പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസിൽ കൺസഷൻ കാർഡ് വേണ്ട; യൂണിഫോം മതി

പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസിൽ കൺസഷൻ കാർഡ് വേണ്ട; യൂണിഫോം മതി

പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് പാലക്കാട് സ്റ്റുഡന്റ്‌സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ആര്‍.ടി.ഒ അറിയിച്ചു. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം ഉള്ളതിനാൽ സ്വകാര്യ ബസുകളിൽ കൺസഷൻ കാർഡ് വേണ്ടെന്നും ആർടിഒ വ്യക്തമാക്കി. സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നൽകി വിദ്യാർത്ഥികൾക്ക് പരമാവധി 40 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്.

ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര കണ്‍സഷന്‍ കാര്‍ഡുകളുടെ വിതരണം, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനാണ് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്രയുടെ നേതൃത്വത്തില്‍ യംഗം ചേർന്നത്. 2023-24 അധ്യയന വര്‍ഷത്തെ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എം ജേഴ്സണ്‍ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അഫിലിയേറ്റഡ്, ഗവൺമെന്റ് അംഗീകൃതമായിട്ടുള്ള സ്കൂളുകൾ, കോളെജുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും മേധാവികള്‍ കണ്‍സഷന്‍ കാര്‍ഡ് മഞ്ഞനിറത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണം. സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ലിസ്റ്റ് നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കി അതതു താലൂക്കിലെ ജെ.ആർ.ടി.ഒ മുമ്പാകെ ഹാജരാക്കി കൺസഷൻ കാർഡ് ലഭിക്കുന്നതിന് സ്ഥാപന മേധാവി തന്നെ മുൻകൈ എടുക്കണം.

സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡുകള്‍ പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരം ബസുടമകള്‍ക്ക് നല്‍കും. ഒരു ദിവസം പരമാവധി 40 കി.മീ.യാണ് ഒരു വശത്തേക്കുള്ള സഞ്ചരിക്കാവുന്ന ദൂരപരിധി. വിദ്യാര്‍ത്ഥികള്‍ കണ്‍സഷന്‍ കാര്‍ഡ് കൈയില്‍ കരുതണമെന്നും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആര്‍.ടി.ഒ നിര്‍ദേശിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കണ്‍സഷന്‍ എടുക്കുന്ന പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യമാണെന്ന് ആർ.ടി.ഒ അറിയിച്ചു.

നിയമപരമായി പരിശോധിച്ചു തന്നെ കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കുമെന്നും ഒരു ദിവസം രണ്ട് യാത്രകൾ വിദ്യാര്‍ത്ഥികള്‍ക്ക് നടത്താമെന്നും അതിന് നിര്‍ബന്ധമായും കണ്‍സഷന്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ബസുടമകളുടെയും വിദ്യാര്‍ത്ഥികളുടെയും യോഗം ചേരും.വിദ്യാര്‍ത്ഥികളെ രണ്ടാം തരക്കാരായി കാണുക, അവരോട് മോശമായി പെരുമാറുക, നിര്‍ബന്ധമായും ഫുള്‍ ചാര്‍ജ് വാങ്ങുക തുടങ്ങിയവ സംബന്ധിച്ചുള്ള പരാതികള്‍ ജില്ലയില്‍ നിന്നും ഉണ്ടാവരുതെന്നും അങ്ങനെ ഉണ്ടായാല്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി സംഘടനകളും കോളെജുകളും സ്വമേധയായി വരുകയാണെങ്കില്‍ ആര്‍.ടി.ഒയുമായി സഹകരിച്ച് കണ്‍സഷന്‍ ചാര്‍ജ് സംബന്ധിച്ച വിവരങ്ങള്‍ ബസ് സ്റ്റാന്‍ഡിലും കോളെജ് പരിസരത്തും പ്രധാനപ്പെട്ട സ്ഥലങ്ങളിലും എഴുതിവെയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കാമെന്ന് കലക്ടര്‍ പറഞ്ഞു. ഗവ മോയന്‍ ഗേള്‍സ് സ്‌കൂളിലെ അഞ്ച് മുതല്‍ 10 വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ യൂണിഫോം മാറ്റം വരുത്തുന്നതിനാല്‍ ജൂലൈ ഒന്ന് വരെ സ്‌കൂളില്‍ നിന്നും സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ് നല്‍കുന്ന മുറയ്ക്ക് കണ്‍സഷന്‍ നല്‍കുമെന്ന് എ.ഡി.എം കെ. മണികണ്ഠന്‍ പറഞ്ഞു.

സ്വകാര്യ ബസുകള്‍ കുറവുള്ള അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ മറ്റു സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളും അപേക്ഷിച്ചാല്‍ കെഎസ്ആർടിസി കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് എ.ഡി.എം നിര്‍ദേശിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു; ലോക്സഭയിൽ ‘ചെങ്കോൽ’ സ്ഥാപിച്ച് പ്രധാനമന്ത്രി

പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു; ലോക്സഭയിൽ ‘ചെങ്കോൽ’ സ്ഥാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പുതിയ മന്ദിരത്തിനു പുറത്ത് നടന്ന പുജ, ഹോമ ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു പൂജ.

പൂർണകുംഭം നൽകി പുരോഹിതർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ലോക്സഭ സ്പീക്കർ ഓം ബിർലയും പൂജാ ചടങ്ങുകളിൽ സംബന്ധിച്ചു. ഇതിനുശേഷം ഇന്നലെ തലസ്ഥാനത്തെത്തിച്ച ചെങ്കോലിൽ പ്രധാനമന്ത്രി നമസ്കരിച്ചു. തിരുവാവടുതുറൈ പുരോഹിതർ ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. ചെങ്കോൽ പ്രാർത്ഥനാപൂർവം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം സ്ഥാപിച്ചു. ലോക്സഭ ഹാളിൽ പ്രധാനമന്ത്രി നിലവിളക്കു തെളിയിച്ചു. തുടർന്ന് നരേന്ദ്രമോദി ശിലാഫലകം ഉദ്ഘാടനം ചെയ്തു. പാർലമെന്റ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ട തൊഴിലാളികളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പ്രധാനമന്ത്രി ഷാൾ അണിയിച്ച് ആദരിച്ചു. ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവർ പങ്കെടുത്തു. ഇതിനു ശേഷം സർവമത പ്രാർത്ഥന.

സർവമത പ്രാർത്ഥനയ്ക്ക്ശേഷം പ്രധാനമന്ത്രി മടങ്ങും. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി വീണ്ടും പാര്‍ലമെന്റ് മന്ദിരത്തിലെത്തിച്ചേരും. തുടര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്റെ പ്രസംഗം. ഇതിനു പിന്നാലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ സന്ദേശം വായിക്കും. ഇതിനുശേഷം പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുതിയ 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കും.

തോന്നയ്ക്കൽ എ ജെ കോളേജ് ദേശീയ പാതയിൽ അപകടം; ഡ്രൈവറിന് ഗുരുതര പരിക്ക്

തോന്നയ്ക്കൽ എ ജെ കോളേജ് ദേശീയ പാതയിൽ അപകടം; ഡ്രൈവറിന് ഗുരുതര പരിക്ക്

തോന്നയ്ക്കൽ എ ജെ കോളേജിന് സമീപം അപകടം. സ്വിഫ്റ്റ് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പാരിപ്പള്ളി ഭൂതക്കുളത്ത് നിന്നും തിരുവന്തപുരത്തേയ്ക് വരുകയായിരുന്ന സ്വിഫ്റ്റ് കാറിൽ തോന്നയ്ക്കൽ എ ജെ കോളേജിൽ നിന്നും വന്ന രണ്ട് ടോറസ് ലോറികളിൽ പുറകിൽ നിന്നും വന്ന ലോറി ഇടിയ്ക്കുകയായിരുന്നു. ലോറിയുടെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. ലോറി ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരവൂർ ഭൂതകുളം സ്വദേശി സുന്ദരന്റെ സ്വിഫ്റ്റ് കാർ ആണ് അപകടത്തിൽപ്പെട്ടത്. കാറിനും കേടുപാടുകൾ ഉണ്ട്.

ഐപിഎല്ലിൽ ഇന്ന് കിരീടപ്പോര്; കിരീടം നിലനിർത്താൻ ഗുജറാത്ത്, അഞ്ചാമതും കപ്പ് ഉയർത്താൻ ധോണിപ്പട

ഐപിഎല്ലിൽ ഇന്ന് കിരീടപ്പോര്; കിരീടം നിലനിർത്താൻ ഗുജറാത്ത്, അഞ്ചാമതും കപ്പ് ഉയർത്താൻ ധോണിപ്പട

ഐപിഎൽ പതിനാറാം സീസണിലെ വിജയികളെ ഇന്നറിയാം. കിരീടപ്പോരിൽ നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായി കൊമ്പുകോർക്കും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് ഫൈനൽ മത്സരം. ഉദ്ഘാടന മത്സരത്തിൽ പോരടിച്ച ടീമുകൾ അതേ വേദിയിൽ തന്നെ ഫൈനൽ മത്സരവും കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

തുടർച്ചയായ രണ്ടാം കിരീടം എന്ന ലക്ഷ്യവുമായി ഗുജറാത്ത് എത്തുമ്പോൾ അഞ്ചാം ഐപിഎൽ കിരീടം എന്ന നേട്ടത്തിനായാണ് ധോണിപ്പടയുടെ വരവ്. കളിച്ച രണ്ട് സീസണുകളിലും ഫൈനലിലെത്തി എന്ന അപൂർവ നേട്ടത്തോടെയാണ് ഗുജറാത്ത് സ്വന്തം തട്ടകത്തിൽ പോരിനിറങ്ങുന്നത്. ശുഭ്മാൻ ഗില്ലും റാഷിദ് ഖാനുമാണ് ഗുജറാത്തിന്റെ കുന്തമുനകൾ. വൃദ്ധിമാൻ സാഹ, ക്യാപ്റ്റൻ ഹാർദിക്, സായ് സുദർശൻ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ എന്നിവർ അടങ്ങുന്ന ബാറ്റിംഗ് നിരയ്ക്ക് കൂറ്റൻ സ്‌കോറുകൾ അനായാസം അടിച്ചെടുക്കാൻ കഴിവുണ്ട്.

ബൗളിംഗിൽ മുഹമ്മദ് ഷമി, മോഹിത് ശർമ, നൂർ അഹമ്മദ്, ജോഷ്വ ലിറ്റിൽ എന്നിവർ എതിരാളികളെ വീഴ്ത്തുന്നതിൽ മിടുക്കർ. ചുരുക്കത്തിൽ തുടർച്ചയായി രണ്ട് കിരീടം എന്ന മുംബൈയുടെ റെക്കോഡിനൊപ്പമെത്താനാകും ഗുജറാത്തിന്‍റെ ശ്രമം. മറുവശത്ത് അഞ്ചാം കിരീടം എന്നത് തന്നെയാണ് ചെന്നൈയുടെ ലക്ഷ്യം. ചെന്നൈയുടെ നായകനായി ധോണിയുടെ അവസാന ഐപിഎൽ എന്ന അഭ്യൂഹങ്ങൾ ശക്‌തമായതിനാൽ കിരീട നേട്ടത്തോടെ ഇതിഹാസ നായകന് യാത്രയയപ്പ് നൽകുക എന്നതാകും ടീമിന്‍റെ ശ്രമം.

ഓപ്പണർമാരായ ഡെവൺ കോൺവെയും ഋതുരാജ്‌ ഗെയ്‌ക്ക്‌വാദുമാണ്‌ ബാറ്റിങ്ങിൽ ചെന്നൈയുടെ ആത്മവിശ്വാസം. കൂടാതെ കൂറ്റനടിക്കാരായി ശിവം ദുബെയും അജിൻക്യ രഹാനെയുമുണ്ട്‌. ജഡേജയുടെ ഫോം ടീമിന് മറ്റൊരു ആശ്വാസം. അവസാന ഓവറുകളിലെ ക്യാപ്‌റ്റൻ ധോണിയുടെ ക്യാമിയോ മികച്ച ഫിനിഷിംഗും നൽകുന്നു. അതേസമയം ബോളിംഗ് കരുത്തിൽ ചെന്നൈയെക്കാൾ ഒരു പടി മുന്നിലാണ് ഗുജറാത്ത്. ഒരു കൂട്ടം യുവ ബൗളർമാരുമായാണ് ചെന്നൈ എത്തുന്നത്. ദീപക് ചഹാർ, മതീഷ പതിരണ, തുഷാർ ദേശ്‌പാണ്ഡെ എന്നിവർ പേസ് ബോളിങ് നിരയുടെ നേതൃത്വം ഏറ്റെടുക്കുമ്പോൾ മഹീഷ തീക്ഷ്‌ണ കറക്കി വീഴ്‌ത്തുന്ന പന്തുകളുമായി സ്‌പിൻ നിരയ്‌ക്കും കരുത്ത് കൂട്ടുന്നു.

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 30 മുതല്‍ 40 മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കര്‍ണാടക, കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അരിക്കൊമ്പന്‍ ഉള്‍ക്കാട്ടിലേയ്ക്ക് കടന്നു; മേഘമല കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

അരിക്കൊമ്പന്‍ ഉള്‍ക്കാട്ടിലേയ്ക്ക് കടന്നു; മേഘമല കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

കമ്പം: തമിഴ്‌നാട്ടിലെ കമ്പം ടൗണിനെ മുള്‍മുനയില്‍ നിര്‍ത്തിയ അരിക്കൊമ്പന്‍ തിരികെ ഉള്‍ക്കാട്ടിലേക്ക് കടന്നു. കൂതനാച്ചി റിസര്‍വ് വനത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന മേഘമല കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്നാണ് കേരള വനംവകുപ്പിന് വിവരം ലഭിച്ചിട്ടുള്ളത്. വിഎച്ച്എസ് ആന്റിന ഉപയോഗിച്ച് ആനയുടെ ലൊക്കേഷന്‍ ട്രേസ് ചെയ്തു വരികയാണ്. ചുരുളപ്പെട്ടിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലേക്ക് ആന പോയിട്ടുണ്ട്. ഉള്‍ക്കാട്ടിലേക്ക് കടന്നാല്‍ അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള നീക്കം ദൗത്യസംഘം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന.

പുലര്‍ച്ചെ രണ്ടരയ്ക്കാണ് അരിക്കൊമ്പനെ കൃഷിയിടത്തില്‍ കണ്ടെത്തിയത്. അതിനു പിന്നാലെ ആന തെങ്ങിന്‍ തോപ്പിലേക്ക് മാറി. പിന്നീടാണ് തെങ്ങിന്‍ തോപ്പില്‍ നിന്നും ഉള്‍ക്കാട്ടിലേക്ക് അരിക്കൊമ്പന്‍ പിന്‍വാങ്ങിയത്. ആനയുടെ സഞ്ചാരം തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.

അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്‌നാട് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡോ. കലൈവാണന്റെ നേതൃത്വത്തില്‍ ദൗത്യസംഘം സ്ഥലത്ത് എത്തിയിരുന്നു. ആന പരിഭ്രാന്തി സൃഷ്ടിച്ച കമ്പം മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.