സ്വര്‍ണ്ണക്കള്ളക്കടത്ത് തടയാൻ നടപടിയുമായി കേന്ദ്ര സർക്കാർ

സ്വര്‍ണ്ണക്കള്ളക്കടത്ത് തടയാൻ നടപടിയുമായി കേന്ദ്ര സർക്കാർ

ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് ഇല്ലാതാക്കാനുള്ള നടപടികളുമായ് കേന്ദ്ര സർക്കാർ രം​ഗത്ത്. യുഎഇയില്‍ നിന്നും ചെറുകിട ജ്വല്ലറിക്കാര്‍ക്കും കുറഞ്ഞ തീരുവയില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനുള്ള അനുമതി ഉടൻ ലഭ്യമാക്കുമെന്നാണ് വിവരം. 40 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട ജ്വല്ലറിക്കാർക്ക് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനാകും അനുമതി നൽകുക. താരിഫ് റേറ്റ് ക്വാട്ട എന്ന് വിളിക്കുന്ന ഇറക്കുമതി ക്വോട്ട സമ്പ്രദായത്തിലൂടെ ആകും സ്വർണ്ണം ഇറക്കുമതി ചെയ്യുക. കുറഞ്ഞ തീരുവയിൽ 140 ടണ്‍ ഇറക്കുമതി ചെയ്യാനാകും ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള ആദ്യ കരാർ. ഇറക്കുമതി ചെയ്യാനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി ക്വാട്ട സമ്പ്രദായത്തിന് കീഴിലായിരിക്കും ഇറക്കുമതി. ഇറക്കുമതി ചുങ്കം 15 ൽ നിന്ന് 14 ആക്കും.

അരിക്കൊമ്പന്‍ വീണ്ടും റേഞ്ചില്‍; റേഡിയോ കോളറില്‍ നിന്നും സിഗ്നല്‍ കിട്ടി; അതിര്‍ത്തി മേഖലയില്‍ സഞ്ചാരം

അരിക്കൊമ്പന്‍ വീണ്ടും റേഞ്ചില്‍; റേഡിയോ കോളറില്‍ നിന്നും സിഗ്നല്‍ കിട്ടി; അതിര്‍ത്തി മേഖലയില്‍ സഞ്ചാരം

ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടെന്ന് കണ്ടെത്തി. അതിര്‍ത്തി മേഖലയിലൂടെ അരിക്കൊമ്പന്‍ സഞ്ചരിക്കുന്നതായാണ് കണ്ടെത്തിയത്. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ വനംവകുപ്പിന് കിട്ടിത്തുടങ്ങി.
പത്തു സ്ഥലങ്ങളില്‍ നിന്നുള്ള സിഗ്നലാണ് ലഭിച്ചത്. ഇന്നലെ രാവിലെ മുതലാണ് അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കുന്നത് തടസ്സപ്പെട്ടത്. കേരള തമിഴ്നാട് അതിർത്തി പ്രദേശമായ മാവടിയിലാണ് ഇന്നലെ അവസാനമായി അരിക്കൊമ്പനിൽ ഘടിപ്പിച്ച കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചത്.

ഇന്നലെ മാത്രം ഏഴ് കിലോമീറ്ററോളം ആന സഞ്ചരിച്ചിട്ടുണ്ട്. ഇതുവരെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങിയിട്ടില്ല. അരിക്കൊമ്പനെ കണ്ടെത്താനായി രണ്ട് ടീമുകളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇടുക്കിയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്നൽ നഷ്ടമാകാൻ കാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.

ആനയെ ഇറക്കിവിട്ട സന്യാസിയോടയിൽ‌ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ അരിക്കൊമ്പൻ കടന്നിരുന്നു. പിന്നീട് തിരികെ പെരിയാർ റിസർവ് വനത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സി​ഗ്നൽ സന്ദേശം സൂചിപ്പിക്കുന്നത്. സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താൽ അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു.

ആംബുലൻസ്‌ മറിഞ്ഞ്‌ അപകടം: രോ​ഗിയടക്കം മൂന്ന് പേർ മരിച്ചു

ആംബുലൻസ്‌ മറിഞ്ഞ്‌ അപകടം: രോ​ഗിയടക്കം മൂന്ന് പേർ മരിച്ചു

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ്‌ മറിഞ്ഞ്‌ അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന്‌ പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ്‌ അപകടത്തിൽപ്പെട്ടത്‌. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

ചൊവ്വന്നൂർ എസ്‌ ബി ഐ ബാങ്കിന്‌ സമീപത്തുവച്ചാണ് നിയന്ത്രണം വിട്ട ആംബുലൻസ്‌ മറിഞ്ഞത്‌. ഡ്രൈവർ അടക്കം ആറുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്‌. ന്യൂമോണിയ ബാധിച്ച്‌ കടുത്ത ശ്വാസതടസ്സം നേരിട്ട മരത്തംകോട്‌ സ്വദേശി ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക്‌ വരികയായിരുന്നു ആംബുലൻസ്. ഫെമിന, റഹ്മത്ത്‌, ആബിദ്‌ എന്നിവരാണ്‌ മരിച്ചത്‌. അൽ അമീൻ ആംബുലൻസാണ്‌ അപകടത്തിൽപ്പെട്ടത്‌.

‘വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത പൊറോട്ടയിൽ പുഴു’; പരാതിയുമായി യാത്രക്കാരൻ

‘വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത പൊറോട്ടയിൽ പുഴു’; പരാതിയുമായി യാത്രക്കാരൻ

കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽനിന്ന് പുഴുവിനെ ലഭിച്ചതായി പരാതി. കണ്ണൂരിൽനിന്ന് കാസർകോട്ടേയ്ക്കു പോയ യാത്രക്കാരനാണ് പരാതിയുമായി രം​ഗത്തെത്തിയത്. തിങ്കളാഴ്ച വന്ദേഭാരതിൽ വിതരണം ചെയ്ത പൊറോട്ടയിൽനിന്നാണ് പുഴുവിനെ ലഭിച്ചത്.

ഇ1 കംപാർട്മെന്റിലാണ് പരാതിക്കാരൻ യാത്ര ചെയ്തിരുന്നത്. ട്രെയിനിൽനിന്നു ലഭിച്ച പൊറോട്ടയിൽനിന്നു പുഴുവിനെ ലഭിച്ചതായി യാത്രക്കാരൻ കാസർകോട് എത്തിയ ഉടനെയാണ് പരാതി നൽകിയത്. കാസർകോട് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിനാണ് പരാതി നൽകിയിരിക്കുന്നത്. തുടർ നടപടികൾക്കായി പരാതി പാലക്കാട് റെയിൽവേ ഡിവിഷന് കൈമാറി. പൊറോട്ടയിൽ പുഴുവിരിക്കുന്നതായി യാത്രക്കാരൻ കാണിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേയ് 5ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടായേക്കാം.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ,എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊടുമൺ നവോദയ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് എം പി അടൂർ പ്രകാശ്

കൊടുമൺ നവോദയ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് എം പി അടൂർ പ്രകാശ്

ആറ്റിങ്ങൽ: അടൂർ പ്രകാശ് എംപി യുടെ MPLAD 2022-23 ഫണ്ടിൽ നിന്ന് അനുവദിച്ച് കൊടുമൺ നവോദയ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം. പി. നിർവ്വഹിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറിയും വാർഡ് കൗൺസിലറുമായ പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.