by Midhun HP News | Jul 7, 2023 | Latest News, കേരളം
കൊച്ചി: ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഫീഫയുടെ മാതാപിതാക്കളിൽനിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും നൽകിയ ഹർജിയിലാണ് ഉത്തരവ്. പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കും കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് കോടതിയുടെ നിർദേശം.
മലപ്പുറം സ്വദേശിനികളായ സുമയ്യയും ഹഫീഫയും രണ്ട് വർഷമായി സൗഹൃദത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ലെസ്ബിയൻ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ കുടുംബം ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നു. അഫീഫയെ വീട്ടുകാർ വീണ്ടും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിലെ ഹർജി. സർക്കാരിന്റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
സുമയ്യയും ഹഫീഫയും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. എന്നാൽ, മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഇരുവരും സ്വമേധയാ ഹാജരായി പ്രായപൂർത്തി ആയതിനാൽ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി വാങ്ങി. എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് ഒരുമിച്ച് കഴിയവെ കഴിഞ്ഞ് മെയ് 30ന് വീട്ടുകാരെത്തി അഫീഫയെ ബലമായി കൊണ്ടുപോയി. അഫീഫയെ കുടുംബം തടങ്കലിൽ വെച്ചതിനിതിരെ സുമയ്യ രംഗത്ത് വരികയും ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ചെയ്തിരുന്നു.
by Midhun HP News | Jul 7, 2023 | Latest News, കേരളം
കൊച്ചി: എറണാകുളം മരടിലെ ഫ്ളാറ്റിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ. ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരവേലിൽ അച്ചാമ്മ ഏബ്രഹാമിനെ (77) മകൻ വിനോദ് (52) കൊലപ്പെടുത്തുകയായിരുന്നു. മണിക്കൂറുകളോളം അച്ചാമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടതിനു ശേഷമാണ് കൊലപാതകം നടത്തിയത്.
രാവിലെ മുതൽ മകൻ തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയൽവാസിയെ അച്ചാമ്മ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. അയൽവാസി ഡിവിഷൻ കൗൺസിലറെ സംഭവം അറിയിച്ചു. കൗൺസിലർ വിളിച്ചു പറഞ്ഞതു പ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു കയറാനായില്ല. ഇവിടെ പ്രശ്നം ഒന്നുമില്ലെന്ന് വിനോദ് പറഞ്ഞതു വിശ്വസിച്ച് പൊലീസ് മടങ്ങുകയായിരുന്നു.
വൈകിട്ടായതോടെ വീടിനുള്ളിൽ നിന്നു കരച്ചിലും സാധനങ്ങൾ തല്ലിത്തകർക്കുന്നതുമായ ശബ്ദം കേൾക്കാൻ തുടങ്ങി. തുടർന്ന് കൗൺസിലർ അറിയിച്ചതനുസരിച്ച് പൊലീസ് വീണ്ടുമെത്തിയെങ്കിലും വീട് തുറക്കാനായില്ല. വീട് തുറക്കണമെങ്കിൽ രേഖാമൂലം എഴുതിത്തരണമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഉടൻ കത്തു നൽകി. എന്നിട്ടും തുറക്കാൻ പറ്റാതിരുന്നതോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
വ്യാഴാഴ്ച രാത്രി എട്ടോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് അരുംകൊല അറിഞ്ഞത്. കത്തി വീശി അക്രമാസക്തനായിരുന്ന വിനോദിനെ ഏറെ പണിപ്പെട്ടാണ് പൊലീസ് കീഴ്പ്പെടുത്തിയത്. അകത്തെ മുറിയിൽ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു അച്ചാമ്മ. മുഖത്തും രഹസ്യഭാഗങ്ങളിലും മാരകമായി വെട്ടേറ്റു.
by Midhun HP News | Jul 7, 2023 | Latest News, കേരളം
പെരുമ്പാവൂര്‍: 175ഓളം ലാപ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസില്‍ ഇറിഗേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഒക്കല്‍ വല്ലം പണിക്കരുകുടി വീട്ടില്‍ അന്‍സിഫ് മൊയ്തീന്‍ (30)ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്ടിലെ സ്റ്റോര്‍ കീപ്പറാണ് മൊയ്തീന്‍. ഇറിഗേഷന്‍ പ്രൊജക്ടിന്റെ ആവശ്യത്തിലേക്കാണെന്ന് പറഞ്ഞ് നെറ്റ് ലോഗ് സൊലൂഷന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് 175 ഓളം ലാപ്‌ടോപ്പുകള്‍ ക്വട്ടേഷന്‍ പ്രകാരം ക്രെഡിറ്റ് സംവിധാനത്തില്‍ വാങ്ങി. തുടര്‍ന്ന് പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. പെരിയാര്‍ വാലിയുടെ പെരുമ്പാവൂര്‍ ഓഫീസില്‍ ലാപ്‌ടോപ്പുകള്‍ ഇറക്കിവച്ച ശേഷം വീട്ടിലേക്ക് കടത്തുകയായിരുന്നു. സ്വന്തം ആവശ്യത്തിനെന്നാണ് അവിടത്തെ ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ചിരുന്നത്. ക്വാറി ലൈസന്‍സ് കിട്ടുന്നതിനായി വ്യാജരേഖ ചമച്ച കേസിലും ഇയാള്‍ കൂട്ടു പ്രതിയാണ്.
by Midhun HP News | Jul 7, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കലിതുള്ളി പെയ്യുന്ന കാലവർഷത്തിന് ഇന്ന് ശമനമുണ്ടായേക്കും. ഇന്ന് ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്. അതേസമയം വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Jul 7, 2023 | Latest News, കേരളം
മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കേരളത്തേയും മലയാളി ജീവിതങ്ങളേയും അതിമനോഹരമായാണ് ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കാൻവാസിൽ പകർത്തിയത്. 1925 സെപ്‌തംബർ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് ജനിച്ചത്. കെഎം വാസുദേവൻ നമ്പൂതിരി എന്നാണ് യഥാർത്ഥ പേര്.
by Midhun HP News | Jul 6, 2023 | Latest News, കേരളം
കൊച്ചി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട
പത്തനംതിട്ടയിലെ അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച് പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
കാസര്‍കോട്
റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. നാളത്തെ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
കണ്ണൂര്‍
ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.
കോട്ടയം
കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ഐസിഎസ്ഇ,സിബിഎസ്ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Recent Comments