ലഹരിയുണ്ടെന്ന് സന്ദേശം ലഭിച്ചത് ഇന്റര്‍നെറ്റ് കോള്‍ വഴി; യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ്

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയത് ഇന്റര്‍നെറ്റ് കോള്‍ വഴിയുള്ള സന്ദേശം മുഖേന. എക്‌സൈസ് ഇന്‍സ്്‌പെക്ടര്‍ സതീശന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ബാഗില്‍ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇതുവരെ അന്വേഷണ സംഘത്തിന് മുന്‍പില്‍ എത്തിയിട്ടില്ല.

ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം എക്‌സൈസ് ഇന്‍സ്്‌പെക്ടര്‍ സതീശന്റെ മൊഴിയെടുത്തത്. ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന, നായരങ്ങാടി സ്വദേശി ഷീല സണ്ണിയെ (51), എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തത് സതീശന്‍ ആണ്. ഷീല സണ്ണിയുടെ ബാഗില്‍ ലഹരി വസ്തു ഉണ്ടെന്ന വിവരം നല്‍കിയത് ആരാണ് എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സതീശന്റെ മൊഴിയെടുത്തത്. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ഷീല സണ്ണിയുടെ ബാഗില്‍ ലഹരി വസ്തു ഉണ്ടെന്ന സന്ദേശം ലഭിച്ചതെന്ന് സതീശന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാഗ് പരിശോധിച്ചതും ഷീല സണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സതീശന്‍ മൊഴി നല്‍കി.

ഷീലയുടെ ബാഗില്‍നിന്ന് എക്സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 72 ദിവസം ജയിലില്‍ കിടന്ന ശേഷം കഴിഞ്ഞദിവസമാണ് ഇവര്‍ പുറത്തിറങ്ങിയത്. അതിനിടെ ബാഗില്‍ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സംസ്ഥാനത്ത് ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ഏഴ് ‍ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ബുധനാഴ്ച വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും, ബുധനാഴ്ച ചിലയിടങ്ങളിൽ അതി തീവ്രമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ജില്ലകളിൽ റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴ ലഭിയ്ക്കാനും സാധ്യതയുണ്ട്.
തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കടയ്ക്കലിൽ സർക്കാർ ആശുപത്രിയിൽ മൃതദേഹം മാറ്റി നൽകി

കടയ്ക്കലിൽ സർക്കാർ ആശുപത്രിയിൽ മൃതദേഹം മാറ്റി നൽകി

കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി വാമദേവന്റെ(68) മൃതദേഹത്തിന് പകരം രാജേന്ദ്രൻ നീലകണ്ഠൻ എന്നയാളുടെ മൃതദേഹമാണ് മാറി നൽകിയത്. വാമദേവന്റെ ബന്ധുക്കൾ അന്ത്യകർമ്മങ്ങൾക്കായി മൃതദേഹം വീട്ടിലെത്തിച്ച് പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയ വിവരം മനസിലാക്കുന്നത്. ഉടൻ ആശുപത്രിയിൽ തിരിച്ചെത്തിച്ച് ശരിക്കുള്ള മൃതദേഹവുമായി മടങ്ങി.

ആശുപത്രി ജീവനക്കാർ മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് വിട്ടു നൽകിയതെന്ന് അധികൃതര്‍ പറയുന്നു. എന്നാൽ വെന്റിലേറ്ററിൽ ഏറെ നാൾ ചികിത്സയിൽ കഴിഞ്ഞിരുന്ന വാമദേവന്റെ മൃതദേഹം ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ ബന്ധുക്കൾക്ക് കഴിയാതെ വന്നതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് സൂചന. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്റ്റാഫ് നഴ്സുമാരായ രഞ്ജിനി, ഉമ എന്നിവരെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്.

തീവ്രമഴ വരുന്നു; മൂന്ന് ദിവസങ്ങളിലായി 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും, ബുധനാഴ്ച് ചിലയിടങ്ങളില്‍ അതി തീവ്രമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോഡിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ജില്ലകളില്‍ റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്ര മഴ ലഭിയ്ക്കാനും സാധ്യതയുണ്ട്.

ശനിയാഴ്ച കാസര്‍കോഡ് ജില്ലയിലും ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച കാല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: ആരോഗ്യമന്ത്രി

ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദത്തിന് ലോകത്ത് സ്വീകാര്യതയേറുകയാണ്. ക്യൂബ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഇത് നേരിട്ട് ബോധ്യമായി. നൂറിലധികം രാജ്യങ്ങളിൽ ആയുർവേദം പ്രചരിക്കപ്പെടുന്നുണ്ട്. പല രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായുള്ള ആശയ വിനിമയത്തിൽ ആയുർവേദ രംഗത്തു കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രോഗങ്ങൾക്ക് ചികിത്സ നൽകുന്നതിനോടൊപ്പം തന്നെ രോഗ പ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും തുല്യ പ്രാധാന്യം നൽകുന്ന സമഗ്രമായ സമീപനമാണ് ആയുർവേദത്തിന്റേത്. ആയുർവേദ ഗവേഷണം കേരളം നയിക്കണം. പരമ്പരാഗത ആരോഗ്യ മേഖലയിലുള്ള പ്രയോഗങ്ങളും ഔഷധ സമ്പത്തും കൂടുതൽ തെളിവ് അധിഷ്ഠിതമാക്കി നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനവുമായി കൂട്ടിച്ചേർത്തു നല്ലൊരു മാതൃക സൃഷ്ടിക്കാൻ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം എന്ന ആശയത്തിലേക്ക് കേരളം എത്തിയത്. അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനം ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചു.

പന്നിയങ്കര ടോൾ പിരിവ് താത്കാലികമായി നിർത്തി

പന്നിയങ്കര ടോൾ പിരിവ് താത്കാലികമായി നിർത്തി

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ സമര സമിതിയുടെയും നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. ടോൾ പിരിവ് തടഞ്ഞത് നേരിയ സംഘർഷത്തിലും കലാശിച്ചു. ജനപ്രതിനിധികളും സമരസമിതിയും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിൽ ഓഗസ്റ്റ് 15 വരെ തൽസ്ഥിതി തുടരാൻ തീരുമാനമായി.

ഇന്നുമുതൽ പ്രദേശത്തെ അഞ്ചുപഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് നൽകി വരുന്ന ഇളവ് അനുവദിക്കാനാകില്ലെന്ന് കമ്പനി നേരത്തെ നിലപാടെടുത്തിരുന്നു. രാവിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞുവെങ്കിലും കമ്പനി ഏതാനും വാഹനങ്ങളിൽ നിന്ന് ടോൾ പിരിച്ചത് സംഘർഷത്തിനിടയാക്കി. ഇതിനിടെ ടോൾ ഗേറ്റിന് മുകളിൽ പ്രതിഷേധക്കാർ കയറി സ്‌കാനർ മറിച്ചിടാൻ ശ്രമിച്ചത് കമ്പനി ജീവനക്കാരുമായി വാക്കുതർക്കത്തിന് ഇടവച്ചു.

ഒടുവിൽ രമ്യ ഹരിദാസ് എംപി, പി പി സുമോദ് എംഎൽഎ, ഉൾപ്പെടെയുള്ളവർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് ടോൾ പിരിക്കുന്നത് കമ്പനി തല്ക്കാലികമായി നിർത്തി വച്ചു. ഓഗസ്റ്റ് 15 വരെ തലസ്ഥിതി തുടരാനാണ് തീരുമാനം.
ഓഗസ്റ്റ് 15 ന് മുൻപ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കൂടിയാലോചന നടത്തി ടോൾ പിരിവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാണ് ധാരണയായത്.