by liji HP News | Jun 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തെത്തുടര്‍ന്ന് മഹാരാജാസ് കോളജിലെ ആര്‍ക്കിയോളജി വകുപ്പ് കോര്‍ഡിനേറ്ററെ പദവിയില്‍ നിന്ന് മാറ്റും. ആര്‍ക്കിലോളജി വകുിപ്പ് കോര്‍ഡിനേറ്റര്‍ ഡോ. വിനോദ് കുമാര്‍ കൊല്ലോനിക്കലിനെയാണ് പദവിയില്‍ നിന്നും മാറ്റുന്നത്. പരാതി പരിഹാര സെല്ലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷ എഴുതാതെ വിജയിച്ചു എന്ന മാര്‍ക്ക്‌ലിസ്റ്റാണ് വിവാദമായത്. സംഭവത്തില്‍ ആര്‍ഷോ കോര്‍ഡിനേറ്റര്‍ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. വകുപ്പ് കോര്‍ഡിനേറ്റര്‍ക്കെതിരെ താന്‍ നല്‍കിയ പരാതിയാണ് ഇതിന് അടിസ്ഥാനം. കോളജ് കേന്ദ്രീകരിച്ച് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ആര്‍ഷോ ആരോപണം ഉന്നയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 28 നാണ് ആര്‍ഷോയുടെ നേതൃത്വത്തില്‍ കോര്‍ഡിനേറ്റര്‍ക്കെതിരെ പരാതി നല്‍കുന്നത്. ഡോ. വിനോദ്കുമാര്‍ കൊല്ലോനിക്കല്‍ ക്ലാസില്‍ ഗ്രൂപ്പിസം ഉണ്ടാക്കുന്നു, ക്ലാസില്‍ പക്ഷപാതിത്വത്തോടെ പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. സംഘടനാ പ്രവര്‍ത്തനം നടത്തുന്ന വിദ്യാര്‍ത്ഥികളോട് കോര്‍ഡിനേറ്റര്‍ വിവേചനപരമായാണ് പെരുമാറുന്നതെന്നും ആര്‍ഷോ ആരോപിച്ചിരുന്നു.
കെഎസ് യു സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥിക്ക് അധിക മാര്‍ക്ക് അനുവദിച്ചതില്‍ കോര്‍ഡിനേറ്റര്‍ക്ക് പങ്കുണ്ടെന്നും ആര്‍ഷോ ആരോപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് കോളജ് അധികൃതര്‍ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സമിതി വിലയിരുത്തി.
അതേസമയം വിവേചനപരമായി പെരുമാറുന്നു തുടങ്ങിയ ആക്ഷേപങ്ങള്‍ പരിശോധിച്ച പരാതി പരിഹാര സെല്‍ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിന് കൈമാറിയിരുന്നു. പരാതി ഭരണനിര്‍വഹണത്തിലെ അസംതൃപ്തിയില്‍ നിന്നും ഉണ്ടായതാണെന്ന് സെല്‍ വിലയിരുത്തി. ഇടതുസംഘടനാ പ്രവര്‍ത്തകനെങ്കിലും, ചട്ടപ്പടി പ്രവര്‍ത്തനം നടക്കണമെന്ന നിലപാടുകാരനാണ് ഡോ. വിനോദ് കുമാര്‍ എന്നും സമിതി അഭിപ്രായപ്പെട്ടു. ആര്‍ഷോ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളെ ഡോ. വിനോദ് കുമാര്‍ കൊല്ലോനിക്കല്‍ റോള്‍ഔട്ട് ആക്കിയിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം സാങ്കേതിക പിഴവാണെന്നാണ് മഹാരാജ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. മാര്‍ക്ക് ലിസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് പാസ്സ്ഡ് എന്നത്, ആര്‍ഷോ തോറ്റതായി തിരുത്തിയിരുന്നു.
by liji HP News | Jun 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ടും ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ കാലവർഷം കേരളതീരത്തേക്ക് എത്തും.
by liji HP News | Jun 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സർവകലാശാലകൾക്കു കഴിയുന്ന ഇടങ്ങളിൽ ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകളിൽ നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാലു വർഷ ബിരുദ കോഴ്സുകൾ സംബന്ധിച്ചു കേരള ഹയർ എഡ്യൂക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയാറാക്കി സർവകലാശാലകൾക്കു നൽകിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതു പ്രകാരമാണു സർവകലാശാലകൾ കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തയാറാക്കുക. നാലു വർഷ ബിരുദ കോഴ്സുകൾ അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കാനുള്ള തീരുമാനത്തോടെ, ഇതിന് ആവശ്യമായ അധ്യാപക പരിശീലന പ്രക്രിയ വിശദമായി പൂർത്തിയാക്കാൻ കഴിയും. സമഗ്രവും സമൂലവുമായ പരിഷ്‌കാര നടപടികളിലേക്കു പോകാൻ കഴിയുന്നവിധത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തരീക്ഷ സൃഷ്ടി സാധ്യമാകും.
സർവകലാശാലകൾക്ക് അവരവരുടെ പ്രത്യേകതകൾക്കനുസരിച്ച് കരിക്കുലം ഫ്രെയിം വർക്ക് കസ്റ്റമൈസ് ചെയ്യാനും ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ കോഴ്സിനും സിലബസ് തയാറാക്കുന്നതിനും അതിന് അനുസൃതമായ ലേണർ സെന്റേഡ് കാഴ്ചപ്പാടിലേക്ക് അധ്യാപകർക്കു മാറുന്നതിനും സമയം ലഭിക്കുകയും ചെയ്യും.
നൈപുണ്യ വികസനത്തിനു വലിയ പ്രാധാന്യമാണു പുതിയ കരിക്കുലം നൽകുന്നത്. നൈപുണ്യ വികസനത്തിനുള്ള സംവിധാനങ്ങൾ എല്ലാ കലാലയങ്ങളിലും ഉണ്ടാകും. ബിരുദ തലത്തിൽ മൂന്നു വർഷം പൂർത്തീകരിക്കുന്നവർക്ക് എക്സിറ്റ് പോയിന്റ് കൊടുക്കുകയും കൂടുതൽ പഠിക്കാനും ഗവേഷണത്തിനും താത്പര്യമുള്ളവർക്ക് അതിന് അവസരമൊരുക്കുകയും ചെയ്യുന്ന വിധത്തിലുമാണു നാലു വർഷ ഡിഗ്രി കോഴ്സുകൽ വിഭാവനം ചെയ്തിട്ടുള്ളത്. ഗവേഷണാത്മക പ്രവർത്തനങ്ങൾ, ഇന്റേൺഷിപ് എന്നിവയ്ക്കാണ് നാലാം വർഷം ഊന്നൽ നൽകുയെന്നും മന്ത്രി പറഞ്ഞു.
by liji HP News | Jun 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാർത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചർച്ചയോടെ അവസാനിപ്പിച്ചു. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നതാണ് ചർച്ചയിലെ പ്രധാന തീരുമാനം. ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും പൂർണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാർ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ വിദ്യാർത്ഥികൾ തയ്യാറായത്.
ബിരുദ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് കോട്ടയം എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. അന്വേഷണ ഘട്ടത്തിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയാൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ അപ്പോൾ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, വിദ്യാർത്ഥികൾ ഏറ്റവും അധികം പരാതി ഉന്നയിച്ച ഹോസ്റ്റൽ വാർഡൻ സിസ്റ്റർ മായയെ തൽക്കാലത്തേക്ക് മാറ്റി നിർത്തും. അതും ബിഷപ്പുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും. പ്രധാനമായും ഈ മൂന്ന് ഉറപ്പുകൾ നൽകിയാണ് മന്ത്രിമാർ വിദ്യാർത്ഥികളെ സമരത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.
by liji HP News | Jun 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. 2020 അഡ്മിഷനിൽ ഉള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്കു മാറ്റി മാറ്റി പറയുന്നുവെന്നും ആർഷോ പറഞ്ഞു. മാധ്യമങ്ങളും തനിക്കെതിരെ വ്യാജവാർത്ത നൽകാൻ തയ്യാറായി. തനിക്കെതിരെ വ്യാജ വാർത്ത നൽകി വിദ്യാർത്ഥി പ്രസ്ഥാനത്തെ ഇല്ലാതാക്കി കളയാം എന്നാണ് കരുതിയതെന്നും അദ്ദേഹം വിമർശിച്ചു. തന്നെയും എസ്‌എഫ്ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
താൻ പരീക്ഷാ ഫീസ് അടച്ചുവെന്ന തെറ്റായ പ്രചാരണം പ്രിൻസിപ്പൽ ഇന്നും നടത്തി. ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം വേണം. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ വീഴ്ചകൾ പരിശോധിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകും. അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ എസ്എഫ്ഐ സമര രംഗത്തേക്ക് വന്നതോടെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നതെന്നും അദ്ദേഹം വിമർശിച്ചു.
പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വീണ്ടും തിരുത്തുമായി മഹാരാജാസ് കോളേജ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആർഷോ മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ടെത്തി തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും പ്രതികരിച്ചത്. പിഎം ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് മഹാരാജാസ് കോളജ് അവസാനം വരുത്തിയിരിക്കുന്ന തിരുത്ത്.
ആർഷോ നാലാം സെമസ്റ്ററിലാണ് റീ അഡ്മിഷൻ നേടിയതെന്നായിരുന്നു ആദ്യത്തെ തിരുത്ത്. നേരത്തെ മാധ്യമങ്ങള്‍ക്ക് നൽകിയ രേഖയിൽ ആശയക്കുഴപ്പമുണ്ട്. പരീക്ഷയ് ക്ക് അപേക്ഷിച്ചവരുടെ പട്ടികയിലും ആർഷോയുടെ പേരുണ്ട്, പരീക്ഷാ ഫീസ് അടയ്ക്കാത്തവരുടെ പട്ടികയിലും ആർഷോയുടെ പേരുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.
by liji HP News | Jun 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് വില 5560 രൂപയാണ്. പവന് 44,480 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 4610 രൂപയാണ്. ശനിയാഴ്ച സ്വർണവിലയിലുണ്ടായിരുന്ന കുറവ് ഇപ്പോഴും നിലനിൽക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറയുന്നതാണ് സംസ്ഥാനത്തും സ്വർണവില ഇടിവിൽ തന്നെ തുടരാൻ കാരണം.
ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.
Recent Comments