പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ പത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ പത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്ത് കോൺ​ഗ്രസ്-യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാർ എന്നിവരും കസ്റ്റഡിയിൽ എടുത്തവരുടെ കൂട്ടത്തിലുണ്ട്. പുലർച്ചെ ഇവരുടെ വീടുകളിലെത്തിയ പൊലീസ്, ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ന​ഗരത്തിൽ കനത്ത സുക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി വില്ലിങ്ട്ടൺ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകീട്ട് 5ന് എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജം‌​ഗ്ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ടൺ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണു താമസവും.

നാളെ രാവിലെ 9.25ന് കൊച്ചിയിൽനിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവേ സ്റ്റേഷനിൽ ചെലവഴിക്കും. ട്രെയിനിൽ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സർക്കാർ കേരളത്തിൽ പൂർത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും. ഡിജിറ്റൽ സർവകലാശാലയുടെ ഉദ്ഘാടനവും നിർവഹിക്കും.

വന്ദേഭാരതിനു പുറമേ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെ കീഴിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കൊച്ചുവേളി – തിരുവനന്തപുരം – നേമം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു തിരുവനന്തപുരം റെയിൽവേ മേഖലയുടെ സമഗ്ര വികസന പദ്ധതി, നേമം ടെർമിനൽ പദ്ധതി പ്രഖ്യാപനം, തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം, തിരുവനന്തപുരം – ഷൊർണൂർ സെക്‌ഷനിലെ ട്രെയിൻ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ ആക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവ പ്രധാനമന്ത്രി നിർവഹിക്കും.

നവീകരിച്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനും ദിണ്ടിഗൽ – പളനി – പൊള്ളാച്ചി വൈദ്യുതീകരിച്ച റെയിൽ‍പാതയും നാടിനു സമർപ്പിക്കും. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ ഒരു മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി 12.40നു ഗുജറാത്തിലെ സൂറത്തിലേക്കു പോകും.

രാജ്യത്ത് ഒരു ദിവസത്തിനിടെ 10112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; അ​തി​ജാ​ഗ്ര​ത വേണമെന്ന് കേന്ദ്രം

രാജ്യത്ത് ഒരു ദിവസത്തിനിടെ 10112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; അ​തി​ജാ​ഗ്ര​ത വേണമെന്ന് കേന്ദ്രം

ഡൽഹി: രാജ്യത്ത് ഒരു ദിവസത്തിനിടെ 10112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. കൊ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ൾ അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗ​ബാ​ധ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​ക​ർ​ച്ച ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ ​ന​ട​പ​ടി വേ​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

കേ​ര​ള​ത്തി​ന് പു​റ​മെ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഹ​രി​യാ​ന, ഡ​ൽ​ഹി സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ ക​ത്ത​യ​ച്ച​ത്. മാ​ർ​ച്ച് മു​ത​ൽ രാ​ജ്യ​ത്ത് കൊ​വി​ഡ് കേസുകളുടെ തോ​ത് ഉ​യ​രു​ക​യാ​ണ്.
കൊവിഡ് വ്യാപനത്തിന് പിന്നാലെ ദില്ലിയിലെ കോടതികളിൽ മാസ്ക്
നിർബന്ധമാക്കിയിട്ടുണ്ട്. ത്രിപുരയിൽ പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് പരിശോധന നിർബന്ധമാക്കി. അതേസമയം, സംസ്ഥാനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകുന്നത് നിർത്തിയതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങാൻ കേന്ദ്രത്തിന്റെ അനുവാദം തേടേണ്ടതില്ല എന്ന് നിർദ്ദേശം നൽകിയതായി പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

സ്വർണക്കള്ളക്കടത്തിന് സഹായം; കരിപ്പൂർ കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ

സ്വർണക്കള്ളക്കടത്തിന് സഹായം; കരിപ്പൂർ കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്തു കേസിൽ കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ. സീനിയർ സൂപ്രണ്ട്, സൂപ്രണ്ടുമാർ, ഇൻസ്പെക്ടർമാർ, ഹവിൽദാർമാർ എന്നിവർക്കെതിരെയാണ് നടപടി. സിബിഐ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരന്നു. തുടർന്നാണ് നടപടി. ഇത്രയും പേരെ ഇത് ഒന്നിച്ച് പിരിച്ചുവടുന്നത് ആദ്യമാണ്. സീനിയർ സൂപ്രണ്ട് ആശ, സൂപ്രണ്ടുമാരായ ​ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ യോ​ഗേഷ്. യാസർ അറാഫത്ത്, സു​ദീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ ഹവീൽദാർമാരായ അശോകൻ, ഫ്രാൻസിസ് എന്നിവർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.

എസ്എൻസി ലാവ്‍ലിൻ കേസ് നാളെ വീണ്ടും സുപ്രീം കോടതി പരി​ഗണിക്കും

എസ്എൻസി ലാവ്‍ലിൻ കേസ് നാളെ വീണ്ടും സുപ്രീം കോടതി പരി​ഗണിക്കും

ഡൽഹി: എസ്എൻസി ലാവ്‍ലിൻ കേസ് നാളെ വീണ്ടും സുപ്രീം കോടതി പരി​ഗണിക്കും. കേസിൽ ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവരുടെ പുതിയ ബെഞ്ചും രൂപീകരിച്ചു. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്.

പനിയെ തുടർന്ന് ചികിത്സയിലായതിനാൽ ഹർജി പരിഗണിക്കുന്നത് മൂന്നാഴ്‌ചത്തെക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പു മു‍ൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അഭിഭാഷകൻ എം എൽ ജിഷ്ണു കത്തു നൽകി. ഇത് അനുവദിക്കുമോയെന്നത് കേസ് പരി​ഗണിക്കുമ്പോൾ മാത്രമേ അറിയാൻ കഴിയൂ. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികളിൽ നാളെയും വാദം തുടരുന്നതിനാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകുമോയെന്നതിലും വ്യക്തതയില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. 32 തവണയാണ് ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാൽ കേസ് പരി​ഗണിക്കുന്നത് മാറ്റിവെച്ചത്.

വന്ദേഭാരത് ടിക്കറ്റ് നിരക്കായി; തിരുവനന്തപുരം – കാസർകോട് ചെയർ കാർ 1590 രൂപ, ബുക്കിങ് തുടങ്ങി

വന്ദേഭാരത് ടിക്കറ്റ് നിരക്കായി; തിരുവനന്തപുരം – കാസർകോട് ചെയർ കാർ 1590 രൂപ, ബുക്കിങ് തുടങ്ങി

തിരുവനന്തപുരം: വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ ചെയർ കാറിന് 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യുട്ടീവ് കോച്ചിന് കാസർകോട്ടേക്ക് 2880 രൂപ. കൗണ്ടറുകൾ വഴിയും വെബ് സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ചെയർകാറിൽ 914 സീറ്റും എക്സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുകളുമാണ് ഉള്ളത്.

നിരക്കുകൾ ഇങ്ങനെ;

കൊല്ലം– 435, 820
കോട്ടയം– 555, 1,075
എറണാകുളം നോർത്ത്– 765, 1,420
തൃശൂർ– 880, 1,650‌
ഷൊർണൂർ– 950, 1,775
കോഴിക്കോട്– 1,090, 2,060
കണ്ണൂർ– 1,260, 2,415
കാസർകോട്– 1,590, 2,880

28ാം തീയതി മുതലുള്ള ടിക്കറ്റുകളാണ് നിലവിൽ വിതരണം ചെയ്യുന്നത്. രാവിലെ 5.20 ന് വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10. 35ന് തിരുവനന്തപുരത്ത് എത്തും. എട്ട് മണിക്കൂർ 5 മിനിറ്റ് ആണ് റണ്ണിങ് ടൈം. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്ന് ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. വ്യാഴാഴ്ച സർവീസ് ഉണ്ടാവില്ല

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634)

തിരുവനന്തപുരം– 5.20
കൊല്ലം– 6.07
കോട്ടയം– 7.25
എറണാകുളം ടൗൺ– 8.17
തൃശൂർ– 9.22
ഷൊർണൂർ– 10.02
കോഴിക്കോട്– 11.03
കണ്ണൂർ– 12.03
കാസർകോട്– 1.25

കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ‌ നമ്പർ 20633)

കാസർകോട്–2.30
കണ്ണൂർ–3.28
കോഴിക്കോട്– 4.28
ഷൊർണൂർ– 5.28
തൃശൂർ–6.03
എറണാകുളം–7.05
കോട്ടയം–8.00
കൊല്ലം– 9.18
തിരുവനന്തപുരം– 10.35

അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാം

അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാം

തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാമെന്ന് കേരള പൊലീസ് അറിയിച്ചു. വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഇതുവരെ 6894 പേര്‍ വിനിയോഗിച്ചു.

അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പില്‍ ഉള്ളത്. ഈ സംവിധാനത്തിലൂടെ വീടിന്‍റെ വിലാസം നല്‍കിയാല്‍ ആ പ്രദേശങ്ങളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും പട്രോളിങും ഉണ്ടായിരിക്കും. പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് ഇതുവരെ 7,01,000 ല്‍ പരം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്തു. ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 64,515 ആണ്.