ജന്മനായുള്ള ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടിയിൽ വിജയം

ജന്മനായുള്ള ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടിയിൽ വിജയം

തിരുവനന്തപുരം: ഏഴു കിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള (സയനോട്ടിക് ഹാർട്ട് ഡിസീസ്) ഒന്നേകാൽ വയസുള്ള കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. 2021 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ നൂറോളം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ ഇവിടെ പൂർത്തീകരിച്ചിട്ടുണ്ട്. എസ്.എ.ടി. ആശുപത്രിയിൽ ആദ്യമായാണ് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശാസ്ത്രക്രിയ ചെയ്യുന്നത്. കേരളത്തിൽ തന്നെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ഈ സൗകര്യമുള്ളൂ.

ജന്മനാ ഗുരുതര ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ എസ്.എ.ടി. ആശുപത്രിയിൽ യാഥാർത്ഥ്യമാക്കിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി അഭിനന്ദിച്ചു. മന്ത്രി കുഞ്ഞിനെ സന്ദർശിക്കുകയും മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു.

കൊല്ലം ഉറിയാക്കോവിൽ സ്വദേശിയായ രാഹുലിന്റേയും അശ്വതിയുടേയും ഇരട്ട കുഞ്ഞുങ്ങൾക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഗർഭാവസ്ഥയിൽ തന്നെ ഹൃദയ വൈകല്യം ഫീറ്റൽ എക്കോയുടെ സഹായത്തോടെ കണ്ടുപിടിക്കുകയും തുടർന്ന് പ്രസവാനന്തരം എസ്.എ.ടി. ആശുപത്രിയിൽ തന്നെ കുഞ്ഞിന് തുടർചികിത്സ നടത്തി വരികയായിരുന്നു. ഈ കഴിഞ്ഞ മേയ് 31നാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞ് പൂർണമായി സുഖം പ്രാപിച്ചു വരുന്നു. ഹൃദയം നിർത്തിവെച്ചുള്ള അതിസങ്കീർണമായ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് കാർഡിയോതൊറാസിക് സർജറി വിഭാഗം പ്രൊഫസർ ഡോ. വിനു, ഡോ. നിവിൻ, ഡോ. സുരേഷ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. അരുൺ ഡോ. ഡിങ്കിൾ എന്നിവരാണ്.

സർക്കാരിന്റെ കീഴിൽ എസ്.എ.ടി ആശുപത്രിയിലാണ് കുട്ടികൾക്ക് മാത്രമായുള്ള ഹൃദയ ശസ്ത്രക്രിയ തീയറ്ററും കാത്ത് ലാബും ഉള്ളത്. കാത്ത് ലാബിലൂടെ ഇതിനോടകം 450 ൽ പരം കീഹോൾ ശസ്ത്രക്രിയകളും പൂർത്തീകരിച്ചു. പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ഡോ. ലക്ഷ്മി, ഡോ. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നവജാത ശിശുക്കളിൽ കാണപ്പെടുന്ന ഗുരുതരമായ ഹൃദ്രോഗങ്ങൾക്ക് ആവശ്യമായ അടിയന്തര ചികിത്സയായ പിഡിഎ സ്റ്റെന്റിങ് കഴിഞ്ഞ ആറുമാസത്തിനകം 10 നവജാത ശിശുക്കളിൽ വിജയകരമായി പൂർത്തീകരിച്ചു. എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ആർ.എം.ഒ. ഡോ. റിയാസ്, ഡോ. ലക്ഷ്മി എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

എസ് എസ് എൽ സിയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരം ഒരുക്കും – മുഖ്യമന്ത്രി

എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൊക്കേഷണൽ ഹയർസെക്കൻഡറി, ഐടിഐ, പൊളിടെക്‌നിക്ക് എന്നിവിടങ്ങളിലെ സീറ്റുകൾ കൂടി കണക്കാക്കി ഹയർസെക്കന്ററിയിൽ സീറ്റുകൾ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നൽകുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യും. പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ഡയക്ടർ ജനറൽ ഓഫ് എജുക്കേഷൻ എസ് ഷാനവാസ് എന്നിവർ പങ്കെടുത്തു.

2021 കൈരളി റിസർച്ച് പുരസ്കാരം ജൂൺ എട്ടിന് സമ്മാനിക്കും

2021 കൈരളി റിസർച്ച് പുരസ്കാരം ജൂൺ എട്ടിന് സമ്മാനിക്കും

ഗവേഷണരംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2021ലെ കൈരളി റിസർച്ച് പുരസ്കാരങ്ങൾ ജൂൺ എട്ടിന് വിതരണം ചെയ്യും. രാവിലെ 10നു തിരുവനന്തപുരം മസ്‌ക്കറ്റ്‌ ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പുരസ്കാരങ്ങൾ സമ്മാനിക്കും.

കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, പ്രമുഖ ശാസ്ത്രജ്ഞരുടെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾക്കുള്ള കൈരളി ഗവേഷക പുരസ്കാരം, റിസർച്ച് ഫാക്കൽറ്റിക്ക് നൽകുന്ന കൈരളി ഗവേഷണ പുരസ്കാരം എന്നീ അവാർഡുകളാണ് വിതരണം ചെയ്യുന്നത്.

അശോക ചക്ര നേടിയ ആദ്യ മലയാളി സൈനികൻ ആൽബി ഡിക്രൂസ് അന്തരിച്ചു

അശോക ചക്ര നേടിയ ആദ്യ മലയാളി സൈനികൻ ആൽബി ഡിക്രൂസ് അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ധീരതയ്‌ക്കുള്ള ആദ്യ അശോക ചക്ര ഏറ്റുവാങ്ങിയ സൈനികൻ ആൽബി ഡിക്രൂസ് (87) അന്തരിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ചെറിയതുറ അസംപ്ഷൻസ് ദേവാലയത്തിൽ സൈനിക ബഹുമതികളോടെ സംസ്കാരം നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം.

1960-ൽ സ്വതന്ത്ര നാഗാലാൻഡ് ആവശ്യപ്പെട്ട നാഗ ഒളിപ്പോരാളികളുമായി നടന്ന ആഭ്യന്തരയുദ്ധത്തിൽ കാട്ടിയ അസാമാന്യ ധീരത പരിഗണിച്ചാണ് രാജ്യം അശോകചക്ര നൽകി അദ്ദേഹത്തെ ആദരിച്ചത്. അസം റൈഫിൾസിൽ ലാൻസ്‌നായിക് 1959ലാണ് ജോലിയിൽ പ്രവേശിച്ചത്. 1975ൽ സൈനിക സേവനത്തിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹം 20 വർഷത്തോളം ദുബായിലും ജോലി ചെയ്തു. തുടർന്ന് നാട്ടിലെത്തി.

ഭാര്യ: മെറ്റിൽഡ, മക്കൾ: ഗ്ലാഡിസ്റ്റൺ, ശോഭ, പരേതനായ ഇഗ്‌നേഷ്യസ്. മരുമക്കൾ: ഹേസൽ, വർഗീസ്, റൂബിനെറ്റ്.

ഇനി സുഖമായി വാ​ഗമണ്ണിലേയ്ക്ക് പോകാം; ഈരാറ്റുപേട്ട – വാഗമൺ റോഡ് ഉദ്ഘാടനം ഇന്ന്

ഇനി സുഖമായി വാ​ഗമണ്ണിലേയ്ക്ക് പോകാം; ഈരാറ്റുപേട്ട – വാഗമൺ റോഡ് ഉദ്ഘാടനം ഇന്ന്

കോട്ടയം: കാത്തിരിപ്പിന്‌ വിരാമംകുറിച്ച്‌ ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ പുനർനിർമാണം പൂർത്തിയായി. ഇന്ന് വൈകിട്ട്‌ നാല് മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് റോഡ്‌ ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.

‌‍വർഷങ്ങളായി തകർന്ന്‌ കിടന്ന റോഡ് 20 കോടി രൂപ അനുവദിച്ചാണ്‌ ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്. ഇതോടെ, പാലാ, ഈരാറ്റുപേട്ട മേഖലകളിൽനിന്നുള്ള വാഗമൺ യാത്ര ഇനി സുഗമമാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റീ ടെൻഡറിൽ റോഡുപണി കരാറെടുത്ത് നാലുമാസത്തിൽ പൂർത്തിയാക്കിയത്.

2021 ഒക്ടോബറിലാണ് റോഡിന്റെ പുനരുദ്ധാരണത്തിന് 19.9 കോടി രൂപയുടെ ഭരണാനുമതിയും ഡിസംബറിൽ സാങ്കേതികാനുമതിയും ലഭിച്ചത്. കിഫ്ബിയിൽനിന്നുള്ള സാമ്പത്തികസഹായത്തോടെ ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിക്കാനായിരുന്നു പദ്ധതി. 2022 ഫെബ്രുവരിയിൽ 16.87 കോടി രൂപയ്ക്ക് കരാറായി. ആറുമാസംകൊണ്ട് റോഡുപണി പൂർത്തിയാക്കണമെന്നായിരുന്നു നിബന്ധനയെങ്കിലും നിർമാണപ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയ കരാറുകാരനെ ഒഴിവാക്കി. പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി രണ്ടാമത് ടെൻഡർ എടുത്ത് റോഡ് നിർമാണം പൂർത്തീകരിച്ചു

വീണ്ടും പടയപ്പയുടെ ആക്രമണം; മൂന്നാറിൽ പലചരക്ക് കട തകർത്തു

വീണ്ടും പടയപ്പയുടെ ആക്രമണം; മൂന്നാറിൽ പലചരക്ക് കട തകർത്തു

മൂന്നാർ: മൂന്നാറില്‍ പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ കടയ്‌ക്ക് നേരെയാണ് ഇന്നലെ രാത്രി 9.45 ഓടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കടയുടെ വാതിൽ പൂർണമായി തകർന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഇത് പത്തൊന്‍പതാം തവണയാണ് കാട്ടാനകൾ തന്റെ കട ആക്രമിക്കുന്നത് പുണ്യവേൽ പറയുന്നു. എന്നാൽ പടയപ്പയുടെ ആക്രമണം ആദ്യമായാണ്. മുൻപ് പല തവണ സമീപത്തുക്കൂടി പോയിട്ടുണ്ടെങ്കിലും കട ആക്രമിച്ചിരുന്നില്ലെന്നും പുണ്യവേൽ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.