വിന്‍ഡീസ് പര്യടനം: അര്‍ഷ്ദീപ് ടെസ്റ്റ് ടീമിലേക്ക്, സഞ്ജുവിനും ഇടമുണ്ടാകും; ഉമ്രാന്‍ മാലിക് തിരിച്ചെത്തും

വിന്‍ഡീസ് പര്യടനം: അര്‍ഷ്ദീപ് ടെസ്റ്റ് ടീമിലേക്ക്, സഞ്ജുവിനും ഇടമുണ്ടാകും; ഉമ്രാന്‍ മാലിക് തിരിച്ചെത്തും

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ദയനീയമായി തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനത്തില്‍ വിമര്‍ശനം ഉയരുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം അംഗമായിരുന്ന പേസര്‍ ഉമ്രാന്‍ മാലിക്കിന് അധികം അവസരം ലഭിച്ചില്ലെങ്കിലും വിന്‍ഡീസ് പര്യടനടത്തിനുള്ള ഏകദിന, ടി20 ടീമിലേക്ക് ഉമ്രാനെ പരിഗണിക്കുമെന്നാണ് സൂചന.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ ഉമ്രാന്‍ മാലിക് ഇതുവരെ ഇന്ത്യക്കായി എട്ട് ഏകദിനങ്ങളിലും എട്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലിന് മുമ്പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി 20 പരമ്പരയിലും ഉമ്രാന്‍ മാലിക് ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു. ഐപിഎല്ലിനുശേഷം കൗണ്ടി ക്രിക്കറ്റില്‍ കെന്‍റിനായി കളിക്കുന്ന ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിന് ടെസ്റ്റ് ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൗണ്ടിയില്‍ അര്‍ഷ്ദീപിന്‍റെ പ്രകടനവും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നതില്‍ നിര്‍മായകമാകും. ഐപിഎല്ലില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണെയും വിന്‍ഡീസ് പര്യടനത്തിലെ ഏകദിന, ടി20 ടീമുകളിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ആദ്യം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച സഞ്ജുവിന് പരിക്കുമൂലം പുറത്തുപോവേണ്ടി വന്നിരുന്നു. എന്നാല്‍ റിഷഭ് പന്തിന്‍റെ അഭാവത്തിലും വിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയിലെ മികച്ച റെക്കോര്‍ഡും കണക്കിലെടുത്ത് സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഏകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റും മൂന്ന് ഏകിദനവും അഞ്ച് ടി20 മത്സരവുമാണ് ഇന്ത്യ കളിക്കുക. അടുത്ത മാസം 12ന് ഡൊമനിക്കയിലെ വിന്‍ഡ്സര്‍ പാര്‍ക്കിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 20ന് ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ തുടങ്ങും. ഏകദിന പരമ്പര ജൂലൈ 27നും ടി20 പരമ്പര ഓഗസ്റ്റ് മൂന്നിനും തുടങ്ങും.

കൊറിയര്‍ സര്‍വീസിന് തുടക്കമിട്ട്  കെഎസ്ആര്‍ടിസി

കൊറിയര്‍ സര്‍വീസിന് തുടക്കമിട്ട് കെഎസ്ആര്‍ടിസി

കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ കെഎസ്ആര്‍ടിസി സാധനങ്ങളെത്തിക്കുന്ന കൊറിയര്‍ സര്‍വീസിന് തുടക്കമായി. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസുമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക. തുടക്കത്തില്‍ 55 ഡിപ്പോകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വീസ് ആരംഭിക്കുക. പൊതുജനങ്ങള്‍ക്ക് തൊട്ടടുത്തുളള ഡിപ്പോകളില്‍ നിന്ന് കൊറിയര്‍ കൈപറ്റാവുന്ന രീതിയില്‍ കൊറിയര്‍ സംവിധാനം പ്രവര്‍ത്തിക്കും. കേരളത്തിന് പുറമെ ബംഗളൂരു, മൈസൂരു, തെങ്കാശി, കോയമ്പത്തൂര്‍, നാഗര്‍കോവില്‍ തടങ്ങിയ ഡിപ്പോകളിലേക്കും പ്രാരംഭ ഘട്ടത്തില്‍ കൊറിയര്‍ സര്‍വീസ് നടത്തും.

കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസില്‍ തന്നെയാണ് കൊറിയര്‍ സര്‍വീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നഗരങ്ങളിലും ദേശീയപാതയ്ക്ക് സമീപത്തു പ്രവര്‍ത്തിക്കുന്ന 15 ഡിപ്പോകളിലെ കൊറിയര്‍ സര്‍വീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. മറ്റ് ഡിപ്പോകളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാകും പ്രവര്‍ത്തിക്കുക. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഫ്രൈാഞ്ചൈസികളും അനുവദിക്കും. നിലവിലുളള കൊറിയര്‍ സര്‍വീസ് കമ്പനികള്‍ക്കും കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സംവിധാനം പ്രയോജനപ്പെടുത്താം.

200 കിലോമീറ്റര്‍ പരിധിയില്‍ 25 ഗ്രാം പാഴ്‌സലിന് 30 രൂപയാണ് ചാര്‍ജ്. 50 ഗ്രാം 35 രൂപ, 75 ഗ്രാം 45 രൂപ, 100 ഗ്രാം 50 രൂപ, 250 ഗ്രാം 55 രൂപ, 500 ഗ്രാം 65 രൂപ, ഒരു കിലോ 70 രൂപ എന്നിങ്ങനെയാണ് നിരക്ക്. 200, 400, 600, 800, 800 കിലോമീറ്ററിന് മുകളില്‍ എന്നിങ്ങനെ തരം തിരിച്ചാണ് ചാര്‍ജ് ഈടാക്കുന്നത്.

കൊറിയര്‍ അയക്കാനുളള സാധനങ്ങള്‍ പാക്ക് ചെയ്ത് കൃത്യമായ മേല്‍വിലാസത്തോടെ ഡിപ്പോകളില്‍ എത്തിക്കണം. അയക്കുന്ന ആളിനും പാഴ്‌സല്‍ സ്വീകരിക്കുന്ന ആളിനും അപ്‌ഡേറ്റുകള്‍ മെസേജായി ലഭിക്കും. പാഴ്‌സല്‍ സ്വീകരിക്കാന്‍, സാധുതയുളള തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തി പരിശോധനകള്‍ക്ക് ശേഷം സ്വീകരിക്കാന്‍ കഴിയും. മൂന്ന് ദിവസത്തിനുളളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും. സ്വകാര്യ കൊറിയര്‍ സര്‍വീസിനെക്കാള്‍ നിരക്ക് കുറവാണെന്നതും വേഗത്തില്‍ കൊറിയര്‍ ആവശ്യക്കാരിലേക്ക് എത്തും എന്നതാണ് കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസിന് പൊതുജനങ്ങള്‍ക്ക് സ്വീകാര്യതയേറുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അനീഷ് മുഹമ്മദ്, നിതിന്‍ എന്നി രണ്ട് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് ഡിആര്‍ഐ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നാലു ദിവസം മുമ്പു നടന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഈ ഉദ്യോഗസ്ഥരിലേക്കെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തു വെച്ച് 4.8 കിലോഗ്രാം സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്.

അന്നേ ദിവസം വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈ ഉദ്യോഗസ്ഥരാണ് സ്വര്‍ണം ക്ലിയര്‍ ചെയ്തു കൊടുത്തതെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. വിവിധ റാക്കറ്റുകള്‍ വഴി വരുന്ന സ്വര്‍ണം ഇവരുടെ അറിവോടെയാണ് പുറത്തേക്ക് എത്തിച്ചതെന്നാണ് ഡിആര്‍ഐ വിലയിരുത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും ഡിആര്‍ഐക്ക് ലഭിച്ചിട്ടുണ്ട്.

അതില്‍ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ 80 കിലോ സ്വര്‍ണം തങ്ങള്‍ വഴി കടത്തിത്തന്നില്ലേ എന്നു ചോദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഡിആര്‍ഐ നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഉണ്ണി മുകുന്ദന് ആശ്വാസം; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സ്റ്റേ

ഉണ്ണി മുകുന്ദന് ആശ്വാസം; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സ്റ്റേ

കൊച്ചി:സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം. കേസിലെ തുടര്‍നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്.

2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണു കേസ് റദ്ദാക്കാന്‍ ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നു പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്നു നടന്റെ അഭിഭാഷകന്‍ വിശദീകരിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി 2021 മേയ് 7നു വിചാരണ നടപടികള്‍ 2 മാസത്തേക്കു സ്റ്റേ ചെയ്തിരുന്നു. പിന്നീട് 2022 ഓഗസ്റ്റ് 22നു കേസ് ഒത്തുതീര്‍പ്പായെന്നു നടന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍നടപടിക്കു കേസ് ഓണം അവധിക്കുശേഷം പരിഗണിക്കുമെന്നു വ്യക്തമാക്കി അന്നു സ്റ്റേ നീട്ടുകയും ചെയ്തു. സ്റ്റേ പിന്നീടു പലതവണ നീട്ടി.
തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും കേസ് വന്നപ്പോള്‍ താന്‍ ഒത്തുതീര്‍പ്പു കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കണമെന്ന നടന്റെ ഹര്‍ജി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇപ്പോള്‍ വീണ്ടും പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് അറിയിച്ചതോടെ കേസിന്റെ തുടര്‍ നടപടികള്‍ വീണ്ടും സ്റ്റേ ചെയ്തു.

വിസ്ഡം യൂത്ത് ജില്ലാ എക്സ്പേർട്ട് മീറ്റ് 18 ന്

തിരുവനന്തപുരം: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം യൂത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജില്ലാ എക്സ്പേർട്ട് മീറ്റുകളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ എക്സ്പേർട്ട് മീറ്റ് ജൂൺ 18 ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് സമീപമുള്ള എം.ഇ.എസ് ഹാളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി നടക്കുക. വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്‌മാൻ ചുങ്കത്തറ, മുഹമ്മദ് ഷബീർ, സിനാജുദ്ദീൻ, അബ്ദുല്ല അൻസാരി, യൂനുസ് പട്ടാമ്പി, ഹാരിസ് ഫാറൂഖി, സുഹൈൽ കൊല്ലം, ഗസ്നഫർ, അജ്മൽ ജവാദ് തുടങ്ങിയവർ സംബന്ധിക്കുമെന്ന് ജില്ലാ ഭാരവാഹികളായ ഹാറൂൺ വള്ളക്കടവ്, നസീം അഴിക്കോട്, താഹ പാലാംകോണം എന്നിവർ അറിയിച്ചു.

കണ്ടിന്യൂയിംഗ് റിലീജിയസ്സ് എഡ്യൂക്കേഷൻ (സി.ആർ.ഈ) പ്രോഗ്രാം ഉദ്‌ഘാടനം ചെയ്തു

കണ്ടിന്യൂയിംഗ് റിലീജിയസ്സ് എഡ്യൂക്കേഷൻ (സി.ആർ.ഈ) പ്രോഗ്രാം ഉദ്‌ഘാടനം ചെയ്തു

ആറ്റിങ്ങൽ: വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷന്റെ തുടർ മതപഠന പദ്ധതിയായ കണ്ടിന്യൂയിംഗ് റിലീജിയസ്സ് എഡ്യൂക്കേഷൻ (സി.ആർ.ഈ) ആറ്റിങ്ങൽ മണ്ഡലം തല ഉദ്ഘാടനം വിസ്ഡം സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അഷദ് അൽ ഹികമി താനൂർ ഉദ്ഘാടനം ചെയ്തു.

പാലാംകോണം അൽ ഫിത്ര സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ സമിതിയംഗം അൽ അമീൻ തിരുമല അധ്യക്ഷനായി.
വിസ്‌ഡം യൂത്ത് സംസ്ഥാന സമിതിയംഗം താഹ പാലാംകോണം, അബൂബക്കർ, നാസർ, ഷെയ്ഖ് അൽ അമീൻ, എന്നിവർ സംസാരിച്ചു. വിസ്‌ഡം സ്റ്റുഡന്റ്‌സ് ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് ഹാഫിസ് കല്ലമ്പലം സ്വാഗതവും, മണ്ഡലം ട്രഷറർ മുഹമ്മദ്‌ പെരുംകുളം നന്ദിയും പറഞ്ഞു.