ബിഎംഎസ് ഹോട്ടൽ മാനേജ്മെൻറ് ബിരുദ പരീക്ഷയിൽ തിളങ്ങി കൃപയും അജുവും

ബിഎംഎസ് ഹോട്ടൽ മാനേജ്മെൻറ് ബിരുദ പരീക്ഷയിൽ തിളങ്ങി കൃപയും അജുവും

കേരള യൂണിവേഴ്സിറ്റി 2023 മാർച്ചിൽ നടത്തിയ ബിഎംഎസ് ഹോട്ടൽ മാനേജ്മെൻറ് ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കൃപ എസ് എസ്. പരവൂർ പുത്തൻ കുളം കൃഷ്ണ കൃപയിൽ പരേതനായ സരസൻ എം ന്റെയും സിനി എൽ എസിനെയും മകളാണ്. ഭർത്താവ് അർജുൻ. തോന്നയ്ക്കൽ എ ജെ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിനിയാണ്.

കേരള യൂണിവേഴ്സിറ്റി 2023 മാർച്ചിൽ നടത്തിയ ബിഎംഎസ് ഹോട്ടൽ മാനേജ്മെൻറ് ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ അജു അനിൽകുമാർ. വെള്ളല്ലൂർ ഊന്നൻ കല്ല് അജു ഭവനിൽ പരേതനായ അനിൽ കുമാറിനെയും സുജാതയുടെയും മകനാണ്. തോന്നയ്ക്കൽ എ ജെ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിയാണ്.

തുണിമാർക്കറ്റിൽ വൻ തീപിടിത്തം; 50ഓളം കടകൾ കത്തി നശിച്ചു

തുണിമാർക്കറ്റിൽ വൻ തീപിടിത്തം; 50ഓളം കടകൾ കത്തി നശിച്ചു

ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരിൽ വൻ തീപിടിത്തം. ഖാദർപേട്ട് ബനിയൻ ബസാറിൽ വെള്ളിയാഴ്‌ച രാത്രി 9.25 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 50 ഓളം കടകൾ പൂർണമായും കത്തി നശിച്ചു.

ദേശീയ പാതയിൽ വാഹനാപകടം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മരണപെട്ടു

ദേശീയ പാതയിൽ വാഹനാപകടം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മരണപെട്ടു

പാരിപ്പള്ളി: എറണാകുളം ജില്ലയിലെ രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.പി ജോർജ് (54) ദേശിയ പാതയിൽ പാരിപ്പള്ളിയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ രാത്രി 10.45 നായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി കോഴിക്കോട് ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിന്റെ വാഹനം കൂട്ടിയിടിച്ചത്. ഇതോടൊപ്പം തന്നെ ബസിനു പിറകെ വന്ന നാഷണൽ പെർമിറ്റ് ലോറിയും ബസിന് പിൻ ഭാഗത്തേക്ക്‌ ഇടിച്ചുകയറി. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ.പി ജോർജ് മരിച്ചു. പഞ്ചായത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു.

പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന പഞ്ചായത്ത് ജീവനക്കാരായ സുരാജ്, ഷൈമോൻ, ശ്രീരാജ് എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ബാലേറോ ഇടിയുടെ ആഘാതത്തിൽ മൂന്ന് തവണ മറിഞ്ഞു. വാഹനത്തിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കെ എസ് ആർ ടി സി ബസ് ആറ്റിങ്ങൽ മുതൽ അമിത വേഗത്തിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പാരിപ്പള്ളി ഗവ.ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം രാമമംഗലത്ത് എത്തിക്കും.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ. കോട്ടയം ബസ് സ്റ്റാൻഡിൽ വച്ചാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കുള്ള ബസിൽ പോകുന്നതിനിടെയാണ് നിഖിൽ പിടിയിലായത്. ഇയാൾ കോഴിക്കോട് നിന്നു കൊട്ടാരക്കരയിലേക്കാണ് ടിക്കറ്റെടുത്തത്. സംഭവത്തിനു ശേഷം അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. വെള്ളിയാഴ്ച അർദ്ധരാത്രി 12.30ഓടെയാണ് കോട്ടയത്തു വച്ച് നിഖിൽ പിടിയിലായത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എംകോം പ്രവേശനം നേടിയെന്ന കേസിലാണ് അറസ്റ്റ്.

കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിഖിലിനെ പിടികൂടിയത്. ഇയാളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. നിഖിലിനെ റിമാൻഡ് ചെയ്ത് ഇന്നു കോടതിയിൽ ഹാജരാക്കും.
ചത്തീസ്​ഗഢിലെ കലിം​ഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയെന്നാണ് ആരോപണം. പിന്നാലെ നിഖിലിനെ സംരക്ഷിക്കാൻ എസ്എഫ്ഐ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയിൽ നിന്നു പുറത്താക്കി. സിപിഎമ്മും ഇയാളെ പുറത്താക്കി. നിഖിലുമായി അടുപ്പമുള്ള സിപിഎം കായംകുളം ഏരിയാ കമ്മിറ്റിയം​ഗത്തെ പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. ഒളിവിൽ പോകുന്നതിനു തൊട്ടുമുൻപ് നിഖിൽ ഇയാളുമായി സംസാരിച്ചിരുന്നു.

അന്തരീക്ഷച്ചുഴി; നാളെ മുതൽ സംസ്ഥാനത്ത് മഴ കനക്കും

അന്തരീക്ഷച്ചുഴി; നാളെ മുതൽ സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ജൂണിൽ ഇതുവരെയായി പ്രതീക്ഷിച്ച മഴ പെയ്തിട്ടില്ല. വടക്കൻ ഒഡിഷ, പശ്ചിമ ബം​ഗാൾ തീരത്തിനടുത്തായി രൂപം കൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ്.

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ടി20 പരമ്പരക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യാ രഹാനെയെ തെരഞ്ഞെടുത്തു. രോഹിത് ശര്‍മ തന്നെയാണ് ടെസ്റ്റ് ടീം നായകന്‍.

ചേതേശ്വര്‍ പൂജാര ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി. പേസര്‍ മുഹമ്മദ് ഷമി ടെസ്റ്റ്, ഏകദിന ടീമുകളില്ല.ടെസ്റ്റ് ടീമില്‍ യുവതാരം യശസ്വി ജയ്‌സ്വാളിനെയും റുതുരാജ് ഗെയ്ക്‌വാദിനെയും ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍മാരായ മുകേഷ് കുമാര്‍, നവദീപ് സെയ്നി എന്നിവരും ടെസ്റ്റ് ടീമില്‍ ഇടം നേടി. രഞ്ജിയില്‍ തിളങ്ങിയ സര്‍ഫ്രാസ് ഖാന് ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല. ഇഷാന്‍ കിഷനും കെ എസ് ഭരതും വിക്കറ്റ് കീപ്പര്‍മാരായി ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഏകദിന ടീമിനെയും രോഹിത് ശര്‍മ തന്നെ നയിക്കുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍ ഏകദിന ടീമില്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും സഞ്ജു സാംസണുമുണ്ട്. ഉമ്രാന്‍ മാലിക് ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുകേഷ് കുമാറും പേസറായി ഏകദിന ടീമിലെത്തി.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ , മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.

ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ , ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ്. സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.