ആഹ്ളാദവും ആവേശവുമായി പ്രവേശനോത്സവം സംഘടിപ്പിച്ച് തോന്നയ്ക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ

ആഹ്ളാദവും ആവേശവുമായി പ്രവേശനോത്സവം സംഘടിപ്പിച്ച് തോന്നയ്ക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിലെ പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രവേശോത്സവ ഗാനം പാടി കുട്ടികളെയും രക്ഷിതാക്കളെയും സ്കൂളിലേക്ക് വരവേറ്റു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വേണുഗോപാലൻ നായർ സ്കൂൾതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

അഞ്ചു മുതൽ പത്താം ക്ലാസ് വരെ പുതുതായി പ്രവേശനം നേടിയ കുട്ടികളെ അച്ചടക്കത്തിന്റെയും അനുസരണയുടെയും അനുഭവ പാഠങ്ങൾ അദ്ദേഹം പങ്കുവച്ചു. പിടിഎ പ്രസിഡന്റ് ഇ. നസ്സീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജെസ്സി ജലാൽ, തോന്നയ്ക്കൽ രവി (വാർഡ് മെമ്പർ), എസ് എം സി ചെയർമാൻ തോന്നക്കൽ രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത്, പ്രോഗ്രാം കൺവീനർ നിസാർ അഹമ്മദ് എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. സ്കൂളിൽ പുതുതായി ചേർന്ന എല്ലാ കുട്ടികൾക്കും മധുരവും പഠനോപകരണങ്ങളും നൽകി. യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾ നാവാഗതർക്കായി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

വെഹിക്കിൾ സൂപ്പർവൈസർ എസ്. അനിൽകുമാർ വിരമിച്ചു

വെഹിക്കിൾ സൂപ്പർവൈസർ എസ്. അനിൽകുമാർ വിരമിച്ചു

അറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും 23 വർഷത്തെ സേവനത്തിനു ശേഷം വെഹിക്കിൾ സൂപ്പർവൈസർ ആയി വിരമിച്ചു അറ്റിങ്ങൽ ഊരുപ്പൊയ്ക ദേവദേയത്തിൽ എസ്. അനിൽകുമാർ.

കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്ഗറാണ് കസ്റ്റഡിയിലുള്ളത്. ട്രെയിനിൽ നിന്ന് ലഭിച്ച വിരലടയാളത്തിന് ഇയാളുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥിരമായി എത്താറുള്ള ഇയാളാണ് ബോഗിക്ക് തീവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തീവെപ്പിന് തൊട്ടുമുൻപ് ട്രാക്കിന് പരിസരത്തു ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബിപിസിഎൽ സുരക്ഷ ജീവനക്കാരനും മൊഴി നൽകിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ്. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ രാത്രിയും പൊലീസ് പരിശോധിച്ചിരുന്നു. അതേസമയം എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ബോഗിയ്ക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിരുന്നു.

പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം; കമ്പ്യൂട്ടറും ഫയലുകളും കത്തി നശിച്ചു

പഞ്ചായത്ത് ഓഫീസിൽ തീപിടുത്തം; കമ്പ്യൂട്ടറും ഫയലുകളും കത്തി നശിച്ചു

കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു.

കോളേജ് വിദ്യാ‍ർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു

കോളേജ് വിദ്യാ‍ർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കോളേജ് വിദ്യാ‍ത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ചു. വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ മൊഴി നൽകി. ചൊവ്വാഴ്ച്ചയാണ് പെൺകുട്ടിയെ കാണാതായത്.

ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ ചുരത്തിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ കാണാത്തതിനാൽ കോളേജിൽ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാർ അറിയുന്നത്. വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, കേസിൽ പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ” ജൂൺ രണ്ടിന്

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ” ജൂൺ രണ്ടിന്

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 “ഒരുമയുടെ പലമ”യ്ക്ക് ജൂൺ രണ്ടിന് തിരിതെളിയും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വൈകീട്ട് നാലിന് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു മുഖ്യാതിഥിയും, മേയർ എം കെ വർഗ്ഗീസ് വിശിഷ്ടാതിഥിയുമാകും.

മികച്ച ലോഗോവിനുള്ള സമ്മാനവിതരണം എസി മൊയ്തീൻ എംഎൽഎ നിർവ്വഹിക്കും.
എം പിമാരായ ടി എൻ പ്രതാപൻ, ബെന്നി ബെഹന്നാൻ, രമ്യ ഹരിദാസ്, എം എൽ എമാരായ പി ബാലചന്ദ്രൻ, മുരളി പെരുനെല്ലി, എൻ കെ അക്ബർ, ഇ ടി ടൈസൺ മാസ്റ്റർ, വി ആർ സുനിൽകുമാർ, സിസി മുകുന്ദൻ, കെ കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് സച്ചിദാനന്ദൻ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കേരള ലളിതകലാ അക്കാദമി സെക്രട്ടറി മുരളി ചീരോത്ത്, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, റൂറൽ പോലീസ് സൂപ്രണ്ട് ഐശ്വര്യ ഡോങ്റെ, കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പർമാരായ കെ ആർ ജോജോ, കെ.കെ ലതിക, പി.കെ സൈനബ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ ഡെപ്യൂട്ടി മേയർ എം എൽ റോസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കുടുംബശ്രീ പോഗ്രാം ഓഫീസർ കെ രതീഷ് കുമാർ പരിപാടി വിശദീകരിക്കും.