സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ; പിടികൂടി

സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ; പിടികൂടി

കൊച്ചി: സംവിധായകൻ അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ പിടികൂടി. 16 കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. സംവിധായകന്റെ വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. പിന്നാലെ ഇവ ​ഗേറ്റിലേക്കും മുറ്റത്തേക്കും സമീപത്തുള്ള കോവൽ വള്ളിയിലേക്കും കയറി. പാമ്പുപിടിത്ത വിദ​ഗ്ധൻ ഷൈൻ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇവയെ ചാക്കിലാക്കി വനം വകുപ്പിന് കൈമാറി. അൽഫോൺസിന്റെ വീടിനരികിലുള്ള ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പൈപ്പുകൾക്കുള്ളിലും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. പൈപ്പിന്റെ ഒരു വശം മണ്ണു മൂടിയിരുന്നു. മറുഭാ​ഗം നാട്ടുകാരിൽ ചിലർ ചല്ലുവച്ച് അടച്ചു സുരക്ഷിതമാക്കി.

തൃശൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചു, 30 പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ക്ക് ഗുരുതരം

തൃശൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചു, 30 പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ക്ക് ഗുരുതരം

തൃശൂര്‍: മാപ്രാണം ലാല്‍ ആശുപത്രിക്ക് സമീപം ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസിന് പിന്നില്‍ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. ഓര്‍ഡിനറി ബസിന് പിന്നില്‍ ഇടിച്ച ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രക്കാര്‍ക്കാണ് കൂടുതലായി പരിക്കേറ്റത്. പരിക്കേറ്റവരെ ലാല്‍ ആശുപത്രിയിലും മറ്റുമായാണ് പ്രവേശിപ്പിച്ചത്. സംസ്ഥാനപാതയില്‍ വാഹനഗതാഗതം അരമണിക്കൂര്‍ തടസ്സപ്പെട്ടു. പ്രദേശത്ത് ബസുകള്‍ തമ്മില്‍ മത്സരയോട്ടം നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

രണ്ടാം മോ​ദി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്; 50 റാലികൾ; ആഘോഷിക്കാൻ ബിജെപി

രണ്ടാം മോ​ദി സർക്കാരിന്റെ നാലാം വാർഷികം ഇന്ന്; 50 റാലികൾ; ആഘോഷിക്കാൻ ബിജെപി

ന്യൂ‍ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ നാലാം വാർഷികവും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സർക്കാർ രൂപീകരിച്ചതിന്റെ ഒൻപതാം വാർഷികവും ഇന്ന്. രണ്ടും വിപുലമായി ആഘോഷിക്കാൻ ബിജെപി ഒരുങ്ങി. 2019 മെയ് 30നാണ് രണ്ടാം മോ​ദി സർക്കാർ അധികാരമേറ്റത്. ഒൻപത് വർഷം കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു ഇനി നടപ്പാക്കാൻ പോകുന്നവയെക്കുറിച്ചും വിവരിക്കാൻ എല്ലാ കേന്ദ്ര മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ വാർത്താ സമ്മേളനം നടത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഇന്ന് മുതൽ ജൂൺ 30 വരെ മഹാ ജനസമ്പർക്ക അഭിയാൻ എന്ന പേരിൽ ബിജെപി ജനങ്ങളിലേക്കിറങ്ങി പ്രചാരണം നടത്തും. രാജ്യത്തുടനീളം 50ഓളം റാലികളും പാർട്ടി സംഘടിപ്പിക്കും. ഇതിൽ 20ലധികം റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കമെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ​ദിവസം പാർലമെന്റ് ഉദ്ഘാടനത്തിനു ശേഷം ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. 2024 തിരഞ്ഞെടുപ്പിന്റെ പൊതുചിത്രവും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പ്രചാരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി യോ​ഗത്തിൽ വ്യക്തമാക്കി.

വക്കീല്‍ ചമഞ്ഞും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍

വക്കീല്‍ ചമഞ്ഞും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍

മലപ്പുറം: സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍. തൃശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യയായ വി പി നുസ്രത്തിനെ (36), ഡിവൈഎസ്പിയുടെ ചേര്‍പ്പിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിനിയാണ്.

ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളിലായി നുസ്രത്തിന്റെ പേരില്‍ കേസുകളുണ്ട്. വക്കീൽ ചമഞ്ഞും സാമ്പത്തിക ഇടപാടുകൾ പറഞ്ഞു തീർക്കാനെന്ന പേരിൽ ഭീഷണിപ്പെടുത്തിയും റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും പണം തട്ടിയതായി ഇവർക്കെതിരെ പരാതികളുണ്ട്.

10 ലക്ഷവും അതിലധികവും നഷ്ടമായവർ പരാതിക്കാരിലുൾപ്പെടുന്നു. സ്വര്‍ണം തട്ടിയെന്ന പരാതിയും നുസ്രത്തിനെതിരെയുണ്ട്. ഭർത്താവ് സുരേഷ് ബാബു നേരത്തെ തിരൂർ ഡിവൈഎസ്പിയായിരുന്നു. പൊലീസുദ്യോഗസ്ഥന്റെ സ്വാധീനമുപയോഗിച്ച് കേസുകള്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നതായി പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നു.

ക്യാച്ച് ദ റെയിൻ പരിപാടി സംഘടിപ്പിച്ചു

ക്യാച്ച് ദ റെയിൻ പരിപാടി സംഘടിപ്പിച്ചു

മൺസൂൺ മഴയെ വരവേൽക്കാനും മഴവെള്ളം സംഭരിച്ച് പ്രകൃതിയെ സംരക്ഷിക്കാനും നടത്തിയ ക്യാച്ച് ദ റെയിൻ പരിപാടി അഡ്വ.ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ വെഞ്ഞാറമൂട് ജീവകലയാണ് പരിപാടി സംഘടിപ്പിച്ചത്. തുടർന്ന് പ്രശസ്ത കലാകാരൻ സുനിൽ പട്ടിമറ്റം അവതരിപ്പിച്ച പപ്പറ്റ് ഷോയും നടന്നു. വെഞ്ഞാറമൂട് കെ എസ് ആർ ടി സി പരിസരത്ത് നടന്ന ചടങ്ങിൽ നെഹ്റു യുവകേന്ദ്ര വളൻ്റിയർ വിഷ്ണു ഷാജി അദ്യക്ഷത വഹിച്ചു. ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പി. മധു നന്ദിയും രേഖപ്പെടുത്തി. കെ.ബിനുകുമാർ, ഭഗത്ദേവ്.ജെ.പി, സന്തോഷ് വെഞ്ഞാറമൂട് തുടങ്ങിയവർ നേതൃത്വം നൽകി.

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമായേക്കും.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ജാഗ്രത പുലർത്തണം. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന്
തടസമില്ല.