by Midhun HP News | May 28, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ശനിയാഴ്ച പ്രവൃത്തി ദിനമാക്കി വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആഴ്ചയിൽ അഞ്ച് ദിവസം പഠനവും രണ്ട് ദിവസം വിദ്യാർത്ഥികൾക്ക് അവധിയും എന്നത് വിദ്യാഭ്യാസ വിദഗ്ദ്ധർ നിഷ്കർഷിച്ചിട്ടുള്ളതാണ്. സ്റ്റാഫ് ഫിക്സേഷൻ നടക്കാത്തതിനാൽ സർക്കാർ മേഖലകളിലും നിയമനാംഗീകാരം ലഭ്യമാക്കാത്തതിനാൽ എയ്ഡഡ് സ്കൂളുകളിലും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് മതിയായ അധ്യാപകരില്ലാത്ത അവസ്ഥയാണുള്ളത്. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം ഒരു ക്ലാസ്സിൽ ഇരുന്ന് പഠിക്കുന്ന സ്ഥിതി വിശേഷം നിലവിലുണ്ട്.
50 കുട്ടികളിരുന്നു പഠിക്കേണ്ട ഹയർ സെക്കൻഡറി ക്ലാസ് മുറികളിൽ 65 ന് മുകളിൽ എണ്ണം വിദ്യാർത്ഥികൾ ആണ് ഇപ്പോൾ ഉള്ളത്. സർക്കാരിന്റെ ഇത്തരം സമീപനങ്ങൾ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിലേക്ക് നയിക്കുമെന്നതിനാൽ ഉടൻ തന്നെ സർക്കാർ സ്റ്റാഫ് ഫിക്സേഷൻ പൂർത്തിയാക്കണമെന്നും അധ്യാപകർക്ക് നിയമനാംഗീകരം നൽകണമെന്നും കെ.എസ്.ടി.യു ആവശ്യപ്പെട്ടു.
ഡി.എ കുടിശ്ശിക, ശമ്പളപരിഷ്കരണ കുടിശ്ശിക, ലീവ് സറണ്ടർ തുടങ്ങിയവയും ഉടൻ ലഭ്യമാക്കണം. വക്കം കായലോരം റിസോർട്ടിൽ നടന്ന ജില്ലാ ക്യാമ്പ് മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് ഹാഷിം കരവാരം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ജമീൽ.ജെ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് എം.എം.ജിജുമോൻ മുഖ്യ പ്രഭാഷണവും മുസ്ലിം ലീഗ് ആറ്റിങ്ങൽ മണ്ഡലം ജനറൽ സെക്രട്ടറി എ.പി നിസാർ അനുഗ്രഹ പ്രഭാഷണവും നടത്തി. കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ജില്ലാ ട്രഷറർ ഹാഷിം മേലഴികം, ഓർഗനൈസിംഗ് സെക്രട്ടറി ശുഹൈബ് തോന്നയ്ക്കൽ, ജില്ലാ ഭാരവാഹികളായ മുഹമ്മദ് റാസി, ബിന്ദു.വി എന്നിവർ സംസാരിച്ചു.
by Midhun HP News | May 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൊടുപുഴ: വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരിക്കോട് ഉണ്ടപ്ലാവ് തിമ്മലയില്‍ ഇസ്മായില്‍ (64), ഭാര്യ ഹലീമ (56) എന്നിവരാണ് മരിച്ചത്. ഹലീമ മുറിക്കുള്ളില്‍ നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇസ്മായിലിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു. വഴക്കിനിടെ ഭാര്യയെ ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം ഇസ്മായില്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.
വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരനായ മകന്‍ മാഹിന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. ജനാലയിലൂടെ നോക്കിയപ്പോള്‍ മുറിക്കുള്ളില്‍ അനക്കമറ്റ് കിടക്കുന്ന ഹലീമയെ കണ്ടു. ഈ സമയം മൊബൈലില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ ഇസ്മായിലിന്റെ സഹോദരനും വീട്ടിലെത്തിയിരുന്നു. പിന്നീട് അയല്‍ക്കാരെയും വിവരമറിയിച്ച് വീടിന്റെ വാതില്‍തുറന്ന് പരിശോധിച്ചപ്പോഴാണ് ഇസ്മായിലിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
by Midhun HP News | May 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തെക്കന്‍ കര്‍ണാടക, കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40മുതല്‍ 45കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേരള തീരത്ത് ഞായറാഴ്ച രാവിലെ അഞ്ചരമുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ 0.8 മീറ്റര്‍ മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കന്‍ഡില്‍ 30cm നും 70cm നും ഇടയില്‍ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by Midhun HP News | May 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: തൊഴിലുറപ്പ് ജോലിക്കിടെ നഷ്ടപ്പെട്ട മാല ഒരു വർഷത്തിനുശേഷം അവിടെനിന്നു തന്നെ തിരികെ ലഭിച്ച സന്തോഷത്തിലാണ് എടപ്പാൾ, പൊൽപാക്കര സ്വദേശി സരോജിനി. ഒപ്പം ജോലി ചെയ്തിരുന്ന വിനോദിനിക്കു ചെളിയിൽ പുതഞ്ഞ നിലയിൽ മാല ലഭിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം എടപ്പാൾ പഞ്ചായത്തിലെ 4–ാം വാർഡിലെ പൊൽപാക്കര താഴം തോട്ടിൽ തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെയാണ് സരോജിനിയുടെ രണ്ട് പവന്റെ മാല നഷ്ടപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മാല പോയെന്നറിഞ്ഞത്. തിരിച്ചുചെന്ന് പണി ചെയ്തിടത്ത് മുഴുവൻ തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. ഇതേ സ്ഥലത്തു വ്യാഴാഴ്ച്ച സരോജിനി ഉൾപ്പെടെയുള്ളവർ തോട് വൃത്തിയാക്കാൻ ഇറങ്ങി. ഇതിനിടെയാണ് വിനോദിനിക്ക് മാല കിട്ടിയത്.
by Midhun HP News | May 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്, അതുകൊണ്ട്, ഇപ്പോൾ എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് മാങ്ങ. ഒരു മാങ്ങയ്ക്ക് എത്ര രൂപ വിലയുണ്ടാകും?, 40,000 രൂപ എന്ന് കേട്ടാൽ ഞെട്ടുമോ? എന്നാലിതാ ഒരെണ്ണത്തിന് 40,000 രൂപയും കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും വിലയുള്ള ഒരു മാമ്പഴം കണ്ട് മാമ്പഴക്കർഷകർ തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ്. ജപ്പാന്റെ സ്വന്തം മാമ്പഴമായ ‘മിയാസാകി’ ആണ് ഈ വെറൈറ്റി.
ഹോർട്ടിക്കൾച്ചർ വകുപ്പ് കർണാടകയിലെ കൊപ്പാളിലൊരുക്കിയ മാമ്പഴമേളയിലെ താരമാണ് മിയാസാകി. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമെന്നാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേക പരിചരണം നൽകി വളർത്തുന്ന ഈ മാമ്പഴത്തിന്റെ നിറവും രുചിയുമൊക്കെ ആരെയും കൊതിപ്പിക്കും. കർഷകരെ വിലകൂടിയ ഈ മാമ്പഴം പരിചയപ്പെടുത്താനാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ മാവിൻതൈ നട്ടുവളർത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഏകദേശം 350 ഗ്രാം തൂക്കമുണ്ട് ഒരു മിയാസാകി മാങ്ങയ്ക്ക്. ആപ്പിൾ പോലെ ചുവന്ന് തുടുത്താണിരിക്കുന്നത്. മേയ് 31 വരെയാണ് മേള നടക്കുന്നത്. ഇവിടേക്ക് മിയാസാകി കാണാനായി നിരവധിപ്പേരാണ് എത്തുന്നത്. മിയാസാകിയുടെ ഒരു തൈയ്ക്ക് 15,000 രൂപ വിലവരും.
by Midhun HP News | May 27, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള യാത്ര സുഗമമാക്കാൻ പുതിയ ഇ- ഗേറ്റ് സംവിധാനം ഒരുങ്ങി. യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്ത ശേഷം ബോർഡിങ് പാസ്സ് ഇ ഗേറ്റുകളിൽ സ്കാൻ ചെയ്ത് സെക്യൂരിറ്റി ഹോൾഡിംഗ് ഏരിയയിലേക്ക് (എസ്‌എച്ച്‌എ) പ്രവേശിക്കാം. വിമാനത്താവളത്തിന്റെ ആഭ്യന്തര, അന്താരാഷ്‌ട്ര ടെർമിനലുകളുടെ പ്രീ-സെക്യൂരിറ്റി ഹോൾഡ് ഏരിയയിലാണ് ക്യു ആർ കോഡ് സ്‌കാനറോടുകൂടിയ 6 ഇ-ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ ഉദ്യോഗസ്ഥർ ബോർഡിങ് പാസ് നേരിട്ട് പരിശോധിച്ചു യാത്രക്കാരെ കടത്തിവിടുന്ന
രീതിയായിരുന്നു.
ഇ ഗേറ്റ് വരുന്നത്തോടെ യാത്രക്കാർക്ക് പരിശോധനാ നടപടികൾ വേഗത്തിലാക്കാനും തിരക്കുള്ള സമയങ്ങളിൽ ഏറെ നേരം വരി നിൽക്കേണ്ടി വരുന്നത് ഒഴിവാക്കാനും കഴിയും.എയർലൈനുകൾക്ക് ടെർമിനലിനുള്ളിൽ യാത്രക്കാർ എവിടെയാണെന്ന് എളുപ്പത്തിൽ കണ്ടെത്താനും വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും ഇ ഗേറ്റുകൾ സഹായിക്കും.
Recent Comments