പിഎന്‍ബി എടിഎം ചാര്‍ജ്, മ്യൂച്ചല്‍ ഫണ്ട് കെവൈസി; ഇന്നുമുതല്‍ രണ്ടു പുതിയ മാറ്റങ്ങള്‍, വിശദാംശങ്ങള്‍

പിഎന്‍ബി എടിഎം ചാര്‍ജ്, മ്യൂച്ചല്‍ ഫണ്ട് കെവൈസി; ഇന്നുമുതല്‍ രണ്ടു പുതിയ മാറ്റങ്ങള്‍, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് ഓരോ ദിവസവും പുതിയ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ കടന്നുവരവോടെ, മെച്ചപ്പെട്ട സേവനവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് പ്രധാനമായി മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സാമ്പത്തിക രംഗത്ത് ഇന്നുമുതല്‍ ഉണ്ടായ രണ്ടു മാറ്റങ്ങള്‍ നോക്കാം. അക്കൗണ്ടില്‍ ആവശ്യത്തിന് പണം ഇല്ലാത്ത കാരണത്താല്‍ എടിഎം ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്നുമുതല്‍ പത്തുരൂപയും ജിഎസ്ടിയും ( പത്ത് രൂപ പ്ലസ് ജിഎസ്ടി) ചാര്‍ജ്ജായി ഈടാക്കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു.

മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഇ- വാലറ്റ് ഉപയോഗിക്കുന്നവര്‍ കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സെബി അറിയിച്ചു. റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരമുള്ള ഈ വ്യവസ്ഥ നിക്ഷേപകര്‍ പാലിക്കുന്നു എന്ന് മ്യൂച്ചല്‍ ഫണ്ട് കമ്പനികള്‍ ഉറപ്പാക്കണമെന്നും സെബിയുടെ ഉത്തരവില്‍ പറയുന്നു. പുതിയ വ്യവസ്ഥ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്നുമുതല്‍ ഇ- വാലറ്റ് വഴി നിക്ഷേപിക്കാന്‍ സാധിക്കില്ല.

ആറ് മാസം കാത്തിരിക്കണ്ട; വീണ്ടെടുക്കാനാത്ത വിധം തകർന്ന വിവാഹ ബന്ധങ്ങൾ വേർപെടുത്താം: സുപ്രീം കോടതി

ആറ് മാസം കാത്തിരിക്കണ്ട; വീണ്ടെടുക്കാനാത്ത വിധം തകർന്ന വിവാഹ ബന്ധങ്ങൾ വേർപെടുത്താം: സുപ്രീം കോടതി

ഡൽഹി: വീണ്ടെടുക്കാനാത്ത വിധം തകർന്ന വിവാഹ ബന്ധങ്ങൾ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വേർപെടുത്താമെന്ന് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളിൽ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാലയളവെന്നത് വ്യവസ്ഥകൾക്ക് വിധേയമായി ഒഴിവാക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓഖ, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഒരു വിവാഹബന്ധം എപ്പോഴാണ് വീണ്ടെടുക്കാനാകാത്ത വിധം തകർച്ചയിലാണെന്ന് നിർണയിക്കാനുള്ള മാനദണ്ഡങ്ങളും ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ജീവനാംശം, കുട്ടികളുടെ അവകാശങ്ങൾ മെയിന്റനൻസ് തുടങ്ങിയ കാര്യങ്ങൾ എങ്ങനെ സന്തുലിതമായി നിർണയിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

യു.ഡി.എഫ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റി ഉപരോധം സംഘടിപ്പിച്ചു

യു.ഡി.എഫ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റി ഉപരോധം സംഘടിപ്പിച്ചു

കണിയാപുരം: പിണറായി സർക്കാരിന്റെ നികുതി തീവെട്ടിക്കൊള്ളക്കെതിരെ യു.ഡി.എഫ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണ്ടൂർക്കോണം പഞ്ചായത്തോഫീസ് ഉപരോധിച്ച് ധർണ്ണ നടത്തി.

ധർണ്ണ മുൻ എം.പി എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അണ്ടൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും യു.ഡി.എഫ് മണ്ഡലം ചെയർമാനുമായ പി.ഭുവനേന്ദ്രൻ നായർ അദ്ധ്യക്ഷനായി. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.എം മുനീർ, മുൻ ജില്ലാ പഞ്ചായത്തംഗവും മുസ്ലിംലീഗ് നേതാവുമായ എസ്.എ.വാഹിദ്, യു.ഡി.എഫ് നേതാക്കളായ അഡ്വ.വെമ്പായം അനിൽകുമാർ, കൊയ്ത്തൂർക്കോണം സുന്ദരൻ, കുന്നുംപുറം അഷ്റഫ്, ആലുവിള വാഹിദ്, പുഷ്പാവിജയൻ, മുരളീധരൻ നായർ, എ. കൃഷ്ണൻകുട്ടി, ബുഷ്റ നവാസ്, സി.കൃഷ്ണൻ, അർച്ചന, അനൂജ അനീഷ്, കരിച്ചാറ നാദർഷ, അൽത്താഫ്, ഫാറൂഖ് എന്നിവർ സംസാരിച്ചു

അയാം ദ സൊല്യൂഷൻ – സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായുള്ള വേനലവധിക്കാല ക്യാമ്പ് ഏപ്രിൽ 27 ന് ആരംഭിച്ച് 30 ന് സമാപിച്ചു

അയാം ദ സൊല്യൂഷൻ – സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായുള്ള വേനലവധിക്കാല ക്യാമ്പ് ഏപ്രിൽ 27 ന് ആരംഭിച്ച് 30 ന് സമാപിച്ചു

ആറ്റിങ്ങൽ: ഇളമ്പ ഗവ.ഹൈസ്കൂളിൽ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി വേനലവധി ക്യാമ്പ് നടത്തി. 27-ാം രാവിലെ 9 മണിക്ക് പതാക ഉയർത്തിയതിന് ശേഷം പി.ടി.എ.പ്രസിഡന്റ് ജി.ശശിധരൻ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ‘അയാം ദി സൊല്യൂഷൻ’ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി നാലു ദിവസം നടന്ന ക്യാമ്പ്. രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ക്യാമ്പിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലെ 86 കേഡറ്റുകളാണ് പങ്കെടുത്തത്.

പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിടുന്ന സുസ്ഥിര ഉപഭോഗം ലക്ഷ്യമിട്ടു കൊണ്ടുള്ള വിവിധ സെഷനുകളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പി.ടി.എ. വൈസ് പ്രസിഡന്റ് സുഭാഷ്, എസ്എംസി ചെയർമാൻ എം. മഹേഷ്, പി ടി എ അംഗങ്ങളായ രാജേന്ദ്രൻ, ഡാനി സുരേന്ദ്രൻ, സജി, ജിജി ഹെഡ്മാസ്റ്റർ എ.ഷാജി,സി പി ഒ എം.ബാബു, ഡ്രിൽ ഇൻസ്ട്രക്ടർ നിഖിൽമോഹൻ തുങ്ങിയവർ പങ്കെടുത്തു. രക്ഷാകർത്താക്കളും അധ്യാപകരും ചേർന്ന് കേഡറ്റുകൾക്കാവശ്യമായ ഭക്ഷണം തയ്യാറാക്കി നൽകി.

സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകന്

സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകന്

വിദ്യാഭ്യാസമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ എൻ. സാബുവിന് ലഭിച്ചു. സത്യസായിബാബയുടെ സമാധിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സായിസ്മരണ എന്ന പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം കൈമാറി. ട്രസ്റ്റ് ചെയർപെഴ്സൺ റിട്ട. ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് എക്സി. ഡയറക്ടർ കെ.എൻ. ആനന്ദകുമാർ, ആർ. പാർവതിദേവി, പ്രൊഫ. ബി.വിജയകുമാർ, അനന്തു കൃഷ്ണൻ, ഇളമ്പ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

തിളച്ച രസം നിറച്ച പാത്രത്തിൽ വീണു; കോളജ് വിദ്യാര്‍ഥി മരിച്ചു

തിളച്ച രസം നിറച്ച പാത്രത്തിൽ വീണു; കോളജ് വിദ്യാര്‍ഥി മരിച്ചു

ചെന്നൈ: വിവാഹ വിരുന്നിനിടെ തിളച്ച രസം നിറച്ചുവച്ചിരുന്ന പാത്രത്തിൽ വീണ കോളജ് വിദ്യാര്‍ഥി മരിച്ചു. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ്(21) ആണ് മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സതീഷ്. ഗുരുതരമായി പൊള്ളലേറ്റ സതീഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. പഠിക്കുന്നതിനിടെ പാർട്ട്‌ ടൈമായി കേറ്ററിങ് ജോലി ചെയ്തിരുന്ന സതീഷ് കഴിഞ്ഞ 23ന് മീഞ്ചൂരിലെ വിവാഹ മണ്ഡപത്തിൽ ഭക്ഷണം വിളമ്പുന്നതിനിടെ രസം നിറച്ച പാത്രത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സകൾക്ക് ഫലമുണ്ടായില്ല. ഇന്നലെയാണ് യുവാവ് മരിച്ചത്.