by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അടുത്ത അധ്യയന വർഷം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വിദ്യാർഥി കേന്ദ്രീകൃതമായി തയാറാക്കിയ കരിക്കുലം സർവകലാശാലകൾക്ക് കൈമാറിക്കഴിഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജ് ക്യാമ്പസുകളിലും പുതിയ ബോധനരീതിയും പഠനപ്രക്രിയയുമാണ് നിലവിൽ വരിക. വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ച് പഠനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സർഗാത്മ ഊർജ്ജവും ഉൾച്ചേരുന്ന പുതിയ കരിക്കുലം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഉണർവേകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്ന് ഏർപ്പെടുത്തിയ കൈരളി ഗവേഷണ അവാർഡുകൾ (2021) വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ കേരള സർവകലാശാല രാജ്യത്ത് 24ാം റാങ്ക് നേടിയതും മറ്റു മൂന്നു സർവകലാശാലകൾ ആദ്യ നൂറ് റാങ്കിംഗിൽ ഉൾപ്പെട്ടതും രാജ്യത്തെ ഏറ്റവും മികച്ച 200 കോളജുകളിൽ കേരളത്തിലെ 42 കോളജുകൾ ഇടംപിടിച്ചതും അത്യന്തം അഭിമാനകരമായ നേട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.
നവകേരള നിർമിതിയിലെ വൈജ്ഞാനിക സമൂഹം സജ്ജമാക്കുന്നതിലേക്കുള്ള ഏറ്റവും പ്രധാന ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ്. ആ നിലയിൽ വകുപ്പിന് മുന്തിയ പരിഗണന നൽകിയാണ് സംസ്ഥാനസർക്കാർ മുന്നോട്ടുപോകുന്നത്.
കൈരളി അവാർഡുകളിൽ ആഗോള ആജീവനാന്ത പുരസ്‌കാരം (ശാസ്ത്രം) പ്രൊഫ സലിം യൂസഫിനും ആജീവനാന്ത പുരസ്‌കാരങ്ങൾ പ്രൊഫ. എം ലീലാവതിക്കും (ആർട്‌സ് ആൻഡ് ഹ്യൂമാനിറ്റീസ്), പ്രൊഫ. എം.എ ഉമ്മനും (സോഷ്യൽ സയൻസ്) ഡോ. എ അജയഘോഷിനുമാണ് (ശാസ്ത്രം). പ്രൊഫ ഉമ്മൻ, ഡോ. അജയഘോഷ് എന്നിവർ മന്ത്രിയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു.
പ്രൊഫ ലീലാവതി ഓൺലൈനായും പങ്കെടുത്തു. കൈരളി ഗവേഷണ പുരസ്‌കാരം ഡോ. ഷംസാദ് ഹുസൈൻ (ആർട്‌സ് ആന്റ് ഹ്യൂമാനിറ്റീസ്), ഡോ. റീനമോൾ ജി (കെമിക്കൽ സയൻസ്), ഡോ. രാധാകൃഷ്ണൻ ഇ (ബയോളജിക്കൽ സയൻസ്), ഡോ. അലക്‌സ് പി ജെയിംസ് (ഫിസിക്കൽ സയൻസ്), ഡോ. അൻവർ സാദത്ത് (സോഷ്യൽ സയൻസ്), ഡോ. മഞ്ജു കെ (ആർട്‌സ് ആന്റ് ഹ്യൂമാനിറ്റീസ്), ഡോ. മയൂരി പി.വി (ബയോളജിക്കൽ സയൻസ്), ഡോ. സിജില റോസ്ലി സി.വി (കെമിക്കൽ സയൻസ്), ഡോ. സ്വപ്ന എം.എസ് (ഫിസിക്കൽ സയൻസ്) എന്നിവരും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. പരിപാടിയിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ രാജൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, പി.എസ് വനജ എന്നിവർ പങ്കെടുത്തു. ലീലാവതി ടീച്ചർ, പ്രൊഫ ഉമ്മൻ, ഡോ. അജയഘോഷ് എന്നിവർ മറുപടി പ്രസംഗം നടത്തി.
by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 50 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ചീഫ് വിപ്പ് എന്‍ ജയരാജനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തത്.
ചീഫ് വിപ്പിനെയും ഡിവൈഎസ്പി അനില്‍കുമാര്‍, എസ്‌ഐ കെ വി രാജേഷ് കുമാര്‍ എന്നിവരെ തടഞ്ഞു എന്നുകാണിച്ച് പൊലീസ് സ്വമേധയാ എടുത്ത കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വിദ്യാര്‍ത്ഥികള്‍ തന്നെ തടഞ്ഞിട്ടില്ലെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ ചീഫ് വിപ്പ് അഭിപ്രായപ്പെട്ടിരുന്നത്.
വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണവിധേയയായ ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് കോളജിലെത്തി വിദ്യാര്‍ത്ഥികളുടേയും കോളജ് ജീവനക്കാരുടേയും വിശദമായ മൊഴിയെടുക്കും. ഡിവൈഎസ്പി ടി എം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോളജിലെത്തി ഹോസ്റ്റല്‍ മുറിയിലും ലാബിലും പരിശോധന നടത്തിയിരുന്നു.
അതേസമയം, മരിച്ച ശ്രദ്ധ സതീഷ് എഴുതിയെന്നു പറയുന്ന ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്ന് കുടുംബം പറഞ്ഞു. സുഹൃത്തുക്കൾക്ക് സ്നാപ് ചാറ്റിൽ 2022 ഒക്ടോബറിൽ അയച്ച മെസേജ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. ‘നിന്നോടു വാങ്ങിയ പാന്റ്സ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോവുകയാണ്’ എന്നു മാത്രമാണ് കുറിപ്പിലുണ്ടായിരുന്നത്. ശ്രദ്ധ സഹപാഠിക്കെഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽനിന്നു കഴിഞ്ഞ ദിവസം കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണവും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് എസ്എഫ്ഐ, കെഎസ്‌യു, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം കാരണം കോളജിന്റെ പ്രവർത്തനം തടസ്സപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോളജ് മാനേജ്മെന്റും മാനേജർ ഫാ.ഡോ. മാത്യു പൈക്കാട്ടുമാണ് ഹർജി നൽകിയത്.
by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു. കെ കെ നഗറില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. മറ്റൊരു നടന്‍ പളനിയപ്പന്റെ കാര്‍ ശരണ്‍രാജിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരണ്‍രാജ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പളനിയപ്പന്‍ മദ്യലഹരിയിലാണ് കാര്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പ്രശസ്ത സംവിധായകന്‍ വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശരണ്‍രാജ്. വടചെന്നൈ, അസുരന്‍ തുടങ്ങിയ സിനിമകളില്‍ സഹതാരമായും ശരണ്‍രാജ് അഭിനയിച്ചിട്ടുണ്ട്.
by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വീട്ടു വളപ്പില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ചെടുത്ത് കടന്നു കളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. വിലവൂര്‍കോണം, മണ്ണയം, നിഥീഷ് ഭവനില്‍ മഹിലാല്‍ (22) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച അടുതലയിലുള്ള വീട്ടില്‍ ജോലിക്കായി എത്തിയ ബിജോയ് എന്ന ആള്‍ വീടിന്റെ സിറ്റൗട്ടിന് മുന്‍വശത്തായി പാര്‍ക്ക് ചെയ്യ്തിരുന്ന സ്‌കൂട്ടറാണ് മോഷ്ടിച്ചെടുത്ത് കടന്ന് കളഞ്ഞത്.
ജോലി കഴിഞ്ഞ് തിരികെ എത്തിയ ബിജോയ് വാഹനം മോഷണം പോയതായി മനസ്സിലാക്കി പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും മോഷണം പോയ വാഹനം കണ്ടെത്തുകയും ചെയ്തു. സാഹചര്യ തെളിവുകളുടേയും മറ്റും സഹായത്തോടെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിനും മോഷണ മുതല്‍ കണ്ടെത്തുന്നതിനും സഹായകമായത്. പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ മോഷണ കുറ്റത്തിന് ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും പൂർണ്ണമായും നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. പ്രാദേശിക സമയം 10:45 ന് ജിദ്ദയിൽ എത്തി. വനിതകൾ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, ഐഎക്സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 6:45 ന് ജിദ്ദയിലേക്ക് പുറപ്പെട്ടത്.
ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും.എയർ ഇന്ത്യ എക്സ്പ്രസിലെ വനിതാ പ്രൊഫഷണലുകളാണ് നിർണായക ഗ്രൗണ്ട് ടാസ്‌ക്കുകൾ നിർവഹിച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഓപ്പറേഷൻ കൺട്രോൾ സെന്‍ററിൽ സരിതാ സലുങ്കെ വിമാനം മോണിറ്റർ ചെയ്തു,
അതേസമയം മൃദുല കപാഡിയ വിമാനത്തിന്‍റെ പുരോഗതി നിരീക്ഷിച്ചു. ലീന ശർമ്മയും നികിത ജവാൻജലും ഫ്ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രൻ എയർക്രാഫ്റ്റ് മെയിന്‍റനൻസ് ചുമതലയുള്ള ഓൺ-ഡ്യൂട്ടി സർവീസ് എഞ്ചിനീയറായി സേവനം നടത്തി. രഞ്ജു ആർ ലോഡ് ഷീറ്റ് പരിശോധിച്ച് ഒപ്പിട്ടുവെന്നും എയർ ഇന്ത്യ എക്പ്രെസ് പ്രതികരിച്ചു.
by liji HP News | Jun 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: റോഡ് ക്യാമറ വെച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ പരിഹരിക്കാനാകാതെ മോട്ടോർ വാഹനവകുപ്പ്. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയച്ചത്. പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
കൊട്ടിഘോഷിച്ചാണ് ക്യാമറകൾ വെച്ചതെങ്കിലും സാങ്കേതികപ്രശ്നങ്ങൾ തുടരുകയാണെന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. ക്യാമറയിൽ പതിഞ്ഞ ചില ദൃശ്യങ്ങളിലും അത് വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻഐസി സംവിധാനത്തിലും പ്രശ്നങ്ങളുണ്ട്. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ നമ്പറുകൾ മാത്രമേ വ്യക്തമായി ക്യാമറയിൽ പതിയുന്നുള്ളൂ.
പഴയ രീതിയിലെ നമ്പർ പ്ളേറ്റുകളിൽ ഒരു സ്ക്രൂവോ മറ്റോ ഉണ്ടെങ്കിൽ അത് പൂജ്യമായി ക്യാമറ വിലയിരുത്തും. ദൃശ്യങ്ങൾ പരിശോധിച്ച് പരിവാഹൻ സൈറ്റിലേക്ക് മാറ്റി ഇ-ചെലാൻ അയക്കാൻ ശ്രമിക്കുമ്പോഴും പ്രശ്നമാണ്. സൈറ്റിൽ നിന്നും ഇ-ചെലാൻ ജനറേറ്റ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റില്ലാത്ത കുറ്റകൃത്യങ്ങൾക്കൊപ്പം അമിത വേഗത്തിനുള്ള കുറ്റവും വരുന്നു. അത് കൊണ്ട് കൃത്യമായി ഇ-ചെലാൻ ജനറേറ്റ് ചെയ്യുന്നതിലും തടസ്സമുണ്ട്.
ഒരു ദിവസം പരമാവധി 25,000 വരെ നോട്ടീസുകൾ പുതിയ സംവിധാനം വഴി അയക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതുവരെ അയച്ചത് 3000 നോട്ടീസുകൾ. ക്യാമറ കണ്ടെത്തിയ കുറ്റത്തിൽ അപാകതയുണ്ടെന്ന് സംശയമുള്ള കേസുകൾ ഒഴിവാക്കുകയാണ്. ചെലാൻ അയച്ച് കുടുങ്ങിപ്പോകുമെന്ന പേടിയാണ് കാരണം. പരിവാഹനിലെ പ്രശ്നങ്ങൾ ഒരാഴ്ചക്കുള്ളിൽ പൂർണ്ണമായും പരിഹരിക്കുമെന്നാണ് എൻഐസി പറയുന്നത്.
Recent Comments