‘മാധ്യമ’ത്തിലെ പിരിച്ചുവിടൽ തടഞ്ഞ് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിലെ കൂട്ട പിരിച്ചുവിടൽ നടപടി തടഞ്ഞ് ഉത്തരവ് ഇറക്കിയ സംസ്ഥാന സർക്കാർ തീരുമാനം കേരള പത്രപ്രവർത്തക യൂണിയൻ സ്വാഗതം ചെയ്തു. തൊഴിൽ സുരക്ഷയും സേവന, വേതന വ്യവസ്ഥകളും അട്ടിമറിക്കാൻ മാനേജ്മെൻറ് നിരത്തിയ കപട വാദങ്ങൾ തള്ളി തൊഴിലാളി പക്ഷത്ത് നിലയുറപ്പിച്ച സർക്കാർ നടപടി അരക്ഷിതാവസ്ഥ നേരിടുന്ന മാധ്യമ മേഖലയിലെ തൊഴിലാളികൾക്ക് പകരുന്ന ആശ്വാസവും ആത്മവിശ്വാസവും വളരെ വലുതാണെന്ന് യൂണിയൻ പ്രസിഡൻ്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും പ്രസ്താവനയിൽ പറഞ്ഞു.

ഇനിയും നടപ്പാക്കിയിട്ടില്ലാത്ത അശാസ്ത്രീയമായ ഓട്ടോമേഷൻ സംവിധാനത്തിൻ്റെ പേരിൽ പ്രൂഫ് വിഭാഗത്തിലെ 23 മാധ്യമ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള മാനേജ്മെൻ്റ് നീക്കം സർക്കാർ ഉത്തരവോടെ അസാധുവായി. ഒരു ഭാഗത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും മറുഭാഗത്ത് കുറഞ്ഞ ആനുകൂല്യങ്ങളോടെ കരാർവത്കരണത്തിന് മാനേജ്മെൻ്റ് നടത്തുന്ന നീക്കത്തിന് പിന്നിലെ ഇരട്ടത്താപ്പ് സർക്കാർ ഉത്തരവിൽ എടുത്തുപറയുന്നത് ഏറെ പ്രസക്തമാണ്.

തൊഴിൽ സുരക്ഷയ്ക്ക് അനുകൂലമായ ഉത്തരവ് ഇറക്കാൻ നേതൃത്വം നൽകിയ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി, തൊഴിൽ വിഷയത്തിൽ ഒപ്പം നിന്ന മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥ മേധാവികൾ എന്നിവരെ യൂണിയൻ നന്ദി അറിയിക്കുന്നു. മാസങ്ങളോളം ശമ്പളം നൽകാതെയും നിലവിലെ അവകാശാനുകൂല്യങ്ങൾ വെട്ടിക്കുറച്ചും തൊഴിലാളി വിരുദ്ധ നിലപാടു സ്വീകരിക്കുന്ന മാനേജ്മെൻ്റുകൾക്ക് കൂച്ചുവിലങ്ങ് ഇടാൻ സർക്കാർ ഭാഗത്തുനിന്ന് കൂടുതൽ കർക്കശമായ ഇടപെടലുകൾ ഉണ്ടാകണമെന്നും യൂണിയൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

വില്ലേജ് ആഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി

വില്ലേജ് ആഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് റവന്യു വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു വകുപ്പില്‍ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് സംസ്ഥാനത്താകെയുള്ള വില്ലേജ് ആഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി. സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തി.

ലാന്റ് റവന്യൂ കമ്മീഷണറേറ്റിലെ പരിശോധനാ സംഘം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 41 ആഫീസുകളില്‍ പരിശോധന നടത്തി. 11 ഡെപ്യൂട്ടി കളക്ടര്‍മാരുടെയും 3 സീനിയര്‍ സൂപ്രണ്ടുമാരുടെയും നേതൃത്വത്തില്‍ 14 ടീമുകളായി തിരിഞ്ഞാണ് 12 ജില്ലകളില്‍ ഇത്തരത്തില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം റവന്യു വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ റവന്യു സെക്രട്ടേറിയേറ്റിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകള്‍ നടത്തിയത്. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസം തന്നെ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സേവനാവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കേറ്റുകളും സേവനങ്ങളും മതിയായ കാരണമില്ലാത്ത നല്‍കാതിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന മൂന്ന് മേഖലാ റവന്യൂ വിജിലന്‍സ് ഓഫീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും അതോടൊപ്പം കമ്മീഷണറേറ്റിലേയും കളക്ട്രേറ്റുകളിലേയും പരിശോധന വിഭാഗങ്ങള്‍ ശക്തമാക്കാനും നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനായി കൂടുതല്‍ ജീവനക്കാരെ ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതോടു കൂടി അഴിമതി ഗണ്യമായി കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനായി പൊതുജനങ്ങളെ ഇ-സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിനു വേണ്ടി റവന്യൂ ഇ-സാക്ഷരത എന്ന പേരില്‍ ആരംഭിച്ച പദ്ധതി കാര്യക്ഷമമാക്കും. പൊതുജനങ്ങളെ റവന്യൂ ആഫീസുകളില്‍ എത്തിക്കാതെ തന്നെ സേവനങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇ-സേവനങ്ങള്‍ നല്‍കുന്നതിലുള്ള പുരോഗതിയും കാലതാമസവും പരിശോധിക്കുന്നതിന് റവന്യൂ മന്ത്രിയുടെ ഓഫീസിലും, ലാന്റ് റവന്യൂ കമ്മീഷണറേറ്റിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. അഴിമതി കേസികളില്‍ നടപടി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായട നടപടി സ്വീകരിക്കും. അഴിമതി സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നതിന് ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. അടുത്തയാഴ്ച തന്നെ സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്ത് അവരുടെ കൂടി സഹകരണത്തോടെ അഴിമതിക്കെതിരെയുള്ള നടപടികള്‍ വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.

നിശാഗന്ധിയെ സംഗീത സാന്ദ്രമാക്കി രാജലക്ഷ്മി മ്യൂസിക്കല്‍ നൈറ്റ്

നിശാഗന്ധിയെ സംഗീത സാന്ദ്രമാക്കി രാജലക്ഷ്മി മ്യൂസിക്കല്‍ നൈറ്റ്

എന്റെ കേരളം മെഗാ മേളയുടെ ഭാഗമായി നിശാഗന്ധിയില്‍ സംഗീതത്തിന്റെ വിസ്മയരാവ് തീര്‍ത്ത് ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മിയുടെ മ്യൂസിക്കല്‍ നൈറ്റ്. മെലഡിയും ഫാസ്റ്റ് നമ്പറുകളും ഒരു പോലെ പാടി ആരാധകരെ ആവേശത്തിലാക്കാറുള്ള രാജലക്ഷ്മിയുടെ പതിവ് ശൈലി നിശാഗന്ധിയിലും ആവര്‍ത്തിച്ചു. പാട്ടിനൊപ്പം ചുവടുകളും നിറഞ്ഞ കൈയ്യടിയുമായി സദസും ഒപ്പം ചേര്‍ന്നു.

ഗിത്താറില്‍ സുദേന്ദുവും കീബോര്‍ഡില്‍ സാംസണും ഡ്രംസില്‍ രഞ്ജുവും വിസ്മയം തീര്‍ത്തു. തബലയില്‍ വിരലുകളാല്‍ സംഗീതത്തിന്റെ മാന്ത്രിക ലോകത്തെ സമ്പന്നമാക്കി ഹരികൃഷ്ണും ഫ്‌ളൂട്ടില്‍ മികച്ച ശ്രവ്യാനുഭവം പകര്‍ന്ന് ഷാജിയും മ്യൂസിക്കല്‍ നൈറ്റിന് മികവ് പകര്‍ന്നു.

നിശാഗന്ധിയിൽ ഇന്ന് വൈകുന്നേരം 6 മണിമുതൽ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ ഏഴ് മുതൽ 14 വയസ്സുവരെ പ്രായമുള്ള 22 കുട്ടികൾ അവതരിപ്പിക്കുന്ന ഡോക്യുഡ്രാമ ‘ചങ്ങാതി’ അരങ്ങേറും. തുടർന്ന് വൈകുന്നേരം 7.30 മുതല്‍ ഭദ്ര റെജിൻ മ്യൂസിക് ബാന്‍ഡ് സംഗീത പരിപാടി.

നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും സാമൂഹിക ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കും:മുഖ്യമന്ത്രി

നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും സാമൂഹിക ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കും:മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണ സംവിധാനത്തില്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്താനും ഡിജിറ്റല്‍ സംസ്ഥാനമാകാനും ലക്ഷ്യമിട്ടുകൊണ്ട് കേരളത്തെ ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. കേരളജനതയെ വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിലെ സുപ്രധാന കാല്‍വയ്പാണിത്.

ഇ-ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതുകൊണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സേവനം ആവശ്യമുള്ള പൗരന്‍മാര്‍ക്കും മാത്രമായുള്ള ഒരു ശൃംഖല രൂപപ്പെടുത്തുക എന്നതു മാത്രമല്ല, നാടിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യാ നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇ-ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതു കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയും അതിലധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിനാകെ പ്രയോജനപ്പെടണം എന്നുണ്ടെങ്കില്‍ സമൂഹത്തിലെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കണം. അതിനുവേണ്ട ഇടപെടലുകള്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതികവിദ്യയെ പൊതുസേവന മേഖലയുമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ഇ-ഗവേണന്‍സ് ചെയ്യുന്നത്. ഇത് നവകേരള സൃഷ്ടിക്ക് സുശക്തമായ അടിത്തറ പാകുന്ന ഒന്നായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷ വേളയാണിത്. ഇതിനെ ആഘോഷപരിപാടിയായി മാത്രം ചുരുക്കാതെ ജനോന്‍മുഖമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അവസരമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും ആ നിലയ്ക്കാണ് നൂറുദിന കര്‍മ്മ പരിപാടി ആവിഷ്ക്കരിച്ചു നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

കുറഞ്ഞ ചെലവിലോ സൗജന്യമായോ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി കേരളം ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതി അടുത്ത മാസം നാടിനു സമര്‍പ്പിക്കപ്പെടുകയാണ്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഇന്‍റര്‍നെറ്റ് സാന്ദ്രതയില്‍ വര്‍ധനവുണ്ടാകും. അതോടെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളെ കൂടുതല്‍ പ്രയോജനപ്പെടുത്താം. അങ്ങനെ ജനങ്ങളും ഭരണസംവിധാനവും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.

ഇ-ഗവേണിംഗ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്‍റര്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവില്‍ 2,000 ത്തിലധികം ഹോട്ട്സ്പോട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് എന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താന്‍ പല തലങ്ങളിലുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതിനുപുറമേ 2,000 ഹോട്ട്സ്പോട്ടുകള്‍ കൂടി ഒരുങ്ങുകയാണ്. ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഒരുക്കാനായി ബന്ധപ്പെട്ട ഈ അടിസ്ഥാന സൗകര്യവികസന പദ്ധതികളെല്ലാം തന്നെ ഇ-ഗവേണന്‍സ് സംവിധാനങ്ങള്‍ ജനങ്ങള്‍ക്കു പ്രാപ്യമാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൂടി ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി ഇ-സേവനം പോര്‍ട്ടല്‍ എന്ന പേരില്‍ ഏകജാലക സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. തൊള്ളായിരത്തോളം സേവനങ്ങള്‍ നിലവില്‍ ഈ പോര്‍ട്ടല്‍ മുഖേന ലഭ്യമാണ്. ഇതേ മാതൃകയിലുള്ള മറ്റൊരു ജനകീയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും സബ് കളക്ടറേറ്റുകളിലും കമ്മീഷണറേറ്റുകളിലും ഡയറക്ടറേറ്റുകളിലും മറ്റും ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു.

താലൂക്ക് തലത്തിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വികസന പദ്ധതികളും ക്ഷേമ പദ്ധതികളും ഒരുപോലെ സംയോജിപ്പിച്ചുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത്തരം പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോള്‍ തന്നെ അവ പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് ഉത്തേജനം പകരുന്നതാണ് ഇ-ഗവേണന്‍സ് മേഖലയിലെ മുന്‍കൈകളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം ആദ്യ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമാകുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങളിലേക്കെത്തുമെന്ന് ആമുഖഭാഷണം നടത്തിയ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു. സമസ്ത മേഖലയിലും ഇ-ഗവേണന്‍സിലൂടെയുള്ള മാറ്റം പ്രതിഫലിക്കുമെന്നും സമൂഹ പുരോഗതിയില്‍ ഇത് നിര്‍ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍, സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി എന്നിവര്‍ സംബന്ധിച്ചു.

അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളും എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കാന്‍ ഇ ഗവേണന്‍സിലൂടെ സാധിക്കും. മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇ ഗവേണന്‍സിലൂടെ ലക്ഷ്യമിടുന്നു. അത്യാധുനിക സാങ്കേതികവിദ്യാ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ച് എല്ലാത്തരം സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി നല്‍കാന്‍ സഹായിക്കും. ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനമുള്‍പ്പെടെ 800ല്‍പ്പരം സര്‍ക്കാര്‍ സേവനങ്ങള്‍ ഏകജാലക സംവിധാനത്തിലേക്ക് മാറും.

സമ്പൂര്‍ണ ഇ-ഗവേണന്‍സ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇലക്ട്രോണിക്സ്-ഐടി വകുപ്പ് കനകക്കുന്നില്‍ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും സേവനങ്ങളുമാണ് ഓഡിയോ, വിഷ്വല്‍ രൂപങ്ങളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മേയ് 27 വരെ നടക്കുന്ന എക്സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു. രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോരുകയായിരുന്നു ജഗൻ. അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കൽ ആൽബവും ഒരുക്കിയിട്ടുണ്ട്. എം.പി.എം. പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ്ഈ ചിത്രംനിർമ്മിക്കുന്നത്. ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലുള്ള ചിത്രമാണിത്.

യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വിൽസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സർവ്വീസ്സിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്.

സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെ യാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപി സുന്ദറിന്റേതാണു സംഗീതം. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – ക്രിസ്റ്റി സെബാസ്റ്റ്യൻ. കലാസംവിധാനം – ഡാനി മുസ്സരിസ്.
മേക്കപ്പ് – അനീഷ് വൈപ്പിൻ. കോസ്റ്റും ഡിസൈൻ – വീണാ സ്യമന്തക് ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക്. പ്രൊജക്റ്റ് ഡിസൈനേഴ്സ്- ആൻസിൽ ജലീൽ – വിശ്വനാഥ്.ഐ:
ജൂൺ രണ്ടിന് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ നടക്കും.
ജൂൺ അഞ്ചു മുതൽ പാലക്കാട്ട് ചിത്രീകരണമാരംഭിക്കും.

അരിക്കൊമ്പന്‍ കുമളിയില്‍ എത്തി, ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്ത് വരെ; കാട്ടിലേക്ക് തന്നെ തുരത്തി

അരിക്കൊമ്പന്‍ കുമളിയില്‍ എത്തി, ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്ത് വരെ; കാട്ടിലേക്ക് തന്നെ തുരത്തി

കുമളി: ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിയില്‍ എത്തി. ജനവാസ മേഖലയ്ക്ക് നൂറ് മീറ്റര്‍ അടുത്ത് വരെ എത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. കുമളി റോസപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടെത്തിയത്. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് വഴിയാണ് ആനയുടെ നീക്കം വനംവകുപ്പ് നിരീക്ഷിക്കുന്നത്. ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് ശബ്ദം ഉണ്ടാക്കി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതായി വനംവകുപ്പ് അറിയിച്ചു.

കഴിഞ്ഞദിവസം ആകാശദൂരം കുമളിയില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ വരെ എത്തിയ അരിക്കൊമ്പന്‍, ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും ജനവാസ മേഖലയ്ക്ക് അരികില്‍ അരിക്കൊമ്പന്‍ എത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഏഴുദിവസം മുന്‍പാണ് ആന തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പനെ തുറന്നുവിട്ട പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് തമിഴ്നാട്ടിലെ മേഘമല വരെ പോയ ശേഷമായിരുന്നു കാട്ടാനയുടെ മടക്കം.വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ അരിക്കൊമ്പനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്നാട് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിര്‍ദേശിച്ചിരിക്കുന്നത്.