പണിയ്ക്കിടെ ഉണ്ടായ അപകടത്തിൽ രക്തം വാർന്നു യുവാവ് മരണപെട്ടു

പണിയ്ക്കിടെ ഉണ്ടായ അപകടത്തിൽ രക്തം വാർന്നു യുവാവ് മരണപെട്ടു

ആശാരി പണിയ്ക്കിടെ പാൻ്റിങ് മീഷ്യൻ്റെ ഡിസ്ക് ബ്ലേഡ് പൊട്ടി തുടയിൽ തുളച്ചു കയറിയുണ്ടായ അപകടത്തിൽ രക്തം വാർന്നു ആശാരിയായ വെള്ളനാട് മാലിക്കോണം നികുഞ്ജന ഭവനിൽ രാധാകൃഷ്ണൻ (41) രക്തം വാർന്ന് മരിച്ചു. വെള്ളനാട് ചന്തയ്ക്ക് സമീപം കിരണിൻ്റെ വീട്ടിൽ ആശാരി പണിയ്ക്കിടെ ആയിരുന്നു സംഭവം.

ഫ്രെയിമുകൾ യോജിപ്പിച്ച ശേഷം മിനുസപ്പെടുത്തുന്നതിനയി ഉപയോഗിക്കുന്ന ഉപകരണമാണ് അപകടത്തിന് ഇടയാക്കിയത്. സംഭവം നടന്ന ഉടൻ തന്നെ ആംബുലൻസ് എത്തിച്ചു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടയിൽ പ്രധാന രക്തക്കുഴൽ മുറിഞ്ഞു അമിത രക്ത സ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. രാധാകൃഷ്ണൻ, ഭാര്യ നീതു, മകൾ ഒൻപതു വയസുകാരി നികുഞ്ജന, രാധാകൃഷ്ണൻ്റെ അച്ഛൻ, സഹോദരൻ്റെ കുടുംബം എല്ലാം ചേർന്ന് കൂട്ടുകുടുംബം ആയി താമസിക്കുകയായിരുന്നു. സ്വന്തം സ്വപ്ന സാക്ഷാത്കാരത്തിനായി സമീപത്തായി 3 സെൻ്റ് ഭൂമി വാങ്ങി ചെറിയ വായ്പകൾ തരപ്പെടുത്തി ഒരു കൊച്ചു വീട് നിർമ്മാണം നടത്തി വരുകയിരുന്നു. ഇതിനിടെയാണ് രാധാകൃഷ്ണൻ്റെ വിയോഗം. മൃതദേഹം മെഡിക്കൽ കോളേജിൽ.

മൂന്നുമക്കളുടെ മാതാവായ യുവതിയും കാമുകനായ 19-കാരനും അറസ്റ്റില്‍

മൂന്നുമക്കളുടെ മാതാവായ യുവതിയും കാമുകനായ 19-കാരനും അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച യുവതിയും കാമുകനും പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത (35), ഇവരുടെ കാമുകനായ ജോനകപ്പുറം, തോണ്ടലില്‍ പുരയിടംവീട്ടില്‍ റസൂല്‍ (19) എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. മറ്റൊരുബന്ധം ചോദ്യംചെയ്തതിനെ തുടർന്നാണ് മർദിച്ചതെന്നാണ് റിപ്പോർട്ട്.

മൂന്നു മക്കളുടെ മാതാവായ യുവതി ദിവസങ്ങള്‍ക്കുമുമ്പ് ഇവരെ ഉപേക്ഷിച്ച് റസൂലിനൊപ്പം ഒളിച്ചോടി. ഇവരുടെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഇവര്‍ പിടിയിലായപ്പോള്‍, യുവാവ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്നു കാട്ടി നിഷിത കോടതിയില്‍നിന്ന് ജാമ്യം നേടി. പുറത്തിറങ്ങിയശേഷം റസൂലുമായി ബന്ധം തുടരുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് അവശനാക്കിയത്.

പള്ളിത്തോട്ടം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകള്‍പ്രകാരം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: നിർണായക ഉത്തരവുമായി ഹൈക്കോടതി

ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാൻ കഴിയില്ലെന്ന് ഉത്തരവിട്ട് ഹൈക്കോടതി. സ്പെഷ്യൽ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമ സാധുതയുള്ളൂവെന്ന് കോടതി ഉത്തരവിട്ടു. നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാൻ കഴിയില്ലെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയ സമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇവർ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹ മോചനം അനുവദിക്കാൻ കുടുംബ കോടതി വിസമ്മതിച്ചു. തുടർന്ന് ഇവർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കല്ലമ്പലത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു

കല്ലമ്പലത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു

കല്ലമ്പലത്ത് വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്നു. കല്ലമ്പലം നഗരൂർ റോഡിൽ ഫിസാന മൻസിലിൽ ജാഫറുദ്ദീന്റെ വീട്ടിലായിരുന്നു മോഷണം.
വീട്ടുകാർ രണ്ടാം നിലയിലെ മുറികളിലാണ് കിടന്നിരുന്നത്. പുലർച്ചെ താഴത്തെ നിലയിൽ വന്നപ്പോൾ മുറികളും പുറത്തേയ്ക്കുള്ള വാതിലും തുറന്ന നിലയിലായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. താഴത്തെ നിലയിലെ മുറികളിൽ നിന്നാണ് കവർച്ച നടത്തിയത്. ഒരു മുറിയിൽ ഉണ്ടായിരുന്ന അലമാര തുറന്നാണ് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചത്. ഏകദേശം 18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കല്ലമ്പലം പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

മൃഗശാലയില്‍ നിന്നും കാണാതായ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി

മൃഗശാലയില്‍ നിന്നും കാണാതായ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും കാണാതായ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലുള്ള മരത്തിന്റെ ചില്ലയിലാണ് കുരങ്ങിനെ കണ്ടെത്തിയത്. കാട്ടുപോത്തിന്റെ കൂടിന്റെ സമീപത്തായാണ് കുരങ്ങിനെ കണ്ടത്.

അനിമല്‍ കീപ്പര്‍മാരാണ് മരത്തില്‍ കുരങ്ങിനെ കണ്ടത്. കുരങ്ങിനെ കൂട്ടില്‍ കയറ്റാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍. ഇന്നലെ വൈകിട്ടാണ് ഹനുമാന്‍ കുരങ്ങിനെ മൃഗശാലയില്‍ നിന്നും കാണാതാകുന്നത്. അടുത്തിടെ തിരുപ്പതിയില്‍ നിന്ന് കൊണ്ടുവന്ന കുരങ്ങ് ആണ് ചാടിപ്പോയത്. പെൺകുരങ്ങ് ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി മുതൽ കുരങ്ങിനെ കണ്ടെത്താനുള്ള തിരച്ചിൽ നടത്തിവരികയായിരുന്നു.

തിരുവനന്തപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം മംഗലപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗർ സ്വദേശി രാജുവിനെയാണ് (62) വീട്ടിനു മുന്നിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനോടുചേർന്ന കടയ്ക്കു മുന്നിൽ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഭാര്യയുമായി പിണക്കത്തിലായ ഇയാൾ കടയോടു ചേർന്ന ചായ്പ്പിലാണ് കിടന്നിരുന്നത്. രാവിലെ വീട്ടിനു പുറത്തിറങ്ങിയ ഇയാളുടെ ഭാര്യ ഷീലയാണ് കത്തിക്കരിഞ്ഞ നിലയിൽ രാജുവിന്റെ മൃതദേഹം കണ്ടത്.

തുടർന്ന് നാട്ടുകാർ വിളിച്ചറിയിച്ച് മംഗലപുരം പോലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് മംഗലപുരം പോലീസ് കേസെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് മംഗലാപുരം പോലീസ് പറഞ്ഞു. പ്രവാസിയായിരുന്ന രാജു ഒന്നര വർഷം മുൻപാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. തുടർന്ന് വീട്ടിനോടു ചേർന്ന് ചായക്കട നടത്തുകയായിരുന്നു. വീട്ടിൽ ഭാര്യയും ഭിന്ന ശേഷിക്കാരനായ മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.