ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്നും

ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്നും

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും. ഐഎംഎ, കെജിഎംഒഎ എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരാണ് പ്രതിഷേധിക്കുന്നത്. കാഷ്വല്‍റ്റി, ഐസിയു, ലേബര്‍ റൂം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോമിയോ ഡോക്ടര്‍മാരും ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.

അതേസമയം സമരം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. ഐഎംഎ, കെജിഎംഒഎ അടക്കമുള്ള സംഘടനകളെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. വിഐപി ഡ്യൂട്ടിയടക്കം ബഹിഷ്‌കരിക്കുമെന്നാണ് കെജിഎംഒഎയുടെ പ്രഖ്യാപനം. ചീഫ് സെക്രട്ടറിയുമായി ഇന്നലെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഡോക്ടര്‍മാരുടെ സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.

ട്രാഫിക് നിയമലംഘനം: അടുത്തമാസം അഞ്ചുമുതൽ പിഴ ഈടാക്കും

ട്രാഫിക് നിയമലംഘനം: അടുത്തമാസം അഞ്ചുമുതൽ പിഴ ഈടാക്കും

തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകൾ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതൽ ഈടാക്കാൻ തീരുമാനം. ജൂൺ 5 മുതൽ പിഴയീടാക്കാനാണ് ​ഗതാ​ഗത മന്ത്രി ആന്റണി രാജു വിളിച്ച യോ​ഗത്തിന്റെ തീരുമാനം. ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതുവരെ ബോധവത്കരണം നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു. റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങൾക്ക് മെയ് 5 മുതൽ ബോധവത്കരണ നോട്ടീസ് നൽകി തുടങ്ങിയിട്ടുണ്ട്.

പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20 മുതൽ പിഴ ഈടാക്കാനുള്ള തീരുമാനമാണ് ജൂൺ അഞ്ചുമുതലാക്കിയത്.

വന്ദനയുടെ ശരീരത്തിൽ 23 മുറിവുകൾ; പ്രതി റിമാൻഡിൽ

വന്ദനയുടെ ശരീരത്തിൽ 23 മുറിവുകൾ; പ്രതി റിമാൻഡിൽ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായത്. മുതുകിൽ ആറും തലയിൽ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിലെ പ്രതി സന്ദീപിനെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സന്ദീപിനെ ആംബുലൻസിൽ പൂജപ്പുര സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി.

അതിനിടെ വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ് നിലപാട് മാറ്റി. പ്രതി സന്ദീപ് ആദ്യം കുത്തിയത് കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിനെയെന്നാണ് എഫ്ഐആറിൽ പറയുന്നത്. ‌സന്ദീപിന്റെ ബന്ധുവിനും പൊലീസിനുമാണ് ആദ്യം കുത്തേറ്റതെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഡോ. മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരമാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് നൽകുന്ന വിശദീകരണം.

കര്‍ണാടകയില്‍ തൂക്കുസഭ;  കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷി; എക്‌സിറ്റ് പോള്‍

കര്‍ണാടകയില്‍ തൂക്കുസഭ; കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷി; എക്‌സിറ്റ് പോള്‍

ബംഗളൂരു: കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പില്‍ തൂക്കുസഭയെന്ന് എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പറയുന്നത്. ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ അറുപത്തി ആറ് ശതമാനത്തിലധികമാണ് പോളിങ്. ടിവി 9 എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 99 മുതല്‍ 109 സീറ്റുകള്‍ നേടും. ബിജെപി 85 മുതല്‍ 100 സീറ്റുകള്‍ വരെ നേടും. ജെഡിഎസ് 26 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലം കാണിക്കുന്നത്. പി മാര്‍ക്യൂ എക്‌സിറ്റ്‌പോളിലും കോണ്‍്ഗ്രസാണ് ഒന്നാത്.

ജന്‍ കി ബാത്ത് സര്‍വേ പ്രകാരം ബിജെപിയാണ് ഒന്നാമത്. 117 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 106 സീറ്റുവരെ ലഭിക്കുമ്പോള്‍ ജെഡിഎസിന് 24 സീറ്റ് വരെ ലഭിക്കും. സീ സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 118 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി 194 സീറ്റുകള്‍ വരെ നേടുമ്പോള്‍ ജെഡിഎസിന് 33 സീറ്റുവരെ ലഭിക്കുമെന്നാണ് പ്രവചനം. ആകെയുള്ള 224 സീറ്റിലും ബിജെപി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്കു നല്‍കി. നിര്‍ണായക ശക്തിയാകാന്‍ ആഗ്രഹിക്കുന്ന ജനതാദള്‍ (എസ്) 209 സീറ്റിലാണു മത്സരിക്കുന്നത്. 13 നാണ് വോട്ടെണ്ണല്‍.

ശിവഗിരിയില്‍ ഭസ്മം പായ്ക്കിംഗിന് പുതിയ മെഷീന്‍

ശിവഗിരിയില്‍ ഭസ്മം പായ്ക്കിംഗിന് പുതിയ മെഷീന്‍

ശിവഗിരിയില്‍ ഭസ്മം പായ്ക്കിംഗിന് പുതിയ മെഷീന്‍. മഹാസമാധിയിലെ ഗുരുപൂജാപ്രസാദമായ ഭസ്മം പായ്ക്ക് ചെയ്യുന്നതിന് പുതുതായി സ്ഥാപിച്ച പായ്ക്കിംഗ് മെഷീന്‍റെ പ്രവര്‍ത്തനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധര്‍മ്മ പ്രചരണസഭാസെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, സ്വാമി വിരജാനന്ദഗിരി, ബ്രഹ്മചാരിമാര്‍, അന്തേവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട വാർഡിൽ സാനിറ്റേഷൻ കമ്മിറ്റി രൂപീകരിച്ചു

നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട വാർഡിൽ സാനിറ്റേഷൻ കമ്മിറ്റി രൂപീകരിച്ചു

കല്ലമ്പലം: മഴക്കാല പൂർവ്വ ശുചീകരണത്തിനായി നാവായിക്കുളം പഞ്ചായത്തിലെ മുക്കുകട വാർഡിൽ സാനിറ്റേഷൻ കമ്മിറ്റി രൂപീകരിച്ചു. മുക്കുകട ദേശാഭിമാനി വായനശാലയിൽ നടന്ന യോഗത്തിൽ വാർഡ്‌ മെമ്പർ ഷജീന അധ്യക്ഷ ആയിരുന്നു. ആശാ വർക്കർ ഐ ബി ബിന്ദു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വി വിജീഷ് ക്ലാസ്സ്‌ എടുത്തു. ദേശാഭിമാനി വായനശാല സെക്രട്ടറി എ ഷാജഹാൻ, വൈസ് പ്രസിഡന്റ് എ ആർ നിസാം, അംഗനവാടി ടീച്ചർമാരായ ജയകുമാരി, ഗീത തുടങ്ങിയവർ പങ്കെടുത്തു.