പൂവമ്പാറയിലെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു

പൂവമ്പാറയിലെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു

ആറ്റിങ്ങൽ: പൂവമ്പാറയിലെ വെള്ളക്കെട്ട് അപകടക്കെണിയായിട്ടും അധികൃതർ അനങ്ങുന്നില്ല. തിങ്കളാഴ്ച രാത്രിയിൽ വെള്ളക്കെട്ടിലിറങ്ങിയ കാർ നിയന്ത്രണംവിട്ട് വശത്തേക്കിടിച്ചുകയറി. രാത്രി 11.30-ഓടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെ ഇവിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. മൂന്ന് അപകടങ്ങളിലും വാഹനങ്ങൾക്ക് സാരമായ കേടുപാടുകളുണ്ടായി. യാത്രക്കാർ ഭാഗ്യംകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പൂവമ്പാറ മാടൻനട ദേവീക്ഷേത്രത്തിനു മുൻവശത്താണ് വൻ വെള്ളക്കെട്ടുണ്ടാകുന്നത്. വേനൽമഴയിലുണ്ടായ വെള്ളക്കെട്ടിലാണ് മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.മേയ് 14-ന് പുലർച്ചെ ഇവിടെ വെള്ളക്കെട്ടിലിറങ്ങി നിയന്ത്രണംവിട്ട കാർ നടപ്പാതയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന കമ്പിവേലിയിലിടിച്ച് അപകടത്തിൽപ്പെട്ടു. ഈ അതിനുശേഷവും അധികൃതർ അനങ്ങാപ്പാറനയം തുടരുകയാണ്.

ഒരു വർഷംമുമ്പ് ദേശീയപാതയിൽ നടത്തിയ നവീകരണപ്രവർത്തനങ്ങളാണ് ഇവിടെ വെള്ളക്കെട്ടിനിടയാക്കിയത്. ഈ ഭാഗത്ത് റോഡ് കിഴക്കുഭാഗത്തേക്ക്‌ ചരിഞ്ഞാണ് കടന്നുപോകുന്നത്. ഇവിടെ വെള്ളമൊഴുകിപ്പോകാനുള്ള സംവിധാനങ്ങളൊരുക്കാതെ റോഡിൽ നിന്നുയർത്തി നടപ്പാത നിർമിച്ചു. അതോടെ മഴപെയ്താൽ റോഡിന്റെ ഇരുവശത്തുനിന്നുമുള്ള വെള്ളം ഈ ഭാഗത്തൊഴുകിയെത്തി കെട്ടിനില്ക്കാൻ തുടങ്ങി.

നവീകരണത്തിനു മുമ്പ് ഈ ഭാഗത്തേക്ക് വെള്ളമൊഴുകിയെത്തിയിരുന്നെങ്കിലും സമീപത്തെ പുരയിടത്തിലേക്ക്‌ ഒഴുകിപ്പോകുമായിരുന്നു. കെട്ടിയുയർത്തി നടപ്പാത നിർമിച്ചതോടെ ഈ സാധ്യത ഇല്ലാതായി. ചാറ്റൽ മഴയിൽപ്പോലും ഇവിടെ വെള്ളം കെട്ടും. ഏകദേശം 50 മീറ്ററിലധികം നീളത്തിൽ റോഡിന്റെ പകുതിയോളം ഭാഗത്താണ് വെള്ളം കെട്ടിനില്ക്കുന്നത്. ആലംകോട് ഭാഗത്തുനിന്ന് ആറ്റിങ്ങലിലേക്ക് വരുന്ന വാഹനങ്ങൾ റോഡിന്റെ ഇടതുവശം ചേർന്ന് സഞ്ചരിക്കുന്നതിനാൽ വെള്ളക്കെട്ടിലേക്കിറങ്ങും.

വളവു കഴിഞ്ഞ് ഇറക്കമുള്ള ഭാഗമായതിനാൽ വാഹനങ്ങൾ മിക്കപ്പോഴും വേഗത്തിലായിരിക്കും കടന്നുവരുന്നത്. രാത്രിയിൽ ഇവിടെ വെള്ളക്കെട്ടുള്ളത് ദൂരെനിന്ന് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടില്ല. പെട്ടെന്ന് റോഡിൽ വെള്ളക്കെട്ട് കണ്ട് വാഹനങ്ങൾ വെട്ടിയൊഴിക്കുന്നതും ബ്രേക്കിടുന്നതുമാണ് അപകടത്തിനിടയാക്കുന്നത്.
ക്ഷേത്രകവാടത്തിനു മുന്നിൽ വെള്ളം കെട്ടിക്കിടക്കുന്നത് ക്ഷേത്രത്തിലെത്തുന്നവർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ശക്തമായ മഴയിൽ റോഡിൽനിന്നുള്ള മലിനജലം ക്ഷേത്രവളപ്പിലേക്ക്‌ കയറും. ക്ഷേത്രഭാരവാഹികൾ വിഷയം ചൂണ്ടിക്കാട്ടി അധികൃതർക്ക് നിരവധി നിവേദനങ്ങൾ നല്കിയെങ്കിലും യാതൊരു പരിഗണനയും ഉണ്ടായിട്ടില്ല. പൂവമ്പാറ പാലത്തിലേക്കുള്ള റോഡിന്റെ ഭാഗത്താണ് വെള്ളക്കെട്ട്. ഇവിടെ മണ്ണിട്ടുയർത്തിയാണ് റോഡ് നിർമിച്ചിട്ടുള്ളത്. കെട്ടിനില്ക്കുന്ന വെള്ളം മുഴുവൻ ദിവസങ്ങളെടുത്ത് മണ്ണിൽ താഴുകയാണ്. ഇത് റോഡിന്റെ നാശത്തിനിടയാക്കുമെന്നും ആശങ്കയുണ്ട്. ഇതിനു തൊട്ടടുത്തായി ബസ് സ്റ്റോപ്പുണ്ട്. ചെളിയും വെള്ളവും നിറഞ്ഞുകിടക്കുന്ന ഈ ഭാഗത്ത് ബസ് കാത്തുനില്ക്കുന്നവർ ഏറെ ബുദ്ധിമുട്ടിലാണ്.

ലക്ഷങ്ങൾ ചെലവിട്ട് നടത്തിയ നിർമാണം ഇപ്പോൾ പൊതുജനത്തിനു വലിയ ദുരിതമാവുകയും അപകടങ്ങൾ തുടർക്കഥയാവുകയും ചെയ്തിട്ടും അധികൃതർ മൗനംപാലിക്കുകയാണ്. മഴ ശക്തമായാൽ ഇവിടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. അടിയന്തര ഇടപെടൽ ഇക്കാര്യത്തിലുണ്ടായില്ലെങ്കിൽ മഴക്കാലത്ത് ഇവിടെ വൻ ഗതാഗതക്കുരുക്കുമുണ്ടാകും.

ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത

ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത

മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ്
അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളം ഇല്ല. എന്നാൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം സംസ്ഥാനത്ത് കാലവർഷം എത്തുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയൊ ഉണ്ടായേക്കും.

തിരുവനന്തപുരം ചാവർകോട് സ്വദേശി മസ്കറ്റിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

തിരുവനന്തപുരം ചാവർകോട് സ്വദേശി മസ്കറ്റിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

മസ്കറ്റ്: ഒമാനിൽ നിർമ്മാണ തൊഴിലാളി ആയിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ചാവർകോട് നദിയ വില്ല വീട്ടിൽ ഷാജിയുടെ മകൻ ഷിജു ഷാജി (36) ആണ് ഒമാനിലെ ബാത്തിനാ മേഖലയിലെ ലിവയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മാതാവ് – പ്രസന്ന. അശ്വതിയാണ് ഭാര്യ. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ ലിവ കെഎംസിസി പ്രവർത്തകർ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചു.

കെ ഫോണിന്റെ ചിറയിൻകീഴ് നിയോജക മണ്ഡലതല ഉദ്ഘാടനം വി ശശി നിർവ്വഹിച്ചു

കെ ഫോണിന്റെ ചിറയിൻകീഴ് നിയോജക മണ്ഡലതല ഉദ്ഘാടനം വി ശശി നിർവ്വഹിച്ചു

ഡിജിറ്റൽ ലോകത്തെ ശാക്തീകരിച്ച് വിവരസാങ്കേതിക വിദ്യയുടെ പുതുലോകം സൃഷ്ടിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്ന കെ ഫോണിന്റെ ചിറയിൻകീഴ് നിയോജകമണ്ഡലതല ഉദ്ഘാടനം കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്കൂളിൽ വച്ച് വി. ശശി എം.എൽ.എ നിർവഹിച്ചു.

കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശൈലജ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്, ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് ജയശ്രീ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോന്മണി, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ.വി, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി,

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.പ്രകാശ്, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദയ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രാജീവ്, ബ്ലോക്ക് മെമ്പർ രാധിക പ്രദീപ്, ശ്രീകല, അജിത എന്നിവരും പഞ്ചായത്ത് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഓൾ ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വർക്കല ഗോജു – റിയു കരാട്ടെ സ്കൂളിന് സ്വർണത്തിളക്കം

ഓൾ ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വർക്കല ഗോജു – റിയു കരാട്ടെ സ്കൂളിന് സ്വർണത്തിളക്കം

ഡൽഹി തൽക്കത്തോറ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. സബ് ജൂനിയർ വ്യക്തിഗത ഇനത്തിൽ വർക്കലയുടെ തേജസ്.ആർ.എസ്. വെള്ളി മെഡലും, സബ് ജൂനിയർ വ്യക്തിഗത ഇനത്തിൽ ശരൺ സജിത്ത് സ്വർണവും, വെങ്കലവും നേടി. ജൂനിയർ വ്യക്തിഗത ഇനത്തിൽ അമൃത.പി, സീനിയർ വ്യക്തിഗത ഇനത്തിൽ അമൃതവിജയൻ എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി. ടീം ഇനത്തിൽ അമൃതവിജയൻ, സാഹിത്യ ജെ.ഐ, അമൃത.പി എന്നിവർ സ്വർണ മെഡലും നേടി. മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് ഹാതിം,ആനന്ദ് ഇടവ,അനന്തവർണ തുടങ്ങിയവരെ അനുമോദിച്ചു.

വർക്കലയിൽ എത്തിയ വിജയികൾക്ക് വി. ജോയി എം.എൽ.എയുടെ ഓഫീസിൽ സ്വീകരണം നൽകി. സുനിൽ മഹർബ അദ്ധ്യക്ഷത വഹിച്ചു. സെൻസെയ് എസ്.വിജയൻ, മുൻ കൗൺസിലർ ബിന്ദു, സുനില.എസ്, ഷീബ.പി, സലീന, സജീർ കുരകണ്ണി, നിത്യ.ബി, ജീന.ജെ, ബിന്ദു.കെ, വിജയൻ നായർ, അരുൺ ബ്ലൂ വാട്ടർ തുടങ്ങിയവർ പങ്കെടുത്തു.

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ഇനി വലിച്ചെറിയൽ മുക്തം

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ഇനി വലിച്ചെറിയൽ മുക്തം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കിവരുന്ന ഊർജ്ജിത മാലിന്യനിർമാർജന പരിപാടികളുടെ അടുത്തഘട്ടമായ വലിച്ചെറിയൽ മുക്ത പഞ്ചായത്തുകൾ എന്ന പദ്ധതിയുടെ ഭാഗമായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി ചിറയിൻകീഴ് എംഎൽഎ വി ശശി പ്രഖ്യാപിച്ചു.

ചെക്കാലവിളാകം എസ് എൻ വി ജി എച്ച് എസ് എസ് എസിൽ വെച്ച് നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.ഷീല അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ സുഭാഷ്, കടക്കാവൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.