‘രക്ഷാപ്രവര്‍ത്തനത്തില്‍’ പുനരന്വേഷണം; ആശാവര്‍ക്കര്‍മാര്‍ക്ക് 3,000 കൂട്ടി; ധവളപത്രം പുറത്തിറക്കും

‘രക്ഷാപ്രവര്‍ത്തനത്തില്‍’ പുനരന്വേഷണം; ആശാവര്‍ക്കര്‍മാര്‍ക്ക് 3,000 കൂട്ടി; ധവളപത്രം പുറത്തിറക്കും

തിരുവനന്തപുരം: 2023ല്‍ നവകേരള സദസിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ റോഡരികില്‍ പ്രതിഷേധിച്ച രണ്ടു പേരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ് പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ആദ്യമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു വിഡി സതീശന്‍. കോടതി പുനരനേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ നടത്തിയിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

നിയമസഭാ സമ്മേളനം മേയ് 22 മുതല്‍ വിളിച്ചു ചേര്‍ക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും. മേയ് 29ന് നയപ്രഖ്യാപന പ്രസംഗം നടക്കും. ജി സുധാകരനെ പ്രോടേം സ്പീക്കറായി നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കും. അഡ്വ. ജനറല്‍ ആയി ജാജു ബാബുവിനെ നിയമിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി ആസഫലിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുഡിഎഫ് പ്രഖ്യാപിച്ച അഞ്ചു ഗ്യാരന്റികളില്‍ രണ്ടെണ്ണമാണു നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര നടപ്പാക്കും. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പു രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്നും മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം ആദ്യഘട്ടമെന്ന നിലയില്‍ 3000 രൂപ വര്‍ധിപ്പിച്ചു. വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ചുള്ള തീരുമാനം ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കും. അംഗന്‍വാടി ജീവനക്കാരുടെ വേതനം 1000 രൂപ വര്‍ധിപ്പിക്കും. പാചകത്തൊഴിലാളികളുടെയും പ്രീപൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1000 രൂപ വേതനം വര്‍ധിപ്പിച്ചു.

കാലവര്‍ഷത്തിന് മുന്‍പെ പെരുമഴ; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ഇടത്ത് യെല്ലോ

കാലവര്‍ഷത്തിന് മുന്‍പെ പെരുമഴ; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ഇടത്ത് യെല്ലോ

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദപാത്തി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കും കന്യാകുമാരി പ്രദേശത്തിന്റെ ചില ഭാഗങ്ങളിലേക്കും കൂടി വ്യാപിച്ചിട്ടുണ്ട്. കൂടാതെ തെക്കു പടിഞ്ഞാറന്‍ – തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലും ആന്‍ഡമാന്‍ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകളിലുടനീളവും കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങളിലും കാലവര്‍ഷം വ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 26 ഓടെ എത്താന്‍ സാധ്യതയെന്നും (4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം) കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഈ ചക്രവാതച്ചുഴിയില്‍ നിന്ന്, തെക്കന്‍ ലക്ഷദ്വീപിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടല്‍ വരെ കേരളം, കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങള്‍, റായലസീമ എന്നിവയ്ക്ക് മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ സെക്രട്ടേറിയറ്റില്‍ പൂർത്തിയായി

മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ സെക്രട്ടേറിയറ്റില്‍ പൂർത്തിയായി

മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം, പുതിയ മന്ത്രിസഭയിലെ ശക്തനായ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാർ എന്നിവർ മുൻപ് മന്ത്രിമാരായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന അതേ പഴയ ഓഫീസുകള്‍ തന്നെ ഇത്തവണയും തെരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്.

ജൂൺ 15 മുതൽ കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

ജൂൺ 15 മുതൽ കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരന്റിയിലെ രണ്ട് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനം ഉണ്ടാകണം. ആശാവര്‍ക്കര്‍മാര്‍ക്ക് മൂവായിരം രൂപ വര്‍ധിപ്പിക്കും. അങ്കണവാടി ജീവനക്കാരുടെ വരുമാനത്തില്‍ ആയിരം രൂപ വര്‍ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും. പാചകതൊഴിലാളികളുടെ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ആയമാരുടെയും പ്രീ പ്രൈമറി ടീച്ചര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്‌.

നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരന്‍ പ്രോടേം സ്പീക്കറാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി അസഫലിയെ നിയമിച്ചു. നവകേരള യാത്രയിലെ പൊലീസ് മര്‍ദനത്തില്‍ സ്‌പെഷ്യല്‍ അന്വേഷണം നടത്തും.

ലോക്ഭവനില്‍നിന്ന് ചായസല്‍ക്കാരം കഴിഞ്ഞു മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിമാരും നോര്‍ത്ത് ബ്ലോക്കിലേക്ക് ആദ്യ മന്ത്രിസഭാ യോഗത്തിനെത്തിയപ്പോള്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് മഴയിലും ചോരാത്ത ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചത്. മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന വിഡി സതീശനെ ആദ്യമായി അനുമോദിച്ചത് മുഹമ്മദ് ഷിയാസ് എംഎല്‍എയാണ്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ബൊക്കെ നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചു.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജനസാഗരത്തെ സാക്ഷിയാക്കിയാണ് കേരളത്തിന്റെ പതിമൂന്നാമതു മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്ദേമാതരം ആലപിച്ചാണ് ആരംഭിച്ചത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി കെ ജയതിലക് വിഡി സതീശനെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ദൈവനാമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.

മുഖ്യമന്ത്രിക്കു പിന്നാലെ മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പികെ കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതുമായി സത്യപ്രതിജ്ഞ ചെയ്തു. സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സിപി ജോണ്‍, എപി അനില്‍ കുമാര്‍, എന്‍ ഷംസുദ്ദീന്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീര്‍, വിഇ അബ്ദുല്‍ ഗഫൂര്‍, ടി സിദ്ദീഖ്, കെഎ തുളസി, ഒജെ ജനീഷ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. കെ മുരളീധരന്‍ ഇംഗ്ലിഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഷിബു ബേബി ജോണും സിപി ജോണും സഗൗരവവും മറ്റുള്ളവര്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.

വരുന്നു… റെയിൽവേയിൽ വൻ അവസരം; 6,565 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത, ജൂൺ മുതൽ അപേക്ഷിക്കാം

വരുന്നു… റെയിൽവേയിൽ വൻ അവസരം; 6,565 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത, ജൂൺ മുതൽ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേയിൽ വീണ്ടും വൻ അവസരം. ടെക്നീഷ്യൻ തസ്തികകളിലായി 6,565 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ, ടെക്നീഷ്യൻ ഗ്രേഡ് III വിഭാഗങ്ങളിലായാണ് നിയമനം. 18 മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 30 മുതൽ ജൂലൈ 29 വരെ നൽകാം.

ഗ്രേഡ് I സിഗ്നൽ
ഒഴിവുകൾ- 323 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിദ്യാഭ്യസ യോഗ്യത- ബിഎസ്.സി ഫിസിക്സ് /ഇലക്ട്രോണിക്സ് /കംപ്യൂട്ടർ സയൻസ് /ഐ ടി /ഇൻസ്ട്രുമെന്റഷൻ

അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യത ആവശ്യമാണ്.

പ്രായപരിധി- 18 മുതൽ 36 വയസ് വരെ

ശമ്പളം- 7th സിപിസി പ്രകാരം 29,200 രൂപ മുതൽ

ടെക്നീഷ്യൻ ഗ്രേഡ് III
ഒഴിവുകൾ- 6,242 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിദ്യാഭ്യസ യോഗ്യത- പത്താം ക്ലാസ്, ITI ട്രേഡ് സർട്ടിഫിക്കറ്റ്

പ്രായപരിധി- 18 മുതൽ 33 വയസ് വരെ

ശമ്പളം- 7th സിപിസി പ്രകാരം 19,900 രൂപ മുതൽ

അപേക്ഷാ ഫീസ്
ജനറൽ, ഒബിസി, ഇ ഡൗബ്ലു എസ് വിഭാഗങ്ങൾക്ക് 500 രൂപയും. SC, ST, PwD വിഭാഗങ്ങൾക്ക് 250 രൂപയുമാണ് ഫീസ്. ഓൺലൈൻ വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

തെരഞ്ഞെടുപ്പ് പ്രക്രിയ
കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT), ഡോക്യുമെന്റ് വെരിഫിക്കേഷൻ , മെഡിക്കൽ ക്സാമിനേഷൻ എന്നിവയ്ക്ക് ശേഷമാണ് അന്തിമ പട്ടിക പ്രഖ്യാപിക്കുക.

ഓൺലൈൻ അപേക്ഷകൾ www.rrbapply.gov.in വഴി 30 ജൂൺ 2026 മുതൽ 29 ജൂലൈ 2026 വരെ സമർപ്പിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കേന്ദ്രികൃത വിജ്ഞാപനം (CEN 02/2026) പ്രകാരമാണ് നിയമന നടപടികൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് RRB ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

‘സന്തോഷം അലയടിച്ച നിമിഷം’; വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം, കൽപ്പറ്റ ടൗൺഷിപ്പിൽ ആദ്യ കുടുംബം താമസമാരംഭിച്ചു

‘സന്തോഷം അലയടിച്ച നിമിഷം’; വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം, കൽപ്പറ്റ ടൗൺഷിപ്പിൽ ആദ്യ കുടുംബം താമസമാരംഭിച്ചു

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ നിർമിച്ച പുനരധിവാസ ടൗൺഷിപ്പിലെ ആദ്യ ഗൃഹപ്രവേശ ചടങ്ങ് നടന്നു. ചൂരൽമല സ്കൂൾ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ടൗൺഷിപ്പിലേക്ക് താമസം മാറിയ ആദ്യ കുടുംബം. സോൺ 1 ലെ ഡി ക്ലസ്റ്ററിലെ 38-ാം നമ്പർ വീട്ടിലാണ് ഇവരുടെ കുടുംബം താമസം ആരംഭിച്ചത്. വിജയന്റെ ഭാര്യ ലാലു, മകൻ കെ.വി. സ്മിജിത്ത്, മരു മകൾ സജിത, പേരക്കുട്ടികൾ എന്നിവരാണ് പുതിയ വീട്ടിലെ താമസക്കാർ.

ഇന്ന് രാവിലെ 10 മണിക്ക് നടന്ന ഗൃഹപ്രവേശ ചടങ്ങിൽ കുടുംബാംഗങ്ങളും നാട്ടുകാരും ജന പ്രതിനിധികളും പങ്കെടുത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബവുമായി അപ്രതീക്ഷിതമായി വിഡിയോ കോളിൽ സംസാരിച്ചതോടെ ചടങ്ങ് കൂടുതൽ ശ്രദ്ധേയമായി. സംഭാഷണത്തിനിടെ പിണറായി വിജയൻ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരുകയും അവരുടെ ക്ഷേമത്തെക്കുറിച്ച് നേരിട്ട് അന്വേഷിക്കുകയും ചെയ്തു.

“ഇത്രയും മനോഹരമായ ഒരു വീട് ഞങ്ങൾക്ക് ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഇതുപോലൊരു വീട് നൽകുന്ന മറ്റൊരു സംസ്ഥാനമുണ്ടാകുമോ എന്ന് പോലും അറിയില്ല. സർക്കാരിനോട് എന്റെ കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു” വിജയൻ പറഞ്ഞു. ടൗൺഷിപ്പിലേക്ക് ആദ്യം താമസം മാറാനുള്ള തീരുമാനം മറ്റ് ഗുണഭോക്താക്കളെയും പുതിയ ജീവിതം ആരംഭിക്കാൻ പ്രചോദിപ്പിക്കുന്നതിന് വേണ്ടി ആണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് സോണുകളിലായി വ്യാപിച്ചുകിടക്കുന്ന ടൗൺഷിപ്പിൽ ആകെ 410 വീടുകളാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയ 178 വീടുകളിൽ 159 എണ്ണം ഇതിനകം കൈമാറി. കിഫ്‌കോൺ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും ചേർന്ന് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് വീടുകൾ കൈമാറിയത്. തിങ്കളാഴ്ച 19 വീടുകൾ കൂടി കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ശേഷിക്കുന്ന കുടുംബങ്ങളും വരും ദിവസങ്ങളിൽ ടൗൺഷിപ്പിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.