ഇനി മാസം തോറും സർചാർജ്; ജൂൺ മുതൽ വൈദ്യുതി ബിൽ ‘ഷോക്കടിപ്പിക്കും’

ഇനി മാസം തോറും സർചാർജ്; ജൂൺ മുതൽ വൈദ്യുതി ബിൽ ‘ഷോക്കടിപ്പിക്കും’

തിരുവനന്തപുരം: വൈദ്യുതിക്ക് മാസം തോറും സ്വമേധയാ സർചാർജ് ഈടാക്കാൻ വൈദ്യുതി ബോർഡ്. റെ​ഗുലേറ്ററി കമ്മീഷൻ ഇക്കാര്യത്തിൽ ബോർഡിന് അനുമതി നൽകി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമനുസരിച്ചു ഇതിനുള്ള ചട്ടങ്ങൾ കമ്മീഷൻ അന്തിമമാക്കി. ജൂൺ ഒന്നിന് നിലവിൽ വരും. യൂണിറ്റിന് പരമാവധി 10 പൈസ ബോർഡിന് ഈടാക്കാം. കരടു ചട്ടങ്ങളിൽ 20 പൈസയാണ് നിർദ്ദേശിച്ചത്. ബോർഡ് 40 പൈസയാണ് ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷൻ 10 പൈസയായി നിജപ്പെടുത്തിയത്.

വൈദ്യുതി ഉത്പാദനത്തിനുള്ള ഇന്ധനത്തിന്റെ വില കൂടുന്നതുകാരണമുണ്ടാകുന്ന അധികച്ചെലവാണ് സർചാർജിലൂടെ ഈടാക്കുന്നത്. നിലവിൽ മൂന്ന് മാസത്തിലൊരിക്കൽ ബോർഡ് നൽകുന്ന അപേക്ഷയിൽ ഉപഭോക്താക്കളുടെ വാദം കേട്ടശേഷമാണ് കമ്മീഷൻ സർചാർജ് തീരുമാനിച്ചിരുന്നത്. ജൂൺ പകുതിയോടെ വൈദ്യുതി കൂടാനിരിക്കെയാണ് ഒന്ന് മുതൽ സർചാർജ്. ഉപഭോക്താക്കളുടെ ഭാരം ഇരട്ടിപ്പിക്കുന്നതാണ് പുതിയ നീക്കം. യൂണിറ്റിന് 41 പൈസ കൂട്ടാനാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല.

പുതിയ ചട്ടം നിലവിൽ വന്നാലും പരമാവധി 10 പൈസ എന്ന നിയന്ത്രണം ആദ്യ ഒൻപതു മാസം ബാധകമാവില്ല. പഴയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഒൻപതു മാസത്തെ സർചാർജ് അനുവദിക്കാൻ ബോർഡ് നേരത്തേ കമ്മീഷന് അപേക്ഷ നൽകിയിട്ടുണ്ട്. ആദ്യത്തെ മൂന്ന് മാസം 30 പൈസയും അടുത്ത മൂന്ന് മാസം 14 പൈസയും അതിനടുത്ത മൂന്ന് മാസം 16 പൈസയും വേണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. ഈ അപേക്ഷകളിൽ കമ്മീഷൻ തീരുമാനമെടുത്തിട്ടില്ല. ചട്ടം മാറ്റിയതിനു മുമ്പുള്ള അപേക്ഷയായതിനാൽ പഴയചട്ടം അനുസരിച്ചുതന്നെ കമ്മീഷന് ഇത് അനുവദിക്കേണ്ടി വരും. ബോർഡ് സ്വമേധയാ ചുമത്തുന്ന 10 പൈസയ്ക്കൊപ്പം അതും ഈടാക്കും.

അതിനുശേഷം മാസം എത്ര രൂപ അധികച്ചെലവുണ്ടായാലും പത്ത് പൈസയേ സ്വമേധയാ ഈടാക്കാവൂ. അതിൽക്കൂടുതലുള്ളത് നീട്ടിവെക്കണം. ഇത് ഈടാക്കാൻ മൂന്ന് മാസത്തിലൊരിക്കൽ ബോർഡിന് കമ്മീഷനെ സമീപിക്കാം. രണ്ട് മാസത്തെ ബിൽ കാലയളവിൽ ഓരോ മാസവും വ്യത്യസ്ത നിരക്കിൽ സർചാർജ് വന്നാൽ രണ്ട് മാസത്തെ ശരാശരിയാണ് ഈടാക്കുക.

തലയോട്ടി പൂര്‍ണമായി തകര്‍ന്നു; പെണ്‍കുട്ടിയെ 34 തവണ കുത്തി, ബന്ധം തകര്‍ന്ന വൈരാഗ്യമെന്ന് പൊലീസ്

തലയോട്ടി പൂര്‍ണമായി തകര്‍ന്നു; പെണ്‍കുട്ടിയെ 34 തവണ കുത്തി, ബന്ധം തകര്‍ന്ന വൈരാഗ്യമെന്ന് പൊലീസ്

ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പതിനാറുകാരിയുടെ അരുംകൊലയില്‍ പെണ്‍കുട്ടിക്ക് 34 തവണ കുത്തേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ തലയോട്ടി പൂര്‍ണമായും തകര്‍ന്നു. ഡല്‍ഹിയിലെ എസി റിപ്പയര്‍ ഷോപ്പിലെ മെക്കാനിക്കാണ് സാഹില്‍ എന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി സാഹില്‍ അടുപ്പത്തിലായിരുന്നു എന്നാണ് ഔട്ടര്‍ നോര്‍ത്ത് ഡിസിപി രവി കുമാര്‍ പറയുന്നത്. ശനിയാഴ്ച പെണ്‍കുട്ടിയുമായി ഇയാള്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടന്നത്.

സുഹൃത്തിന്റെ മകന്റെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാനായി പുറത്തുപോയപ്പോഴാണ് സാഹില്‍ വഴിയില്‍ കാത്തിരുന്നു ആക്രമിച്ചത്. അതേസമയം, സാഹിലിനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.
ഡല്‍ഹി രോഹിണിയിലെ ഷാബാദ് ഡയറി ഏരിയയില്‍ വെച്ചാണ് ആക്രമണം നടന്നത്. കുത്തേറ്റ് നിലത്തുവീണ പെണ്‍കുട്ടിയുടെ തലയിലേക്ക് വലിയ പാറക്കല്ലെടുത്ത് ഇട്ടു. നിരവധി തവണയാണ് പാറക്കല്ലെടുത്ത് പെണ്‍കുട്ടിയുടെ തലയിലിട്ടത്. യാത്രക്കാര്‍ കാണ്‍കെയായിരുന്നു ക്രൂരകൊലപാതകം നടന്നത്.

ഇതിനുശേഷം പോയ പ്രതി തിരികെ വന്ന് വീണ്ടും പാറക്കല്ലെടുത്ത് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പലതവണ ഇട്ടു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചവിട്ടുകയും ചെയ്തശേഷമാണ് സ്ഥലത്തു നിന്നും പോയത്.

സ്‌കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ 10 മണിയ്ക്ക് എല്ലാ സ്‌കൂളുകളിലും നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ഒരേ സമയം ഉദ്ഘാടനം നടക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വി.എച്ച്.എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, ജി. ആർ അനിൽ എന്നിവർ പങ്കെടുക്കും.

എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം

എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം

സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബ്ബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. സ്കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിഞ്ജാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30നും രാത്രി 8.00നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേർസ് ചാനൽ വഴി സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.

അംഗങ്ങളായി തെരെഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്.

കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബ്ബിൽ ഇതുവരെ 3 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.in – ൽ ലഭ്യമാണ്.

അങ്കണവാടി പ്രവേശനോത്സവം 30ന്

അങ്കണവാടി പ്രവേശനോത്സവം 30ന്

കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവം മെയ് 30ന് സംസ്ഥാനമൊട്ടാകെ വർണ്ണാഭമായി ആഘോഷിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 30നു രാവിലെ ഒമ്പതിന് തിരുവനന്തപുരം പൂജപ്പുരയിലുള്ള സാമൂഹ്യനീതി ഇൻസ്റ്റിറ്റ്യൂഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ 37 സ്മാർട്ട് അങ്കണവാടിയിൽ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ പ്രീ സ്കൂൾ കുട്ടികളുടെ (3 മുതൽ 6 വയസ്സ് വരെ) പ്രവേശനം വർധിപ്പിക്കുക, കുട്ടികളുടെ സമഗ്ര വികസനം ഉറപ്പ് വരുത്തുന്നതിൽ അങ്കണവാടികൾക്കുള്ള പ്രാധാന്യം, അങ്കണവാടികളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലും എല്ലാ വർഷവും പ്രവേശോത്സവം സംഘടിപ്പിക്കുന്നത്.

ആറ്റിങ്ങൽ വലിയക്കുന്ന് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്ക് ഉദ്ഘാടനം നാളെ ആരോഗ്യവകുപ്പ് മന്ത്രി നിർവഹിക്കും

ആറ്റിങ്ങൽ വലിയക്കുന്ന് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്ക് ഉദ്ഘാടനം നാളെ ആരോഗ്യവകുപ്പ് മന്ത്രി നിർവഹിക്കും

ആറ്റിങ്ങൽ: കേരള സർക്കാരിന്റെ രണ്ടാം വാർഷികാഘോഷവേളയിൽ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ വലിയക്കുന്ന് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നാളെ (30/05/2023) ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നിർവഹിക്കുന്നു. എം.എൽ.എ ഒ.എസ് അംബിക അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി സ്വാഗതം ആശംസിക്കുന്നു.

അഡ്വ. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ബിന്ദു മോഹൻ വിഷയാവതരണം നടത്തും. നഗരസഭ വൈസ് ചെയർമാൻ ജി.തുളസീധരൻപ്പിള്ള, ക്ഷേമകാര്യ സമിതി അംഗങ്ങളായ എസ്. ഷീജ, എ.നജാം, രമ്യാ സുധീർ ,അവനവഞ്ചേരി രാജു, ഗിരിജ ടീച്ചർ കൗൺസിലർമാരായ ആർ.രാജു , പി.ഉണ്ണികൃഷ്ണൻ, സന്തോഷ് എസ്, താഹിർ, നഗരസഭാ സെക്രട്ടറി അരുൺ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മനേജർ ഡോ. ആശാ വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ആശുപത്രി അങ്കണത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സൂപ്രണ്ട് ഡോ.പ്രീത സോമൻ നന്ദിയും രേഖപ്പെടുത്തും.