിലെ ഹർജി. സർക്കാരിന്റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

സുമയ്യയും ഹഫീഫയും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. എന്നാൽ, മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും സ്വമേധയാ ഹാജരായി പ്രായപൂർത്തി ആയതിനാൽ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി വാങ്ങി. എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് ഒരുമിച്ച് കഴിയവെ കഴിഞ്ഞ് മെയ് 30ന് വീട്ടുകാരെത്തി അഫീഫയെ ബലമായി കൊണ്ടുപോയി. അഫീഫയെ കുടുംബം തടങ്കലിൽ വെച്ചതിനിതിരെ സുമയ്യ രംഗത്ത് വരികയും ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ചെയ്തിരുന്നു.