കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ഇനി വലിച്ചെറിയൽ മുക്തം

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ഇനി വലിച്ചെറിയൽ മുക്തം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കിവരുന്ന ഊർജ്ജിത മാലിന്യനിർമാർജന പരിപാടികളുടെ അടുത്തഘട്ടമായ വലിച്ചെറിയൽ മുക്ത പഞ്ചായത്തുകൾ എന്ന പദ്ധതിയുടെ ഭാഗമായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി ചിറയിൻകീഴ് എംഎൽഎ വി ശശി പ്രഖ്യാപിച്ചു.

ചെക്കാലവിളാകം എസ് എൻ വി ജി എച്ച് എസ് എസ് എസിൽ വെച്ച് നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.ഷീല അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ സുഭാഷ്, കടക്കാവൂർ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഹിൽ മുഹമ്മദ് അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഹിൽ മുഹമ്മദ് അന്തരിച്ചു

കഴിഞ്ഞ 23 ന് വൈകിട്ട് ആലംകോട് കൊച്ചുവിളയിൽ രാത്രി 8.30ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഹിൽ മുഹമ്മദ് അന്തരിച്ചു. 10 വയസ്സായിരുന്നു.
കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം അരുവിക്കര മുസ്ലീം ജമാഅത്ത് പള്ളിയിൽ നടക്കും. ആലംകോട് മുസ്ലിംപള്ളിയ്ക്ക് പുറകുവശത്തെ മുന്നാസ് വീട്ടിലാണ് താമസം. അബുദാബിയിൽ ജോലിയുള്ള അരുവിക്കര സ്വദേശി ഷെഫീക്കാണ് പിതാവ്. ആലംകോട് സ്വദേശി നസ്നയാണ് മാതാവ്. സെഹറ ഫാത്തിമ ഏക സഹോദരി .
പ്രമുഖ കോൺഗ്രസ്സ് നേതാവായിരുന്ന പരേതനായ എച്ച് എം ചരുവിളയുടെ പൗത്രിയുടെ മകനാണ് അഹിൽ മുഹമ്മദ്. ആലംകോട് ലവ് ഡെയൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

കഴിഞ്ഞ 18 നാണ് ഷെഫീക്ക് നാട്ടിലെത്തിയത്. 23 ന് പിതാവും മകനുമായി ഹോട്ടലിൽ നിന്നും ആഹാരം വാങ്ങാനായി കാറിൽ പോകുമ്പോഴാണ് തിരുവനന്തപുരം ഭാഗത്തു നിന്നും വന്ന മറ്റൊരു കാറുമായി അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ കെ ടി സി ടി ആശുപത്രിയിൽ എത്തിച്ചു . പരിക്ക് ഗുരുതരമായതിനാൽ തുടർന്നു തിരുവനന്തപുരം കിംസ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 8.45 നായിരുന്നു അന്ത്യം സംഭവിച്ചത്
അപകടത്തിൽ കാലിന് പൊട്ടലുണ്ടായ ഷെഫീക്കിനെ ശസ്ത്രക്രീയക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്.

പോങ്ങനാട് സ്കൂട്ടറിൽ ടിപ്പർ ഇടിച്ചു അപകടം

പോങ്ങനാട് സ്കൂട്ടറിൽ ടിപ്പർ ഇടിച്ചു അപകടം

പോങ്ങനാട് സ്കൂട്ടറിൽ ടിപ്പർ ഇടിച്ചു അപകടം. പോങ്ങനാട് മഞ്ചേഷ് ലാന്റിൽ എസ്. മോഹനൻ ഉഷ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ആണ് ടിപ്പർ ഇടിച്ചു അപകടം നടന്നത്. വാഹനാപകടത്തിൽ ഉഷ മരണപ്പെട്ടു. മോഹനൻ ഗുരുതരാവസ്ഥയിൽ ഗോകുലം മെഡിക്കൽ കോളജിലാണ്.

എസ്എസ്എൽസി സേ പരീക്ഷ ഇന്നുമുതൽ‌

എസ്എസ്എൽസി സേ പരീക്ഷ ഇന്നുമുതൽ‌

തിരുവനന്തപുരം: എസ്എസ്എൽസി സേവ് എ ഇയർ (സേ) പരീക്ഷ ഇന്ന് തുടങ്ങും. 14-ാം തിയതി വരെയാണ് പരീക്ഷ. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷയിൽ മൂന്ന് വിഷയം വരെ പാസാകാനുള്ള 1101 പേരാണ് സേ പരീക്ഷ എഴുതുന്നത്. ഇതിനൊപ്പം, ആരോ​ഗ്യകാരണങ്ങളാൽ പരീക്ഷ എഴുതാനാകാതെ പോയ പത്തോളം പേരും കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പോയതുമൂലം പരീക്ഷ എഴുതാത്ത കണ്ണൂർ സ്പോർട്ട്സ് സ്കൂളിലെ രണ്ട് കുട്ടികളും സർക്കാരിന്റെ പ്രത്യേക അനുമതിയോടെ മുഴുവൻ പരീക്ഷകളും എഴുതുന്നുണ്ട്. ​ഗൾഫിൽ ഒരു സെന്ററിലും ലക്ഷദ്വീപിൽ നാല് സെന്ററുകളിലും പരീക്ഷയുണ്ട്. സേ പരീക്ഷയിൽ യോ​ഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിനു സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.

ദേശീയ റാങ്കിംഗ്: കേരള സർവ്വകലാശാലയും യൂണിവേഴ്സിറ്റി കോളേജും മികച്ച നേട്ടം സ്വന്തമാക്കി

ദേശീയ റാങ്കിംഗ്: കേരള സർവ്വകലാശാലയും യൂണിവേഴ്സിറ്റി കോളേജും മികച്ച നേട്ടം സ്വന്തമാക്കി

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക് (എൻ.ഐ.ആർ.എഫ്) റാങ്കിങ്ങിൽ കേരള സർവകലാശാല 40ൽ നിന്ന് 24-ാം റാങ്കിലെത്തി. എം.ജി സർവകലാശാല 31ഉം കുസാറ്റ് 37ഉം കാലിക്കറ്റ് 70ഉം റാങ്കുകളിലെത്തി. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് പട്ടികയിൽ ഒന്നാമത്. ന്യൂഡൽഹി ജവഹർലാൽ നെഹ് യൂണിവേഴ്സിറ്റി രണ്ടും ജാമിഅമിലിയ ഇസ്ലാമിയ മൂന്നും റാങ്കിലെത്തി.

കോളേജുകളിൽ ഡൽഹി മിറാൻഡ ഹൗസ് കോളേജാണ് ഒന്നാമത്, ഡൽഹി ഹിന്ദു കോളേജ് രണ്ടും ചെന്നൈ പ്രസിഡൻസി കോളേജ് മൂന്നും റാങ്കിലെത്തി. 26-ാം റാങ്കിലുള്ള തിരുവനന്തപുരം യൂണി വേഴ്സിറ്റി കോളേജാണ് കേരളത്തിൽനിന്ന് പട്ടികയിൽ ഇടം പിടിച്ചതിൽ ഉയർന്ന റാങ്ക് നേടിയത്. എറണാകുളം രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് 30ഉം എറണാകുളം സെന്റ് തെരേസാസ് കോളേജ് 41ഉം തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് 45-ാം എറണാകുളം മഹാരാജാസ് കോളേജ് 46 ഉം റാങ്കിലെത്തി.

മാവേലിക്കര ബിഷപ്പ് മൂർ കോളേജ് (51) തൃശൂർ സെന്റ് തോമസ് കോളേജ് (53) ചങ്ങനാശ്ശേരി എസ്.ബി കോളേജ് (54) കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ് (59) കൊച്ചി സേക്രഡ് ഹാർട്ട് കോളേജ് (72) തിരുവനന്തപുരം ഗവ. വനിത കോളേജ് (75) എറണാകുളം യൂനിയൻ ക്രിസ്റ്റ്യൻ കോളേജ് (77) കോട്ടയം സി.എം.എസ് കോളേജ് (85) കോതമംഗലം മാർ അതേനേഷ്യസ് കോളേജ് (87) എന്നിവയാണ് ആദ്യ നൂറിൽ ഇടം നേടിയ കേരളത്തിലെ മറ്റു കോളേജുകൾ.

കേരള കർഷകത്തൊഴിലാളി യൂണിയൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കേരള കർഷകത്തൊഴിലാളി യൂണിയൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ഗുസ്തി വനിതാ കായികതാരങ്ങളെ പീഡിപ്പിച്ച ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബീ.ജെ.പി എം.പി യുമായ ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി കായികതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കച്ചേരിനടയിൽ സംഘടിപ്പിച്ച പ്രകടനം കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ സെക്രട്ടറി ആർ രാജു ഉദ്ഘാടനം ചെയ്തു. ഏര്യ പ്രസിഡന്റ് സി.എസ് അജയകുമാർ, വെസ്റ്റ് വില്ലേജ് സെക്രട്ടറി എസ് സതീഷ് കുമാർ, ഈസ്റ്റ് വില്ലേജ് സെക്രട്ടറി സതീഷ് ശർമ്മ, വെസ്റ്റ് വില്ലേജ് പ്രസിഡന്റ് വി വിശ്വംഭരൻ, ഈസ്റ്റ് വില്ലേജ് പ്രസിഡന്റ് ബിജു എന്നിവർ സംസാരിച്ചു.