വര്‍ക്കല താലൂക്ക് ആശുപത്രി ജീവനക്കാർക്ക് മര്‍ദ്ദനം: രണ്ടുപേര്‍ അറസ്റ്റിൽ

വര്‍ക്കല താലൂക്ക് ആശുപത്രി ജീവനക്കാർക്ക് മര്‍ദ്ദനം: രണ്ടുപേര്‍ അറസ്റ്റിൽ

വര്‍ക്കല താലൂക്ക് ആശുപത്രി ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ്‌ ചെയ്തു. അയിരൂര്‍ സ്വദേശികളായ മനു(19), ശ്രീജിത്ത്(22) എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയില്‍ എത്തിയ യുവാക്കളാണ് താല്‍ക്കാലിക ജീവനക്കാരെ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ യുവാക്കള്‍ ചികില്‍സക്ക് ശേഷം ഇഞ്ചക്ഷന്‍ നല്‍കിയ സമയത്ത് നഴ്‌സിംഗ് അസിസ്റ്റന്റിനോട് തട്ടിക്കയറി.

ബഹളം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനോടും യുവാക്കള്‍ പ്രകോപനപരമായി പെരുമാറി. തുടര്‍ന്ന് യുവാക്കളെ ആശുപത്രിയില്‍ നിന്നും പുറത്താക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. നഴ്‌സിംഗ് അസിസ്റ്റന്റ് അജയ്, സെക്യൂരിറ്റി ജീവനക്കാരന്‍ സാബു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ആറ്റിങ്ങൽ നഗരസഭ കൗൺസിലർ സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടു

ആറ്റിങ്ങൽ നഗരസഭ കൗൺസിലർ സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടു

ആറ്റിങ്ങൽ: നഗരസഭ ശീവേലികോണം 16-ാം വാർഡ് കൗൺസിലർ ഒ പി.ഷീജയുടെ ഹോണ്ട ആക്ടീവയാണ് അപകടത്തിൽപ്പെട്ടത്. മാമം പാലമൂട്ടിൽ നിന്ന് ആനൂപ്പാറയിലേയ് ക്ക് പോകുന്ന ഇടറോഡിൽ വെച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടി ഇടിക്കുക ആയിരുന്നു. തൊട്ടു മുന്നിലൂടെ കടന്നുപോയ ഓട്ടോറിക്ഷ സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ബൈക്കായിരുന്നു കൗൺസിലറുടെ വാഹനത്തിൽ ഇടിച്ചത്. റോഡിന് വീതി കുറവും കയറ്റവുമായിരുന്നതാണ് അപകടത്തിനു കാരണമായത്.

അയിലം സ്വദേശികളായ യുവാക്കളായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ഒപി.ഷീജയുടെ കാലിനു ചതവും സാരമായ പരിക്കുകളും പറ്റിയിട്ടുണ്ട്. ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തി ചികിൽസ തേടിയശേഷം കൗൺസിലർ വീട്ടിലേക്കു മടങ്ങി.

വർക്കലയിൽ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ആക്രമിച്ച യുവാക്കൾ പിടിയിൽ

വർക്കലയിൽ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ആക്രമിച്ച യുവാക്കൾ പിടിയിൽ

പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ അപ്പൂപ്പന്‍നട അരുണ്‍ നിവാസില്‍ അഖില്‍(25), മേല്‍വെട്ടൂര്‍ എസ്.എന്‍.ലക്ഷംവീട്ടില്‍ ബിനു(33) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. വെട്ടൂര്‍ വലയന്റകുഴിയില്‍ സാമൂഹ്യവിരുദ്ധ ശല്യമെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥനെയാണ് പ്രതികള്‍ ആക്രമിച്ചത്.

വര്‍ക്കല പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ നിജിമോനാണ് മര്‍ദ്ദനമേറ്റത്. പ്രതികള്‍ നിജിമോനെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. പ്രതികള്‍ നിജിമോനെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മുഖത്ത് ഇടിക്കുകയും യൂണിഫോം വലിച്ചു കീറുകയുമാണുണ്ടായത്. ഐ.പി.സി 341, 294(ബി), 332, 323, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു

കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം

കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം. ചെക്ക് ഇന്‍ കൗണ്ടറിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാരെ ഒഴിപ്പിച്ചു.
ഇന്ന് വൈകീട്ട് നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലാണ്‌ സംഭവം. വിവരം അറിഞ്ഞ് മൂന്ന് അഗ്നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. കൂടുതല്‍ അഗ്നിരക്ഷാസേന യൂണിറ്റുകളും വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

തീ ഉയര്‍ന്നതിനെ തുടര്‍ന്ന് സെക്ഷന്‍ ത്രീ അടച്ചു. തീപിടിത്തം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല. ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് വിവരം.

ദുരന്ത നിവാരണ അതോറിറ്റിയിൽ അവസരം

ദുരന്ത നിവാരണ അതോറിറ്റിയിൽ അവസരം

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ രക്ഷാപ്രവർത്തനങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണ രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി
ഒ കളുമായി ചേർന്ന് ഇന്റർ ഏജൻസി ഗ്രൂപ്പ് വിപുലീകരിക്കുന്നു. സഹകരിക്കാൻ താൽപ്പര്യമുളള എൻ.ജി. ഒ കൾ https://rb.gy/hsjz9 എന്ന ലിങ്കിൽ ജൂൺ 25 നു മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ അപകടം; കാര്‍ കത്തിനശിച്ചു

കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ അപകടം; കാര്‍ കത്തിനശിച്ചു

കൊച്ചി: മത്സരയോട്ടത്തിനിടെ അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായി കത്തി നശിച്ചു. പനമ്പള്ളി നഗര്‍ പാലത്തിന് സമീപമായിരുന്നു അപകടം. അമിത വേഗതയിലായിരുന്ന തൊടുപുഴ സ്വദേശി അബ്ദുള്ളയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. പനമ്പള്ളി പാലത്തിന് സമീപം വളവ് തിരിയുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നു. അബ്ദുള്ളയും സുഹൃത്തും ഉടന്‍ കാറിന് പുറത്തിറങ്ങിയതോടെ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

വൈറ്റില മുതല്‍ തേവക്കല്‍ സ്വദേശി ഷഹീറിന്റെ കാറും അബ്ദുള്ളയുടെ കാറും തമ്മിൽ മത്സര ഓട്ടത്തിലായിരുന്നു. ഇരുവരും മത്സരിച്ച് വാഹനമോടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. അപകടകരമായ വിധത്തില്‍ വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.