ഭിന്നശേഷി കലാകാരന്‍മാരുടെ ഗാനമേള ട്രൂപ്പിന് ഉജ്ജ്വല തുടക്കം: പാട്ടിനൊപ്പം ചുവട് വെച്ച് മന്ത്രി

ഭിന്നശേഷി കലാകാരന്‍മാരുടെ ഗാനമേള ട്രൂപ്പിന് ഉജ്ജ്വല തുടക്കം: പാട്ടിനൊപ്പം ചുവട് വെച്ച് മന്ത്രി

കോട്ടയം എലിക്കുളത്ത് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി പഞ്ചായത്ത് രൂപീകരിച്ച ഗാനമേള ട്രൂപ്പിന് ഉജ്ജ്വല തുടക്കം. ഉദ്ഘാടകയായെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ജനപ്രതിനിധികള്‍ക്കും വയോജനങ്ങള്‍ക്കുമൊപ്പം ചുവടുവെച്ചാണ് ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കിയത്.

കഴിവില്ലാത്തവരെന്നു മുദ്രകുത്തപ്പെടുന്നവരുടെ ഉള്ളിനുള്ളിലെ കഴിവുകൾ കണ്ടെത്തി, അവരെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന സംരംഭങ്ങളിൽ പങ്കാളിയാകുമ്പോൾ ആരുടെ ഹൃദയവും നൃത്തം ചെയ്യുമെന്ന് മന്ത്രി ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ഉൾപ്പെടുത്തി എലിക്കുളം ഗ്രാമപഞ്ചായത്ത് രൂപീകരിച്ച ‘മാജിക് വോയ്സ്’ ഗാനമേള ട്രൂപ്പിന് തുടക്കമിട്ടെന്നും മന്ത്രി കുറിച്ചു.

തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ മാല മോഷണം പോയി

തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികയുടെ മാല മോഷണം പോയി

തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മാല മോഷണം പോയി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട നഞ്ചി എന്ന വയോധികയുടെ മാലയാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ രാജേന്ദ്രൻ തൃശ്ശൂർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

അട്ടപ്പാടിയിലെ അപ്പന്നൂർ താവളം സ്വദേശിയാണ് മരണപ്പെട്ട വയോധിക. രാവിലെ എട്ടുമണിക്ക് നഞ്ചി മരണപ്പെട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് ഐസിയുവിൽ കിടന്ന ഇവരുടെ മാല കാണാനില്ലെന്ന വിവരം മകൻ അറിയുന്നത്. തുടർന്നാണ് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയത്.

കാര്‍ തിരഞ്ഞെടുക്കുമ്പോൾ ഗ്രൗണ്ട് ക്ലിയറൻസ് പരിശോധിക്കുക; ഇല്ലെങ്കില്‍ പണിവരുന്നത് എങ്ങനെയെന്ന് വിശദമായി അറിയാം

കാര്‍ തിരഞ്ഞെടുക്കുമ്പോൾ ഗ്രൗണ്ട് ക്ലിയറൻസ് പരിശോധിക്കുക; ഇല്ലെങ്കില്‍ പണിവരുന്നത് എങ്ങനെയെന്ന് വിശദമായി അറിയാം

ഒരു കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് എന്നത് വാഹനത്തിന്റെ ഏറ്റവും താഴ്ന്ന സ്ഥലവും അതിനടിയിലുള്ള ഗ്രൗണ്ടും തമ്മിലുള്ള ദൂരത്തെ സൂചിപ്പിക്കുന്നു. കുഴികൾ നിറഞ്ഞ നഗര തെരുവുകൾ മുതൽ ദുർഘടമായ ഗ്രാമീണ ഭൂപ്രകൃതികൾ വരെ റോഡുകൾ വരാവുന്ന ഇന്ത്യയിലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ, മികച്ച കാർ തിരഞ്ഞെടുക്കുന്നതിൽ ഗ്രൗണ്ട് ക്ലിയറൻസ് ഒരു നിർണായക ഘടകമാണ്. അത് എന്തുകൊണ്ടെന്നും ഗ്രൗണ്ട് ക്ലിയറൻസ് കാറിന്റെ പ്രകടനത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും വിശദമായി അറിയാം.

1. മെച്ചപ്പെടുത്തിയ പ്രകടനം

വിസ്തൃതമായ ഗ്രൗണ്ട് ക്ലിയറൻസ് ഒരു ഒപ്റ്റിമൈസ് ചെയ്ത സസ്പെൻഷൻ സംവിധാനത്തെ അനുവദിക്കുന്നു, അസമമായ പ്രതലങ്ങളിൽ ഷോക്കുകളും ബമ്പുകളും ആഗിരണം ചെയ്യുന്നു. ഒപ്പം സുഗമമായ ഡ്രൈവിംഗ് അനുഭവവം നല്‍കുന്നു. മതിയായ ഗ്രൗണ്ട് ക്ലിയറൻസ് അടിഭാഗം സ്‌ക്രാപ്പ് ചെയ്യാനുള്ള സാധ്യത കുറയ്ക്കുന്നു, സ്പീഡ് ബമ്പുകൾ, പരുക്കൻ റോഡുകൾ, നടപ്പാതയില്ലാത്ത ഭൂപ്രദേശങ്ങൾ എന്നിവയിലൂടെ സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് മികച്ച പ്രകടനം പ്രാപ്തമാക്കുന്നു, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കാർ കുടുങ്ങിപ്പോകാനോ കേടുപാടുകൾ വരുത്താനോ ഉള്ള സാധ്യത കുറയ്ക്കുന്നു

2. ബഹുമുഖത:

പ്രകടനത്തിന് പുറമെ, ഗ്രൗണ്ട് ക്ലിയറൻസ് ഒരു കാറിന്റെ കുതിപ്പിനെയും വൈവിധ്യത്തെയും ബാധിക്കുന്നു. എളുപ്പമുള്ള നാവിഗേഷനും ഇത് ഉറപ്പാക്കുന്നു. വലിയ ഗ്രൗണ്ട് ക്ലിയറൻസ് പാറകൾ, സ്പീഡ് ബ്രേക്കറുകൾ, നിയന്ത്രണങ്ങൾ എന്നിവ പോലുള്ള തടസ്സങ്ങളിലൂടെ സുഗമമായി കടന്നുപോകാൻ അനുവദിക്കുന്നു, ഇത് തിരക്കേറിയ തെരുവുകളിൽ നാവിഗേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ഉയര്‍ന്ന ഗ്രൌണ്ട് ക്ലിയറൻസ് സഹായകമാകുന്നു. ഇന്ത്യ മൺസൂൺ സീസണുകളിലൂടെ കടന്നുപോകുന്ന രാജ്യമാണ്. എഞ്ചിനിലേക്ക് വെള്ളം കയറുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്യാതെ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് കാറുകളെ സഹായിക്കുന്നു. ഒപ്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും, ഓഫ്-റോഡ് ഉല്ലാസയാത്രകൾക്കും അസമമായ ഭൂപ്രദേശങ്ങളിൽ ആത്മവിശ്വാസത്തോടെ നാവിഗേറ്റ് ചെയ്യുന്നതിനും മതിയായ ഗ്രൗണ്ട് ക്ലിയറൻസ് നിർണായകമാണ്.

3. സുരക്ഷാ പരിഗണനകൾ:

ഗ്രൗണ്ട് ക്ലിയറൻസ് വാഹനത്തിന്റെയും അതിലെ യാത്രക്കാരുടെയും സുരക്ഷയ്ക്ക് കാര്യമായ സംഭാവന നൽകുന്നു. മതിയായ ഗ്രൗണ്ട് ക്ലിയറൻസ് റോഡിനും കാറിന്റെ എഞ്ചിൻ, ട്രാൻസ്മിഷൻ, ഇന്ധന ടാങ്ക് തുടങ്ങിയ സുപ്രധാന ഘടകങ്ങൾക്കും ഇടയിൽ ഒരു ബഫർ നൽകുന്നു. ഇത് കൂട്ടിയിടികളിലോ അപകടങ്ങളിലോ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. മതിയായ ഗ്രൗണ്ട് ക്ലിയറൻസ് ഇല്ലാത്തത് സ്പീഡ് ബമ്പുകളിലോ പാറകളിലോ അടിഭാഗം ഉരയുന്നതിലേക്ക് നയിച്ചേക്കാം. ഇത് വാഹനത്തിന് ദോഷം വരുത്തുകയും അതിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യും. ഒപ്റ്റിമൽ ഗ്രൗണ്ട് ക്ലിയറൻസ് സ്ഥിരമായ ഗുരുത്വാകർഷണ കേന്ദ്രം ഉറപ്പാക്കുന്നു. ഇത് വളഞ്ഞുപുളഞ്ഞ റോഡുകളില്‍ നിന്നും മറ്റുമുള്ള റോൾഓവറുകളുടെ അപകടസാധ്യത കുറയ്ക്കുന്നു.

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച നാല് ജില്ലയിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച നാല് ജില്ലയിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് ഇല്ലെങ്കിലും നാളെ മുതൽ സ്ഥിതി മാറി മറിയും. നാളെ ഏഴ് ജില്ലകളിലും മറ്റന്നാൾ 10 ജില്ലകളിൽ യെല്ലോ അലേർട്ടും കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവാഴ്ച്ച 13 ജില്ലകളിലെ മഴ മുന്നറിയിപ്പ്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച്ച 10 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജൂലൈ നാലിന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂലൈ അഞ്ചിന് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.

മമ്മൂട്ടിയുടെ ഇടപെടൽ.. കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമാക്കി: മനോജ് കുമാർ പറയുന്നു….

മമ്മൂട്ടിയുടെ ഇടപെടൽ.. കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമാക്കി: മനോജ് കുമാർ പറയുന്നു….

സിനിമാ സീരിയൽ താരം കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ മുൻകൈ എടുത്തത് മമ്മൂട്ടിയാണെന്ന് നടൻ മനോജ്. സീരിയൽ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയ ശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനായി ഭീമമായ തുക കണ്ടെത്താൻ വിഷമിക്കുന്ന ഷായുടെ കുടുംബത്തെ സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയും സീമ ജി നായരും പണം കൊടുത്തു സഹായിച്ചെന്നും മനോജ് പറയുന്നു.

മനോജ് ആണ് മെസ്സേജ് അയച്ച് മമ്മൂട്ടിയെ ഷായുടെ വിവരം അറിയിക്കുന്നത്. തുടർന്ന് മമ്മൂട്ട് മനോജിനെ ഫോണിൽ വിളിച്ച് ഷായുടെ വിവരം അറിയിക്കുകയായിരുന്നു. ഷായുടെ ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാം എന്ന് മമ്മൂട്ടി അറിയിച്ചു. മമ്മൂട്ടി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഷായുടെ ചികിത്സ സൗജന്യമായി ചെയ്യാനുള്ള സൗകര്യം ഒരുക്കി. മമ്മൂട്ടി നേരിൽ വിളിച്ചതും ഇത്രയും വലിയ സഹായം ചെയ്തത് മറക്കാനാകില്ലെന്നും മനോജ് പറഞ്ഞു.

‘രണ്ടു സന്തോഷമാണ് എനിക്ക് ഉണ്ടായത്. അതിൽ ഒരു കാര്യം ജീവിതത്തിൽ ആദ്യമായി എന്റെ ഫോണിലേക്ക് മമ്മൂക്കയുടെ കോൾ വന്നതാണ്. എന്റെ ഫോണിൽ മമ്മൂക്ക എന്ന് സേവ് ചെയ്തു വച്ച നമ്പറിൽ നിന്നും ആദ്യമായിട്ടാണ് ഒരു കോൾ വരുന്നത്. ഫോണിലെ പച്ചയും ചുമപ്പും തെളിഞ്ഞു വന്നുകൊണ്ടിരുന്നപ്പോൾ എന്താ ചെയ്യേണ്ടത് എന്നറിയാതെ കയ്യും കാലും വിറയ്ക്കുകയായിരുന്നു. ടി.എസ്. സജി സർ ഉണ്ടാക്കിയ ഒരു ഗ്രൂപ്പ് ഉണ്ട് ഞങ്ങൾക്ക് സീരിയൽ കുടുംബം. ഈ സീരിയൽ കുടുംബത്തിൽ ഞങ്ങൾക്ക് പറ്റുന്ന ചാരിറ്റി സഹായം ഒക്കെ ചെയ്യാറുണ്ട്. സീരിയൽ കുടുംബത്തിലെ കൊല്ലം ഷാ എന്ന ആർട്ടിസ്റ്റ് വളരെ സജീവമായി നിൽക്കുന്ന വ്യക്തിയാണ്. മമ്മൂക്കയോടൊപ്പം ‘സ്‌നേഹമുള്ള സിംഹം’ എന്ന സിനിമയിൽ വർഷങ്ങൾക്ക് മുൻപ് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അദ്ദേഹത്തിന് സുഖമോ ദേവി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു നെഞ്ചുവേദന വന്നു. തിരുവനന്തപുരത്തുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അദ്ദേഹത്തിന് ഹൃദയത്തിൽ നാല് ബ്ലോക്ക് ഉണ്ട് എന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. തുടർന്നുള്ള ശസ്ത്രക്രിയ നടത്താനുള്ള ചെലവ് നേരിടാൻ ഇപ്പോഴത്തെ അവസ്ഥയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് സാധിക്കില്ല. ഞങ്ങളുടെ സീരിയൽ കുടുംബത്തിൽ അത് ചർച്ച ചെയ്തിരുന്നു. ഗ്രൂപ്പിൽ ഉള്ള ഷാജി തിരുമല എന്ന പ്രൊഡക്ഷൻ കൺട്രോളർ ആണ് ഷാ ഇക്കായ്ക്ക് വേണ്ടി ഓടി നടക്കുന്നത്. ഇതുപോലെ നിസ്വാർത്ഥ സേവനം നടത്തുന്ന മറ്റൊരാൾ ഉണ്ടോ എന്ന് സംശയമാണ്. ഞങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാർ, ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ എന്നിവർ ആത്മ സംഘടനയിൽ നിന്ന് 25000 രൂപ ഉടൻ തന്നെ പാസാക്കി ഷാ ഇക്കായ്ക്ക് കൊടുത്തിരുന്നു. ബാക്കിയുള്ള അംഗങ്ങൾ എല്ലാം സഹായിക്കണം എന്ന് ഞങ്ങൾ എല്ലാം കൂടി തീരുമാനിച്ചിരുന്നു. പക്ഷേ ലക്ഷങ്ങൾ ചെലവാകുന്ന ശസ്ത്രക്രിയയ്ക്ക് എത്ര കൊടുത്താലും മതിയാകില്ല.

ഇതിനിടെ സീമ ജി. നായരെ വിളിച്ച് വിവരം പറഞ്ഞു. ഞാൻ പറഞ്ഞപ്പോഴാണ് സീമ വിവരം അരിഞ്ഞത്. ഉടനെ തന്നെ സീമ ഒരു 25000 രൂപ സംഘടിപ്പിച്ച് ഇക്കയുടെ അക്കൗണ്ടിലേക്ക് അയച്ചു. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സഹായിക്കാൻ മുന്നോട്ടു വരുന്ന വലിയ മനസ്സിന്റെ ഉടമയാണ് സീമ. ഇത്രയുമൊക്കെ ഞങ്ങൾ ചെയ്തെങ്കിലും ഇതിന്റെ ചെലവ് ഭീകരമായതുകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഇതിനിടയിൽ ഷാജി തിരുമലയോട് ഞാൻ ചോദിച്ചു, ”നമുക്ക് മമ്മൂക്കയെ ഒന്ന് അറിയിച്ചാലോ”. ഷാജി പറഞ്ഞു, ”ആ ചേട്ടാ വിളിക്ക് നല്ലതാണ്”. ഞാൻ പറഞ്ഞു, ”അയ്യോ ഞാൻ വിളിക്കാറെ ഇല്ല എന്തെങ്കിലുമുണ്ടെങ്കിൽ മെസ്സേജ് അയക്കുകയാണ് പതിവെന്ന്”. അങ്ങനെ ഷാ ഇക്കയുടെ ഫോട്ടോയും ബാക്കി വിവരങ്ങളും കൂടി ഞാൻ മമ്മൂക്കയ്ക്ക് അയച്ചു. ഷാ ഇക്കയുടെ അവസ്ഥ കഷ്ടമാണ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഇങ്ങനെ ഒരു അവസ്ഥ ആയതുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത് എന്ന് വോയ്സ് അയച്ചു. സാധാരണ എന്ത് മെസ്സേജ് അയച്ചാലും പ്രതികരിക്കാറുള്ള മമ്മൂക്ക ഇതിനു ഒന്നും പ്രതികരിച്ചില്ല. ജൂൺ ഏഴാം തീയതി ആണ് ഞാൻ ആദ്യം മെസ്സേജ് അയച്ചത്. അദേഹത്തിന്റെ മറുപടി ഒന്നും കാണാത്തതുകൊണ്ട് 12 ആം തീയതി അദ്ദേഹത്തിന്, ”ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം മമ്മൂക്ക” എന്നുപറഞ്ഞ് ഒരു മെസ്സേജ് കൂടി അയച്ചു. അതിനും അദ്ദേഹം പ്രതികരിച്ചില്ല.

അങ്ങനെയിരിക്കെ ഷാജി എന്നോട് പറഞ്ഞു തിരുവനന്തപുരത്തൊരു ആശുപത്രിയിൽ ഹാർട്ട് ടു ഹാർട്ട് എന്ന ഒരു പദ്ധതി ഉണ്ട് ,അതിൽ ഹൃദയ ശസ്ത്രക്രിയ ഫ്രീ ആയി ചെയ്യാൻ കഴിയും, മമ്മൂക്ക വിചാരിച്ചാൽ നടക്കും ഒന്നുകൂടി മനോജ് മമ്മൂക്കയോട് പറയുമോ എന്ന്. ഇനി ഞാൻ മമ്മൂക്കയെ ബുദ്ധിമുട്ടിക്കില്ലെന്ന് ഷാജിയോടു പറഞ്ഞു. പക്ഷേ ജൂൺ പതിനഞ്ച് എന്നെ ഞെട്ടിച്ച ഒരു ദിവസം ആയിരുന്നു. ഒരു 6:55 ആയപ്പോൾ എന്റെ ഫോണിൽ മമ്മൂക്ക എന്ന് തെളിഞ്ഞു വന്നു. എന്റെ കയ്യും കാലും വിറച്ചുപോയി. ഞാൻ ഒന്നുകൂടി ഫോണിലേക്ക് നോക്കി, മമ്മൂക്ക തന്നെയാണോ. ഞാൻ കോൾ എടുത്തു.

അദ്ദേഹം ‘മനോജേ’ എന്ന് വിളിച്ചു, ഞാൻ മറുപടി പറയാൻ കഴിയാതെ നിൽക്കുകയാണ്. ”മനോജ് ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും” മമ്മൂക്ക പറഞ്ഞു. അന്ന് രാത്രി തന്നെ അദ്ദേഹം ആശുപത്രിയിൽ വിളിച്ചു പറഞ്ഞു, ഷാ ഇക്കയുടെ ചികിത്സ മുഴുവൻ സൗജന്യമായി. ജീവിതത്തിൽ ആദ്യമായി ഈ സിംഹത്തിന്റെ കോൾ എന്റെ ഫോണിലേക്ക് വന്നത് ഒരിക്കലും മറക്കില്ല. അദ്ദേഹം ശരിക്കും സ്‌നേഹമുള്ള സിംഹം തന്നെയാണ്. ഷാ ഇക്കയുടെ ഹൃദയ ശസ്ത്രക്രിയ 27 ജൂണിന് ആശുപത്രിയിൽ നടന്നു. അദ്ദേഹത്തിനു വേണ്ടി എല്ലാവരുടെയും പ്രാർഥന ഉണ്ടാകണം.” മനോജ് പറയുന്നു.

മട്ടന്നൂർ ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

മട്ടന്നൂർ ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

കണ്ണൂർ: മാസങ്ങളായി ബില്ലടക്കാത്തതിനെത്തുടർന്ന് മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരി. 57,000 രൂപ വിവിധ മാസങ്ങളിലായി വൈദ്യുതി ബില്ലായി അടയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി. ഫ്യൂസ് ഊരിയതെന്നാണ് വിശദീകരണം.

വയനാട്ടിൽ കെ.എസ്.ഇ.ബി. അവരുടെ വാഹനത്തിന് മുകളിൽ തോട്ടി കൊണ്ടു പോയി എന്ന് ചൂണ്ടിക്കാട്ടി ആർ.ടി.ഒ. പിഴ ഈടാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി ആർ.ടി.ഒ. ഒഫീസിന്റെ ഫീസ് ഊരിയിരുന്നു. ഇതോടെയാണ് കെ.എസ്.ഇ.ബിയും ആർ.ടി.ഒയും തമ്മിലുള്ള തർക്കത്തിന്റെ തുടക്കം. ഇതിനുശേഷം, ബില്ല് കുടിശ്ശികയായിക്കിടക്കുന്ന ആർ.ടി.ഒ. ഓഫീസുകളുടെ ഫ്യൂസുകൾ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി ഊരുന്ന കാഴ്ചയാണ് കണ്ടത്.