by liji HP News | May 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുക. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് ‘ഭാരത്’ എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലുമുണ്ടാകും. നാണയത്തില്‍ ‘രൂപ’ ചിഹ്നവും ലയണ്‍ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളില്‍ ’75 ‘എന്ന മൂല്യവും രേഖപ്പെടുത്തും. മുകളിലെ ‘സന്‍സദ് സങ്കുല്‍’ എന്നും താഴെ ഇംഗ്ലീഷില്‍ ‘പാര്‍ലമെന്റ് മന്ദിരം’ എന്നും എഴുതും.
ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിലെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചാകും നാണയത്തിന്റെ ഡിസൈന്‍ തയ്യാറാക്കുകയെന്ന് കേന്ദ്രം അറിയിച്ചു. 44 മില്ലിമീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലുള്ള നാണയത്തിന്റ അഗ്രഭാഗങ്ങളില്‍ 200 സെറേഷനുകള്‍ ഉണ്ടായിരിക്കും. 35 ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് ഉള്‍പ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിര്‍മിക്കുന്നത്.
അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. 25 ഓളം പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
by liji HP News | May 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉയർന്നിട്ടുണ്ട്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് നിലപാടെടുത്തിരിക്കുകയാണ്. 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിഎസ്പിയും ജെഡിഎസുമാണ് പ്രതിപക്ഷ നിരയിൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
പുതിയ പാർലമെന്റ് ഉദ്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. എംപിമാർക്ക് ലോക്സഭ സെക്രട്ടറി ജനറൽ ഒദ്യോഗികമായി കത്തയച്ചു തുടങ്ങി. ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
by liji HP News | May 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: കോഴിക്കാട്ടെ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ എന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ്. തിരൂര്‍ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഷിബിലിയെയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയെയും റെയില്‍വേ സുരക്ഷാ സേനയുടെ സഹായത്തോടെയാണ് പിടികൂടിയത്. ചെന്നൈയില്‍ നിന്ന് പിടികൂടി കസ്റ്റഡിയിലെടുത്ത ഇരുവരെയും ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തിക്കും. ഇതിനായുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ കാരണവും കൊലപാതക രീതിയും അറിയാന്‍ സാധിക്കുകയുള്ളൂ എന്നും എസ്പി പറഞ്ഞു.
അട്ടപ്പാടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മൊബൈല്‍ ഫോണ്‍, സിസിടിവി എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് മൃതദേഹം അട്ടപ്പാടിയില്‍ ഉണ്ടെന്ന് മനസിലായത്. കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണ് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിക്കു ആണ് കസ്റ്റഡിയിലെടുത്ത മൂന്നാമത്തെ പ്രതി. മൂന്നുപേര്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഫര്‍ഹാനയുടെ സുഹൃത്താണ് ചിക്കു. 18നും 19നും ഇടയിലാണ് കൊലപാതകം നടന്നത്. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും. കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പ് ആണോ എന്നതടക്കമുള്ള കാര്യത്തില്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരികയുള്ളൂ എന്നും എസ്പി പറഞ്ഞു.
by liji HP News | May 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: വെള്ളമെന്നു കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ് (60) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കൂത്താട്ടുകുളം ഇലഞ്ഞി ആലപുരത്ത് റബ്ബര്‍ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് എത്തിയതായിരുന്നു ഇവര്‍. റബ്ബര്‍തോട്ടത്തിനു സമീപമുള്ള കോഴിഫാമിനോട് ചേര്‍ന്ന കെട്ടിടത്തില്‍ കുപ്പിയില്‍ ഫോര്‍മാലിന്‍ ഉണ്ടായിരുന്നു. കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കോഴിഫാം വൃത്തിയാക്കാന്‍ സൂക്ഷിച്ചിരുന്ന ഫോര്‍മാലിന്‍ ആയിരുന്നു കുപ്പിയില്‍ ഉണ്ടായിരുന്നത്. ഛര്‍ദിയുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
by liji HP News | May 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പോത്തൻകോട്ട് യുവതിയെ സംഘം ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് കോടതിയുടെ മെമോ. കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും നടപ്പിലാക്കാത്തതിനാണ് മെമോ. കുപ്രസിദ്ധ ഗുണ്ട കരടി ബൈജു അടക്കം 4 പ്രതികളുള്ള കേസിൽ 2 പ്രതികളെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും നടപ്പിലാക്കാത്ത പുറപ്പെടുവിച്ചത്. മാർച്ച് 1 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള ജില്ലാ കോടതി ഉത്തരവ് നടപ്പിലാക്കുകയോ നടപ്പിലാക്കാൻ സാധിക്കാത്തതിന് കാരണം കാട്ടി റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്യാത്തതിനാണ് ഡിവൈഎസ്‌പിക്ക് കോടതി മെമോ നൽകിയത്.
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. ജൂൺ 15 നാണ് വിശദീകരണം ബോധിപ്പിക്കേണ്ടത്. കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ 2 പ്രതികളെ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. പോത്തൻകോട് കൂട്ട ബലാൽസംഗക്കേസിലെ മൂന്നും നാലും പ്രതികളായ വെള്ളച്ചി രതീഷ്, പരുന്ത് ബിജു എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. മാർച്ച് 1 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു.
by liji HP News | May 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിലെ കൂട്ട പിരിച്ചുവിടൽ നടപടി തടഞ്ഞ് ഉത്തരവ് ഇറക്കിയ സംസ്ഥാന സർക്കാർ തീരുമാനം കേരള പത്രപ്രവർത്തക യൂണിയൻ സ്വാഗതം ചെയ്തു. തൊഴിൽ സുരക്ഷയും സേവന, വേതന വ്യവസ്ഥകളും അട്ടിമറിക്കാൻ മാനേജ്മെൻറ് നിരത്തിയ കപട വാദങ്ങൾ തള്ളി തൊഴിലാളി പക്ഷത്ത് നിലയുറപ്പിച്ച സർക്കാർ നടപടി അരക്ഷിതാവസ്ഥ നേരിടുന്ന മാധ്യമ മേഖലയിലെ തൊഴിലാളികൾക്ക് പകരുന്ന ആശ്വാസവും ആത്മവിശ്വാസവും വളരെ വലുതാണെന്ന് യൂണിയൻ പ്രസിഡൻ്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും പ്രസ്താവനയിൽ പറഞ്ഞു.
ഇനിയും നടപ്പാക്കിയിട്ടില്ലാത്ത അശാസ്ത്രീയമായ ഓട്ടോമേഷൻ സംവിധാനത്തിൻ്റെ പേരിൽ പ്രൂഫ് വിഭാഗത്തിലെ 23 മാധ്യമ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള മാനേജ്മെൻ്റ് നീക്കം സർക്കാർ ഉത്തരവോടെ അസാധുവായി. ഒരു ഭാഗത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും മറുഭാഗത്ത് കുറഞ്ഞ ആനുകൂല്യങ്ങളോടെ കരാർവത്കരണത്തിന് മാനേജ്മെൻ്റ് നടത്തുന്ന നീക്കത്തിന് പിന്നിലെ ഇരട്ടത്താപ്പ് സർക്കാർ ഉത്തരവിൽ എടുത്തുപറയുന്നത് ഏറെ പ്രസക്തമാണ്.
തൊഴിൽ സുരക്ഷയ്ക്ക് അനുകൂലമായ ഉത്തരവ് ഇറക്കാൻ നേതൃത്വം നൽകിയ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി, തൊഴിൽ വിഷയത്തിൽ ഒപ്പം നിന്ന മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥ മേധാവികൾ എന്നിവരെ യൂണിയൻ നന്ദി അറിയിക്കുന്നു. മാസങ്ങളോളം ശമ്പളം നൽകാതെയും നിലവിലെ അവകാശാനുകൂല്യങ്ങൾ വെട്ടിക്കുറച്ചും തൊഴിലാളി വിരുദ്ധ നിലപാടു സ്വീകരിക്കുന്ന മാനേജ്മെൻ്റുകൾക്ക് കൂച്ചുവിലങ്ങ് ഇടാൻ സർക്കാർ ഭാഗത്തുനിന്ന് കൂടുതൽ കർക്കശമായ ഇടപെടലുകൾ ഉണ്ടാകണമെന്നും യൂണിയൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
Recent Comments